തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റിന് ഇന്ന് തുടക്കമാകും. ഒരാഴ്ച 15,000 പരിശോധനയാണ് നടത്താനുദ്ദേശിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗബാധയേൽക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് റാപ്പിഡ് ആന്റിബോഡി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുള്ള പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആയിരം കിറ്റുകള്‍ വീതം ഉപയോഗിക്കാനും, മറ്റുജില്ലകളില്‍ 500 കിറ്റുകള്‍ ഉപയോഗിക്കാനുമാണ് ഇപ്പോഴത്തെ തീരുമാനം.റാപ്പിഡ് പരിശോധനയ്ക്കായി ഒരു ലക്ഷം കിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്.ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എത്തിയത്. നാല്‍പതിനായിരം കിറ്റുകള്‍ കൂടി ഉടന്‍ എത്തും.റാപ്പിഡ് പരിശോധനയുടെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, പൊലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാകും ഉള്‍പ്പെടുത്തുക. ഇവര്‍ക്കൊപ്പം ആള്‍ക്കാരുമായി അടുത്തിടപഴകുന്ന മറ്റുള്ളവരെയും പരിശോധിക്കും.രക്ത പരിശോധനയിലൂടെ കൊവിഡ്ബാധ തിരിച്ചറിയുന്ന പരിശോധനയാണ് ആന്റിബോഡി ടെസ്റ്റ്.വളരെ എളുപ്പത്തില്‍ ഫലം ലഭ്യമാകും.വിരല്‍ തുമ്പിൽ നിന്ന് രക്തമെടുത്തുള്ള പരിശോധനയില്‍ ഫലമറിയാന്‍ 20 മിനിറ്റില്‍ താഴെമാത്രം മതി. വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കും.മുൻപ് രോഗബാധയുണ്ടായോ എന്നും ഈ ആന്റിബോഡി പരിശോധനയിലൂടെ തിരിച്ചറിയാം.
രാജ്യത്ത് ലോക്ക് ഡൌൺ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി:രാജ്യത്ത് മൂന്ന് ഘട്ടങ്ങളായുള്ള ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും. സംസ്ഥാനങ്ങൾ ഇളവുകൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.കൂടുതൽ ഇളവുകൾ നൽകുന്നതോടെ രോഗ വ്യാപനം വര്‍ധിക്കുമോ എന്ന ആശങ്ക പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മഹാരാഷ്ട്ര ഒരു ഇളവും നടപ്പാക്കില്ല. തമിഴ്‌നാട്ടിലും അരുണാചല്‍ പ്രദേശിലും ആരാധനാലയങ്ങള്‍ തുറക്കില്ല. ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ തുറന്നെങ്കിലും ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.ജമ്മു കശ്മീരില്‍ ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കും. അനുവാദമില്ലാതെ അന്തര്‍ സംസ്ഥാന യാത്രകളും അനുവദിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരുമായി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബില്‍ റസ്റ്റോറന്റുകള്‍ തുറക്കില്ല. മറ്റ് സംസ്ഥാനങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ഇളവുകള്‍ നടപ്പാക്കാനാണ് തീരുമാനം.നിയന്ത്രണം നീക്കാനുള്ള ആദ്യ ഘട്ടത്തിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാകും രണ്ടാം ഘട്ടത്തിലെ സ്‌കൂളുകള്‍ തുറക്കുന്നതും മൂന്നാം ഘട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെയും തിയേറ്റര്‍, ജിം എന്നിവ തുറക്കുന്ന സംബന്ധിച്ചുമുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
തൃശൂർ:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.തൃശൂർ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി.ശ്വാസം മുട്ടലിനെ തുടർന്നാണ് കുമാരൻ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.പിന്നീട് ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ ഇരിക്കവേയാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടന്‍ മരണം സംഭവിച്ചു. ന്യൂമോണിയ ബാധിതനായിരുന്നു.ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കി.ചേറ്റുവ സ്വകാര്യ ആശുപത്രിയിലേതുൾപ്പെട്ട ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളിലേക്കും അധികൃതർ കടന്നിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.
നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു
ബെംഗളൂരു:നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സർജ. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സർജയുടെ ആദ്യ ചിത്രം. 2018 മെയ് 2നായിരുന്നു സര്‍ജയുടെയും മേഘ്ന രാജിന്‍റെയും വിവാഹം. കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. 2009ല്‍ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ സാന്‍ഡല്‍വുഡില്‍ അരങ്ങേറിയത്.ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ പുറത്തിറങ്ങിയ ആദ്യ ആണ് ചിരഞ്ജീവി സര്‍ജയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കും; ജീവനക്കാരെല്ലാം ജോലിക്കെത്തണമെന്ന് നിർദേശം
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹോട്ട്സ്പോട്ടുകളിലൊഴികെ എല്ലായിടത്തും ഓഫീസുകള്‍ തുറക്കണം. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും മാര്‍ഗനിര്‍ദേശം പറയുന്നു.കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാം.ഏഴു മാസം ഗര്‍ഭിണികളായവരെ ജോലിയില്‍നിന്നും ഒഴിവാക്കണം. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും ഇളവ് നല്‍കും.വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.ബസില്ലാത്തതിനാല്‍ സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ അതാത് ഓഫീസുകളില്‍ എത്തണം. ജീവനക്കാരനോ കുടുംബാംഗത്തിനോ കോവിഡ് ബാധിച്ചാല്‍ 14 ദിവസം അവധി നല്‍കും. പ്രത്യേക കാഷ്വല്‍ ലീവ് ആണ് അനുവദിക്കുന്നത്. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരമായിരിക്കും അവധി. ശനിയാഴ്ച അവധി തുടരുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 41 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര്‍ രോഗമുക്തരായി.ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കുരങ്ങുകളില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം നടത്താൻ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി
മുംബൈ:കുരങ്ങുകളില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം നടത്താൻ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി.മഹാരാഷ്ട്ര വനംവകുപ്പാണ് അനുമതി നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പരിചയസമ്ബന്നരായ ഉദ്യോഗസ്ഥര്‍ കുരങ്ങുകളെ പിടികൂടുമെന്നും വിദഗ്ധമായും സുരക്ഷിതമായും കൈകാര്യം ചെയ്യുമെന്നും പരിക്കേല്‍ക്കില്ലെന്നും കുരങ്ങുകളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നുമുള്ള വ്യവസ്ഥയിലാണ് അനുമതി നല്‍കിയത് വാക്സിന്‍ പരീക്ഷത്തിനായി മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടാനാണ് തീരുമാനം. നാലിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുരങ്ങുകളെയാണ് പരീക്ഷണത്തിന് ഉപയോഗിക്കുക. നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും വാക്സിന്‍ പരീക്ഷണങ്ങള്‍ക്കായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു. പെണ്‍കുരങ്ങുകളെയാണ് സാധാരണ വൈറസ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുക.
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൌൺ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൌണ്‍. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക. ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കോവിഡ് പ്രതിരോധ പ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അനാവശ്യമായി ആരെങ്കിലും പുറത്തിറങ്ങിയാല്‍ കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ട്.സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ അടച്ചിടല്‍ നടപ്പിലാക്കുന്ന അഞ്ചാം ഞായറാഴ്ചയാണ് ഇന്ന്. ഹോട്ടലുകളിലെ പാഴ്സല്‍ കൌണ്ടറുകള്‍ പ്രവര്‍ത്തിക്കും.പരിശോധനകള്‍ ശക്തമാകുന്നുണ്ടെങ്കിലും പാസില്ലാതെയും മറ്റും ഇതര സംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്ക് എത്തുകയാണ്. കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മാത്രം ലോക് ഡൌണ്‍ കര്‍ശനമാക്കിയാല്‍ മതിയാവില്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. സമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്നാണ് നിഗമനം. ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും പരിശോധനകള്‍ ഈജ്ജിതമല്ലാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;50 പേർ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്നലെ പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു.പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കൊറോണ വൈറസ്;ഇരിട്ടി നഗരത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏർപ്പെടുത്തി
ഇരിട്ടി:കോവിഡ് വൈറസ് രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്ന് ഇരിട്ടി ടൗണിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തി കോവിഡ് സ്ഥീരീകരിച്ച 38കാരനില്‍ നിന്നും സമ്പർക്കം വഴി രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്നാണ് ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് പൂര്‍ണമായും അടച്ചിടാന്‍ ഉത്തരവായത്. ഇയാള്‍ക്ക് സമ്പർക്കത്തിലൂടെയല്ല രോഗബാധയുണ്ടായതെന്ന് എന്നായിരുന്നു രോഗം സ്ഥീരീകരിച്ചപ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്നുമുണ്ടായ വിശദീകരണം. എന്നാല്‍ ഇയാളുടെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും സമ്പർക്കം വഴി രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് നഗരം പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചത്.നഗരസഭാ ചെര്‍മാന്‍ പി പി അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് സമിതി യോഗത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇരിട്ടി ബസ്റ്റാന്റ് പൂര്‍ണമായും അടച്ചിട്ടു. മട്ടന്നൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ കീഴൂരില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കീഴൂര്‍ കഴിഞ്ഞാല്‍ ഇരിട്ടി പാലത്തിനപ്പുറം മാത്രമെ ബസ്സുകള്‍ നിര്‍ത്താന്‍ പാടുള്ളു. പേരാവൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ക്ക് പയഞ്ചേരി എസ് ബി ഐയ്ക്ക് സമീപം മാത്രമാണ് സ്റ്റോപ്പ്. തളിപ്പറമ്പ്, ഉളിക്കല്‍, കൂട്ടപുഴ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ഇരിട്ടി പാലത്തിന് സമീപം ആളെ ഇറക്കി തിരിച്ചുപോകണം.കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കായി ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം താല്‍ക്കാലിക ബസസ്റ്റാന്റ് ക്രമീകരിക്കും.ടൗണിലെ മുഴുവന്‍ ബാങ്കുകളും അടച്ചിടും.നഗരത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനുമായി ഒരറ്റ വഴി മാത്രമെ തുറക്കൂ. നഗരത്തിലേക്കുള്ള മറ്റ് ഇടവഴികളെല്ലാം അടക്കും. നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ടുമുതല്‍ രണ്ട് മണിവരെ മാത്രമെ തുറക്കൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഹോം ഡെലിവറിക്കായി രാവിലെ എട്ടുമൂതല്‍ പത്ത് വരെ രണ്ട് മണിക്കൂര്‍ മാത്രം തുറക്കാം. നഗരസഭ ഹോം ഡെലിവറിക്കുള്ള സംവിധാനം ഒരുക്കും. പഴം, പച്ചക്കറി സ്ഥാപനങ്ങള്‍ പുലര്‍ച്ചെ അഞ്ചുമതല്‍ രാവിലെ 11 മണിവരെ മാത്രമെ തുറക്കൂ. ഇവിടെ നിന്നും വ്യക്തികള്‍ക്ക് സാധനങ്ങള്‍ വില്ക്കാന്‍ പാടില്ല. മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം പൂര്‍ണ്ണമായും അടച്ചിട്ടും. ഓട്ടോറിക്ഷകളും ടാക്‌സികളും നഗരത്തില്‍ പാര്‍ക്ക് ചെയ്ത് ഓടുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. ഹോട്ടലുകളില്‍ നിന്നും പാര്‍സലുകളും ഹോം ഡെലിവറിയും നിരോധിച്ചു. നഗരത്തിലെ ബാറുകളും മറ്റ് മദ്യശാലകളും തുറക്കില്ല. പോലീസ് മേഖലയില്‍ മൈക്ക് പ്രചരണം നടത്തി. മോണിറ്ററിങ് സമിതി യോഗത്തില്‍ ഇരിട്ടി സിഐ എ കുട്ടികൃഷ്ണന്‍, നഗരസഭാ സെക്രട്ടി അന്‍സല്‍ ഐസക്ക്, ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.