കണ്ണൂര്‍:പരിയാരം മെഡിക്കല്‍ കോളജിലേക്ക് രോഗിയെയും കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് ദേശീയപാതയിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.കാസര്‍ഗോഡ് കുനിയ ശിഹാബ്തങ്ങള്‍ മെമ്മോറിയലിന്റെ ആംബുലന്‍സാണ് മറിഞ്ഞത്.ശനിയാഴ്ച രാവിലെ 7.40 ന് മെഡിക്കല്‍ കോളേജിന് മുന്നിലെ പരിയാരം ദേശീയ പാതയിലായിരുന്നു അപകടം. കാഞ്ഞങ്ങാട് സ്വദേശികളായ ബൈത്തുല്‍ ഇര്‍ഷാദിലെ അബ്ദുല്‍ ഖാദര്‍( 63 )ജമീല (47) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. മുഹമ്മദ് ഫാസില്‍(23) ആംബുലന്‍സ് ഡ്രൈവര്‍ എന്‍.പി.ഷംസീര്‍ (33) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. നാലുപേരും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലില്‍ നിന്നും ഹൃദ്യോഗിയായ അബ്ദുല്‍ഖാദറിനേയും കൊണ്ട് വന്ന ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളേജിന് 200 മീറ്റര്‍ അടുത്താണ് ദേശീയപാതയില്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞത്.ആംബുലന്‍സിന്റെ സ്റ്റിയറിംഗ് തകരാറായതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പരിയാരം എ എസ് ഐ സി.ജി.സാംസണിനെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
സമൂഹ വ്യാപന സാധ്യത;കണ്ണൂരില്‍ മൂന്ന് കോവിഡ് ആശുപത്രികള്‍ കൂടി സജ്ജമാക്കുന്നു
കണ്ണൂർ:ജില്ലയിൽ സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് മൂന്ന് കോവിഡ് ആശുപത്രികള്‍ കൂടി സജ്ജമാക്കുന്നു.പരിയാരം ഗവ. ആയുര്‍വേദ കോളജ് ആശുപത്രി,തളിപ്പറമ്പ് കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റല്‍ എന്നിവയാണ് ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി ഏറ്റെടുത്ത് ആശുപത്രികളാക്കുക. ആവശ്യമായ സജ്ജീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ടി വി സുഭാഷ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.160 ബെഡുകളാണ് പരിയാരം ഗവ. ആയുര്‍വേദ കോളജില്‍ ഉള്ളത്.ഇവിടെ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ എന്‍ അജിത്കുമാര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ ഈ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചിരുന്നു.കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം എയ്റോസിസ് കോളേജായി പ്രവർത്തിച്ചു വരികയായിരുന്നു. ഇവിടെ നൂറിലേറെ ബെഡുകള്‍ സജ്ജീകരിക്കും.പാലയാട് ഡയറ്റ് ഹോസ്റ്റല്‍ തലശേരി മേഖലയിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഫണ്ട് ദേശീയ ആരോഗ്യദൗത്യത്തില്‍ (എന്‍എച്ച്‌എം) നിന്ന് ഉപയോഗപ്പെടുത്തും. ഇതിനായി ഡിപിഎമ്മിനെ ചുമതലപ്പെടുത്തി.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ ജില്ലയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.
കോവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരം;പ്ലാസ്മ തെറാപ്പി നടത്തി
ഡല്‍ഹി: കൊവിഡ് ബാധിച്ച ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി നടത്തി.പനിയില്ലെന്നും തീവ്രപരിചരണ വിഭാഗത്തില്‍ 24 മണിക്കൂര്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണം തുടരുമെന്നും സത്യേന്ദര്‍ ജെയിന്‍റെ ഓഫീസ് അറിയിച്ചു.കഴിഞ്ഞ തിങ്കഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച നടത്തിയ രണ്ടാം പരിശോധനയിലാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയാ ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ അദ്ദേഹം നിലവില്‍ ദില്ലി മാക്സ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ദില്ലിയില്‍ കൊവിഡ് രോഗ വര്‍ധന ഗുരുതരമായി തുടരുന്നതിനിടെയാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ആരോഗ്യ മന്ത്രിയുടെ അധിക ചുമതല വഹിക്കുന്നത്.
കണ്ണൂർ നഗരത്തിൽ പോലീസ് നിയന്ത്രണം കർശനമാക്കി
കണ്ണൂർ:സമ്പർക്കത്തിലൂടെ കോവിഡ് രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കണ്ണൂർ നഗരത്തിൽ പോലീസ് നിയന്ത്രണം കർശനമാക്കി.ജനങ്ങളുടെ സുരക്ഷക്കായാണ് പൊലീസ് നഗരത്തില്‍ കടുത്ത നിയന്ത്രണവും ജാഗ്രതയും ഏര്‍പ്പെടുത്തിയതെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. സാമൂഹിക വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് നഗരം അടച്ചിട്ടതെന്ന് ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയും വ്യക്തമാക്കി. കണ്ണൂര്‍ കോര്‍പറേഷനിലെ കണ്ണൂര്‍ നഗരത്തില്‍നിന്നും തലശ്ശേരി റോഡില്‍ താണ വരെയും തളിപ്പറമ്പ് റോഡില്‍ പള്ളിക്കുന്നുവരെയും ചാലാട് ഭാഗത്തേക്ക് കുഴിക്കുന്നുവരെയും കക്കാട് ഭാഗത്തേക്ക് കോര്‍ജാന്‍ സ്‌കൂള്‍ വരെയും തായത്തെരു ഭാഗത്ത് റെയില്‍വേ അണ്ടര്‍ പാസ് വരെയുമുള്ള പ്രദേശങ്ങള്‍ ഉൾക്കൊള്ളുന്ന ഭാഗമാണ് ജില്ല കലക്ടര്‍ കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിച്ചത്.ഇതിെൻറ ഭാഗമായി കോര്‍പറേഷനിലെ 11 ഡിവിഷനുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് വരുത്തിയിട്ടുള്ളത്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്നും എന്നാല്‍ ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാകില്ലെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെൻറ് മേഖലയിലെ വ്യാപാരി പ്രതിനിധികളുമായി ജില്ല പൊലീസ് മേധാവി ആശയ വിനിമയം നടത്തി.കണ്ണൂരിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നാണ് മന്ത്രി ഇ.പി. ജയരാജനും വെള്ളിയാഴ്ച പ്രതികരിച്ചത്.വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ച മട്ടന്നൂര്‍ എക്‌സൈസ് ഡ്രൈവര്‍ കെ. സുനില്‍ കുമാര്‍, കണ്ണൂരില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച 14 കാരന്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.കണ്ണൂരിനു പുറമെ മട്ടന്നൂര്‍ നഗരസഭയും ഈമാസം 30വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ നഗരവുമായി ബന്ധപ്പെട്ട 20 റോഡുകളാണ് അടച്ചത്. ദീര്‍ഘദൂര ബസുകളെ മാത്രമേ പുതിയ ബസ്‌സ്റ്റാന്‍ഡിലേക്കും പഴയ ബസ്‌സ്റ്റാന്‍ഡിലേക്കും പോകാന്‍ അനുവദിക്കുന്നുള്ളു. മറ്റ് വാഹനങ്ങളെ അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നുള്ളൂ.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,516 പേര്‍ക്ക് കോവിഡ് ബാധ; 375 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 14,516 പേര്‍ക്ക് പുതുതായി കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,95,048 ആയി. 24 മണിക്കൂറിനിടെ 375 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 12,948 ആയി.രാജ്യത്ത് കോവിഡ് അതി രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 3,827 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 142 പേര്‍ മരിക്കുകയും ചെയ്തു.തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. 666 പേര്‍ ഇവിടെ രോഗബാധയേറ്റ് മരിച്ചു.അതിനിടെ തമിഴ്നാട്ടിൽ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുംബൈ, പൂനെ തുടങ്ങിയ പ്രദേശങ്ങളിൽ രോഗബാധക്ക് ശമനം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കോവിഡ് പ്രതിരോധം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ട്രെയിൻ കോച്ചുകളിൽ കോവിഡ് ബെഡ് സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 315 പുതിയ കോവിഡ് കേസുകളും 17 മരണവും റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ 54 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന നിബന്ധനയിൽ ഇളവ് നൽകി സംസ്ഥാനസർക്കാർ
തിരുവനന്തപുരം:പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന നിബന്ധനയിൽ ഇളവ് നൽകി സംസ്ഥാനസർക്കാർ.ഈ മാസം 24 വരെ ഗള്‍ഫില്‍നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.എന്നാല്‍ 25 മുതല്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.നേരത്തെ ശനിയാഴ്ച മുതല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ പ്രവാസികളുടെ കോവിഡ് ടെസ്റ്റില്‍ തീരുമാനമെടുക്കാൻ അധികാരമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. എന്നാൽ, ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാൽ മതിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.പുറത്തുനിന്ന് വരുന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് ഉൾപ്പെടെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിക്കാരനായ കെ.എസ്.ആര്‍. മേനോന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 96 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, യു.എ.ഇ-14, സൗദി അറേബ്യ-10, ഒമാന്‍-3, റഷ്യ-2, ഖത്തര്‍-1, താജിക്കിസ്ഥാന്‍-1, കസാക്കിസ്ഥാന്‍-1) 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, ഡല്‍ഹി-9, തമിഴ്‌നാട്-8, കര്‍ണാടക-5, ആസാം-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, തെലുങ്കാന-1) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (ഒരു പാലക്കാട് സ്വദേശി), കൊല്ലം, പാലക്കാട് (ഒരു മലപ്പുറം, ഒരു തൃശൂര്‍) ജില്ലകളില്‍ നിന്നുള്ള 14 പേരുടെ വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (ഒരു തിരുവനന്തപുരം സ്വദേശി), ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,509 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂര്‍ സ്വദേശിയായ എക്സൈസ് ഡ്രൈവര്‍ സുനില്‍ കുമാറിെന്‍റ സമ്പർക്കപ്പട്ടിക അതിസങ്കീര്‍ണം
കണ്ണൂർ:കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂര്‍ സ്വദേശിയായ എക്സൈസ് ഡ്രൈവര്‍ സുനില്‍ കുമാറിെന്‍റ സമ്പർക്കപ്പട്ടിക അതിസങ്കീര്‍ണം.ഇദ്ദേഹവുമായി അടുത്തിടപഴകിയ നൂറോളം പേരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. എന്നാല്‍ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് പറഞ്ഞു. മട്ടന്നൂര്‍ എക്സൈസ് റേഞ്ച് ഓഫിസിലെ സഹപ്രവര്‍ത്തകരായ 18 പേര്‍, ബ്ലാത്തൂരിലെ കുടുംബത്തിലെ 10 പേര്‍, ഇദ്ദേഹവുമായി അടുത്തിടപഴകിയ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായ 69 പേര്‍ എന്നിങ്ങനെയാണ് പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.ബ്ലാത്തൂർ മേഖലയിൽ കൂടുതൽ പേർ നിരീക്ഷണത്തിലായേക്കുമെന്നാണ് കരുതുന്നത്. സുനിൽ കുമാർ ഒരാഴ്ച മുൻപ് നാട്ടുകാരോടൊപ്പം ഫുട്ബോൾ കളിച്ചിരുന്നു.നാട്ടിൽ നടന്ന ഒരു കല്യാണത്തിൽ പങ്കെടുത്തതായും വിവരമുണ്ട്.ഇദ്ദേഹത്തിന്റെ പ്രൈമറി, സെക്കണ്ടറി സമ്പർക്കപ്പട്ടികയിൽ ഏകദേശം 500 ഓളം പേർ ഉൾപ്പെടുമെന്നാണ് പടിയൂർ പഞ്ചായത്തിന്റെ കണ്ടെത്തൽ.കഴിഞ്ഞ ഞായറാഴ്ച സുനിൽ കുമാർ ചികിത്സ തേടിയ ഇരിക്കൂറിലെ ആശുപത്രി ജീവനക്കാരും അദ്ദേഹം ഇടപഴകിയ കടകളിലുള്ളവരും നിരീക്ഷണത്തിലാണ്.തൊഴിലുറപ്പ് തൊഴിലാളിയായ ഇദ്ദേഹത്തിന്റെ അമ്മയും കൂലിത്തൊഴിലാളിയായ സഹോദരനും ഒരുപാടുപേരുമായി ബന്ധപ്പെട്ടിട്ടുണ്ട്.ഇവരുടെയെല്ലാം വിവരങ്ങൾ ശേഖരിച്ച് ആവശ്യമായവരുടെയെല്ലാം സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുക്കും.മട്ടന്നൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ സഹപ്രവർത്തകരായ 18 പേരുടെ സാമ്പിൾ പരിശോധന വ്യാഴാഴ്ച പൂർത്തിയായി.
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു
തൃശൂർ:സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം.വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചുവന്നിരുന്ന സച്ചിക്കു ഹൃദ്രോഗബാധയുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ചൊവ്വ പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഇന്നലെ രാത്രി 10 35 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. അനസ്ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. ദിലീപിനെ നായകനായി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ സച്ചിയുടേതായിരുന്നു. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി.
അതേസമയം സച്ചിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി പരിസരത്ത് രാവിലെ 9.30 മുതൽ 10 മണി വരെ പൊതുദർശനത്തിന് വെക്കും. ഇതിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലരയോടെ രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.കേരളാ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ചേംബർ ഹാളിലാണ് പൊതുദർശനം. സച്ചി എട്ട് വർഷക്കാലം ഹൈക്കോടതി അഭിഭാഷകനായിരുന്നു. ഇവിടെ നിന്നും മൃതദേഹം തമ്മനത്തെ വീട്ടിലേക്കാണ് കൊണ്ടുപോകുക.
കോവിഡ് വ്യാപനം രൂക്ഷം;തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍
ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്താൻ തീരുമാനം.ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ക് ഡൗണ്‍. ജൂണ്‍ 30വരെയാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍.ചെന്നൈ അടക്കമുള്ള ആറ് അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന വിദഗ്‌ധ സമിതിയുടെ നിർദേശത്തിനു സര്‍ക്കാര്‍ തീരുമാനം. ആവശ്യ സേവനങ്ങള്‍ മാത്രമാണ് ഇനി പ്രവര്‍ത്തിക്കുക. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല.ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല. എന്നാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രാവിലെ 6 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാമെങ്കിലും പാര്‍സല്‍ ഇനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 33 ശതമാനം ജീവനക്കാര്‍ക്ക് എത്താം. എന്നാല്‍ കണ്ടയ്‌ന്മെന്റ് സോണുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തേണ്ടതില്ല. ജൂണ്‍ 29, 30 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.