കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.വിദേശത്തുനിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രിയോട് ചോദിച്ചതെന്നാണ് വിവരം. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചതായാണ് സൂചന.ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം ജയിക്കുമെന്നായിരുന്നു മന്ത്രി കെ. ടി ജലീന്റെ ഫെയ്സ്‍ബുക്കിലൂടെയുള്ള പ്രതികരണം.വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും മറ്റും എത്തിച്ച സംഭവത്തില്‍ മന്ത്രി കെ. ടി ജലീലില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൊഴിയെടുക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ വെച്ചായിരുന്നില്ല ചോദ്യം ചെയ്യല്‍. ഇന്നലെ രാവിലെ ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചവരെ നീണ്ടു. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടം.തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്രാനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ലെന്നിരിക്കെയാണ് സംഭവം വിവാദമായത്. പാഴ്‌സലില്‍ മതഗ്രന്ഥങ്ങള്‍ തന്നെയാണോ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.ഇതരരാജ്യത്തിന് ഇവിടെ മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യാന്‍ വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളിലേക്ക് വിവരമറിയിച്ച് മുന്‍കൂര്‍ അനുമതിതേടണം.കേരള സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും വേണം. രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുകള്‍ക്കൊന്നും യു.എ.ഇ. കോണ്‍സുലേറ്റിന് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ മതഗ്രന്ഥങ്ങള്‍ എല്ലാ വര്‍ഷവും യു.എ.ഇ. എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതാണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. വിതരണം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാടെങ്കില്‍ അവ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാണെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അതോടെ ഊഹാപോഹങ്ങളും ആരോപണവും അവസാനിക്കുമെന്നായിരുന്നു മന്ത്രി നേരത്തെ പ്രതികരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1326 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2809 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 477, മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂര്‍ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂര്‍ 172, പാലക്കാട് 99, കാസര്‍ഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 16 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 308, കൊല്ലം 22, പത്തനംതിട്ട 35, ആലപ്പുഴ 199, കോട്ടയം 89, ഇടുക്കി 39, എറണാകുളം 63, തൃശൂര്‍ 105, പാലക്കാട് 46, മലപ്പുറം 111, കോഴിക്കോട് 105, വയനാട് 15, കണ്ണൂര്‍ 61, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 27,877 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിലുള്ളത് അതിവ്യാപനശേഷിയുള്ള കൊവിഡ് വൈറസെന്ന് പഠനം
കോഴിക്കോട്:കേരളത്തിലുള്ളത് അതിവ്യാപനശേഷിയുള്ള കൊവിഡ് വൈറസെന്ന് പഠനങ്ങള്‍. കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വൈറസിന്റെ വ്യാപനശേഷിയെപ്പറ്റി പരാമര്‍ശിക്കുന്നത്. ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നുള്ള വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെപ്പറ്റിയായിരുന്നു പഠനം നടത്തിയത്. ഇതില്‍ നിന്നും കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.വടക്കന്‍ കേരളത്തിലെ സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പതിന്നാല് ഡോക്ടര്‍മാരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.
സ്വര്‍ണക്കടത്തില്‍ മന്ത്രി കെ.ടി. ജലീലിനെ നാളെ എന്‍ഫോഴ്‌മെന്റ് ചോദ്യം ചെയ്യും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്. ചട്ടങ്ങള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ ഇഡി ചോദ്യം ചെയ്യും. നാളെ രാവിലെ ഒൻപതരയ്ക്ക് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് ജലീലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലേക്ക് ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തും തുടര്‍ന്ന് കര്‍ണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു.ഈ പാക്കറ്റുകള്‍ അടക്കം കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍ വഴി പാക്കേജുകള്‍ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്. ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ 20 കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.യാതൊരുവിധ അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെടി ജലീല്‍ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചിരുന്നു.യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന മറ്റിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഇഡിയും കസ്റ്റംസും എന്‍ഐഎയും ശേഖരിച്ചിരുന്നു, റംസാന്‍ കിറ്റിനൊപ്പം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ ആന്‍ ആണ് തന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ കയറ്റി അയച്ചതെന്നാണ് ജലീല്‍ സ്വയം വെളിപ്പെടുത്തിയത്. എന്നാല്‍, അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ഖുറാന്‍ പോലെയുള്ള മതഗ്രന്ഥങ്ങള്‍ ഒന്നും പാഴ്സല്‍ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്.തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ ആന്‍ ആണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്.
മന്ത്രി ഇ.പി. ജയരാജന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന് കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തല്‍ കഴിയവേയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിക്കൊപ്പം ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്കായി മാറ്റിയിട്ടുണ്ട്. മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നേതാക്കളൊട്ടാകെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.
മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍സിബി
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻസിബി.കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അടുത്തയാഴ്ച ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് എന്‍സിബി എന്‍ഫോഴ്‌സ്‌മെന്റിനോട് തേടിയിട്ടുണ്ട്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ബിനീഷിനെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ച ബിനീഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ഇ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍, ബിനീഷിന് ഇ.ഡി ക്ളീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ബിനീഷ് നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. വൈരുദ്ധ്യം പൂര്‍ണമായും വെളിവാകണമെങ്കില്‍ ബിനീഷിന്റെ മൊഴി വിശദമായി വിലയിരുത്തേണ്ടതെന്ന് ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബിനീഷ് നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് എന്‍ഫോഴ്സ്‌മെന്റിന്റെ തീരുമാനം.
പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലും അലന്‍ ഷുഹൈബും ഇന്ന് ജയിൽമോചിതരാവും
കൊച്ചി:പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതികളായ താഹ ഫസലും അലന്‍ ഷുഹൈബും ഇന്ന് ജയില്‍ മോചിതരാകും. കഴിഞ്ഞ ദിവസമാണ് കൊച്ചി എന്‍ഐഎ കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്.മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം.യുഎപിഎ കേസില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കൊച്ചി എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്. അറസ്റ്റിലായി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.
ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച;സംഘർഷം ലഘൂകരിക്കാൻ അഞ്ച് വിഷയങ്ങളില്‍ സമവായത്തിന് ധാരണ
ന്യൂഡൽഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ അഞ്ച് വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണ. സേനാ പിന്‍മാറ്റം വേഗത്തിലാക്കുമെന്നതടക്കമുള്ള കാര്യങ്ങളിലാണ് മോസ്കോയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായത്.ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ.) യോഗത്തിനെത്തിയപ്പോഴാണ് ചര്‍ച്ച നടത്തിയത്.സേനാ പിന്‍മാറ്റം വേഗത്തിലാക്കുന്നത് കൂടാതെ, പ്രശ്ന പരിഹാരത്തിന് നയതന്ത്ര – സൈനിക തലത്തിലെ ശ്രമങ്ങള്‍ തുടരും, അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാക്കി മാറ്റില്ല, അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഉഭയകക്ഷി കരാറുകളും പാലിക്കും, പരസ്പര വിശ്വാസത്തിനും അതിര്‍ത്തിയില്‍ സമാധാനത്തിനും ഇരുരാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയ വിഷയങ്ങളിലാണ് സമവായത്തിന് ധാരണയായത്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു. ഇരുപക്ഷത്തെയും ബ്രിഗേഡ് കമാന്‍ഡര്‍, കമാന്‍ഡിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു.
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1657 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂര്‍ 278, കോഴിക്കോട് 252, കണ്ണൂര്‍ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസര്‍ഗോഡ് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 483, കൊല്ലം 103, പത്തനംതിട്ട 53, ആലപ്പുഴ 87, കോട്ടയം 106, ഇടുക്കി 15, എറണാകുളം 116, തൃശൂര്‍ 83, പാലക്കാട് 33, മലപ്പുറം 119, കോഴിക്കോട് 178, വയനാട് 10, കണ്ണൂര്‍ 144, കാസര്‍ഗോഡ് 127 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.
ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും ലക്ഷണമുണ്ടെങ്കിൽ പി.സി.ആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ . ദ്രുതപരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം.കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന് പോസിറ്റീവ് കേസുകളൊന്നും ശ്രദ്ധയില്‍പ്പെടാതെ പോകുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഉപയോഗം സംസ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന്‍റിജന്‍ ടെസ്റ്റില്‍ തെറ്റായ ഫലങ്ങളുടെ ഉയര്‍ന്ന നിരക്കാണെന്നത് ഐസിഎംആര്‍ പോലും അംഗീകരിച്ചതാണെന്നും കേന്ദ്രം അറിയിച്ചു.