News Desk

സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

keralanews gold smuggling case n i a questioning m sivasankar

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍.സ്വര്‍ണക്കടത്ത് പ്രതികളുമായി ശിവശങ്കറിന്‌ ഉണ്ടായിരുന്ന ബന്ധം, സ്വര്‍ണക്കടത്തിന് സഹായിച്ചോ എന്നീ സുപ്രധാന കാര്യങ്ങള്‍ എന്‍.ഐ എ വിശദമായി ചോദിച്ചറിയും എന്നാണ് സൂചന.കേസിലെ പ്രതികളുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ചോദ്യം ചെയ്യല്‍. നേരത്തെ ശിവശങ്കറിനെ കസ്റ്റംസ് ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചെങ്കിലും അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നാണ് അന്ന് കസ്റ്റംസ് അറിയിച്ചിരുന്നത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ അറസ്റ്റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പ്രതികളായ സ്വപ്ന , സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.നാളെയാണ് സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്.

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 11 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്; വിതരണം അടുത്തമാസം അവസാനവാരം മുതൽ

keralanews free food kit for all ration card holders for onam delivery from the last week of next month

തിരുവനന്തപുരം: ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പലവ്യഞ്ജനകിറ്റുകളുടെ വിതരണം ഓഗസ്റ്റ് അവസാനവാരം തുടങ്ങും. 11 ഇനങ്ങളാണ് കിറ്റിലുണ്ടാകുക.പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍/ വന്‍പയര്‍ 500 ഗ്രാം, ശര്‍ക്കര ഒരു കിലോ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാർ പൊടി എന്നിവ 100 ഗ്രാം വീതം, വെളിച്ചെണ്ണ 500 മില്ലി ലീറ്റര്‍/ സൂര്യകാന്തി എണ്ണ 1 ലീറ്റര്‍, പപ്പടം ഒരു പായ്ക്കറ്റ് (12 എണ്ണം), സേമിയ/ പാലട ഒരു പായ്ക്കറ്റ്, ഗോതമ്ബ് നുറുക്ക് ഒരു കിലോഗ്രാം എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക..  മുന്‍ഗണനേതരവിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 15 രൂപ നിരക്കില്‍ 10 കിലോ അരിയും നല്‍കും.കിറ്റുകള്‍ തയാറാക്കാന്‍ സാധനങ്ങള്‍ സംഭരിക്കുന്നതും അവ സൂക്ഷിക്കാന്‍ കൂടുതല്‍ മുറികള്‍ വാടകയ്ക്ക് എടുക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ സപ്ലൈകോ ആരംഭിച്ചു.

‘ഓപ്പറേഷൻ സാഗർറാണി’ നിർജീവം;സംസ്ഥാനത്ത് വീണ്ടും പഴകിയ മൽസ്യവില്പന സജീവമാകുന്നു

keralanews operation sagarrani is inactive sale of stale fish is active again in the state

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ മൽസ്യ പരിശോധനാ സംവിധാനമായ ‘ഓപ്പറേഷൻ സാഗർറാണി’ നിർജീവമായതോടെ സംസ്ഥാനത്ത് വീണ്ടും പഴകിയ മൽസ്യവില്പന സജീവമാകുന്നു.സംസ്ഥാനത്തെ തീരദേശ മേഖലയില്‍ നിലവില്‍വന്ന മത്സ്യബന്ധന-വിപണന നിയന്ത്രണം മുതലാക്കിയാണ് ഇതരസംസ്ഥാന ലോബി വീണ്ടും സജീവമാകുന്നത്.മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ രാവും പകലും നടന്നിരുന്ന ആരോഗ്യ വകുപ്പിെന്‍റയും ഭക്ഷ്യവകുപ്പിന്റെയും പരിശോധന ഇപ്പോള്‍ തീര്‍ത്തും നിര്‍ജീവമായ നിലയിലാണ്. വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മിക്ക മാര്‍ക്കറ്റുകളിലുമെത്തുന്നത് ഗോവ, ഉഡുപ്പി ഭാഗത്തുനിന്നുള്ള മത്സ്യമാണ്. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കേണ്ടതിനാല്‍ രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഇത്തരം മത്സ്യം എത്തുന്നില്ല.ഐസും രാസവസ്തുക്കളും ചേര്‍ത്ത് മരവിച്ച മത്സ്യമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.ഓപ്പറേഷൻ സാഗര്‍ റാണിയുടെ വരവ് ഇതിനൊക്കെ പരിഹാരമായിരുന്നു.ശക്തമായ പരിശോധനയില്‍ പരമാവധി വിജയിക്കാന്‍ അധികൃതര്‍ക്കായി. പരിശോധന ഭയന്ന് അന്യസംസ്ഥാന ലോബി ആ സമയത്ത് പൂര്‍ണമായും കളംവിട്ടു.എന്നാല്‍, കോവിഡ് വ്യാപനവും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയും മാറിയപ്പോള്‍ കാര്യങ്ങള്‍ തകിടംമറിയാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍നിന്നും  മമ്പറം, അഞ്ചരക്കണ്ടി ഭാഗങ്ങളില്‍ വിതരണം ചെയ്ത ചെറുമീനുകളില്‍ രാസവസ്തുക്കളുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടതായി നിരവധിയാളുകള്‍ പരാതിപ്പെട്ടു.ഇതേ പരാതി കഴിഞ്ഞ ദിവസം കൂത്തുപറമ്പ്, കതിരൂര്‍ ഭാഗങ്ങളിലുമുണ്ടായിരുന്നു. കട്ല മത്സ്യം പാകംചെയ്ത നിരവധിപേര്‍ക്ക് കറി നശിപ്പിച്ചുകളയേണ്ടിവന്നു. മത്സ്യത്തില്‍ ചേര്‍ത്ത രാസവസ്തുക്കള്‍, പാകം ചെയ്തപ്പോള്‍ രൂക്ഷഗന്ധമായി മാറുകയായിരുന്നു.ബ്ലീച്ചിങ് പൗഡറിന്റേതിന് സമാനമായ ഗന്ധമാണുണ്ടായതെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. കാഴ്ചയില്‍ തിളക്കമുള്ള മത്സ്യമാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ചെറുവത്തൂര്‍ മടക്കര, കണ്ണൂര്‍ ആയിക്കര, വടകര ചോമ്പാൽ എന്നീ പ്രധാന കടപ്പുറങ്ങളില്‍നിന്നും ശുദ്ധമായ മത്സ്യം ലഭിക്കുന്നുണ്ടെങ്കിലും അമിത ലാഭവും മത്സ്യം ശേഖരിക്കാനുള്ള സൗകര്യവും പരിഗണിച്ച്‌ ജില്ലയിലെ ഭൂരിഭാഗം മത്സ്യവില്‍പനക്കാരും ഇതരസംസ്ഥാനത്തുനിന്നുവരുന്ന ലോറി മത്സ്യമാണ് ആശ്രയിക്കുന്നത്. മത്സ്യമാര്‍ക്കറ്റുകളില്‍ പഞ്ചായത്തുകളുടെ ശ്രദ്ധയോ പരിശോധനയോ തീരെയില്ലാത്തതും എത്ര പഴകിയ മത്സ്യമെത്തിക്കാനും വില്‍പനക്കാര്‍ക്ക് തുണയാവുന്നു. ഏതെങ്കിലും പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ആവേശം പിന്നീടങ്ങോട്ട് തുടരാത്തതാണ് ഇത്തരം ലോബികള്‍ക്ക് തുണയാവുന്നത്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;മലപ്പുറത്ത് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് കൊവിഡ്

keralanews again covid death in kerala man found dead in malappuram confirms covid

മലപ്പുറം:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.മലപ്പുറത്ത് ക്വാറന്‍റൈനില്‍ കഴിയവെ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചോക്കാട് മാളിയേക്കൽ സ്വദേശി ഇര്‍ഷാദലിക്കാണ് രോഗം സ്ഥിരീകരിച്ചത്.ദുബൈയില്‍ നിന്നും ജൂലൈ നാലിനാണ് ഇര്‍ഷാദലി നാട്ടിലെത്തിയത്. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഇര്‍ഷാദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണവുമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ മുറിയില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ പൊലീസെത്തിയാണ് റൂം തുറന്നത്. അപ്പോഴാണ് ഇര്‍ഷാദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു ഇര്‍ഷാദലി.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരചടങ്ങുകള്‍ നടക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍.

സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കവുമായി കസ്റ്റംസ്

keralanews gold smuggling case customs with the move to confiscate the property of the accused

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്‍റെ വിശദാംശങ്ങള്‍ തേടി സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിനും റവന്യൂ വകുപ്പിനും കസ്റ്റംസ് കത്ത് നല്‍കി. പ്രതികള്‍ മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കള്‍ ഉണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി സ്വീകരിക്കുന്നത്. അതേസമയം, ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റംസ് വ്യാഴാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനുളള അനുമതി ബുധനാഴ്ച ലഭിച്ചിരുന്നു.അതേസമയം, സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി. ആറ് സൂപ്രണ്ടുമാരും രണ്ട് ഇന്‍സ്പെക്ടര്‍മാരും അടക്കും അന്വേഷണ സംഘത്തിലുള്ള എട്ട് പേരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി.കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റിലേക്ക് മാറ്റിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം.

സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം കൂടുന്നു;സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത

keralanews covid spread through contact increasing chance for complete lock down in kerala

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിക്കാൻ സാധ്യത.വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് കൊണ്ട് കാര്യമില്ലെന്ന് നിഗമനത്തിലേക്കും സര്‍ക്കാര്‍ എത്തിയതായാണ് സൂചന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ നാളെ വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.സമ്പൂര്‍ണ അടച്ചിടല്‍ വിദഗ്ധരടക്കം പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ‘നേരത്തെ നമ്മള്‍ സമ്പൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്തെ തീരദേശ മേഖലയിലും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും സമ്പർക്ക വ്യാപനം രൂക്ഷമാണ്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 397ലേക്കും എത്തി. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന് മുന്‍പിലുള്ള മാര്‍ഗങ്ങളില്‍ ഒന്ന്.1038 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പിടിപ്പെട്ടത്. ആദ്യമായി നാല് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം 100 കവിഞ്ഞു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സാഹചര്യം ഗുരുതരമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.അതേസമയം സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതിരൂക്ഷമാകും.പ്രതിസന്ധി ഘട്ടങ്ങള്‍ മുന്നിലുള്ളതിനാല്‍ എല്ലാ കാര്യങ്ങളും വിലയിരുത്തും. നിലവില്‍ കര്‍ണാടകത്തില്‍ നിന്ന് വരുന്നതിനടക്കം തടങ്ങളില്ല. അതുകൊണ്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിര്‍ത്തി അടച്ചിടല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. അതേസമയം പുതുതുതായി മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയും കനത്ത ജാഗ്രതയിലാണ്. ഒരു ഡോക്ടര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കുമാണ് ഉറവിടം വ്യക്തമാകാത്ത രോഗബാധയുള്ളത്.സമ്പർക്ക ഭീതി ഉള്ളതിനാല്‍ കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

സ്വര്‍ണക്കടത്ത് കേസ്;ഫൈസല്‍ ഫരീദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി കസ്റ്റംസ്

keralanews customs to issue red corner notice against faisal fareed in gold smuggling case

കൊച്ചി:ഫൈസല്‍ ഫരീദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് അപേക്ഷ നല്‍കും. ഇന്റര്‍പോളിന് സഹായത്തോടെ നോട്ടീസ് നല്‍കി പിടികൂടാനാണ് നീക്കം. സിബിഐ മുഖേന നോട്ടീസ് നല്‍കാനാണ് ശ്രമം. ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയ്ക്കും സരിത്തിനും സന്ദീപിനുമെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും.പ്രതികള്‍ക്കെതിരെ ഉടന്‍ കൊഫെപോസ ചുമത്താനാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെടും.സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കും. പ്രതികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും നീക്കമുണ്ട്.

സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിനിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

keralanews covid-confirmed-to-a-student-who-had-written-the-keam-exam

തിരുവനന്തപുരം:തിരുവനന്തപുരത്ത് ‘കീം’ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മുതല്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥിനി. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് ഈ കുട്ടി പരീക്ഷ എഴുതിയത്. ഈ വിദ്യാര്‍ത്ഥിനിയുടെ രോഗവിവരം ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പംവന്ന ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച അഞ്ചല്‍ സ്വദേശിനിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഒരു സ്വകാര്യ വാര്‍ത്ത ചാനല്‍ വ്യക്തമാക്കുന്നു. അഞ്ചലില്‍ നിന്ന് കാറില്‍ അമ്മയ്ക്കും ബന്ധുവിനുമൊപ്പം കാറിലാണ് വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതാനെത്തിയത്.ഇതോടെ ഈ വിദ്യാര്‍ത്ഥിനിക്കൊപ്പം പരീക്ഷയെഴുതിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിയുടെ കൂട്ടിനായെത്തിയ ഒരു രക്ഷിതാവിനുമാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.തെക്കാട് ബിഎഡ് സെന്ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു

keralanews three more covid death reported in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.റഹിയാനത്തിന്റെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്കു കോവി‍ഡ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണു മരിച്ചത്. കാസർകോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെ‍ഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു.പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഹൈറുന്നീസ. ഇവരുടെ ഉറവിടം വ്യക്തമല്ല. രണ്ടു ദിവസം മുമ്പാണ് ഹൈറുന്നീസക്ക് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് കാസര്‍കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച്‌ സ്രവം എടുത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തുന്നത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറിലായിരുന്ന ഹൈറുന്നീസ ഇന്ന് പുലര്‍ച്ചെയാണ്‌ മരിച്ചത്.പനി ലക്ഷണങ്ങളോടെ 20-നാണ് കല്ലായി സ്വദേശി കോയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്ന കോയ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരുടെ ഉറവിടം സംബന്ധിച്ചും വ്യക്തതയില്ല.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നീട്ടീ

keralanews thiruvananthapuram gold smuggling case custody period of swapna and sandeep extended

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി.വെള്ളിയാഴ്ച വരെ ഇവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്നയും സന്ദീപും കോടതിയെ അറിയിച്ചു.പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയെന്ന കേസിൽ രണ്ടാംപ്രതിയാണ് സ്വപ്‌ന സുരേഷ്. സന്ദീപ് നായര്‍ നാലാം പ്രതിയാണ്. കേസിലെ ഒന്നാംപ്രതി സരിത്തും എൻഐഎ കസ്റ്റഡിയിലാണുള്ളത്. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.സ്വർണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് അന്വേഷണം സജീവമായത്.കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ പരിശോധിച്ചപ്പോഴാണ് 30 കിലോ സ്വർണം കണ്ടത്തിയത്. ആദ്യ ദിനത്തിൽ തന്നെ കോൺസുലേറ്റിലേ മുൻ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയെങ്കിലും അടുത്ത അറസ്റ്റിനായി ഒരാഴ്ച സമയമെടുത്തു. ഇതിനിടയിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. ഇതോടെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎയുടെ പിടിയിലായി.സ്വപ്നയെയും സന്ദീപിനേയും ചോദ്യം ചെയ്തതോടെ എന്‍ഐഎക്ക് നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.