ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് രണ്ട് ദിവസത്തെ യോഗം തുടങ്ങുന്നത്.ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും.പഞ്ചാബ്, ആസാം, മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ മൂന്നാമതായാവും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുക. പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിഷയങ്ങള്‍ കേരളം ഉന്നയിക്കുമെന്നാണ് വിവരം. ബുധനാഴ്ച കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് നരേന്ദ്ര മോദി കേള്‍ക്കും.രാജ്യത്തെ കൊറോണ സാഹചര്യത്തിന് പുറമെ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കും. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മെയ് 11 നാണ് ഇതിനു മുൻപ് വീഡിയോ കോണ്‍ഫറന്‍സ് നടന്നത്.അതേസമയം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കാന്‍ കേരളത്തിന് ഇന്ന് അവസരം ലഭിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്; 73 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂണ്‍ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-4, ഡല്‍ഹി-3, രാജസ്ഥാന്‍-1, പശ്ചിമ ബംഗാള്‍-1, തെലുങ്കാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1348 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.ഇന്ന് 2 പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 125 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
അധിക വൈദ്യുതി ബില്‍;ഹൈക്കോടതി കെഎസ്‌ഇബിയോട് വിശദീകരണം തേടി
കൊച്ചി:കോവിഡ് കാലത്ത് അധിക വൈദ്യുതി ബില്‍ ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വൈദ്യുതി ബോര്‍ഡിനോട് വിശദീകരണം തേടി. മൂവാറ്റുപുഴ സ്വദേശിയാണ് ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്ന് കെഎസ്‌ഇബി ആവർത്തിക്കുമ്പോഴും പരാതികള്‍ വര്‍ധിക്കുകയാണ്. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്ക്കൊപ്പം ബില്‍ തയ്യാറാക്കാന്‍ വൈകിയതും തുക കൂടാന്‍ കാരണമായെന്നാണ് ആരോപണം.ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്‌ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക്ഡൗണ്‍കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്‌ഇബി വാദം.ഇത് ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും അംഗീകരിക്കുന്നേയില്ല. ശരാശരി ബില്ലിംഗ് തെറ്റെന്ന് കണക്കുകള്‍ നിരത്തി ഇവര്‍ പറയുന്നു.ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്‍റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലാകട്ടെ കൂടുതലും.എന്നാല്‍ ശരാശരി ബില്‍ തയ്യാറാക്കിയപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന്‍റെ ഭാരം കൂടി ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ബില്ലിലും പ്രതിഫലിച്ചു. മാത്രമല്ല, ദ്വൈമാസ ബില്ലിംഗില്‍ 60 ദിവസം കൂടുമ്പോൾ ബില്‍ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്സിഡി നഷ്ടമാവുകയും ചെയ്തു.എന്നാല്‍ 95 ശതമാനം ജനങ്ങള്‍ക്കും ശരാശരി ബില്‍ നേട്ടമെന്നാണ് കെഎസ്‌ഇബി വാദം.ഉപഭോഗം വര്‍ദ്ധിക്കുമ്ബോള്‍ സ്ലാബില്‍ വരുന്ന മാറ്റങ്ങള്‍ കാണാതെയാണ് വിമര്‍ശനം. ഉദാഹരണത്തിന് 250 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും 251 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും തമ്മില്‍ ബില്‍ തുകയില്‍ വരുന്ന വ്യത്യാസം 193 രൂപയാണ്. ആരുടെയെങ്കിലും ബില്‍തുക അകാരണമായി കൂടിയിട്ടുണ്ടെങ്കില്‍ അത് അടുത്ത ബില്ലില്‍ തട്ടിക്കിഴിക്കുമെന്നും കെഎസ്‌ഇബി ആവര്‍ത്തിക്കുന്നു.
കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു
കണ്ണൂര്‍:സമ്പർക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും. ജില്ലാ കളക്ടറുടെതാണ് തീരുമാനം.ജില്ലയിൽ സമ്പർക്കം വഴി രോഗബാധയുണ്ടായ മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ നിയന്ത്രണമുണ്ടാകും.ശനിയാഴ്ച മാത്രം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനിച്ചത്. കൊവിഡ് ബാധിച്ച എയര്‍ ഇന്ത്യാ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലും നിരവധി പേരുണ്ട്. മുഴക്കുന്നിലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. ആന്തൂര്‍,പേരാവൂര്‍,ധര്‍മടം,പാട്യം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വര്‍ഡുകള്‍ പൂര്‍ണമായും അടയ്ക്കും.കണ്ണൂര്‍ ജില്ലയില്‍ 34 തദ്ദേശ സ്ഥാപനങ്ങളിലാണ് കണ്ടെയിന്‍മെന്റ് സോണുകളുള്ളത്. ഇതില്‍ 28 ഇടങ്ങളില്‍വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം.ഇത്തരം മേഖലകളിൽ കോവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ മാത്രമാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നലെ ജില്ലയില്‍ നാലു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.രണ്ട് മാട്ടൂല്‍ സ്വദേശികള്‍ക്കും രാമന്തളി, പാനൂര്‍ സ്വദേശികള്‍ക്കുമാണ് രോഗം.299 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 177 ആയി.
മുഖ്യമന്ത്രിയുടെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങാണ് നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.രജിസ്ട്രാര്‍ ക്ലിഫ് ഹൌസിലേക്ക് എത്തി 10.30ഓടെയാണ് രജിസ്ട്രേഷന്‍ നടന്നത്. മന്ത്രിസഭയില്‍ നിന്ന് നിന്ന് ഇ.പി ജയരാജന്‍ മാത്രമാണ് ഉണ്ടായിരുന്നത്. സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് കോലിയക്കോട് കൃഷ്ണന്‍ നായരും പങ്കെടുത്തു.60 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് യാത്രാവിലക്ക് ഉള്ളതിനാല്‍ റിയാസിന്‍റെ മാതാപിതാക്കള്‍ക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്താനായില്ല. റിയാസിന്‍റെ അടുത്ത ബന്ധുക്കള്‍ ചടങ്ങിൽ പങ്കെടുത്തു. ലളിതമായ സത്കാരത്തിന് ശേഷം വീണയും റിയാസും കഴക്കൂട്ടത്തെ വീട്ടിലേക്ക് പോകും.ഐടി സംരംഭകയാണ് വീണ. നേരത്തെ ഒറാക്കിളിൽ കൺസൾട്ടന്‍റായും ആർപി ടെക്‌സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബെംഗളൂരുവിൽ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ എംഡിയാണ്.പി.എം. അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റാണ്.
കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് കോവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍
കണ്ണൂര്‍: കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ഡിപ്പോയിലെ 37 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ശനിയാഴ്ചയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇദ്ദേഹം.വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന കെഎസ്‌ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടു പോയത്. ഈ ബസ്സിലെ നിരവധി യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന്‍റെ സ്രവവും പരിശോധനയ്ക്ക് അയച്ചത്. തുടര്‍ന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.ഈ മാസം പത്താം തിയതി രാവിലെ 9 മണിക്ക് ഇദ്ദേഹം ഡിപ്പോയില്‍ വന്നിരുന്നു. തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗത്തിലും പെട്രോള്‍ പമ്പിലും ഇദ്ദേഹം പോയിരുന്നു. പ്രാഥമികമായി 37 പേരുമായി ഇദ്ദേഹം സമ്പർക്കം പുലര്‍ത്തിയതായാണ് അറിയുന്നത്. ഇതിന് ശേഷം ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കുള്ള ട്രിപ്പിലും ഇദ്ദേഹം ഡ്രൈവറായി പോയിരുന്നു.
ഫസ്റ്റ് ബെൽ;തിങ്കളാഴ്ച മുതൽ വിക്ടേഴ്‌സ് ചാനലിൽ പുതിയ ക്ലാസുകൾ
തിരുവനന്തപുരം:കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേക്ഷണം ചെയ്യുന്ന കേരളസർക്കാരിന്റെ ഓൺലൈൻ പാഠ്യപദ്ധതിയായ ഫസ്റ്റ് ബെലിൽ തിങ്കളാഴ്ച മുതൽ പുതിയ ക്ലാസുകൾ ആരംഭിക്കും.കഴിഞ്ഞ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിൽ സംപ്രേക്ഷണം ചെയ്ത് ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരമൊരുക്കിയിരുന്നു. തിങ്കളാഴ്ച മുതൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെയായിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക.ആദ്യ ക്ലാസ്സുകൾക്ക് ശേഷം ഉയർന്നുവന്ന അഭിപ്രായം അനുസരിച്ച് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്ക് കുറച്ചുകൂടി സഹായകമാകുന്ന വിധം ഇംഗ്ലീഷ് വാക്കുകൾ എഴുതികാണിക്കാനും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസ്സുകളിൽ മലയാള വിശദീകരണം നൽകാനും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത് അറിയിച്ചു.ആദ്യക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചത്.കൈറ്റ് വിക്ടേഴ്‌സ് ചാനലിന് പുറമെ ഫേസ്ബുക്കിൽ victerseduchannel ഇൽ ലൈവ് ആയി കാണാനും യുട്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം.തിങ്കൾ മുതൽ വെള്ളി വരെ 10, 12 ക്ലാസുകളുടെ പുനഃസംപ്രേക്ഷണം കാണാം.ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് നിലവിലുള്ളതുപോലെ ശനി,ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേക്ഷണം.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷംകടന്നു; 24 മണിക്കൂറിനിടെ 300 ലേറെ മരണം
ന്യൂഡൽഹി:രാജ്യത്ത് രോഗികളുടെ എണ്ണം മൂന്നുലക്ഷംകടന്നു.തുടര്‍ച്ചയായ മൂന്നാം ദിവസവും റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 300 കടന്നു.പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 11,458 പോസിറ്റീവ് കേസുകളും 386 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 8,884 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.അതേസമയം തുടര്‍ച്ചയായ നാലാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായത് രാജ്യത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്. 1,54,329 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 1,45,779 പേരാണ് ചികിത്സയിലുള്ളത്.ജൂണ്‍ മൂന്നിനാണ് കൊവിഡ് കേസുകള്‍ രണ്ട് ലക്ഷം കടന്നത്.പത്ത് ദിവസം കൊണ്ടാണ് ഇത് മൂന്ന് ലക്ഷത്തിലേക്കെത്തുന്നത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഡല്‍ഹിയിലും റെക്കോര്‍ഡ് വേഗതയിലാണ് രോഗവ്യാപനം. മഹാരാഷ്ട്രയില്‍ നിന്നാണ് മൂന്നിലൊന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 40,000 കടന്നു. ഡല്‍ഹിയില്‍ കൊവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്.മേയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്തായത്.അതിനിടെ രാത്രി ക൪ഫ്യൂ ക൪ശനമാക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ജൂൺ 16, 17 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക. അതേസമയം, രോഗബാധിതര്‍ ഇരട്ടിക്കുന്നതിന്റെ സമയപരിധി 17.4 ദിവസമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു
കണ്ണൂർ:പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.ബ്ലാത്തൂര്‍ സ്വദേശി മനീഷിന്‍റെ(21) മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയ വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുൺ, ബ്ലാത്തൂർ സ്വദേശി മനീഷ് എന്നിവരെ കാണാതായത്.സനൂപ്, അരുണ്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുന്നു.അനൂപ്, അരുണ്‍,മനീഷ് എന്നിവരും പയ്യാവൂരിലെ അജിത്തും ചേര്‍ന്ന് കുളിക്കാനായി എത്തിയതായിരുന്നു.അജിത്ത് കുളിക്കാനിറങ്ങിയിരുന്നില്ല. കുളിക്കുന്നതിനിടയില്‍ സുഹൃത്തുക്കള്‍ ചുഴിയില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്നെന്ന് അജിത്ത് പൊലീസിനോട് പറഞ്ഞു.പയ്യാവൂർ പൊലീസും തളിപ്പറമ്പിൽ നിന്നും ഇരിട്ടിയിൽ നിന്നുമെത്തിയ അഗ്നി രക്ഷാ സേനയുടെയും നേതൃത്വത്തിൽ രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.രാത്രി ആയതും മഴ കനത്തതും തിരച്ചില്‍ ദുഷ്കരമാക്കി. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. കനത്ത മഴയും ഒഴുക്കും ആയതിനാല്‍ നാട്ടുകാര്‍ക്ക് പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ തെരച്ചില്‍ ആരംഭിച്ച് 15 മിനിറ്റിനികം തന്നെ മനീഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.
ബസ് ചാര്‍ജ് വര്‍ദ്ധിക്കില്ല; സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം;സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു
കൊച്ചി:സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ദ്ധിക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.ഹർജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.ബസ് യാത്രാനിരക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ഉടമകള്‍ക്ക് സാമ്പത്തിക ബാദ്ധ്യതയില്ലെന്നും, ലോക്ക്ഡൗണിന്‍റെയും കോവിഡ് ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും സിംഗിള്‍ ബഞ്ചിന്‍റെ സ്റ്റേ നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്.സര്‍ക്കാര്‍ നടപടി താല്കാലികമായാണ് കോടതി അംഗീകരിച്ചത്. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.ഒരു സീറ്റില്‍ ഒരാള്‍ എന്ന ലോക്ക് ഡൌണ്‍ നിയന്ത്രണമുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ 50 ശതമാനം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മുഴുവന്‍ സീറ്റുകളിലും ആളുകളെ ഇരുത്താമെന്ന ഇളവ് വന്നതോടെ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ചു. പഴയ നിരക്കേ ഈടാക്കാവൂ എന്ന് വ്യക്തമാക്കി. ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.ഈ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.