ഇടുക്കി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എ.ടി.എം സെന്ററുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കാര്‍.ക്യത്യമായ സാമൂഹിക അകലം, സാനിറ്റെസര്‍ ഉള്‍പ്പടെ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. എല്ലാ ബാങ്കുകളും നിര്‍ബന്ധമായും ഇത് ഉറപ്പ് വരുത്തി മാത്രമെ എ.ടി.എം പ്രവര്‍ത്തിക്കാവുവെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.സാനിറ്റൈസറുകള്‍ എല്ലാ എ.ടി.എം സെന്ററുകളിലും നിര്‍ബദ്ധമായും വയ്ക്കണം. കൂടാതെ, എസി പ്രവര്‍ത്തിപ്പിക്കരുത് എന്നും നിര്‍ദേശമുണ്ട്.മാസ്‌ക്ക് ധരിക്കണം, കൗണ്ടറിന് പുറത്ത് ക്യത്യമായ സാമൂഹിക അകലം പാലിക്കണം, ഒരു സമയം ഒരാള്‍ മാത്രമെ കൗണ്ടറില്‍ ഉണ്ടാകാവു എന്നിവയാണ് നിര്‍ദേശങ്ങള്‍. എ.ടി.എമ്മിനുള്ളില്‍ തുമ്മുകയോ ചുമ്മയ്ക്കുകയോ ചെയ്യുമ്പോൾ നിര്‍ബന്ധമായും തൂവാല ഉപയോഗിക്കണം. എ.ടി.എമ്മിനുള്ളിലെ ബോക്‌സില്‍ മാസ്‌ക്കോ ടിഷ്യൂ പേപ്പറോ നിക്ഷേപിക്കാന്‍ അനുവദിക്കരുതെന്നും മാനദണ്ഡത്തില്‍ പറയുന്നു. ഉപഭോക്താക്കളെ കൂടുതലായി ഡിജിറ്റല്‍ ഇടപാടുകളിലെക്ക് ആകര്‍ഷിക്കാനും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം;അന്വേഷണം സിബിഐ ഏറ്റെടുത്തു
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തു. ബാലഭാസ്കറിന്റെ അപകട മരണത്തില്‍ പിതാവ് ഉള്‍പ്പടെയുളളവര്‍ സംശയം ഉന്നയിച്ചു രംഗത്ത് വന്നതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം.ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് സംഘവും എത്തിച്ചേര്‍ന്നത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്‌ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ മൂന്നരമണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ രണ്ടുവയസ്സുകാരിയായ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഒക്ടോബര്‍ 2നായിരുന്നു അപകടത്തെ തുടര്‍ന്ന ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ മരിക്കുന്നത്.
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; പ്രളയസാധ്യത തളളിക്കളയാനാവില്ലെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഓഗസ്റ്റ് ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂരസാധ്യതയുണ്ട്.ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന. ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയകാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളില്‍ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂണ്‍, ജൂലായില്‍ മഴകുറഞ്ഞ് ഓഗസ്റ്റില്‍ കുറച്ചു ദിവസം കനത്ത മഴ എന്ന രീതിയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമുണ്ടായത്. ഇത്തവണയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ജൂലായ് 31 മുതല്‍ ഓഗസ്റ്റ് ആറുവരെയുള്ള ആഴ്ചയുടെ അവസാനത്തോടെ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂര സാധ്യതയാണ് ഒരാഴ്ച മുൻപ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്.ആഗോളതാപനത്തിന്റെ ഫലമായി മണ്‍സൂണ്‍ പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാലവര്‍ഷത്തെ സംബന്ധിച്ച കൃത്യമായ പ്രവചനങ്ങള്‍പോലും അസാധ്യമാക്കുന്നതായി സെന്റര്‍ ഫോര്‍ എര്‍ത്ത് റിസര്‍ച്ച് ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റിലെ കാലാവസ്ഥാ വിദഗ്ധനായ ഡോ. വേണു ജി. നായര്‍ പറഞ്ഞു.മുന്‍കൂട്ടിയുള്ള പ്രവചനം എത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ അനുകൂലമായ അന്തരീക്ഷമാറ്റം അക്കാലത്ത് ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഈ മാറ്റം അതിതീവ്രമഴയ്ക്ക് കാരണമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും പ്രളയസാധ്യത.
സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ;641 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയില്‍ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 198 പേര്‍ക്കും, കൊല്ലം ജില്ലയിലെ 77 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 58 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 43 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 39 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 33 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 32 പേര്‍ക്കും, കോട്ടയം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 25 പേര്‍ക്കും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 22 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയിലെ 18 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 1 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 126 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂര്‍ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി (21), ചാഴൂര്‍ (3), കോട്ടയം ജില്ലയിലെ നീണ്ടൂര്‍ (8), കാണക്കാരി (10), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20), ആലപ്പുഴ ജില്ലയിലെ വിയപുരം (9), ചെറിയനാട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
സംസ്ഥാനത്ത് കനത്ത മഴ;കൊച്ചിയിൽ വെള്ളക്കെട്ട്; കോട്ടയത്ത് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
എറണാകുളം:സംസ്ഥാനത്ത് കനത്ത മഴ. കനത്ത മഴയില്‍ പലയിടത്തും റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ പലതിലും വെള്ളപ്പൊക്കമുണ്ടായി.കൊച്ചി നഗരത്തിലും ആലുവയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളില്‍ വെള്ളം കയറി.കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി, കമ്മട്ടിപാടം, പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.കർഫ്യൂ ആയതിനാൽ വ്യാപാരികൾക്ക് കടകൾ തുറന്ന് സാധനങ്ങൾ മാറ്റാനും കഴിയാത്ത സ്ഥിതിയാണ്. പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ വാഹനയാത്രയും ദുഷ്കരമായി.അതേസമയം കളമശ്ശേരിയിൽ കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. വട്ടേക്കുന്നിലാണ് അപകടം. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. മണ്ണിടിയുമ്പോള്‍ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല. മൂന്ന് കാറുകളാണ് താഴേക്ക് മറിഞ്ഞത്.
കോട്ടയം – ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം- തിരുവനന്തപുരം സഞ്ചാരദിശയില്‍ മണ്ണ് ഇടിഞ്ഞു വീണത്.കോട്ടയം നഗരസഭയിലെ 49 ആം വാര്‍ഡിലെ ചുങ്കം പഴയ സെമിനാരി മീനച്ചില്‍ റിവര്‍ റോഡ് കനത്ത മഴയെ തുടര്‍ന്ന് പകുതിയോളം ഇടിഞ്ഞു താണു. മീനച്ചിലാറിന്റെ തീരത്തിലൂടെയുള്ള റോഡാണിത്. 11കെവി വൈദ്യുതി ലൈന്‍ അടക്കം ഈ വഴി കടന്നു പോകുന്നുണ്ട്. റോഡിന് താഴെ താമസിക്കുന്ന 20 ഓളം വീട്ടുകാര്‍ ആശങ്കയിലാണ്. തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതല്‍ വടക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം, തമിനാട്, കര്‍ണാടക സംസ്ഥാങ്ങളില്‍ അടുത്ത 3,4 ദിവസങ്ങളില്‍ വ്യാപകമായി മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കോഴിക്കോട് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലത്തെ ആന്റിജന്‍ ടെസ്റ്റിലാണ് വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലം പോസിറ്റീവായത്.വിദ്യാര്‍ത്ഥിയെ ഇന്നലെതന്നെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇവിടെ പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.സംസ്ഥാനത്ത് കീം പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാവിനും പരീക്ഷാഡ്യൂട്ടിക്കെത്തിയ അധ്യാപകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യമുണ്ടായിരുന്നു. പരീക്ഷാ ദിവസം ചില പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഉണ്ടായത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിക്കാത്തതിന് കണ്ടാലറിയാവുന്ന 600 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ,കോട്ടയം, എറണാകുളം,തൃശൂര്‍,തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി, കമ്മട്ടിപ്പാടം ,പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.തിരുവനന്തപുരം ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. അരുവിക്കര ഡാമിന്‍റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 20 സെന്‍റിമീറ്ററും മൂന്നാ നമ്പര്‍ ഷട്ടര്‍ 50 സെന്‍റിമീറ്ററും ഉയര്‍ത്തി.കനത്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും അതിശക്തമായ മഴയാണ്. കോട്ടയത്ത് പടിഞ്ഞാറന്‍ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നു. പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.മരങ്ങള്‍ ഒടിഞ്ഞുവീണ് നിരവധി പ്രദേശങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. മഴ കനത്തതോടെ ശക്തമായ തിരമാല ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ പശ്ചാത്തലത്തില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും;പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണം കഴിക്കല്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം.ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം.50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. കണ്ടെയിൻമെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാർഷിക, കെട്ടിടനിർമാണ പ്രവർത്തനങ്ങളും കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ തുടരാം.സിനിമാ ഹാൾ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ, ഓഡിറ്റോറിയം, ബാർ എന്നിവ പ്രവർത്തിക്കാൻ പാടില്ല. കൂട്ടം കൂടാൻ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല.കോർപ്പറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.അതേസമയം മേൽപ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ല. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിൻമെന്റ് സോണുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുന്നതായിരിക്കും.
പരിയാരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കൂടി കൊവിഡ്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ എട്ട് രോഗികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ രോഗികളുടെ കൂട്ടിരിപ്പുകാരാണ്.ജനറല്‍ വാര്‍ഡില്‍ 10 പേരാണ് ഉണ്ടായിരുന്നത്. കൊവിഡ് ബാധിക്കാത്തവരെ വാര്‍ഡില്‍ നിന്ന് മാറ്റി. ഇതോടെ എട്ടാം നിലയിലെ ജനറല്‍ വാര്‍ഡ് കൊവിഡ് വാര്‍ഡായി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ഒപി, സമ്പർക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തിയ്യറ്റര്‍, ഐ.സി.യു തുടങ്ങിയവ ഈ മാസം 30വരെ അടച്ചിട്ടുണ്ട്.കൂട്ടിരിപ്പുകാര്‍ സന്ദര്‍ശിച്ച ആശുപത്രി പരിസരത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജിലെ 57 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുന്നൂറോളം പേര്‍ നിരീക്ഷണത്തിലുമാണ്.
ഐആർസിടിസി ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റ് നവീകരിക്കും;പുതിയ സവിശേഷതകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ
ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നവീകരിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.വരും മാസങ്ങളിൽ, ദേശീയ ട്രാൻസ്പോർട്ടറിന്റെ ഔദ്യോഗിക ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റായ ഐആർസിടിസി വെബ്‌സൈറ്റ് പൂർണ്ണമായും നവീകരിച്ചേക്കും.എളുപ്പവും സൗകര്യപ്രദവുമായ ടിക്കറ്റിങ് ഉറപ്പുവരുത്തുന്നതിനായി നിരവധി സവിശേഷതകൾ ഉൾപ്പെടുത്തി www.irctc.co.in എന്ന വെബ് പോർട്ടൽ അവസാനമായി നവീകരിച്ചത് 2018 ലാണ്. ഔദ്യോഗിക ഐആർസിടിസി (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) വെബ്‌സൈറ്റ് ഇപ്പോൾ പുതിയ സവിശേഷതകളോടെ വീണ്ടും നവീകരിച്ചിരിക്കുകയാണ്. ഐആർസിടിസി വെബ്‌സൈറ്റ് പൂർണ്ണമായും നവീകരിക്കുമെന്നും കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തനം കൂടുതൽ ലളിതമാക്കുകയും വ്യക്തിഗതമാക്കുകയും ചെയ്യുമെന്ന് അടുത്തിടെ റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് ഒരു പിടിഐ റിപ്പോർട്ടിൽ ഉദ്ധരിച്ചിരുന്നു.കൂടാതെ ഹോട്ടൽ ബുക്കിംഗിനൊപ്പം ഭക്ഷണം ബുക്ക് ചെയ്യുന്നതും വെബ് പോർട്ടലുമായി സംയോജിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.2018 ൽ, ഐആർസിടിസി വെബ്‌സൈറ്റ് അപ്‌ഗ്രേഡു ചെയ്യുകയും ലോഗിൻ’ ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്തു.വെയിറ്റ്‌ലിസ്റ്റ് പ്രവചന സവിശേഷത, വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റിന്റെ കാര്യത്തിൽ ഇതര ട്രെയിനുകൾ തിരഞ്ഞെടുക്കുന്നതിനുള്ള വികാൾപ് സവിശേഷത,’തിരഞ്ഞെടുത്ത ബാങ്കുകൾ’എന്നപേരിൽ ആറ് ബാങ്കുകളുടെ പേയ്‌മെന്റ് ഓപ്ഷൻ,പുതിയ യൂസർ ഇന്റർഫേസ് തുടങ്ങിയ വിവിധ സവിശേഷതകൾ വെബ്‌സൈറ്റിൽ അവതരിപ്പിച്ചു.മികച്ച നിരീക്ഷണത്തിനായി ഇന്ത്യൻ റെയിൽവേയുടെ എല്ലാ സ്വത്തുക്കളും ഡിജിറ്റലൈസ് ചെയ്തതായി വി.കെ യാദവ് വ്യക്തമാക്കി.ട്രാക്കുകൾ, ഒഎച്ച്ഇ, സിഗ്നലിംഗ്, മറ്റ് ഇലക്ട്രിക്കൽ ആസ്തികൾ തുടങ്ങി എല്ലാ സ്ഥിര ആസ്തികൾക്കുമായി ഇന്ത്യൻ റെയിൽവേ ഒരു ജിയോ പോർട്ടൽ സ്ഥാപിക്കുകയും അപേക്ഷകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ചരക്ക് ട്രെയിൻ പ്രവർത്തനങ്ങളിൽ റെയിൽവേ വിവിധ ഡിജിറ്റൽ സംരംഭങ്ങൾ അവതരിപ്പിച്ചു. ചരക്ക് ഓപ്പറേഷൻ ഇൻഫർമേഷൻ സിസ്റ്റം, ഡിമാൻഡ്, ഇ-പേയ്‌മെന്റ് ഗേറ്റ്‌വേ, കൺട്രോൾ ഓഫീസ് ആപ്ലിക്കേഷൻ, ഇന്റഗ്രേറ്റഡ് കോച്ചിംഗ് മാനേജ്‌മെന്റ് സിസ്റ്റം, സോഫ്ട്‍വെയർ എയ്ഡഡ് ട്രെയിൻ ഷെഡ്യൂളിംഗ് സിസ്റ്റം , ക്രൂ മാനേജ്മെന്റ് സിസ്റ്റം, സേഫ്റ്റി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം, എന്നിവയാണിവ. ചരക്ക് ട്രെയിനുകളുടെ സുഗമമായ നീക്കത്തിനായി ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായും യാദവ് പറയുന്നു.