ഇടുക്കി:മണ്ണിടിച്ചിൽ ദുരന്തമായുണ്ടായ മൂന്നാർ പെട്ടിമുടിയിൽ തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു.എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് മടങ്ങും.വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചില്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ 70 പേരില്‍ ദിനേഷ് കുമാർ (20), റാണി (44), പ്രീയദർശനി (7), കസ്തുരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തിരച്ചിൽ അവസാനിപ്പിച്ചതെന്ന് കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ലയങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലും, പെട്ടിമുടി പുഴയിലുമായി 19 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ്, പൊലീസ്, റവന്യൂ-പഞ്ചായത്ത് അധികൃതര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തിരച്ചിൽ നിർത്തേണ്ട സ്ഥിതിയായിരുന്നു.കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
സെക്രട്ടറിയേറ്റിലെ തീപിടിത്തം;പ്രത്യേക സംഘം തെളിവെടുപ്പ് ആരംഭിച്ചു; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തോടൊപ്പം ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്. തീപിടിത്തത്തിനുള്ള സാങ്കേതിക കാരണങ്ങള്‍ ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചീഫ് സെക്രട്ടറി അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.പൊതുഭരണ വകുപ്പിന്റേയും വിനോദ സഞ്ചാര വകുപ്പിന്റേയും ചില സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ തീപിടിത്തം ഉണ്ടായത്.ഇത് വന്‍ വിവാദമായതോടെയൈണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. തീപിടിത്തം അട്ടിമറിയാണെന്നാണ് പ്രധാന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ലോക്കല്‍ പോലീസ് സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമും ഐജി പി. വിജയനും ഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധന നടത്തും.കേടായ സീലിങ് ഫാന്‍ ഉള്ള ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് കണ്ടെത്തല്‍. തീപിടിത്തത്തില്‍ ഏതൊക്കെ ഫയലുകള്‍ കത്തി നശിച്ചെന്നും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തുന്നതാണ്. ഫോറന്‍സിക് പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കും ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റേയും പരിശോധനാ റിപ്പോര്‍ട്ടും വേഗത്തില്‍ തന്നെ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതേസമയം തീപിടിത്തത്തില്‍ പ്രധാനപ്പെട്ട ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണി .വ്യക്തമാക്കി.റസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ മാത്രമാണ് ഭാഗികമായി കത്തിനശിച്ചത്. സുപ്രധാന ഫയലുകളെല്ലാം ഇ-ഫയല്‍ രൂപത്തിലാണ്. കംപ്യൂട്ടര്‍ കത്തിനശിച്ചാല്‍ പോലും അത്തരം ഫയലുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഇതിനു മുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് തന്നെ അത് അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അടിയന്തര സാഹചര്യമൊന്നും ഇപ്പോള്‍ ഇല്ലെന്നും പി.ഹണി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; 2142 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ;1456 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 87 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 86 പേര്‍ക്കും, വയനാട് ജില്ലയില്‍ 37 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള 413 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 378 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 243 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 220 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 85 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, തൃശൂര്‍ ജില്ലയിലെ 2, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 5 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 303 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 85 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 119 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 240 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 140 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 99 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇതോടെ നിലവില്‍ 619 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം;ഫയലുകള്‍ കത്തിനശിച്ചു
തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം.ഫയലുകള്‍ കത്തിനശിച്ചു.അഗ്നിശമന സേനയും ജീവനക്കാരും ചേര്‍ന്നു തീയണച്ചു. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്.ഇന്ന് ഓഫീസില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.അതേസമയം സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ അഗ്നിബാധ അട്ടിമറിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ സുപ്രധാന രേഖകളൊന്നും നശിച്ചിട്ടില്ലെന്നും റൂംബുക്കിംഗുമായി ബന്ധപ്പെട്ട കുറച്ച് ഫയലുകള്‍ മാത്രമാണ് നശിച്ചതെന്ന് പൊതുഭരണവകുപ്പ് അഡിഷണല്‍ സെക്രട്ടറി പി.ഹണി അറിയിച്ചു.എന്നാല്‍ മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി ജലീലിനും എതിരായുളള കേസിനുളള രേഖകള്‍ അടങ്ങിയ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയല്‍ കത്തിയിട്ടില്ലെന്ന അറിയിപ്പൊന്നും ശരിയല്ലെന്നും സംഭവം അട്ടിമറിയാണെന്നും ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.
കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡേക്ക് തിരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍കോടേക്ക് തിരിച്ചു.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംഘത്തെ യാത്രയാക്കി. ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സിഎഫ്‌എല്‍ടിസി കൊവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ഇവര്‍ കാസര്‍ഗോഡുള്ള വിവിധ കോവിഡ് ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലും സേവനമനുഷ്ഠിക്കും.സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കൊവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് കൊവിഡ് ബ്രിഗേഡിന് രൂപം നല്‍കിയതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരേയും വലിയ തോതില്‍ സജ്ജമാക്കേണ്ടതുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കൊവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നല്‍കിയത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കൊവിഡ് ബ്രിഗേഡിലെ അംഗങ്ങള്‍. കൊവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആയിരക്കണക്കിന് പേരാണ് സ്വയം സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴി ഐസിയു പരിശീലനവും ക്രിട്ടിക്കല്‍ കെയര്‍ പരിശീലനവും നല്‍കും.മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളില്‍ കോവിഡ് ബ്രിഗേഡിന്റെ സ്‌റ്റേറ്റ് കോര്‍ ടീമുമായി കൂടിയാലോചിച്ച ശേഷം അടുത്തുള്ള ജില്ലകളില്‍ ഐസിയു പരിശീലനം ആസൂത്രണം ചെയ്യും.ഐസിയു പരിശീലനത്തിന് അനുയോജ്യമായ ഡോക്ടര്‍മാരെ അതാത് ജില്ലകളിലെ എന്‍എച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജര്‍മാരാണ് കണ്ടെത്തി പരിശീലനം നല്‍കുന്നത്.സിഎഫ്‌എല്‍ടിസികളില്‍ 4 ദിവസത്തെ നേരിട്ടുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്.ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട്, എയര്‍വേ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് എയര്‍വേ മാനേജ്‌മെന്റ്, മെഡിക്കല്‍ പ്രോട്ടോകോള്‍, കോവിഡ് പ്രോട്ടോകോള്‍, സാമ്ബിള്‍ ടെസ്റ്റിംഗ്, സുരക്ഷാ മാനദണ്ഡങ്ങള്‍, പിപിഇ കിറ്റിന്റെ ഫലപ്രദമായ ഉപയോഗം തുടങ്ങിവയിലാണ് പരിശീലനം നല്‍കിയത്.
പെരിയ ഇരട്ടക്കൊലക്കേസ്; സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി
കൊച്ചി:പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും.കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്. വാദം പൂര്‍ത്തിയാക്കി ഒമ്പത് മാസത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ക്രൈബ്രാഞ്ച് അന്വേഷണം കുറ്റമറ്റതാണ് എന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. കേസ് നടത്താന്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവാക്കിയത്.പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2019 സെപ്തംബർ 30 നാണ് ഹൈക്കോടതി സിംഗിൾബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. സിംഗിള്‍ ബെഞ്ച് നിര്‍ദേശപ്രകാരം സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു..എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ അന്വേഷണം വഴിമുട്ടി.വിധി വരാതെ അന്വേഷണം തുടരാനാകില്ലെന്ന് സിബിഐയും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അപ്പീലിന്മേലുള്ള വാദം നവംബറില്‍ തന്നെ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് വൈകുകയായിരുന്നു.2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. കാസര്‍കോട് ജില്ലയിലെ ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ 14 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
രാജ്യത്ത് വാഹനരേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമനം.മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു.മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ്, 1988, സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ്, 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റുകള്‍, ലൈസന്‍സുകള്‍, രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ മറ്റ് രേഖകളുടെ കാലാവധി ഇതോടെ ഡിസംബര്‍ 31 വരെ നീളും. ഇതു സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. 2020 ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ക്ഡൗണ്‍ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബര്‍ 31 വരെ സാധുവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
ഇടുക്കിയിലെ ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിനു നേരെ ആക്രമണം;നാല് പേര്‍ അറസ്റ്റിൽ
ഇടുക്കി:ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം. അക്രമികള്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജീവനക്കാരുടെ കയ്യൊടിഞ്ഞു. ഭിന്നശേഷിക്കാരനായ സെക്രട്ടറിക്കും പരിക്കേറ്റു.കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിൽ.രണ്ടാഴ്ച മുന്‍പ് ഇയാള്‍ നിര്‍മിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് പൊളിക്കാന്‍ ഇന്ന് സബ് കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ കരാറുകാരനായ ഗോപി എന്നറിപ്പെടുന്ന രാജന്‍,ആന്റണി മുത്തുകുമാര്‍, വിജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമിസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.തിങ്കളാഴ്ച ചിന്നക്കനാലില്‍ പവര്‍ഹൗസിന് സമീപവും വില്ലേജോഫീസിനു സമീപവും നിര്‍മിച്ച അനധികൃത കെട്ടിടങ്ങളാണ് റവന്യൂ സംഘം പൊളിച്ചത്. തുടര്‍ന്ന് രാത്രി എട്ടുമണിക്ക് ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസില്‍ വടിവാളും മരക്കമ്പുകളുമായെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.
പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്നുള്ള മുറിയിലാണ് ജീവനക്കാര്‍ താമസിക്കുന്നത്.രാത്രിയില്‍ ഓഫീസ് തല്ലിത്തകര്‍ക്കുന്ന ബഹളം കേട്ടെത്തിയ ജീവനക്കാരെയും സംഘം ആക്രമിക്കുകയായിരുന്നു. വടിവാളും മരക്കമ്പുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് സെക്രട്ടറി രഞ്ജന്‍ പറഞ്ഞു.ചിന്നക്കനാല്‍ വില്ലേജ് ഓഫീസിന് സമീപം ജോയി ജോര്‍ജ് നടത്തിവന്ന അനധികൃത കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഞായറാഴ്ച സ്ഥലത്തെത്തിയ കളക്ടര്‍ നിര്‍മാണം കാണുകയും പൊളിക്കാന്‍ ഉത്തരവിടുകയും ചെയ്തു.തിങ്കളാഴ്ച രാവിലെ റവന്യൂ സംഘം കെട്ടിടം പൊളിച്ചുമാറ്റി. ഇതിന്റെ വൈരമാകാം ആക്രമണത്തിന് കാരണമെന്നും കെട്ടിടത്തിന്റെ കരാറുകാരനായ ഗോപി (ശ്രീകുമാരന്‍) യുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും പരിക്കേറ്റ ജീവനക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അണ്‍ലോക്ക് 4; സെപ്‌തംബര്‍ ഒന്ന് മുതല്‍ ജനജീവിതം സാധാരണ നിലയിലേക്ക്;മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര നീക്കം
ന്യൂഡല്‍ഹി: സെപ്‌തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം ഉന്നതാധികാര സമിതി കേന്ദ്രസര്‍ക്കാരിന് നല്‍കിയെന്നാണ് അറിവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം അവസാനത്തോടെ പുറപ്പെടുവിക്കുന്ന ഉത്തരവില്‍ മെട്രോ റെയിലിനെയും ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ ട്രെയിന്‍ ആരംഭിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്.മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഡല്‍ഹി ഉള്‍പ്പടെ സംസ്ഥാനങ്ങളിലെ ജനജീവിതം പ്രധാനമായും മെട്രോ ട്രെയിനിനെ ആശ്രയിച്ചാണ്. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനാല്‍ തന്നെ മെട്രോ തുടങ്ങാമെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ഉള്‍പ്പടെ നിലപാട്. കേരളത്തില്‍ കൊച്ചിയിലും മെട്രോ സര്‍വീസ് തുടങ്ങുന്നത് നഗരവാസികള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാകും.അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് എഴുതിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എയര്‍കണ്ടിഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ ഒന്നാം തീയതി മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ആയിട്ടില്ലെന്നാണ് വിവരം.സ്‌കൂളുകളും കോളജുകളും തുറക്കില്ല. ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല, എന്നാല്‍ കൗണ്ടറിലൂടെയുള്ള മദ്യവില്‍പ്പന തുടരാമെന്ന് അറിയിക്കുന്നു. മാര്‍ച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി വരുന്നത്.
എറണാകുളത്ത് 14 കാരിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് യുപി സ്വദേശികള്‍ അറസ്റ്റില്‍
കൊച്ചി:എറണാകുളം മഞ്ഞുമലില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ യു.പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചനയെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.കുറച്ചുദിവസമായി കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ കുട്ടിയെ കൌണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.