ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രസിഡന്‌റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കര, വ്യോമ, നാവിക സേനകളുടെ മേധാവികള്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, സിഎജി ജി സി മുര്‍മു, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ രാജ്യത്തെ പ്രധാന ഭരണഘടനാപദവികളിലുള്ളവര്‍ ചൈനയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്.ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ചൈനയിലെ ഷെന്‍സണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്‍ഹ്വ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന കമ്പനിയുടെ നിരീക്ഷണത്തിലാണിവര്‍. ചൈനീസ് ഗവണ്‍മെന്റുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും അടുത്ത ബന്ധമുള്ളതാണ് ഈ ടെക്‌നോളജി കമ്പനി. ബിഗ് ഡാറ്റ ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാര്‍ഫെയര്‍ ആണ് ചൈന നടത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്‌റെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് പറയുന്നു. 10,000ത്തിലേറെ ഇന്ത്യന്‍ പ്രമുഖ വ്യക്തികളും സംഘടനകളുമാണ് ചൈനയുടെ നിരീക്ഷണവലയത്തിലുള്ളത്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ള, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുന്നു. ഉന്നത ബ്യൂറോക്രാറ്റുകള്‍, ജഡ്ജിമാര്‍, സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍, ശാസ്ത്രജ്ഞര്‍, അക്കാഡമീഷ്യന്‍സ്, മാധ്യമപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ല വിരമിച്ചവരും നിലവില്‍ രംഗത്തുള്ളവരുമായ കായികതാരങ്ങള്‍, മതനേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, പണത്തട്ടിപ്പ് കേസുകളിലേയും അഴിമതി കേസുകളിലേയും പ്രതികള്‍, ഭീകരബന്ധമുള്ളവര്‍, ലഹരിമരുന്ന്, സ്വര്‍ണ, ആയുധക്കടത്ത് കേസുകളിലെ പ്രതികള്‍ തുടങ്ങിയവരും ചൈനീസ് നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും കുടുംബാംഗങ്ങളും രത്തന്‍ ടാറ്റ, മുകേഷ് അംബാനി തുടങ്ങിയ വ്യവസായികളും ചൈനീസ് നിരീക്ഷണത്തിലാണ്.ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിന് ഇടയിലാണ് ചൈനയുടെ വന്‍ നിരീക്ഷണം. ചൈനീസ് ഇന്റലിജന്‍സുമായും മിലിട്ടറി, സെക്യൂരിറ്റി ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന കമ്പനിയാണ് സെന്‍ഹുവ. ഓവര്‍സീസ് കീ ഇന്‍ഫര്‍മേഷന്‍ ഡാറ്റ ബേസില്‍ ആണ് ഇന്ത്യന്‍ വിവരങ്ങളുള്ളത്. ചൈന ഇത്തരത്തില്‍ കമ്പനികളിലൂടെയോ വ്യക്തികളിലൂടെയോ മറ്റ് രാജ്യങ്ങളിലെ വിവരങ്ങള്‍ തേടുന്നില്ല എന്നാണ് ചൈനീസ് എംബസിയുടെ വിശദീകരണം. അതേസമയം സെന്‍ഹുവ കമ്പനിയുടെ ക്ലൈന്റ് ആണോ ചൈനീസ് ഗവണ്‍മെന്റ് എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ എംബസി വൃത്തങ്ങള്‍ തയ്യാറായില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കര്‍ശന നിയന്ത്രണത്തില്‍ പാര്‍ലമെന്റ് വർഷകാല സമ്മേളനത്തിന് തുടക്കം;ചൈനീസ് പ്രകോപനവും കോവിഡ് പ്രതിസന്ധിയും ചര്‍ച്ചയാവും
ന്യൂഡൽഹി:കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും ഗായകന്‍ പണ്ഡിറ്റ് ജസ്‌രാജ്, മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗി, മധ്യപ്രദേശ് ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടന്‍, യു.പി മന്ത്രിമാരായിരുന്ന കമല്‍ റാണി, ചേതന്‍ ചൗഹാന്‍ മുന്‍ കേന്ദ്രമന്ത്രി രഘുവംഗശ പ്രസാദ് സിംഗ്, മറ്റ് അംഗങ്ങള്‍ക്കും ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് ലോക്‌സഭ ചേരുന്നത്.ലോക്സഭ ഒരു മണിക്കൂർ നിർത്തിവെച്ച ശേഷം നടപടി ക്രമങ്ങളിലേക്ക് കടക്കും. നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപതി ബിൽ, നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ബിൽ എന്നിവ പാസാക്കും.പാർലമെന്റ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത വർഷകാല സമ്മേളനമാണ് ഇത്തവണത്തേത്.സമ്മേളനത്തില്‍ രാജ്യസഭയുടെ ചോദ്യോത്തരവേളയും സ്വകാര്യബില്ലും ഉണ്ടായിരിക്കില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സമ്മേളനത്തില്‍ ഇപ്രാവശ്യം ചോദ്യോത്തരവേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിലും വ്യക്തമാക്കുന്നുണ്ട്. കോവിഡ് നിർദേശങ്ങള്‍ പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 9 മണി മുതല്‍ 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്‍ 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും.പാര്‍ലമെന്റില്‍ എല്ലാ സുപ്രധാന വിഷയങ്ങളിലും ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടാകുമെന്ന് സഭയിലേക്ക് പ്രവേശിക്കും മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് സഭ ചേരുന്നത്. ഒരുഭാഗത്ത് കൊറോണയും മറുഭാഗത്ത് ചുമതലകളുമുണ്ട്. ചുമതലകളുടെ മാര്‍ഗമാണ് നമ്മുടെ എം.പിമാര്‍ തെരഞ്ഞെടുത്തത്. അവരെ അഭിനന്ദിക്കും നന്ദിപറയുകയും ചെയ്യുന്നു. രാവിലെയും ഉച്ചകഴിഞ്ഞുമായി ലോക്‌സഭയും രാജ്യസഭയും ചേരും. ശനി, ഞായര്‍ അവധിയില്ലാതെ സഭ ചേരുകയാണ്. എല്ലാ അംഗങ്ങള്‍ക്കും അതിനോട് യോജിപ്പാണ്.മറ്റേതൊരു രാജ്യത്ത് എത്തുന്നതിനു മുന്‍പ് കൊറോണയ്‌ക്കെതിരെ ഫലപ്രദമായ വാക്‌സിന്‍ കൊണ്ടുവരാനാണ് നമ്മുടെ ശ്രമം. അതിനുള്ള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞരും. എല്ലാവരേയും ഈ മഹാമാരിയില്‍ നിന്നു രക്ഷിക്കുകയാണ് ലക്ഷ്യം. രാജ്യം സൈന്യത്തിനു പിന്നില്‍ അടിയുറച്ചുനില്‍ക്കുമെന്ന ശക്തമായ സന്ദേശവും എല്ലാ അംഗങ്ങളും വ്യക്തമാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഡി പറഞ്ഞു.
അതേസമയം, ഈസ്‌റ്റേണ്‍ ലഡാക്കില്‍ ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളായ അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ലീഗ് അംഗങ്ങളും സമാനമായ വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയിലുള്ള ആശങ്കഗയില്‍ 12 കുട്ടികള്‍ ജീവനൊടുക്കാനിടയായ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ഡി.എം.കെയും സി.പി.എമ്മും നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.ഡൽഹി കലാപത്തിലെ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയെ ഉൾപ്പെടുത്തിയതിൽ സിപിഎം പ്രതിഷേധിക്കും. എ എം ആരിഫ്, കെ കെ രാകേഷ് എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.സ്വർണക്കടത്ത് കേസ് വിശദാംശങ്ങള്‍ ധനമന്ത്രാലയത്തോട് കോണ്‍ഗ്രസ് എംപിമാർ ആരാഞ്ഞു.45 ബില്ലുകളും 2 ധനകാര്യ ഇനങ്ങളും അടക്കം 47 ഇനങ്ങളാണ് പരിഗണനയ്ക്ക് വരുന്നത്. ചോദ്യോത്തര വേള ഇല്ല. 30 മിനിട്ടാണ് ശൂന്യവേള. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള എംപിമാർക്കേ സമ്മേളനത്തില്‍ പങ്കെടുക്കാനാകൂ.
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;1944 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം 541, മലപ്പുറം 286, കോഴിക്കോട് 265, കൊല്ലം 253, കണ്ണൂര്‍ 190, തൃശൂര്‍ 164, കോട്ടയം, എറണാകുളം 159 വീതം, പാലക്കാട് 157, കാസര്‍ഗോഡ് 149, ആലപ്പുഴ 148, പത്തനംതിട്ട 64, ഇടുക്കി 57, വയനാട് 48 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകൾ.55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, എറണാകുളം 10, കൊല്ലം 7, തൃശൂര്‍ 6, കണ്ണൂര്‍ 5, മലപ്പുറം, കോഴിക്കോട് 3 വീതം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 11 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1944 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 393, കൊല്ലം 131, പത്തനംതിട്ട 54, ആലപ്പുഴ 146, കോട്ടയം 138, ഇടുക്കി 28, എറണാകുളം 233, തൃശൂര്‍ 135, പാലക്കാട് 39, മലപ്പുറം 201, കോഴിക്കോട് 176, വയനാട് 31, കണ്ണൂര്‍ 135, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 28,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കണ്ണൂരിൽ ക്വാറന്റീനില്‍ കഴിയുകയായിരുന്ന യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:പയ്യന്നൂരിൽ ക്വാറന്റീനില്‍ കഴിയുകയായിരുന്ന യുവാവിനെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.പയ്യന്നൂര്‍ കുഞ്ഞിമംഗലം പഞ്ചായത്ത് പരിധിയില്‍പ്പെട്ട ശരത്താണ് (31) മരിച്ചത്. കുവൈത്തില്‍ നിന്ന് കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസിലാണ് താമസിച്ചിരുന്നത്. ചായ കൊടുക്കാന്‍ ബന്ധു എത്തിയപ്പോഴാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കത്രിക ഉപയോഗിച്ചാണ് കഴുത്തറുത്തത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.ഇത് സൂചിപ്പിക്കുന്ന ശരത്ത് എഴുതിയത് എന്ന് കരുതുന്ന കത്ത് പൊലീസ് കണ്ടെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം;കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. വളാഞ്ചേരിയിലെ ജലീലിന്‍റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് റോഡില്‍ തടഞ്ഞു. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ബി ഗോപാലകൃഷ്ണന് പരിക്കേറ്റു.യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കളക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കമ്മീഷണര്‍ ഓഫീസിലേക്കാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ തവനൂരിലെ വീട്ടിലേക്ക് യൂത്ത് ലീഗും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ചും നടത്തി. തവനൂരിലെ എം.എല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടന്നു.കൊല്ലം ജില്ലയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ചാ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിയും വീശി. തൃശൂരില്‍ ബിജെപി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റിന് മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമല്‍ജിത്ത്, വിനേഷ്, ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ഷിബിന വി കെ, അനൂപ് തന്നട, പി ഇമ്രാന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി വി കെ അതുല്‍, ബ്ലോക്ക് പ്രസിഡന്റ്മാരായ വരുണ്‍ എം കെ, നികേത് നാറാത്ത്, ഫര്‍സിന്‍ മജീദ്, ലിജേഷ് കെ പി, ഷനോജ് ധര്‍മ്മടം, കെ എസ് യു ജില്ലാ ഭാരവാഹികളായ ഫര്‍ഹാന്‍ മുണ്ടേരി, അന്‍സില്‍ വാഴവളപ്പില്‍, മുഹസിന്‍ കീഴ്ത്തളളി തുടങ്ങിയവര്‍ മാർച്ചിനും ഉപരോധത്തിനും നേതൃത്വം നല്‍കി.
കാസർകോഡ് ജില്ലയിൽ കനത്ത മഴ;കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍
കാസർകോഡ്:കാസർകോഡ് ജില്ലയിൽ കനത്ത മഴ.ശക്തമായ മഴയിൽ ബളാല്‍ കോട്ടക്കുന്നില്‍ ഉരുൾപൊട്ടലുണ്ടായി.ബളാല്‍-രാജപുരം റോഡിലേക്ക് കല്ലുകളും ചെളിയും വന്ന് നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്. ഇവിടെ നിന്നും ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി.അതിശക്തമായ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാസര്‍കോട് തുടരുന്നത്. കാസര്‍കോട് ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ടാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമായത്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനിടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തില്‍ നാല് ദിവസം കൂടി കനത്ത മഴ തുടരും;ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതോടെ കേരളത്തില്‍ നാല് ദിവസം കൂടി കനത്ത മഴ തുടരും.എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.കണ്ണൂരിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകലില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടുണ്ട്.ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദ്ദേശിച്ചു.കേരള തീരം,കര്‍ണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
ജനശതാബ്ദി, വേണാട് ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ച് റെയില്‍വേ
തിരുവനന്തപുരം;യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തില്‍ ജനശതാബ്ദി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു.ശനിയാഴ്ച മുതല്‍ മൂന്ന് തീവണ്ടികളുടെയും സര്‍വീസ് നിര്‍ത്താനായിരുന്നു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. സര്‍വീസ് അവസാനിപ്പിക്കുന്നതിനെതിരെ ജനപ്രതിനിധികളും യാത്രക്കാരും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് തീരുമാനം.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് വലിയ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റദ്ദാക്കാന്‍ റെയില്‍വെ തീരുമാനിച്ചത്. ലോക്ക്ഡൗണിന് ശേഷം സര്‍വീസ് ആരംഭിച്ച ട്രെയിനുകളില്‍ 25 ശതമാനത്തില്‍ താഴെ മാത്രം യാത്രക്കാരായിരുന്നു ഓണത്തിന് മുന്‍പുളള കണക്ക് പ്രകാരം ഉണ്ടായിരുന്നത്. എന്നാല്‍ സ്ഥിരം യാത്രക്കായി നിരവധി പേര്‍ ഈ ട്രെയിനുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.ട്രെയിനുകള്‍ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിനോയ് വിശ്വം എംപി, റെയില്‍വേ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍, ഹൈബി ഈഡന്‍ എംപി എന്നിവരും തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. തിരുവനന്തപുരം ഡിആര്‍എം ഓഫീസിന് മുന്നില്‍ യാത്രക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.അതേസമയം, കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുക, റിസര്‍വേഷന്‍ ഇല്ലാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ മാറ്റങ്ങളോടെ യാത്രക്കാരുടെ കുറവ് പരിഹരിക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ റെയില്‍വെ തീരുമാനമെടുത്തിട്ടില്ല.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു;മരണനിരക്കും കൂടുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.ദിവസം കഴിയുംതോറും രോഗവ്യാപനത്തിന്‍റെ തോത് വലിയ വർധനവിലേക്കാണ് നീങ്ങുന്നത്. ഇതിൽ സമ്പർക്ക വ്യാപന തോത് സംസ്ഥാനത്ത് പിടിച്ചു നിർത്താനാവാത്ത വിധം ഉയരുകയാണ്. കഴിഞ്ഞ ജനുവരി 30ന് ഇന്ത്യയിലെ തന്നെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.രാജ്യത്ത് ആദ്യമായി സമൂഹവ്യാപനവും കേരളം സ്ഥിരീകരിച്ചു. ഇപ്പോൾ 3 ഘട്ടങ്ങളും പിന്നിട്ട് കേരളം പൊരുതുകയാണ്. മരണനിരക്ക് പിടിച്ചു നിർത്തുന്നതിനാണ് പരിഗണന കടുതൽ.ഇതു വരെ 20 ലക്ഷത്തിലധികം പേരെ പരിശോധിച്ചു.ആഗസ്ത് 19 നാണ് കേരളത്തിൽ ആകെ രോഗികൾ 50,000 കടന്നത്. എന്നാൽ ഏഴു മാസത്തെയും മറികടന്ന കുതിപ്പുമായി പിന്നീട് 22 ദിവസം കൊണ്ട് രോഗികൾ ഒരു ലക്ഷവും കടക്കുകയായിരുന്നു. മരണനിരക്കും ഉയരുകയാണ്. കഴിഞ്ഞ 11 ദിവസത്തിനിടെ 116 മരണങ്ങളാണുണ്ടായത്. കഴിഞ്ഞ 11 ദിവസത്തിനിടെ 116 മരണങ്ങളാണുണ്ടായത്. വ്യാപനം പൂര്‍ണമായി സമ്പർക്കത്തിലേക്ക് മാറുകയാണ് എന്നതാണ് അപകടം.കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് വിലയിരുത്തല്‍.20,000 വരെ പ്രതിദിന കേസുകള്‍ ആഴ്ചകളില്‍ ഉണ്ടാകാം എന്നാണ് മുന്നറിയിപ്പ്.റിവേഴ്‌സ് ക്വറന്റൈൻ പാളുന്നതും പ്രായമായവരിലേക്ക് രോഗം പടരുന്നതും ആയ സാഹചര്യം ഉണ്ടാകുമോ എന്നതാണ് സർക്കാരിന്റെ ഉള്ളിലുള്ള ആശങ്ക.. നിലവിൽ ചികിത്സയിൽ ഉള്ളവരിൽ ഒന്നേകാൽ ശതമാനത്തോളം ആളുകൾ ആണ് വെന്റിലേറ്റർ, ഐസിയു എന്നിവയിൽ ഉള്ളത്. 20,000 വരെ പ്രതിദിന കേസുകൾ ആവുന്നതോടെ ഇതേ തോതിൽ വന്നാൽ വെന്റിലേറ്ററുകളും ഐസിയുകളും നിറയും എന്നുറപ്പ്. വ്യാപനം പരമാവധി വൈകിപ്പിച്ചു പിടിച്ചു നിൽക്കുക എന്നത് തന്നെയാകും കേരളം തുടരാൻ പോകുന്ന രീതി.
കൊവിഡ് വാകസിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശം.ഇതുവരെ വാക്സിന്‍ കുത്തിവെച്ചവരില്‍ സുരക്ഷാനിരീക്ഷണം ശക്തമാക്കണം.അത് സംബന്ധിച്ച രൂപരേഖയും റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.ട്രയലിന് വളണ്ടിയര്‍മാരായി എത്തിയവരുടെ വിവരങ്ങളും നല്‍കണം. പരീക്ഷണത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുന്‍പ് യു.കെയിലേയും ഇന്ത്യയിലേയും ഡാറ്റ ആന്‍റ് സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഡി.സി.ജി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച ‘കോവഷീല്‍ഡ്’ എന്ന കോവിഡ് പ്രതിരോധ വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. മഹാരാഷ്ട്രയിലെ പൂനെയില്‍ ആഗസ്റ്റ് 27 നാണ് ആളുകളില്‍ കുത്തിവെച്ചുള്ള രണ്ടാംഘട്ട പരീക്ഷണം നടത്തിയത്. വളണ്ടിയര്‍മാര്‍ക്ക് എത്ര ഡോസ് വീതം നല്‍കിയെന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടില്ല. മൂന്നാംഘട്ട പരീക്ഷണത്തില്‍ രാജ്യത്തെ 17 സ്ഥലങ്ങളില്‍ നിന്നായി 1600 ഓളം വളണ്ടിയര്‍മാരെയാണ് തെരഞ്ഞെടുത്തിരുന്നത്.നിലവില്‍ ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണുള്ളത്. യു.കെയില്‍ വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. അജ്ഞാതരോഗം കോവിഡ് പ്രതിരോധ മരുന്നിന്റെ പാര്‍ശ്വഫലമാണെന്ന സംശയമാണുള്ളത്. തുടര്‍ന്ന് ഡി.സി.ജി.ഐ നിര്‍ദേശ പ്രകാരം സെറം ഇന്‍സ്റ്റിറ്റ്യൂട്ടും കോവിഡ് പരീക്ഷണം നിര്‍ത്തിവെക്കുകയായിരുന്നു.