News Desk

സംസ്ഥാനത്ത് കനത്ത മഴ;13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

keralanews heavy rain in kerala yellow alert in 13 districts

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.മഴ ശക്തമായതോടെ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മാത്രമായിരുന്നു നേരത്തേ യെല്ലോ അലേര്‍ട്ട് ഉണ്ടായിരുന്നത്.എന്നാല്‍ മഴ ശക്തമായതോടെ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും അലേര്‍ട്ട് പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാത്രി ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കോട്ടയം ജില്ലയില്‍ വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോട്ടയം വൈക്കത്ത് കനത്ത മഴയില്‍ വ്യാപകനാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു.അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ‌ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

കണ്ണൂരിൽ എയര്‍പോര്‍ട്ട്​ ജീവനക്കാരന്​ കോവിഡ്​

keralanews covid confirmed in airport staff in kannur

കണ്ണൂർ:കണ്ണൂര്‍ എയര്‍േപാര്‍ട്ടിലെ എയര്‍ ഇന്ത്യ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു.ഇയാള്‍ പുതുച്ചേരി സ്വദേശിയാണ്. നാട്ടില്‍നിന്ന് ബൈക്കില്‍ ജോലിക്ക് വരവെ കാരപേരാവൂരില്‍വെച്ച്‌ അപകടത്തില്‍പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എയര്‍പോര്‍ട്ട് അധികൃതരെ വിവരം അറിയിച്ചു. പിന്നീട് ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.അവിടെനിന്ന് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട 27 പേരോട് ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. അപകടത്തെതുടര്‍ന്ന് സഹായിച്ച നാട്ടുകാരായ 20 പേര്‍, ഡോക്ടര്‍, നഴ്സ്, ഇയാളെ സന്ദര്‍ശിച്ച എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോകേണ്ടത്.

ദുബായില്‍ നിന്ന് കണ്ണൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊറോണ ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

keralanews corona symptoms in two arrived from dubai to kannur admitted in hospital

കണ്ണൂർ:ദുബായില്‍ നിന്ന് ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ട് പേര്‍ക്ക് കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.ഇവരിൽ ഒരാൾ കണ്ണൂർ സ്വദേശിയും മറ്റെയാൾ കാസർകോഡ് സ്വദേശിയുമാണ്.സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഫലമറിയുമെന്ന് കരുതുന്നു.രാത്രി 9.10ഓടെ കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാലു കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 181 യാത്രക്കാരാണുണ്ടായിരുന്നത്.ജില്ലയിലെ കോവിഡ് കെയര്‍ സെന്‍ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജമാക്കിയിരുന്നു.കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസുകളിലും കാസര്‍കോട് സ്വദേശികളെ രണ്ടു ബസുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസിലുമായാണ് യാത്രയയച്ചത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സികളിലുമായി വീടുകളിലേക്ക് വിട്ടു.അതേസമയം ഇന്നലെ ജില്ലയിൽ മറ്റു രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഈ മാസം ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശിയായ 24കാരനും 13ന് മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലമ്ബ്ര സ്വദേശിയായ 27കാരനുമാണ് പുതുതായി കൊവിഡ് രോഗം ബാധിച്ചത്. ഇരുവരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 123 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

സംസ്ഥാനത്ത് നാലാംഘട്ട ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി

keralanews fourth stage lock down criteria published in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് നാലാംഘട്ട ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്.മദ്യവില്‍പനശാലകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനമായി.ബാറുകള്‍ വഴി മദ്യം പാഴ്‌സലും ഇതേ ദിവസം ആരംഭിക്കും. ഒപ്പം, ക്ലബുകള്‍ തുറക്കാനും അനുമതി നല്‍കുമെങ്കിലും ഇവിടേയും പാഴ്‌സല്‍ മാത്രമാകും അനുവദിക്കുക. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമെങ്കിലും ഫേഷ്യല്‍ അടക്കമുള്ള സൗന്ദര്യവര്‍ധക പ്രവൃത്തികള്‍ അനുവദിക്കില്ല. ഈ മാസം 31 വരെ നടത്താനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകളെല്ലാം മാറ്റി. അന്തര്‍ജില്ലാ-സംസ്ഥാനന്തര യാത്രകള്‍ക്കും പാസ് വേണമെന്ന് നിബന്ധന തുടരാനും തീരുമാനമായി. സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഓടാന്‍ അനുവദിക്കും. എന്നാല്‍, കെഎസ്‌ആര്‍ടിസി അടക്കം ബസുകള്‍ ഉടന്‍ സര്‍വീസ് നടത്തില്ല.

രാജ്യത്ത് ലോക്ക് ഡൌൺ മെയ് 31 വരെ നീട്ടി;കേന്ദ്രം മാർഗനിർദേശങ്ങൾ പുറത്തിറക്കി

keralanews lock down extended to may 31st center issued guidelines

ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 31 വരെ നീട്ടി.മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. കൊവിഡന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 നാണ് രാജ്യത്ത് ലോൺ ആദ്യഘട്ടം പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ഇത്. പിന്നീട് ത് മെയ് 3 വരേയും 17 വരേയും നീട്ടുകയായിരുന്നു.രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 31 വരെ ലോക്ക് ഡൗൺ നീട്ടിയത്. നിലവിൽ 90,927 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നാലാംഘട്ട ലോക്ക് ഡൌൺ മാർഗനിർദേശങ്ങൾ:
1. പ്രാദേശിക മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ് എന്നിവ ഒഴികെയുള്ള വിമാന സര്‍വീസ് ഉണ്ടാകില്ല.

2. മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കില്ല.

3. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല. ഓണ്‍ലൈന്‍/ വിദൂര വിദ്യാഭ്യാസം അനുവദിക്കും.

4. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ അടഞ്ഞു കിടക്കും.

5. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയും തുറക്കില്ല.

6. എല്ലാ സാമൂഹിക,രാഷ്ട്രീയ, കായിക, വിനോദ, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവയ്ക്കും അനുമതി ഇല്ല.

7. ആരാധനാലയങ്ങളും തുറക്കില്ല.

8.രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ അവശ്യ സര്‍വീസ് ഒഴികെ സഞ്ചാരത്തിന് നിരോധനം. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടത്തിന് ഉത്തരവുകള്‍ ഇറക്കാം.

9.ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് ഒഴികെ, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, 10 വയസില്‍ താഴെ പ്രായമുള്ളവര്‍ എന്നീ ആളുകള്‍ പുറത്തിറങ്ങരുത്.

10.സാധാരണ ട്രെയിന്‍ സര്‍വീസീന് അനുമതി

11.കാണികളെ ഒഴിവാക്കി സ്‌റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും തുറക്കാം.

12.വിവാഹങ്ങള്‍ക്ക് 50 പേരില്‍ കൂടുതലും മൃതദേഹം സംസ്കരിക്കുന്നതിന് 20 പേരില്‍ കൂടുതലും ഒത്തുകൂടാന്‍ പാടില്ല.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളവ:
1. സംസ്ഥാനങ്ങളുടെ അനുമതിയോടെ സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി.
2. സംസ്ഥാനങ്ങളുടെ അനുമതിയോടെ സംസ്ഥാനത്തിനുള്ളില്‍ നിയന്ത്രണങ്ങളോടെ യാത്രാനുമതി.
ഇതിനു പുറമെ, റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. റെഡ്, ഓറഞ്ച്, സോണുകള്‍ക്കുള്ളില്‍ കണ്ടെയ്ന്‍മെന്റ്, ബഫര്‍ സോണുകള്‍ എന്നിവ ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വീസുകള്‍ അനുവദിക്കും. ഈ സോണുകളില്‍ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്രയ്ക്ക് അനുമതി ഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തമാക്കും.

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

keralanews 14 covid cases confirmed in kerala today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.)വന്നവരാണ്.10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്(7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും). എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നും വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയില്ല.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 62,529 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5009 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4764 സാമ്പിളുകള്‍ നെഗറ്റീവ് ആയി.ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്ത കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവില്‍ ആകെ 23 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാടും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

keralanews maharashtra and tamilnadu extended lock down to may 31st

ചെന്നൈ:ലോക്ക്ഡൗണ്‍ നാലാംഘട്ടത്തെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കെ ലോക്ക്ഡൗണ്‍ ഈ മാസം 31വരെ നീട്ടി മഹാരാഷ്ട്രയും തമിഴ്നാടും. ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഇളവുകളോടെയാണ് തമിഴ്നാട് ലോക്ഡൗണ്‍ നീട്ടിയത്. റെഡ്സോണുകളില്‍ കര്‍ശന നിയന്ത്രണ തുടരും. റെഡ് സോണല്ലാത്ത ജില്ലകളില്‍ ബസ് സര്‍വീസ് ആരംഭിക്കും. ബസില്‍ സാമൂഹിക അകലം പാലിച്ച് 20 പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകും.തമിഴ്‌നാട്ടില്‍ 37 ജില്ലകളാണുള്ളത്. ഇതില്‍ 12 ജില്ലകള്‍ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ ആയിരുന്നുവോ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നത് അങ്ങനെ തന്നെ നടപ്പാക്കും. മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നടപ്പാക്കും.

”ലോക്ക്ഡൗണ്‍ മൂന്നാഘട്ടം ഇന്ന് തീരുകയാണ്. നാലാംഘട്ടം തിങ്കളാഴ്ച മുതല്‍ മെയ് 31 വരെ തുടരും. നാലാംഘട്ടത്തില്‍ ചില ഇളവുകള്‍ അനുവദിക്കും” – മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മെഹ്ത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ”ഗ്രീന്‍, ഓറഞ്ച് മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഇവിടെ ചില പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കും. നിലവില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്” – മഹാരാഷ്ട്ര ചീഫ് സെക്രട്ടറി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിലാണ് തീരുമാനം.

പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം കുറയ്‌ക്കും; സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തി; സാമ്പത്തിക പാക്കേജിന്റെ അവസാനഘട്ട പ്രഖ്യാപനം

keralanews reduce the numberof public sector organisations borrowing limit of states raised final announcement of the financial package

ന്യൂഡൽഹി:20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ അവസാനഘട്ടം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവത്കരിക്കും. തന്ത്ര പ്രധാന മേഖലയില്‍ കൂടുതൽ സ്വകാര്യ നിക്ഷേപത്തിന് അവസരം നൽകും.ഇവിടെ പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടാകൂ.പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് പുതിയ നയം പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.ഏതൊക്കെ മേഖലകളില്‍, ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പ്രഖ്യാപനം പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദാഹരണത്തിന് പെട്രോളിയം മേഖലയില്‍ നാലിലധികം പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവയുടെ എണ്ണം കുറയ്ക്കും. ഇതിനായി ഏതെല്ലാമാണ് തന്ത്രപ്രധാനമേഖലകള്‍, ഏതെല്ലാമാണ് അവ അല്ലാത്തത് എന്ന് വിഭജിക്കും. മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ക്ക് മൊത്തം ആഭ്യന്തര വരുമാനത്തിന്‍റെ അഞ്ച് ശതമാനം വരെ കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി അധികമായി ലഭിക്കും. കേരളത്തിന് പതിനെണ്ണായിരം കോടി രൂപയാണ് അധികമായി വായ്പയെടുക്കാന്‍ കഴിയുക.നിബന്ധനകളോടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. കടമെടുക്കുന്ന തുക കൃത്യമായി പാവങ്ങളിലേക്ക് എത്തണം. ഇതിന് നാലു മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്.ഈ മേഖലകളില്‍ പണം കൃത്യമായി വിനിയോഗിച്ചിരിക്കണം. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ നടപ്പാക്കല്‍, വിവിധ സംരംഭങ്ങള്‍ എളുപ്പത്തില്‍ രാജ്യത്ത് ആരംഭിക്കല്‍, കാര്യക്ഷമമായ വൈദ്യുതി വിതരണം, നഗര തദ്ദേശഭരണ കേന്ദ്രങ്ങളുടെ വരുമാനം തുടങ്ങിയ നാലു മേഖലകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാലില്‍ മൂന്നെണ്ണമെങ്കിലും കൃത്യമായി നിറവേറ്റിയാല്‍ ശേഷിക്കുന്ന അര ശതമാനം കൂടി കടമെടുക്കാം.12,390 കോടി രൂപ റവന്യൂനഷ്ടം നികത്താനുള്ള ഗ്രാന്റായി നല്‍കി. കേരളത്തെ സംബന്ധിച്ച്‌ ഏറെ പ്രധാനപ്പെട്ട നീക്കമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനം വൈകിയതിന്റെ പേരില്‍ കേരളം കേന്ദ്രത്തിനെതിരെ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

വന്ദേ ഭാരത് മിഷൻ;നാല് വിമാനങ്ങളിലായി 700 ലേറെ പ്രവാസികള്‍ ഇന്ന് ജന്മനാട്ടില്‍ പറന്നിറങ്ങും

keralanews vande bharath mission more than 700 expatriates in four flights fly to homeland today

തിരുവനന്തപുരം:കോവിഡ് 19 ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത്‌ മിഷന്‍ രണ്ടാം ഘട്ടത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച നാല് വിമാനങ്ങള്‍ കേരളത്തിലെത്തും. യു.എ.ഇയില്‍ നിന്ന് മൂന്നും ഒമാനില്‍ നിന്ന് ഒരു വിമാനവുമാണ് എത്തുക. നാല് വിമാനങ്ങളിലായി 700 ലേറെ പ്രവാസികള്‍ ഇന്ന് നാട്ടിലെത്തും. ദുബായ് – കൊച്ചി, മസ്ക്കറ്റ്- തിരുവനന്തപുരം, അബുദാബി-കൊച്ചി, ദുബായ്- കണ്ണൂര്‍ എന്നീ വിമാനങ്ങളാണ് ഇന്ന് എത്തുന്നത്.ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് 5.40 ന് നെടുമ്പാശ്ശേരിയിലെത്തും.മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള രണ്ടാമത്തെ വിമാനം വൈകിട്ട് 6.35 നാണ് എത്തുന്നത്.അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി 8.45നും, ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി 8.55നുമെത്തും.

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍

keralanews complete lock down in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യ സർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ.കൊവിഡ് 19 ജാഗ്രത നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.വാഹനങ്ങള്‍ നിരത്തിലിറക്കാനോ കടകള്‍ തുറക്കാനോ ഇന്ന് അനുമതിയില്ല. 24 മണിക്കൂര്‍ ജനം വീട്ടിലിരിക്കണമെന്നാണ് നിര്‍ദേശം. അവശ്യ സാധനങ്ങൾ, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കൊവിഡ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല.ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്ക് പോകുന്നതിന് പുരോഹിതന്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിൽ പാർസൽ സർവീസ് ഉണ്ടാകും.അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടവർ ജില്ലാ ഭരണകൂടത്തിൽ നിന്നോ പൊലീസിൽ നിന്നോ പാസ് വാങ്ങി മാത്രമേ യാത്ര ചെയ്യാകൂ.ലോക്ഡൌണ്‍ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണിന്‍റെ ഭാഗമായി ഭൂരിഭാഗം പെട്രോൾ പമ്പുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.