News Desk

മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും; നാലാം ഘട്ടത്തിലേക്കുള്ള മാര്‍ഗ്ഗരേഖ ഇന്ന്;കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

keralanews third phase lockdown ends today guidelines for the fourth stage published today

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും.നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ഇന്ന് പ്രസിദ്ധീകരിക്കും.മെയ് 31 വരെയാകും നാലാം ഘട്ട ലോക്ക് ഡൗണ്‍.നാലാംഘട്ട ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അന്തിമ രൂപം നല്‍കി.നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഓട്ടോറിക്ഷകള്‍ അനുവദിച്ചേക്കും.സാമൂഹിക അകലം പാലിച്ച്‌ ടാക്സി സർവീസ് നടത്താൻ അനുവാദം നല്കാന്‍ സാധ്യതയുണ്ട്. ഇ- വില്‍പ്പന പുനഃസ്ഥാപിച്ചേക്കും.റെഡ് സോണുകള്‍ പുനര്‍നിര്‍വചിക്കാന്‍ സാധ്യത ഉണ്ട്.ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.18 ന് ശേഷം സര്‍വീസ് ആരംഭിക്കാനുള്ള വിമാന കമ്പനികളുടെ ആവശ്യത്തിന് അന്തിമ തീരുമാനം പ്രധാനമന്ത്രി എടുക്കട്ടെ എന്നാണ് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തത്. മെട്രോ സര്‍വീസുകള്‍ മെയ് 30 വരെ ഉണ്ടാകില്ല. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെതാണ് തീരുമാനം.ഇത് കൂടാതെ പൊതുഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനും ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടായേകും. ഷോപ്പിങ് മാളുകളും തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്.ലോക്ഡൗണ്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ 30 നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന.ഡൽഹി, മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ ആണ് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവരും എന്നാണ് സൂചന. ലോക്ഡൗണിന്റെ നാലാം ഘട്ടം മറ്റ് മൂന്ന് ഘട്ടങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത്‌ ഇന്ന് 11 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു;നാല്‌ പേര്‍ രോഗമുക്തരായി

keralanews 11 covid cases confirmed in the state today and four cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ ജില്ലയില്‍ 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്,  കണ്ണൂർ ജില്ലകളിൽ  നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി. എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് എത്തിയത്.ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 22 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയായ 81കാരന് രോഗമുക്തി

keralanews 81 year old man from cheruvancheri confirmed covid discharged from hospital after cured

കണ്ണൂര്‍:കൊവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന്‍ രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി. ചികിത്സാ കാലയളവില്‍ 16 തവണയാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആര്‍ ലാബില്‍ നിന്നും തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് ഇദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന് കൊവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.ഒരേ സമയം കൊവിഡ്‌ ഉൾപ്പെടെ ഒന്നിലേറെ ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സ തേടിയ അദ്ദേഹം, ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക കൊവിഡ് ഐ.സി.യുവില്‍ ആയിരുന്നു.

കോ​വി​ഡ് മൂ​ന്നാം ഘ​ട്ടം അ​പ​ക​ട​ക​രം;മരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം;കേരളം വാ​ക്സിന്‍ പരീക്ഷണം തുടങ്ങിയെന്നും ആ​രോ​ഗ്യ​മ​ന്ത്രി

keralanews covid third phase dangerous the aim is to avoid death and minister said kerala begun vaccine experiment

തിരുവനന്തപുരം: കോവിഡ് മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.ക. ഷൈലജ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ ക്രമാതീതമായി കൂടിയാല്‍ നിലവിലെ ശ്രദ്ധ നല്‍കാനാവില്ല. കോവിഡ് മരണം ഒഴിവാക്കുകയാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണമെന്നും അവര്‍ പറഞ്ഞു.പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്‍റെ മക്കളാണ്. അവര്‍ കേരളത്തിലേക്ക് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടും കല്‍പിച്ച്‌ എന്ന നിലയ്ക്ക് ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.പ്രതിരോധ വാക്സിനായുള്ള പരീക്ഷണം തുടങ്ങി. ഐസിഎംആറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സാമ്പത്തികമായി വലിയ തകര്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. വാര്‍ഡ്തല സമിതികളില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

24 മണിക്കൂറിനിടെ രാജ്യത്ത് 3970 പേര്‍ക്ക് കൊവിഡ്,103 മരണം;രോഗബാധിതര്‍ 85,000 കടന്നു

keralanews 3970 covid cases and 103 death reported in india in 24hours more than 85000 people were affected

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3970 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 103 പേര്‍ മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 85,940 ആയി ഉയര്‍ന്നു. 53,035 പേരാണ് ചികിത്സയിലുള്ളത്.30,153 പേര്‍ രോഗമുക്തരായി. രാജ്യത്തെ മരണസംഖ്യ 2752 ആയി.മഹാരാഷ്ട്രയില്‍ 21,467 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയില്‍ ഇന്നലെ 1567 പേര്‍ക്ക് രോഗം ബാധിച്ചു.മുംബയില്‍ മാത്രം 17,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുകയാണ്.തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ പതിനായിരം കടന്നു.ഇതോടെ കര്‍ശന നിയന്ത്രണമാണ് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയില്‍ മാത്രം 700 തെരുവുകള്‍ അടച്ചുപൂട്ടി. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുംബയ് വാംഖഡെ സ്റ്റേഡിയം നിരീക്ഷണ കേന്ദ്രമാക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കോര്‍പറേഷന്‍ കത്തയച്ചിരുന്നു. അനുകൂല മറുപടി ലഭിച്ചതോടെ സ്‌റ്റേഡിയം നിരീക്ഷണം കേന്ദ്രമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

keralanews experts warn that there may be an outbreak of genetically modified viruses in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് വിദഗ്ദ്ധര്‍ രംഗത്തെത്തി.പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെപ്പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.മഴ തുടങ്ങിയതോടെ അന്തരീക്ഷ ഉഷ്മാവ് കാര്യമായി കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാനിടയുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു.ചെന്നെയില്‍ നിത്തെത്തിയ ഒരു രോഗിയില്‍ നിന്നാണ് വയനാട്ടില്‍ 15 പേരിലേക്കാണ് കൊവിഡ് പകര്‍ന്നത്. കാസര്‍കോട്ട് മുംബയില്‍ നിന്നെത്തിയ ആളില്‍ നിന്ന് അഞ്ചുപേരിലേയ്ക്കും പകര്‍ന്നു.ഇക്കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിലേയ്ക്കാണ്. രോഗബാധിരുമായി നേരിട്ട് ബന്ധമില്ലാത്ത ഇടുക്കിയിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.കൊവിഡ് പരിശോധനയില്‍ ദേശീയ ശരാശരിയേക്കാളും പിന്നിലാണ് കേരളം. നിലവില്‍ കടുത്ത ലക്ഷണങ്ങളുളളവരെമാത്രമാണ് പരിശോധിക്കുന്നത്.എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍ നിന്ന് കൂടുതല്‍ പേരെത്തുന്ന സാഹചര്യത്തില്‍ ടെസ്ററുകളുടെ എണ്ണവും കൂട്ടേണ്ടി വരും.കടുത്ത ശ്വാസകോശ രോഗമുളളവരെയും, പനി തുടങ്ങിയ ലക്ഷണങ്ങളുളളവരേയും കൂടുതലായി പരിശോധിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഒപ്പം പ്രായമായവരെയും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ രാജ്യത്താകെയുള്ള ടെസ്ററ് കിറ്റുകളുടെ കുറവ് സംസ്ഥാനത്തും വെല്ലുവിളിയായി തുടരുകയാണ്.

കുന്ദമംഗലത്ത് വർക്ക്‌ഷോപ്പിൽ വന്‍ അഗ്നിബാധ; നിരവധി ബെന്‍സ് കാറുകള്‍ കത്തി നശിച്ചു

keralanews massive fire broke out at a workshop in kundamangalam several benz cars burned

കോഴിക്കോട്: കുന്ദമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ വൻ തീപിടിത്തം.അപകടത്തിൽ ആഡംബര കാറുകള്‍ കത്തി നശിച്ചു.11 ബെന്‍സ് കാറുകളാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ ആറുമണിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്.തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും വെള്ളിമാടുക്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള 10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെതുകയും ചെയ്തു.മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വിലപിടിപ്പുള്ള ബെന്‍സ് കാറുകള്‍ ആണ് പ്രധാനമായും ഇവിടെ റിപ്പയര്‍ ചെയ്തിരുന്നത്.ജോഫി എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വര്‍ക്ക് ഷോപ്പ്.തൃശ്ശൂര്‍ സ്വദേശിയായിരുന്ന ജോഫി വര്‍ഷങ്ങള്‍ക്ക് മുൻപ് ജോലി സംബന്ധമായ ആവശ്യത്തിനാണ് കോഴിക്കോടെത്തിയത്. നേരത്തെ ഗള്‍ഫില്‍ ബെന്‍സ് കാറുകളുടെ വര്‍ക് ഷോപ്പുകളില്‍ ജോലി ചെയ്തിരുന്ന അനുഭവ പരിചയം കൈമുതലാക്കി കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്തിനടുക്ക് ലോണെടുത്തും കടംവാങ്ങിയും ഒരു വര്‍ക് ഷോപ്പ് തുടങ്ങുകയായരുന്നു.ബൈന്‍സ് കാറുകള്‍ നന്നാക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള മികവ് കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരെ ഇങ്ങോട്ട് വാഹനങ്ങളെത്തിച്ചിരുന്നു.ലോക്ഡൗണ്‍ കാരണം കുറെ ദിവസം തുറക്കാനായിരുന്നില്ല.പിന്നീട് ഇളവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. പ്രാഥമിക കണക്കുകൂട്ടലുകള്‍ പ്രകാരം രണ്ടുകോടിയലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തിന് കാരണം എന്നാണ് സൂചന.

രോഗികളുടെ എണ്ണം വർധിക്കുന്നു;വയനാട്ടില്‍ അതീവ ജാഗ്രത,കര്‍ശന നിയന്ത്രണം

keralanews number of patients increasing strict control in wayanad district

വയനാട്:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള വയനാട്ടില്‍ ജാഗ്രത കര്‍ശനമാക്കി.നിലവില്‍ 19 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകന്‍ തിരുനെല്ലി പഞ്ചായത്തില്‍ പലചരക്കുകട നടത്തുന്നയാളാണ്.ഈ കടയില്‍ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധിയാളുകള്‍ വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ രോഗബാധയ്ക്ക് സാധ്യത നല്‍കാതെ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിററിയും പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം.കൂടാതെ അമ്പലവയൽ, മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകള്‍ ഭാഗികമായും കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുണ്ട്. ഈയിടെ ജില്ലയില്‍ രോഗം ബാധിച്ച 19 പേരില്‍ 15 പേര്‍ക്കും രോഗം പകര്‍ന്നത് കോയമ്പേട് പോയിവന്ന ട്രക് ഡ്രൈവറിലൂടെയാണ്.ഇയാള്‍ക്ക് ബാധിച്ച വൈറസിന് പ്രഹരശേഷി കൂടുതലായതിനാലാണ് ഇത്തരത്തിലുള്ള രോഗപ്പകര്‍ച്ച സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതല്‍പേര്‍ക്ക് ഇനി രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്കും മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 576 ആയി. 80 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

തെലുങ്കാനയില്‍ വാഹനാപകടത്തിൽ ഒന്നര വയസ്സുകാരിയടക്കം മൂന്നുമലയാളികള്‍ മരിച്ചു

keralanews three malayalees including a child died in accident in thelangana

കോഴിക്കോട്:തെലുങ്കാനയില്‍ വാഹനാപകടത്തിൽ ഒന്നര വയസ്സുകാരിയടക്കം മൂന്നു മലയാളികള്‍ മരിച്ചു.ബീഹാറിൽ നിന്നും കോഴിക്കോട്ടെ വീട്ടിലേക്ക് വരികയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയിലെ നിസാമാബാദില്‍ വെച്ച്‌ അപടത്തില്‍പ്പെടുകയായിരുന്നു.ഡ്രെവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അപകടം.കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക,ഡ്രൈവര്‍ മംഗളുരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച കാറിനു പുറകില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയേയും നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബീഹാര്‍ വാസ്‌ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്കൂളില്‍ അധ്യാപകനാണ് അനീഷ്.അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

keralanews 16 covid cases confirmed in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായി.മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല.മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത്‌ 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിലെ ആകെ രോഗികളുടെ എണ്ണം 19 ആയി. ആലപ്പുഴ ജില്ലയിൽ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യതയുണ്ട്, സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം.ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുത്. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാര്‍ ബൈക്കില്‍ പട്രോളിങ് നടത്തും. ശനിയാഴ്ചകളിലെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണോയെന്ന് ആലോചിക്കും. നാളെ അവധിയാണ്. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണായി തുടരും.നിരീക്ഷണത്തിലുള്ളവരെയും ക്വാറന്റൈനില്‍ ഉള്ളവരെയും വാര്‍ഡ് തലസമിതി പരിശോധിക്കും. വാര്‍ഡ് തലസമിതി സ്ഥിരമായിട്ടുള്ളതാണ്. പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോള്‍ ജാഗ്രത അത്യാവശ്യമാണ്. സംസ്ഥാനത്തെ ജലഗതാഗതം പൊതു ഗതാഗതം തുടങ്ങുമ്പോഴെ പുനരാരംഭിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.