News Desk

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം;കുമരകം സ്വദേശിയായ യുവാവ് അറസ്റ്റില്‍

keralanews youth arrested in connection with the murder of housewife in kottayam thazhathangadi

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുമരകം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കാര്‍ മോഷിച്ച് കൊണ്ട് പോയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചതിന്‍റെയടക്കം സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കാര്‍ ആലപ്പുഴ ഭാഗത്ത് നിന്നും കണ്ടെത്തിയതായും സൂചനയുണ്ട്. ഇയാള്‍ക്ക് സംഭവം നടന്ന വീടുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.വീട്ടമ്മയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണെന്നാണ് സംശയം. പ്രതിയും കൊല്ലപ്പെട്ട ഷീബയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണം. പ്രതി ചില പ്രധാന രേഖകളും കൈക്കലാക്കിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്.നേരത്തെ 7 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പലരേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വൈദ്യുതാഘാതം ഏല്‍പ്പിച്ച് ഷീബയെയും സാലിയേയും കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത് വൈദ്യുതി തടസ്സം ഉണ്ടായതിനെ തുടര്‍ന്നാണെന്നും വിവരമുണ്ട്. ഗ്യാസ് ലീക്ക് ചെയ്ത് സ്ഫോടനം നടത്താനുളള ശ്രമവും പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

രാജ്യത്ത് 24 മണിക്കൂറില്‍ 9,304 കൊവിഡ് കേസുകള്‍;മരണം ആറായിരം കടന്നു

keralanews 9,304 covid cases in the country within 24 hours death toll croses 6000

ന്യൂഡൽഹി:രാജ്യത്ത് കൊറോണ വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9,304 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ വെച്ച്‌ ഏറ്റവും കൂടുതല്‍ കേസുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതോടെ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 2,16,919 ആയി ഉയര്‍ന്നു. ഇതില്‍ ഒരു ലക്ഷത്തിലേറെ പേരുടെ രോഗം ഭേദമായി. 6075 പേരാണ് മരിച്ചത്.ഇതുവരെ ആറായിരത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയില്‍ 2500 ലേറെ പേരും ഗുജറാത്തില്‍ 1100 ലധികം പേരും മരിച്ചു. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 23,000 കടന്നു.ഡൽഹിയിൽ എത്തുന്ന എല്ലാവർക്കും 7 ദിവസം ഹോം ക്വാറന്‍റൈന്‍ സർക്കാർ നിർബന്ധമാക്കി. സ്‌റ്റേഡിയങ്ങൾ അടക്കമുള്ള ഇടങ്ങൾ ചികിത്സ കേന്ദ്രങ്ങൾ ആക്കാനാരംഭിച്ചു.  തമിഴ്നാട്ടില്‍ 25,000 ത്തിലധികം പേര്‍ക്കും മഹാരാഷ്ട്രയില്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കും രോഗമുണ്ട്.എല്ലാ സംസ്ഥാനങ്ങളിലും ലക്ഷദീപ് ഒഴികെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് ഉയർന്ന് 48.31 ശതമാനത്തിലും മരണനിരക്ക് താഴ്ന്ന് 2.8 ശതമാനത്തിലും എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരുലക്ഷത്തിലധികം പേര്‍ രോഗമുക്തരായി.688 ലാബുകളിലായി പ്രതിദിനം 1.37 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുന്നു. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനുള്ള സെറോ സർവെ പരിശോധന ഈ ആഴ്ച പൂർത്തിയാക്കാനാകുമെന്നാണ് ഐ.സി.എം.ആര്‍ പ്രതീക്ഷിക്കുന്നത്.

സ്ഥിരനിയമനം നല്‍കിയില്ല;പറവൂരിൽ താത്ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

keralanews woman committed suicide indide the bank by setting herself ablaze in paravoor

കൊല്ലം: പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്.ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി ജോലിനോക്കുകയായിരുന്നു ഇവര്‍.ഇന്ന് ഉച്ചക്ക് രണ്ട്മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ ബാങ്കിനുമുന്നിലെത്തിയ ഇവര്‍ താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചശേഷം ബാങ്കിനുള്ളില്‍ കയറി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഈ സമയം ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി.മറ്റാര്‍ക്കും പരുക്കില്ല.സത്യവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജോലിയില്‍ സ്ഥിരപ്പെടുത്താത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയുടെ കാരണമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ ആരോപിക്കുന്നത്.അടുത്തിടെ ബാങ്കില്‍ ചില സ്ഥിര നിയമനങ്ങള്‍ നടന്നിരുന്നു. ഇതിലേക്ക് സത്യവതിയെ പരിഗണിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്.എന്നാല്‍ മറ്റു ചിലര്‍ക്കാണ് നിയമനം നല്‍കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബാങ്ക് ഭരണസമിതി അംഗങ്ങളും സത്യവതിയുടെ ബന്ധുക്കളും തമ്മില്‍ ബാങ്കിനുമുന്നില്‍ ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കുറ്റപത്രം സമർപ്പിച്ചില്ല;പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം

keralanews charge sheet not submitted accused got bail in flood fund scam case

എറണാകുളം: പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ ഒന്നാം പ്രതി വിഷ്ണുപ്രസാദ്, മറ്റ് രണ്ട് പ്രതികളായ മഹേഷ്, നിഥിന്‍ എന്നിവര്‍ ജയില്‍മോചിതരായി. ഫൊറന്‍സിക് പരിശോധന ഫലമടക്കം വൈകിയത് കുറ്റപത്രം വൈകുന്നതിന് കാരണമായെന്ന് പൊലീസ് പറയുന്നു. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നില്ല. അന്വേഷണത്തില്‍ പലതടസങ്ങളും നേരിട്ടതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് പോലീസ് വിശദീകരണം. അതേസമയം, പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 72 ലക്ഷം രൂപയുടെ കൂടി തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ പ്രളയഫണ്ട് തട്ടിപ്പിലൂടെ ആകെ തട്ടിയ തുക ഒരു കോടിയോളം രൂപ വരുമെന്നാണ് കണ്ടെത്തല്‍.ഏറെ വിവാദമായ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം പ്രാദേശിക നേതാക്കളടക്കം പ്രതികളാണ്. മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ നിഥിന്‍ കേസില്‍ പിടിയിലായെങ്കിലും തൃക്കാക്കര ഈസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗം എം.എം. അന്‍വര്‍, ഭാര്യ മുന്‍ അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

നിസർഗ തീരം തൊട്ടു;മുംബൈയില്‍ കനത്ത മഴയും കാറ്റും;വിമാനത്താവളം അടച്ചു

keralanews cyclone nisarga approaching the coast heavy rain in mumbai and airport closed

മുംബൈ : തീവ്രചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്ര തീരത്തെത്തി. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. മുംബൈയടക്കമുള്ള നഗരങ്ങളില്‍ കനത്തകാറ്റും മഴയുമാണ്. അറബിക്കടലില്‍ വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന നിസര്‍ഗ ഉച്ചയ്ക്കുശേഷമാണ് മഹാരാഷ്ട്ര തീരത്തെത്തിയത്. 120കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന കാറ്റ് തീരംതൊട്ടപ്പോള്‍ 72 കിലോമീറ്റര്‍ വേഗതയിലായി.മഹാരാഷ്ട്രയ്ക്കും തെക്കന്‍ ഗുജറാത്തിനും ഇടയില്‍ റായ്ഗഡ് ജില്ലയിലാണ് ചുഴലിക്കാറ്റെത്തിയത്. മുംബൈക്ക് പുറമെ താനെ, പാല്‍ഗര്‍, ഗുജറാത്തിന്റെ തെക്കന്‍ മേഖലകളില്‍ മഴയും കാറ്റുമുണ്ട്. മഹാരാഷ്ട്രയില്‍ ചിലയിടങ്ങളില്‍ കടല്‍വെള്ളം ആഞ്ഞുകയറുന്നുണ്ട്.ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവെച്ചു.മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു. അറബികടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചൊവ്വാഴ്ചയോടെയാണ് ചുഴലിക്കാറ്റായി രൂപംകൊണ്ടത്. കടല്‍ താപനില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിസര്‍ഗയ്ക്ക് തീവ്രതകൂടി. നിലവില്‍ മുംബൈക്ക് 350 കിലോമീറ്റര്‍ അടുത്താണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് നിസര്‍ഗ (പ്രകൃതി) എന്ന പേര് നല്‍കിയത്.

കണ്ണൂരിൽ കോവിഡ് രോഗികളുടെ എണ്ണം 115 ആയി

keralanews number of covid patients in kannur 115

കണ്ണൂർ: ഇന്നലെ അഞ്ചു പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 115 ലെത്തി.ഇതില്‍ കാസര്‍കോട് സ്വദേശികള്‍ ആറും കോഴിക്കോട് സ്വദേശികള്‍ മൂന്നും ഒരാള്‍ എറണാകുളം സ്വദേശിയുമാണ്.ഇന്നലെ രോഗം സ്ഥിതീകരിച്ചവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ കുവൈറ്റില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പർക്കത്തിലൂടെയും രോഗബാധയുണ്ടായി.രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 45കാരന്‍ മെയ് 30നാണ് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി ഐ.എക്‌സ് 1790 വിമാനത്തില്‍ എത്തിയത്. കണ്ണപുരം സ്വദേശിയായ 25കാരന്‍ മെയ് 29ന് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ 6ഇ 5354 വിമാനത്തില്‍ ബംഗളൂരുവിലും അവിടെ നിന്ന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലുമെത്തി.മുണ്ടേരി സ്വദേശികളായ 67കാരനും 57കാരനും മെയ് 25ന് ചെന്നൈയില്‍ നിന്നെത്തിയവരാണ്.ധര്‍മടം സ്വദേശിനിയായ 27കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 236 ആയി. ഇതില്‍ 128 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാട്യം സ്വദേശി ഒന്‍പത് വയസുകാരി രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്.നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 87 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും വീടുകളില്‍ 9262 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7542 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതില്‍ 6769 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6344 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 773 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം;അന്വേഷണം ഉറ്റവരെ കേന്ദ്രീകരിച്ച്‌; വീടിന്റെ സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

keralanews murder of housewife in kottayam thazhathangadi mobile phone was recovered from near the house

കോട്ടയം:കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വീടിന്റെ സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഷീബയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.കുടുംബത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ചും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷീബയേയും ഭര്‍ത്താവ് സാലിയേയും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.കഴിഞ്ഞദിവസം പൊലീസ് നായയെ കൊണ്ടുവന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. മോഷണം പോയ കാര്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കാര്‍ സംഭവ ദിവസം രാവിലെ പത്ത് മണിക്ക് ആരോ വീടിന് വെളിയിലേക്ക് കൊണ്ട് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഷീബയുടെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ വീടിനു സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇത് പോലീസ് പരിശോധിച്ച് വരികയാണ്.കൊലപാതകത്തിലേക്ക് വെളിച്ചംവീശുന്ന എന്തെങ്കിലും ഇതിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.എന്നാല്‍ കൊല്ലപ്പെട്ട ഷീബയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കോട്ടയം താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലി ചികിത്സയിലാണ്.ഷീബയുടെ തലയ്ക്കേറ്റ മാരകക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.അയല്‍ക്കാരന്‍ ഷാനി മന്‍സിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം ഫയര്‍ഫോഴ്‌സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്‌സ് വെട്ടിപ്പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബയെ രക്ഷിക്കാനായില്ല.രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയിരുന്നു. ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയിലെത്തിച്ച്‌ തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച്‌ പൊട്ടിച്ച നിലയിലുമായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 86 പേര്‍ക്ക്;19 പേര്‍ക്ക് രോഗമുക്തി

keralanews 86 covid cases confirmed in the state yesterday and 19 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്നലെ പുതുതായി ഒരു ഹോട്ട് സ്പോട്ട് കൂടി നിലവിൽ വന്നു. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ ആകെ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കോ​വി​ഡ് വ്യാ​പ​ന ഭീ​തി; ത​ല​ശേ​രി​യി​ല്‍ പ​ച്ച​ക്ക​റിമാ​ര്‍​ക്ക​റ്റ് അ​ട​ച്ചു

keralanews covid spreading threat vegetable market closed in thalasseri

തലശേരി: കോവിഡ് വ്യാപന ഭീതിയില്‍ തലശേരി പച്ചക്കറി മാർക്കറ്റ് അടച്ചു. ഇന്ന് രാവിലെയാണ് പച്ചക്കറി മാര്‍ക്കറ്റ് അടച്ചത്.എന്നാല്‍ നഗരത്തിലെ മറ്റ് വ്യാപാര സ്ഥാപങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.കോവിഡ് സാമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്ത് ധര്‍മടം പ്രദേശത്തേയും തലശേരി മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരുമുള്‍പ്പെടെ അറുപത് പേരുടെ സ്രവം പരിശോധനക്കായി ഇന്നലെ അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ധര്‍മ്മടത്ത് ഒരു യുവതിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത കുടുംബത്തോട് അടുത്തിടപഴകിയ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.എന്നാല്‍ ധര്‍മ്മടത്ത് കോവിഡ് എവിടെ നിന്നാണ് എത്തിയതെന്ന് ഇതു വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് തിരുവനന്തപുരം സ്വദേശിയായ വൈദികൻ

keralanews another covid death in kerala priest from thiruvananthapuram died of covid yesterday

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ്(77) കോവിഡ് ബാധിച്ച് മരണപ്പെട്ടത്.ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണം.കോവിഡ് ബാധ മൂലമാണ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.അതേസമയം മരണപ്പെട്ട വൈദികന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.വൈദികനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെയും പേരൂര്‍ക്കട ഗവ. ആശുപത്രിയിലെയും ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ 30 പേരെ ക്വാറന്റൈനിലാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. മെഡിക്കല്‍ കോളേജില്‍ വൈദികന്‍ ചികിത്സയില്‍ കഴിഞ്ഞ ബെഡില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച കൊല്ലം സ്വദേശിയായ രോഗിയെയും വൈദികനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 20നാണ് നാലാഞ്ചിറ ബനഡിക്‌ട് നഗറില്‍ നിന്ന് റോഡിലൂടെ വന്ന ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ യാത്ര ചെയ്യുന്നതിനിടെ വൈദികന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിനിടയാക്കിയ ബൈക്ക് നിര്‍ത്താതെ പോകുകയും ചെയ്തു.തലയ്ക്ക് പരുക്കേറ്റ് റോഡില്‍ വീണ് കിടന്ന വൈദികനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 20ന് ഡിസ്ചാര്‍ജ് ചെയ്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്കയച്ചു. അവിടെ ചികിത്സ തുടര്‍ന്നെങ്കിലും ശ്വാസതടസ്സമുണ്ടായി.30ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ.സി.യുവില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. മരണശേഷമാണ് കൊവിഡ് പരിശോധനാഫലം ലഭിച്ചത്. ഇത് കാരണം വൈദികന് കൊവിഡ് ബാധയുണ്ടെന്നറിയാതെ നിരവധി പേര്‍ ആശുപത്രിയില്‍വച്ച്‌ അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടു.ഇവരെ തിരിച്ചറിയുകയും സമ്പർക്കപ്പട്ടിക തയ്യാറാക്കുകയുമാണ് ആരോഗ്യവകുപ്പിന്റെ മുന്നിലുള്ള ദൗത്യം.പോത്തന്‍കോട് എ.എസ്.ഐയ്ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ വൈദികന്റെ രോഗബാധയും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിനിടെ ബാഹ്യസമ്പർക്കത്തിന് സാദ്ധ്യതയില്ലാതിരുന്ന വൈദികന് ആശുപത്രിയില്‍ നിന്നാകാം രോഗമുണ്ടായതെന്നാണ് നിലവിലെ സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.