കോഴിക്കോട്:മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.56 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. കുഞ്ഞിന്‍റെ സ്രവം കോവിഡ് പരിശോധനക്കയച്ചിരുന്നു. ഫലം പുറത്തുവന്നതില്‍ നിന്നാണ് കോവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയത്.കോയമ്പത്തൂരിൽ നിന്ന് മെയ് അഞ്ചിനാണ് പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളും കുഞ്ഞും എത്തിയത്. 14 ദിവസത്തെ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് കുട്ടിക്ക് പനി ബാധിച്ചത്.കുഞ്ഞിന് ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഠിനകുളം പീഡനം: യുവതിയെ അക്രമിസംഘത്തിന് എത്തിച്ചു കൊടുത്ത ആള്‍ അറസ്റ്റില്‍;അഞ്ചു വയസ്സുകാരന്‍ കുട്ടിയെ പ്രധാനസാക്ഷിയാക്കിയേക്കും
തിരുവനന്തപുരം:കഠിനകുളം പീഡനക്കേസിൽ യുവതിയെ അക്രമിസംഘത്തിന് എത്തിച്ചു കൊടുത്ത ആള്‍ അറസ്റ്റില്‍.മനോജ് എന്ന യുവാവാണ് അറസ്റ്റിലായത്.ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.നേരത്തേ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.മദ്യലഹരിയിലായിരുന്ന യുവതിയെ ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നു എന്നും ഉപദ്രവിക്കുന്നു എന്നും പറഞ്ഞ് യുവതിയെ ഓട്ടോയ്ക്ക് സമീപത്തേക്ക് വിളിച്ചു കൊണ്ടുപോയത് മനോജായിരുന്നു. ഇക്കാര്യം വ്യക്തമായതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മാതാവിനെ കുട്ടിയുടെ മുന്നിലിട്ടായിരുന്നു ഉപദ്രവിച്ചത്. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്ന് കുട്ടിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ മാതാവ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയ്ക്ക് സമാനമായ മൊഴിയാണ് കുട്ടിയും നല്‍കിയിരിക്കുന്നത്.ഇതോടെ മാതാവിനെ ഉപദ്രവിക്കുന്നത് നേരിട്ടുകണ്ട അഞ്ചു വയസ്സുകാരന്‍ കുട്ടിയെ പ്രധാനസാക്ഷിയാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.പോക്‌സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. കേസില്‍ ഏഴു പേരാണ് പ്രതികള്‍. എന്നാല്‍ ഒരാള്‍ക്ക് പങ്കുണ്ടോയെന്ന് ചോദ്യം ചെയ്ത ശേഷമേ ഉറപ്പാക്കു. അതിന് ശേഷമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തു. ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു.പിണങ്ങിപ്പോയതിനു ശേഷം, പള്ളിയില്‍ പരാതി നല്‍കിയതോടെയാണു ഭര്‍ത്താവ് ഒരു മാസം മുൻപ് തിരിച്ചുവിളിച്ചത്. രണ്ടു ദിവസമായി ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കാനായിരുന്നെന്നു കരുതുന്നു. ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പോലീസ് പറയുന്നു.ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടതായി യുവതി മൊഴി നല്‍കിയതായായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കോവിഡ് രോഗിയുമായി സമ്പർക്കം;കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്:കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്.118 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 120 പേരുടെ സ്രവമാണ് പരിശോധിച്ചത്.118 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്.കോവിഡ് സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശിയായ ഗര്‍ഭിണിയും അഞ്ച് വയസുകാരിയുമായും സമ്പർക്കത്തിൽ വന്നവരാണ് ഇവര്‍. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 120 പേരുടെ സ്രവമാണ് പരിശോധിച്ചത്.അഞ്ച് വയസുകാരിയുടെ സമ്ബര്‍ക്കപ്പട്ടിക കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്ത് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കോവിഡ് ദ്രുതപരിശോധന ആരംഭിക്കുന്നു
തിരുവനന്തപുരം:ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കോവിഡ് ദ്രുതപരിശോധന ആരംഭിക്കുന്നു. എച്ച്‌എല്‍എല്‍ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്.പബ്ലിക് ഹെല്‍ത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെന്‍സിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പൂണെ വൈറോളജി ലാബിന്റെ അംഗീകാരവും ഈ കിറ്റുകള്‍ക്ക് ഉണ്ട്.ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്.രക്തം എടുത്ത് പ്ലാസ്മ വേര്‍തിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എം എല്‍ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റല്‍ സര്‍വലൈന്‍സിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്.ആദ്യ ഘട്ടത്തില്‍ 10000 കിറ്റുകള്‍ വീതം തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ എത്തിച്ചു. 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച പരിശീലനം നല്‍കും. അതിന് ശേഷം തിങ്കളാഴ്ച മുതല്‍ വ്യാപക പരിശോധന തുടങ്ങും.ഉറവിടം അജ്ഞാതമായ രോഗ ബാധിതര്‍ കൂടുതല്‍ ആയതോടെയാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താന്‍ ഉള്ള ആന്റിബോഡി പരിശോധന. ഐ ജി ജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറച്ചുനാള്‍ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആ വ്യക്തി നേടിയിട്ടുണ്ടെന്നും അനുമാനിക്കാം.എന്നാല്‍, ആ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങള്‍ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം, ഐ ജി എം പൊസിറ്റീവ് ആകുകയാണെങ്കില്‍ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാള്‍ ആയില്ലെന്ന് ഉറപ്പിക്കാം.ചികിത്സയും നല്‍കാം. ഒരു ദിവസത്തെ രോഗ ബാധിതരുടെ എണ്ണം 100 കവിയുന്നതും സമ്പർക്കത്തിലൂടെ രോഗം പിടിപെടുന്നവര്‍ കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതര്‍ കൂടുന്നതുമെല്ലാം സംസ്ഥാനത്ത് കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ സഹചര്യത്തിലാണ് കേരളത്തില്‍ കൊവിഡ് ദ്രുത പരിശോധന തുടങ്ങുന്നത്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി;മരിച്ചത് പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ
മലപ്പുറം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ്( 61) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6.30ഓടെയാണ് മരണം.ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി.ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും മകന്‍റെ ഭാര്യയ്ക്കും മൂന്ന് വയസ്സും മൂന്നും മാസവും മാത്രം പ്രായമുള്ള ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മെയ് 21ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു.
കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്തെ ആരാധനാലയങ്ങൾ ചൊവ്വാഴ്ച തുറക്കുന്നു;കടുത്ത നിയന്ത്രണങ്ങള്‍
തിരുവനന്തപുരം:കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂണ്‍ എട്ടുമുതല്‍ തുറക്കും.ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹികഅകല നിബന്ധന പാലിച്ചും ഒരുസമയം എത്രപേര്‍ എത്തണമെന്ന കാര്യത്തില്‍ ക്രമീകരണം ഉണ്ടാകും. ആറടി അകലം ആരാധനാലയങ്ങളിലും ബാധകമാണ്. വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല. പ്രസാദവിതരണവും തീര്‍ത്ഥജലം തളിക്കലും പാടില്ല.10 വയസില്‍ താഴെ പ്രായമായ കുട്ടികളും 65 വയസ് മുകളില്‍ പ്രായമുള്ളവരും ആരാധനാലയങ്ങളില്‍ എത്താന്‍ പാടില്ല. ഇവര്‍ വീടുകളില്‍ തന്നെ തുടരണം. 65 വയസ് മുകളില്‍ പ്രായമുള്ള പുരോഹിതര്‍ക്കും ഈ നിബന്ധന ബാധകമാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. പൊതുടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിക്കണം. പായ, വിരിപ്പ് എന്നിവര്‍ ആരാധനയ്ക്ക് എത്തുന്നവര്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;22 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്.48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.പാലക്കാട് 40, മലപ്പുറം 18,പത്തനംതിട്ട 11, എറണാകുളം 10,തൃശൂർ 8, തിരുവനന്തപുരം 5, ആലപ്പുഴ 5,കോഴിക്കോട് 4,ഇടുക്കി 3, വയനാട് 3, കൊല്ലം 2, കോട്ടയം 1, കാസർകോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍. 22 പേര്‍ രോഗമുക്തരായി.പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്.പുതുതായി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയ 25 പേരും തമിഴ്‌നാട്ടില്‍നിന്ന് എത്തിയ പത്തുപേരും, കര്‍ണാടകത്തില്‍നിന്ന് എത്തിയ മൂന്നുപേരും, യു.പി ഹരിയാണ, ലക്ഷ്വദ്വീപ് എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഓരോരുത്തരും, ഡല്‍ഹിയില്‍നിന്ന് എത്തിയ നാലുപേരും ആന്ധ്രാപ്രദേശില്‍നിന്ന് എത്തിയ മൂന്നുപേരും ഉള്‍പ്പെടുന്നു. 1697 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 973 പേര്‍ ചികിത്സയിലുണ്ട്. 1,77,106 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് – മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച ആരോഗ്യപ്രവർത്തകരായ ആസിഫിന്റെയും ഡോണയുടെയും കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച ആസിഫിന്റെയും ഡോണയുടെയും കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 50ലക്ഷം വീതം നല്‍കി. ഇവരുടെ ഇന്‍ഷുറന്‍സ് തുകയാണ് കുടുംബത്തിന് കൈമാറിയത്. തൃശൂര്‍ ചാവക്കാട് തൊട്ടാപ്പ് ആറാകടവില്‍ അബ്ദുവിന്റെ മകന്‍ എ.എ. ആസിഫ് (22), തൃശൂര്‍ പെരിങ്ങോട്ടുക്കര താണിക്കല്‍ ചെമ്മണ്ണാത്ത് വര്‍ഗീസിന്റെ മകള്‍ ഡോണ (23) എന്നിവര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടങ്ങളില്‍ പെട്ടാണ് മരിച്ചത്.മാര്‍ച്ച് 26ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്. കോവിഡ്19ന്റെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ആസിഫ്. ഏപ്രില്‍ 10ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ആസിഫ് ഓടിച്ച് പോയ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു മരണം.തൃശൂര്‍ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയിരുന്നു ഡോണ. മേയ് നാലിന് രാത്രി 7ന് കോവിഡുമായി ബന്ധപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ടാണ് ഡോണ മരിച്ചത്.
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആരാധനാലയങ്ങള്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം മുന്നറിയിപ്പ് നൽകി. ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗവ്യാപനം നിയന്ത്രണാതീതമാവും. ഉറവിടം അറിയാത്ത കൊവിഡ് കേസുകളിലൂടെ സമൂഹവ്യാപനം നടക്കുന്നുവെന്ന് കരുതണമെന്നും ഐ.എം.എ പറയുന്നു.കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും നിരീക്ഷണം ലംഘിക്കുന്നതായും നാം മനസിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാദ്ധ്യത കൂടിവരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതില്‍ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാനെന്നും ഐ.എം.എ വ്യക്തമാക്കുന്നു.രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.അതിനാല്‍ ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് തന്നെയാണെന്ന് ഐ.എം.എ കേരള ഘടകം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായതു പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുന്ന അവസ്ഥയുണ്ടാവാന്‍ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്കു കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്:ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതിന്‍റെ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 80 പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയായ യുവതി മേയ് 24-നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടയില്‍ പ്രസവ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യുവതിയെ സര്‍ജന്‍, ന്യൂറോ വിദഗ്ധന്‍, പീഡിയാട്രിക് സര്‍ജന്‍, കാര്‍ഡിയോളജി എന്നിങ്ങനെ വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ വിദഗ്ധന്‍ അടക്കമുള്ളവര്‍ പരിശോധിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമെ മെഡിക്കല്‍ വിദ്യാര്‍ഥികളും യുവതിയുമായി ഇടപഴകിയിരുന്നു. യുവതി കോവിഡ് സംബന്ധമായി ആരുമായും നേരിട്ട് സമ്പർക്കം പുലര്‍ത്തിയിട്ടില്ലാതിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. പരിശോധനയുടെ ഭാഗമായി യുവതിയുടെ സ്രവം പരിശോധനയ്ക്കയച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേതുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍ പോകുകയായിരുന്നു.യുവതിക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്നു ഇതുവരെ വ്യക്തമായില്ല.