കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനി മുതൽ ഇലക്‌ട്രിക് കാര്‍ സർവീസും. വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്‌സി സര്‍വീസ് ഏറ്റെടുത്ത കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനിയാണ് യാത്രക്കാര്‍ക്കായി ഇലക്‌ട്രിക് കാര്‍ സംവിധാനം എര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് ഇലക്‌ട്രിക് കാറുകളാണ് സര്‍വീസ് തുടങ്ങുക. ആവശ്യകതയനുസരിച്ച് എണ്ണം വര്‍ധിപ്പിക്കും. ഒരു ചാര്‍ജിങ്ങില്‍ 180 കിലോമീറ്ററാണ് സര്‍വീസ് നടത്താന്‍ സാധിക്കുക. നിലവില്‍ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രമാണുള്ളത്. മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ചാര്‍ജിങ് സ്റ്റേഷന്‍ വരുന്നതോടെ ക്രമാതീതമായി കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനി എം ഡി ഷൈജു നമ്പറോൻ അറിയിച്ചു.എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നാളെ വൈകീട്ട് 3.30നു നടക്കുന്ന ഇലക്‌ട്രിക് കാറുകളുടെ ഉദ്ഘാടനം കിയാല്‍ എംഡി വി തുളസീദാസ് നിര്‍വഹിക്കും. സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് മുഖ്യാതിഥിയാവും. കണ്ണൂര്‍ ആര്‍ടിഒ ഇ എസ് ഉണ്ണിക്കൃഷ്ണന്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, എയര്‍പോര്‍ട്ട് പോലിസ് ഇന്‍സ്പെക്ടര്‍ ടി വി പ്രതീഷ്, കണ്ണൂര്‍ വിമാനത്താവളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി പി ജോസ്, സി ടി ആന്റ് ടി കമ്പനി എംഡി ഷൈജു നമ്പറൊൻ സംബന്ധിക്കും.
കണ്ണൂരിൽ കോവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി
കണ്ണൂര്‍: കോവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി.കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് സംഭവം. കവര്‍ച്ച കേസ് പ്രതിയായ റംസാന്‍ എന്ന ആളാണ് തടവ് ചാടിയത്.രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു റംസാന്‍.ഇവിടെ നിന്ന് ഇന്ന് രാവിലെയാണ് റംസാന്‍ തടവ് ചാടിയത്. കവര്‍ച്ച കേസ് പ്രതിയായ റംസാന്‍ നേരത്തെ കോവിഡ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയിട്ടുണ്ട്. ലോറി മോഷ്ടിച്ച് കടക്കുന്നതിന് ഇടയിലാണ് റംസാന്‍ കാസര്‍കോട് വച്ച് ആദ്യം പൊലീസ് പിടിയിലാകുന്നത്. അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. രണ്ടാമത് പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കി. പിന്നീടാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇത്തവണ രക്ഷപ്പെടുമ്ബോള്‍ ഇയ്യാള്‍ നീല ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് ചക്കരക്കല്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. ഇയ്യാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.ആലപ്പുഴയില്‍ മൂന്നു പേരും കാസര്‍ഗോഡ്, വയനാട്, മലപ്പുറം എന്നിവടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി ലീല, പുന്നപ്ര സ്വദേശി രാജന്‍, നഗരസഭയുടെ 28 ആം വാര്‍ഡ് സ്വദേശിനി ഫമിന എന്നിവരാണ് ആലപ്പുഴ ജില്ലയില്‍ മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളമുണ്ട തരുവണ സ്വദേശി സഫിയയാണ് വയനാട്ടില്‍ മരിച്ചത്. മലപ്പുറം വള്ളുവമ്ബ്രം സ്വദേശി അബ്ദു റഹ്മാന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലാക്കല്‍ സ്വദേശി ജിവൈക്യയാണ് കാസര്‍ഗോട്ട് മരിച്ചത്.
രാജ്യത്ത് 73 ദിവസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി:രാജ്യത്ത് 73 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കാളിത്തം വഹിക്കുകയും ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ 73ദിവസത്തിനുള്ളില്‍ രാജ്യത്ത് ലഭ്യമാകും എന്ന തരത്തിലുള്ള പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്.എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. രാജ്യത്ത് 20 കേന്ദ്രങ്ങളിലാണ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. വാക്‌സിന്‍ തയ്യാറാകുമ്പോൾ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി.
കണ്ണൂർ ജില്ലയില്‍ ഇന്നലെ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു;111 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കണ്ണൂർ:ജില്ലയില്‍ ഇന്നലെ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.111 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 853 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.9754 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 244 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 148 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 29 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 326 പേരും വീടുകളില്‍ 8944 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 56735 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 56218 എണ്ണത്തിന്റെ ഫലം വന്നു. 517 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
നിയമസഭ സമ്മേളനം തുടങ്ങി;അവിശ്വാസ പ്രമേയത്തിന് അനുമതി
തിരുവനന്തപുരം:സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു.സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ കലുഷിതമായ രംഗങ്ങള്‍ അരങ്ങേറി.സ്പീക്കര്‍ അനുമതി നല്‍കിയ ശേഷം അവിശ്വാസ പ്രമേയം വി ഡി സതീശന്‍ അവതരിപ്പിച്ചു. പ്രമേയത്തില്‍ രാവിലെ 10ന് ചര്‍ച്ച നടക്കും. അഞ്ചു മണിക്കൂറാണ് ചര്‍ച്ചക്ക് അനുവദിച്ചിട്ടുള്ളത്. ബിജെപി അംഗം ഒ രാജഗോപാല്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് വിവരം. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം.ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സർക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമാകാനാണ് സാധ്യത. പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചക്ക് വരും.സര്‍ക്കാറിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസാകില്ല. എന്നാല്‍, ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയുമാണ് പ്രതിപക്ഷത്തിന്റെ പദ്ധതി. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ആന്റിജന്‍ പരിശോധനക്ക് വിധേയരായ ശേഷമാണ് സഭാംഗങ്ങള്‍ സഭയില്‍ പ്രവേശിച്ചത്. എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ സഭയില്‍ ഇരിക്കുന്നത്. ആദ്യം ധനകാര്യ ബില്ലായിരിക്കും സഭയില്‍ പാസാക്കുക.ധനകാര്യബില്‍ പാസ്സാക്കിയതിന് ശേഷം 10 മണിയോടെ സഭ അവിശ്വാസ പ്രമേയത്തിലേക്ക് കടക്കും. വി ഡി സതീശനാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. മുഖ്യമന്ത്രിയുടെ രാജി ആവശ്യവും ചർച്ചയിൽ പ്രതിപക്ഷം ഉന്നയിക്കും. സോളാര്‍ മുതല്‍ സ്വര്‍ണ്ണക്കടത്തിലെ പ്രതിപക്ഷ ബന്ധം വരെ ആരോപിച്ച് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ പയ്യന്നൂരില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
കണ്ണൂര്‍:ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കുതിരുമ്മല്‍ രതീഷിന്റെ മകന്‍ ദേവനന്ദു (14) വിനെയാണ് ശനിയാഴ്ച പുലര്‍ച്ചെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മൊബൈലില്‍ ഗെയിം കളിച്ചതിന് പിതാവ് വഴക്ക് പറഞ്ഞിരുന്നു.ഇതിനു പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.ഇതിനു പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.ഉറങ്ങാനാണെന്ന് കരുതി ആരും വിളിച്ചതുമില്ല. എന്നാല്‍ കാലത്ത് വാതില്‍ തുറക്കാതായപ്പോള്‍ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തേക്ക് മാറ്റി.കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലെ ഒമ്ബതാം തരം വിദ്യാര്‍ത്ഥിയാണ്.
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി
കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അവരുടെ വീട്ടിലെ അഞ്ചുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.ന്യുമോണിയ ബാധിച്ച ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങളുണ്ടായത്.
കോവിഡ്-19;അന്തര്‍-സംസ്‌ഥാന, അന്തര്‍-ജില്ലാ യാത്രകള്‍ക്കും ചരക്കു നീക്കത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് ബാധയുടെ പേരില്‍ അന്തര്‍-സംസ്‌ഥാന, അന്തര്‍-ജില്ലാ യാത്രകള്‍ക്കും ചരക്കു നീക്കത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദേശം.ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്‌ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ വിവിധ സംസ്‌ഥാനങ്ങളും ജില്ലാ ഭരണകൂടങ്ങളും യാത്രകള്‍ക്കും ചരക്കു നീക്കത്തിനും വിലക്കേര്‍പ്പെടുത്തുന്നത് ദുരന്ത നിവാരണ നിയമം 2005-ന്റെ ലംഘനമാണെന്നും കത്തില്‍ പറയുന്നു.രാജ്യം അണ്‍ലോക്ക് മൂന്നിലൂടെയാണ് കടന്നു പോകുന്നത്. ആളുകള്‍ക്കും ചരക്കുസേവനങ്ങള്‍ക്കും വിവിധ സംസ്‌ഥാനങ്ങള്‍ തദ്ദേശിയമായി നിയന്ത്രണമേര്‍പ്പെടുത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി. ഇത്തരം നിയന്ത്രണങ്ങള്‍ പൊതുവിതരണത്തേയും സമ്ബദ്‌വ്യവസ്‌ഥയുടെ വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. ദുരന്ത നിവാരണ നിയമം പ്രകാരം കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളുടെ അഞ്ചാം ഖണ്ഡിക ഉദ്ധരിച്ച് ജനങ്ങള്‍ക്ക് യാത്രയ്‌ക്കോ ചരക്കു നീക്കത്തിനോ ഇ-പാസ് ആവശ്യമില്ലെന്നും കത്തില്‍ വ്യക്‌തമാക്കുന്നു. സംസ്ഥാന അതിര്‍ത്തികളില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സപ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്നും ആഭ്യന്തര സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്‌ഡൗണിന്റെ ഭാഗമായി അന്തര്‍-സംസ്‌ഥാന ചരക്കു നീക്കത്തിനും യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഈ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി.
ഗുണനിലവാരമില്ല;ഓണക്കിറ്റിനായി എത്തിച്ച നാല് ലോഡ് ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ
തിരുവനന്തപുരം:ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓണക്കിറ്റിനായി എത്തിച്ച നാല് ലോഡ് ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ.ഈറോഡ് ആസ്ഥാനമായുള്ള എവിഎന്‍ ട്രേഡേഴ്സ് ആണ് കേരളത്തിൽ ശർക്കര വിതരണത്തിനായി എത്തിച്ചത്.പല പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലാണ്. ഇത്തരത്തില്‍ ശര്‍ക്കര വിതരണം ചെയ്യാനാകില്ലെന്ന് പല ഡിപ്പോ മാനേജര്‍മാരും സപ്ലൈകോയെ അറിയിച്ചിരുന്നു.തുടർന്നാണ് സപ്പ്ളൈക്കോയുടെ നടപടി.അതേസമയം, ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ വീഴ്‌ച സംഭവിച്ചതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തൂക്കത്തില്‍ കുറവ് വന്നതായാണ് കണ്ടെത്തിയത്.