തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഉടന്‍.ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ഇടക്കാല ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. വിവിധ തലങ്ങളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നു. അതേ സമയം നിരക്കു വര്‍ധന കൊവിഡ് കാലത്തേക്കു മാത്രമാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. 25 ശതമാനം വര്‍ധനയാണ് ഉദ്ദേശിക്കുന്നത്. അതായത് മിനിമം ചാര്‍ജ് പത്തുരൂപയാക്കും. വിദ്യാര്‍ഥികളുടെ നിരക്കില്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി കൂടിയാലോചിച്ചു മാത്രമേ നടപ്പാക്കൂയെന്നും മന്ത്രി വ്യക്തമാക്കി.മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 10 ആക്കണമെന്നും 12 ആക്കണമെന്നുമുള്ള രണ്ടു ശുപാര്‍ശകള്‍ കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ കാലത്തേക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിലേക്ക് കമ്മിഷന്‍ എത്തിയിട്ടില്ല.അതേസമയം, മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി സര്‍ക്കാരിന് കത്ത് നല്കി. കോവിഡ് കഴിഞ്ഞാല്‍ നിരക്ക് കുറയ്‌ക്കേണ്ടി വരുമെന്നതിനാല്‍ അതുകൂടി കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വര്‍ധന ആയതിനാല്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തല്‍ . അങ്ങനെയെങ്കില്‍ ഗതാഗത വകുപ്പിന്റെ ഗുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാലുടന്‍ പ്രഖ്യാപനം ഉണ്ടായേക്കും.
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗ വ്യാപനം കൂടുന്നു; ഒരാഴ്ച്ചക്കിടെ 56 പേര്‍ക്ക് സമ്പർക്കത്തിലൂടെ കൊവിഡ്
കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 56 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് പടര്‍ന്നത്. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കൂടുതല്‍ രോഗബാധയുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.സമ്പർക്കത്തിലൂടെ രോഗം പടര്‍ന്ന മേഖലകള്‍ കണ്ടയ്ന്‍മെന്റ് സോണുകളായി തിരിച്ച് പോലിസ് പരിശോധനയും നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്.എട്ട് ദിവസത്തിനിടെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായിട്ടുണ്ട്.തൃശൂര്‍ കോര്‍പറേഷനിലും ചാവക്കാട് നഗരസഭയിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു.സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1081 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.ഇതില്‍ 673 പേര്‍ വിദേശങ്ങളില്‍ നിന്നും 339 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ജൂണ്‍ 19 മുതല്‍ ഇന്നലെ വരെ എല്ലാ ദിവസവും നൂറിന് മുകളിലാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.19ആം തിയ്യതി 118 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 20ന് 127 പേര്‍ക്ക് രോഗമുണ്ടായി. 21ന് 133 പേര്‍ക്കും 22ന് 138 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. 23ന് 141 പേര്‍ക്കും 24ന് 151 പേര്‍ക്കും 25ന് 123 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ വീണ്ടും 150 പേര്‍ക്ക് രോഗമുണ്ടായി.അതേസമയം എട്ട് ദിവസത്തിനിടെ 593 പേരുടെ രോഗം മാറിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുന്നത് കൊണ്ട് വരും ദിവസങ്ങളിലും കൂടുതല്‍ രോഗികള്‍ ഉണ്ടാകുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടല്‍.
നടൻ ശ്രീനിവാസന്‍റെ വീട്ടിലേക്ക് അംഗൻവാടി ജീവനക്കാർ മാർച്ച് നടത്തി
കൊച്ചി: നടന്‍ ശ്രീനിവാസന്‍റെ മുളന്തുരുത്തിയിലെ വീട്ടിലേക്ക് ആംഗന്‍വാടി ജീവനക്കാരുടെ സംഘടന മാര്‍ച്ച്. ആംഗന്‍വാടി ജീവനക്കാരെ അധിക്ഷേപിച്ചു സംസാരിച്ചതിന് ശ്രീനിവാസന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. “ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടുത്തെ ആംഗന്‍വാടി ടീച്ചര്‍മാര്‍ ഒരു വിദ്യാഭ്യാസവുമില്ലാത്തവരാണെന്നും, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണെന്നും, അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ’ എന്ന ശ്രീനിവാസന്‍റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനു പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നേരത്തെ ശ്രീനിവാസനെതിരെ വനിത കമ്മീഷന്‍ കേസെടുത്തിരുന്നു.
കോട്ടയത്ത് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണു മരിച്ച യുവാവിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
കോട്ടയം: കോട്ടയത്ത് വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ മരിച്ച യുവാവിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥിനാണ് (39) കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്.സാമ്പിൾ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്.വിദേശത്തുനിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മഞ്ജുനാഥിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അവശ നിലയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.എന്നാല്‍ രണ്ടു രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കുന്ന വിശദീകരണം.
10, 12 ക്ലാസുകളിലെ ഫലനിര്‍ണയത്തിന് പുതിയ വിഞ്ജാപനവുമായി സിബിഎസ്‍സി;കേരളത്തിലെ പരീക്ഷ റദ്ദാവില്ല
ന്യൂഡൽഹി:10,12 ക്ലാസ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സിബിഎസ്ഇ പുതിയ വിജ്ഞാപനം ഇറക്കി.ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക.10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രം പരീക്ഷ എഴുതിയവര്‍ക്ക് ഇന്‍റേണല്‍ മാര്‍ക്ക് കൂടി പരിഗണിക്കും. ഇവര്‍ക്ക് ആവശ്യമെങ്കില്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാമെന്നും സിബിഎസ്ഇ.സിബിഎസ്ഇ നോട്ടിഫിക്കേഷന്‍ സുപ്രീംകോടതി അംഗീകരിച്ചു. നോട്ടിഫിക്കേഷന്‍റെ അടിസ്ഥാനത്തില്‍ ഹരജി തീര്‍പ്പാക്കി.സമാന മാതൃകയിലുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കുമെന്ന് ഐസിഎസ്ഇ സുപ്രീകോടതിയെ അറിയിച്ചു.പത്താംക്ലാസില്‍ ഇംപ്രൂവ്മെന്‍റെ പരീക്ഷ നടത്തുമെന്നും സത്യവാങ്മൂലത്തില്‍ ഐസിഎസ്ഇ അറിയിച്ചു.അതേസമയം പരീക്ഷ പൂര്‍ത്തിയായ ഇടങ്ങളില്‍ സാധാരണപോലെ മൂല്യനിര്‍ണയം നടക്കും. കേരളത്തില്‍ പരീക്ഷകള്‍ പൂര്‍ത്തിയായിരുന്നു. ഇതോടെ കേരളത്തിലെ പരീക്ഷ റദ്ദാവില്ല.കേരളത്തില്‍ പരീക്ഷകള്‍ നടന്നതിനാല്‍ അതിലെ മാര്‍ക്കുകള്‍ തന്നെയാകും അന്തിമം.
ഇടിമിന്നലേറ്റ് ബിഹാറിലും യുപിയിലുമായി 107 മരണം
ലഖ്‌നൗ:ഇടിമിന്നലേറ്റ് ബിഹാറിലും യുപിയിലുമായി 107 പേർ മരിച്ചു.ബീഹാറിൽ 83 ഉം യുപിയിൽ 24 പേരുമാണ് മരിച്ചത്.ബീഹാറിലെ 23 ജില്ലകളിലാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 13 പേരാണ് ഇവിടെ മരിച്ചത്. നവാഡയിലും മധുബാനിയിലും എട്ട് വീതവും സിവാനിലും ഭഗല്‍പൂരിലും ആറ് വീതവും ഈസ്റ്റ് ചമ്ബാരന്‍, ദര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഖഗാരിയ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും വെസ്റ്റ് ചമ്ബാരന്‍, കിഷന്‍ഗഞ്ച്, ജിഹാനാബാദ്, ജമൂയ്, പുര്‍ണിയ, സുപൗല്‍, ബക്സാര്‍, കൈമൂര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും സമസ്തിപൂര്‍, ശിയോഹര്‍, സരന്‍, സീത്മഠി, മധേപുര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.യു പിയിലെ ദേവ്റിയയിലാണ് ഏറ്റവുമധികം മരണം. ഒൻപതുപേര്‍ ഇവിടെ മരിച്ചു. സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ആവശ്യമുള്ളവർക്ക് സഹായം എത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധിയും നിർദ്ദേശിച്ചു.അതിനിടെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അസമിൽ 14 പേര്‍ മരിച്ചു. ദേമാജി, ലഖിംപൂർ, ജോർഹാത്, മജൂലി, ശിവസാഗർ, തിൻ സുകിയ, ദിബ്രുഗഡ് ജില്ലകളിലാണ് പ്രളയം. ഈ ജില്ലകളിലെ 180 ഗ്രാമങ്ങളിലെ 50,000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. 5,300 ഹെക്ടർ കൃഷി നശിച്ചു. ബ്രഹ്മപുത്ര നദി കവിഞ്ഞൊഴുകുകയാണ്. തീര മേഖലകളിലുള്ള വരെ മാറ്റി പാർപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോഴും മഴ തുടരുകയാണ്.
കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: ദുബായില്‍ നിന്നു തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു.കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്. മഞ്ജുനാഥിനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.ദുബായില്‍ നിന്ന് 21നു എത്തിയ മഞ്ജുനാഥ് വീട്ടില്‍ ഒറ്റയ്ക്കു ക്വാറന്റീനില്‍ കഴിയുകയായിരുന്നു.സഹോദരന്‍ ഇന്നലെ രാവിലെ ഭക്ഷണവുമായി എത്തിയപ്പോള്‍ നേരത്തേ നല്‍കിയ ഭക്ഷണം എടുക്കാത്തതു ശ്രദ്ധയില്‍പെട്ടിരുന്നു.തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെ അറിയിച്ചുവെങ്കിലും യുവാവിനെ ആശുപത്രിയിലേക്കു മാറ്റാന്‍ മണിക്കൂറുകള്‍ താമസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലന്‍സ് എത്തിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു രാത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.അതേസമയം ചികിത്സ പിഴവുള്ളതായി ആരും പരാതി നല്‍കിയിട്ടില്ലെന്നും കോവിഡ് സംബന്ധിച്ച പരിശോധനകള്‍ക്കാവശ്യമായ കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു.ഗായത്രിയാണു മഞ്ജുനാഥിന്റെ ഭാര്യ. മക്കള്‍: ശിവാനി, സൂര്യകിരണ്‍.
ആഗസ്റ്റ് മാസത്തോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വർദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം:ആഗസ്ത് മാസത്തോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന കണക്ക് കൂട്ടലില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സംസ്ഥാനം പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്.കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ച് വരുന്നത് കൊണ്ട് ആഗസ്ത് മാസത്തോടെ കൂടുതല്‍ രോഗികള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കണക്ക് കൂട്ടല്‍.പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും.രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്.സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും അതിന്‍റെ സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ; മിനിമം ചാര്‍ജ് 10 രൂപയാക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ ചെയ്തത്. കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാര്‍ശയാണ് കമീഷന്‍ സര്‍ക്കാരിന് കൈമാറിയത്. റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ 11 ന് ഉന്നതതല യോഗം ചേരും. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമീഷന്‍റെ പ്രധാന ശിപാര്‍ശ.തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാൽ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടർന്നുള്ള സ്റ്റേജുകളിലെ നിരക്ക്. മിനിമം ചാർജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാർശയും കമ്മീഷന്റ റിപ്പോർട്ടിലുണ്ട്. വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.കോവിഡ് കഴിഞ്ഞാൽ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നതിനാൽ അതു കൂടി കണക്കിലെടുത്തായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക. കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വർധന ആയതിനാൽ ഇടതു മുന്നണിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഗതാഗത വകുപ്പിന്റ ഗുപാർശ മുഖ്യമന്ത്രി അംഗീകരിച്ചാലുടൻ പ്രഖ്യാപനം ഉണ്ടായേക്കും. നിരക്ക് കൂടുന്നതോടെ ബസിൽ സാമൂഹിക അകലം ഏർപ്പെടുത്തുമോയെന്ന് വ്യക്തമല്ല.നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ചത്.
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി
ന്യൂഡല്‍ഹി : സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയെ കേന്ദ്ര സർക്കാരാണ് ഇത് അറിയിച്ചത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത് ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനമെടുക്കാം. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ചാല്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പൊതുപരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ താല്പര്യമുണ്ടെങ്കില്‍, അനുകൂല സാഹചര്യം വരുമ്പോൾ പരീക്ഷകള്‍ നടത്തുമെന്നും സിബിഎസ്‌ഇ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ 12 വരെ നടത്താനിരുന്ന പരീക്ഷകള്‍ ആണ് റദ്ദാക്കിയത്. രാജ്യത്ത് കോവിഡ് രോഗത്തിന്റെ വ്യാപ്തി അടിക്കടി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകള്‍ റദ്ദാക്കിയത്. നിലപാട് എത്രയും വേഗം അറിയിക്കണം എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. ജൂലൈ ഒന്ന് മുതൽ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.