ടിക് ടോക്, യുസി ബ്രൗസര്‍, എക്‌സന്‍ഡര്‍ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയിൽ നിരോധനം
ന്യൂഡൽഹി:ടിക് ടോക്, യുസി ബ്രൗസര്‍, എക്‌സന്‍ഡര്‍ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി.ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. നേരത്തേയും ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും ഇത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിഷേധിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന തര്‍ക്കം അയവില്ലാതെ തുടരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഷെയര്‍ ഇറ്റ്, ഹലോ, യുസി ന്യൂസ്, വി മേറ്റ്, യു വീഡിയോ, എക്‌സന്‍ഡര്‍, ന്യൂസ് ഡോഗ് ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെര്‍വറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഉറവിടങ്ങളില്‍ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിരോധിച്ച 59 ആപ്പുകള്‍:
TikTok,Shareit,Kwai,UC Browser,Baidu map,Shein,Clash of Kings,DU battery saver,Helo,Likee,YouCam makeup,Mi Community,CM Browers,Virus Cleaner,APUS Browser,ROMWE,Club Factory,Newsdog,Beutry Plus,WeChat,UC News,QQ Mail,Weibo,Xender,QQ Music,QQ Newsfeed,Bigo Live,SelfieCity,Mail Master,Parallel Space,Mi Video,Call Xiaomi,WeSync,ES File Explorer,Viva Video QU Video Inc,Meitu,Vigo Video,New Video Status,DU Recorder,Vault- Hide,Cache Cleaner DU App studio,DU Cleaner,DU Browser,Hago Play With New Friends,Cam Scanner,Clean Master Cheetah Mobile,Wonder Camera,Photo Wonder,QQ Player,We Meet,Sweet Selfie,Baidu Translate,Vmate,QQ International,QQ Security Center,QQ Launcher,U Video,V fly Status Video,Mobile Legends,DU Privacy
വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ച; രണ്ടു ജീവനക്കാര്‍ മരിച്ചു
ആന്ധ്രാ:വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ചയെ തുടർന്ന് രണ്ടു ജീവനക്കാര്‍ മരിച്ചു.നരേന്ദ്ര, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്.പരവാഡ സൈനർ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് വാതക ചോര്‍ച്ചയുണ്ടായത്. ബെൻസിമിഡാസോളാണ് ചോർന്നത്. നാലു ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായാണ് അപകടമുണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് മരിച്ച രണ്ട് പേരും. അപകടം നടക്കുമ്പോള്‍ ആറ് ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ലെന്ന് പരവാഡ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.യോടു പറഞ്ഞു.വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല. സാങ്കേതിക പിഴവാണ് അപകടം വരുത്തിവച്ചതെന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായതെന്നും മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഫാക്ടറി അടച്ചുവെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;79 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം 5, തൃശൂർ 26, കൊല്ലം 11, പാലക്കാട് 12, കാസർകോട് 4, ആലപ്പുഴ 5, പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂർ 14, മലപ്പുറം 13 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്‍.രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം സ്ഥിരീകരിച്ചു.24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നു.അതേസമയം 79 പേർ ഇന്ന് രോഗമുക്തി നേടി.തിരുവനന്തപുരം -3, കൊല്ലം- 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം-4, തൃശ്ശൂര്‍-5, പാലക്കാട്-3, കോഴിക്കോട്-3, മലപ്പുറം-7, കണ്ണൂര്‍- 13, കാസര്‍കോട്-2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.2057 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് 281 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളിലാണ്.
കോഴിക്കോട്ട് ആത്മഹത്യ ചെയ്തയാള്‍ക്ക് കൊവിഡ്; ഇന്‍ക്വസ്റ്റ് നടത്തിയ ഏഴ് പോലീസുകാർ നിരീക്ഷണത്തില്‍
കോഴിക്കോട്:കോഴിക്കോട് രണ്ട് ദിവസം മുമ്പ് തൂങ്ങിമരിച്ച ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളയില്‍ സ്വദേശി കൃഷ്ണനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൃഷ്ണന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ രണ്ട് സിഐമാര്‍ ഉള്‍പ്പെടെ വെള്ളയില്‍ സ്റ്റേഷനിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോകും.കുടുംബപ്രശ്നങ്ങള്‍ കാരണമാണ് 68കാരനായ കൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മുന്‍പായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്ന് ഫലം ലഭിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായി.എവിടെ നിന്നാണ് മരിച്ചയാള്‍ക്ക് കൊവിഡ് പിടിപെട്ടത് എന്നത് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയില്‍നിന്നും മറ്റും ചിലര്‍ എത്തിയിട്ടുണ്ടായിരുന്നു. ഇവിടെനിന്നാവാം രോഗം പിടിപെട്ടത് എന്നാണ് കരുതപ്പെടുന്നത്.ഇയാളുടെ മൃതദേഹം കാണാന്‍ പോയ നാട്ടുകാരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.കൃഷ്ണന്‍ ജോലി ചെയ്തിരുന്ന അപാര്‍ട്മെന്‍റിലെ എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരും ക്വാറന്‍റൈനില്‍ പോകണ്ടിവരുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി
കോട്ടയം:ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി.യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു.കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച യുഡിഎഫ് നേതൃത്വത്തിന്‍റെ തീരുമാനത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട. യുഡിഎഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ബെന്നി ബെഹ്നാന്‍ അറിയിച്ചു.കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന ആവശ്യം ജോസ് വിഭാഗം അംഗീകരിക്കാതിരുന്നതോടെയാണ് യുഡിഎഫ് നിലപാട് കടുപ്പിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കില്ലെന്നും അത്തരം ഒരു കരാറോ ധാരണയോ ഇല്ലെന്നും പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേൽപ്പിക്കാൻ നോക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നുമായിരുന്നു ജോസ് വിഭാഗത്തിന്‍റെ നിലപാട്. അംഗീകരിക്കാത്ത നിർദേശത്തെ ധാരണ എന്നു പറയാൻ കഴിയില്ല. തങ്ങൾ പങ്കാളിയായ ഒരു ഉഭയകക്ഷി ചർച്ചയിലും പദവി പങ്കുവയ്ക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തൊട്ടു മുൻപ് യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയിൽ പ്രസിഡന്റ് പദവി സംബന്ധിച്ച് ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദങ്ങള്‍ തള്ളിയതാണ്. ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആൾക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാനാകില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു.തീരുമാനത്തെ പി.ജെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. എന്ത് കാരണത്താലാണ് തങ്ങളെ പുറത്താക്കിയതെന്ന് പറയേണ്ടേ എന്നാണ് ജോസ് വിഭാഗത്തിന്‍റെ ചോദ്യം. ഏറെ ഖേദകരമായ തീരുമാനമാണിത്. നടപടി ഏകപക്ഷീയമാണ്. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം പ്രതികരിച്ചു.
മരിച്ച വയോധികയുടെ പേരിലുള്ള പെന്‍ഷന്‍തുക തട്ടിയെടുത്തു; കണ്ണൂരില്‍ കളക്ഷൻ ഏജന്റും സി.പി.എം വനിതാ നേതാവുമായ യുവതിക്കെതിരെ പരാതി
കണ്ണൂര്‍: കണ്ണൂരില്‍ മരിച്ച വയോധികയുടെ പേരില്‍ വന്ന ക്ഷേമ പെന്‍ഷന്‍ തുക വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായി പരാതി. സി.പി.എം പ്രവർത്തകയും മഹിളാ ജില്ലാ നേതാവുമായ യുവാതിക്കെതിരെയാണ് പരാതി.പായം പഞ്ചായത്ത് പ്രസിഡന്റിനെറ ഭാര്യയും ബാങ്കിലെ കലക്ഷന്‍ ഏജന്റുമായ സ്വപ്‌നയ്‌ക്കെതിരെയാണ് പരാതി. ഇതേതുടര്‍ന്ന് സ്വപ്നയെ ബാങ്ക് സസ്‌പെന്റു ചെയ്തുവെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ മാതൃസഹോദരി പുത്രിയാണ് സ്വപ്‌ന. പാര്‍ട്ടിയിലെ ബന്ധമാണ് നടപടി സ്വീകരിക്കുന്നതില്‍ പോലീസിനെ പിന്നോട്ടുവലിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ധനാപഹരണം എന്നീ ഗുരുതര കുറ്റങ്ങളാണ് സ്വപ്‌നയ്‌ക്കെതിരെ ആരോപിക്കുന്നത്.
കൗസു തോട്ടത്താന്‍ എന്ന വയോധികയുടെ പേരില്‍ വന്ന പെന്‍ഷന്‍തുകയാണ് സ്വപ്‌ന തട്ടിയെടുത്തത്. തളര്‍വാതം പിടിപെട്ട് കിടപ്പിലായിരുന്ന കൗസു മാര്‍ച്ച് ഒൻപതിനാണ് മരിച്ചത്. കൗസു മരിച്ച കാര്യം മാര്‍ച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നുവെന്ന് പെണ്‍മക്കള്‍ പറയുന്നു. കൗസുവിന്റെ മരുമക്കളില്‍ ഒരാളായ കടുമ്പേരി ഗോപി തന്റെ പെന്‍ഷന്‍ തുക വാങ്ങാന്‍ അംഗനവാടിയില്‍ ചെന്നിരുന്നു. മുന്‍പ് വീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നുവെങ്കില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അംഗനവാടിയില്‍ വച്ച് ഇത്തവണ പെന്‍ഷന്‍ വിതരണം നടത്തുകയായിരുന്നു.കൗസുവിന്റെ പേര് വിളിച്ചപ്പോള്‍ മരിച്ചുപോയ കാര്യം ഗോപി ബാങ്ക് അധികൃതരെ അറിയിച്ചു. എന്നാല്‍ കൗസുവിന്റെ പേരില്‍ വന്ന 6100 രൂപയുടെ രസീത് ആളില്ലെന്ന് അറിഞ്ഞതോടെ മാറ്റിവച്ചു. എന്നാല്‍ പിന്നീട് ഈ രസീത് മാറി പണം വാങ്ങിയതായി വ്യക്തമായതോടെയാണ് കുടുംബവും പഞ്ചായത്ത് അംഗവും പരാതി നല്‍കിയത്. വിവാദമായതോടെ പണം തങ്ങള്‍ തന്നെ കൈപ്പറ്റിയെന്ന് ഒഒപ്പിട്ട് നല്‍കണമെന്ന് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് കൗസുവിന്റെ പെണ്‍മക്കള്‍ പറയുന്നു. എന്നാല്‍ പ്രദേശത്ത് നെല്‍കൃഷി സന്ദര്‍ശക്കിനാണ് പോയതെന്നാണ് സ്വപ്‌നയുടെ ഭര്‍ത്താവും പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം.
എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:ഈ അധ്യയനവർഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. പ്രത്യേക പോര്‍ട്ടല്‍ വഴിയും ‘ സഫലം 2020’ മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം. 4,22,450 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.വ്യക്തിഗത റിസള്‍ട്ടിനു പുറമേ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘saphalam 2020’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ ‘സമ്പൂർണ്ണ’ ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാന്‍ ഇത്തവണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറില്‍ 19,459 പേര്‍ക്ക് കൊവിഡ് രോഗബാധ;380 മരണം
ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 19,459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി 380 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5.48 ലക്ഷമായി. ഇതില്‍ 3.21 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു.നിലവില്‍ 2.10 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളത്. രാജ്യത്ത് ഇതുവരെ 16,475 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ഇന്നലെ മാത്രം 1.70 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.ഇതുവരെ 83.98 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി,തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 5,496 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 156 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 1.64 ലക്ഷം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 70,670 പേരാണ് ചികിത്സയിലുളളത്.
ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80,000കടന്നു. ഇന്നലെ 2,889 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65പേര്‍ മരിച്ചു. 83,077പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 27,847പേര്‍ ചികിത്സയിലുണ്ട്. 52,607പേര്‍ രോഗമുക്തരായി. ആകെ 2,623 പേർ മരിച്ചു.കര്‍ണാടകയില്‍ ആദ്യമായി ഒരു ദിവസത്തെ രോഗബാധിതരുടെ എണ്ണം 1,000 കടന്നു. ഇന്നലെ 1,267പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.16 പേര്‍ മരിക്കുകയും ചെയ്തു.ആകെ രോഗികള്‍ 13,190. ഇതില്‍ 207പേര്‍ മരിച്ചു.തമിഴ്നാട്ടില്‍ ഇന്നലെ 3,940 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ 54 പേര്‍ മരിക്കുകയും ചെയ്തു. ആകെ രോഗബാധിതര്‍ 82,275 ആയി. ചെന്നൈയില്‍ മാത്രം 1,992 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതര്‍ 53,762 ആയി. തമിഴ്നാട്ടില്‍ ഇതുവരെ 1,079 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 128 പേർക്ക് കോവിഡ്;ഏറ്റവും കൂടുതൽ രോഗികൾ കണ്ണൂർ ജില്ലയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും(കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1) 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും(കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്‍- 1, രാജസ്ഥാന്‍- 1, ഗുജറാത്ത്- 1) വന്നതാണ്.14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേരുടെയും, തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2150 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 124 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.