തിരുവനന്തപുരം:ബാലഭാസ്കറിന്‍റെ മരണത്തില്‍ നുണപരിശോധനക്ക് നാല് സാക്ഷികൾ കോടതിയെ സമ്മതം അറിയിച്ചു. പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, കലാഭവൻ സോബി , ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് സമ്മതം അറിയിച്ചത്.തിരുവനന്തപുരം സിജെഎം കോടതിയെയാണ് പ്രതികള്‍ നുണപരിശോധനക്ക് സമ്മതം അറിയിച്ചത്. നാല് പേരെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.നാല് പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നാല് പേരും ഇന്ന് നേരിട്ട് ഹാജരായി നിലപാട് അറിയിക്കാനാണ് ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്. ബാലഭാസ്കറിന്‍റെ അപകട മരണത്തിന് ശേഷം പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെ ഇരുവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.അപകട സമയത്ത് വാഹനമോടിച്ചിരുന്നതായി കരുതുന്ന അര്‍ജ്ജുന്‍ പിന്നീട് മൊഴിയില്‍ മലക്കം മറിഞ്ഞു. സംഭവം കൊലപാതകമാണെന്നാണ് അപകടത്തിന്‍റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി സി.ബി.ഐ സംഘത്തിന് മൊഴി നല്‍കിയത്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നാല് പേര്‍ക്കും നുണപരിശോധന നടത്താന്‍ സി.ബി.ഐ തീരുമാനിച്ചത്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്:മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം
കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.2 ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഒപ്പം തന്നെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കും വരെയോ അല്ലെങ്കില്‍ മൂന്ന് മാസം വരെയങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പാസ്‌പോര്‍ട്ട് കെട്ടിവക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.കസ്റ്റംസ് രജിസ്റ്റര്‍ ചെയത് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍.ഐ.എയുടെ കേസില്‍ കസ്റ്റഡി തുടരുന്നതിനാല്‍ റമീസിന് പുറത്തിറങ്ങാന്‍ ആവില്ല. സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രകനാണ് കെ.ടി റമീസ്.
ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും;നുണപരിശോധനയില്‍ തീരുമാനം ഇന്ന്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ സുഹൃത്തും, സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. മരിക്കുന്നതിന് മുൻപ് ബാലഭാസ്‌കര്‍ തന്നോട് സംസാരിച്ചിരുന്നുവെന്ന് സ്റ്റീഫന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ നീക്കാനായി നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, ദൃക്സാക്ഷി കലാഭവന്‍ സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സി.ബി.ഐയുടെ തീരുമാനം.അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പരിശോധനയ്ക്ക് സമ്മതമാണോയെന്ന് ആരായാന്‍ നാല് പേരോടും ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ സമ്മതമറിയിച്ചാല്‍ കോടതി നുണ പരിശോധനയ്ക്ക് അനുമതി നല്‍കും.ബാലഭാസ്കറിന്‍റെ അപകട മരണത്തിന് ശേഷം വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് ഇരുവര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ കുടുംബം രംഗത്തെത്തിയത്. അപകടസമയത്ത് വാഹനമോടിച്ചിരുന്നതായി കരുതുന്ന അര്‍ജ്ജുന്റെ മൊഴിയില്‍ പിന്നീട് വൈരുധ്യം കണ്ടെത്തിയിരുന്നു.സംഭവം കൊലപാതകമാണെന്നാണ് അപകടത്തിന്‍റെ ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി സിബിഐ സംഘത്തിന് മൊഴി നല്‍കിയത്. ഇക്കാര്യത്താലാണ് നാല് പേര്‍ക്കും നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്. പരിശോധനയ്ക്ക് തയാറാണെന്ന് നാല് പേരും ചോദ്യം ചെയ്യല്‍ വേളയില്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
രാജ്യത്ത് കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി:കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സജീവമെന്ന് കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര കേന്ദ്രആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര കേന്ദ്രആഭ്യന്തരമന്ത്രാലയം രേഖാമൂലം അറിയിച്ചു. കേരളത്തിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യം ഉണ്ടെന്നും, നേരിട്ട് ഐഎസിനെ പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന സംഘടനകളും വ്യക്തികളുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്നും ആഭ്യന്തരമന്ത്രാലയം സൂചിപ്പിക്കുന്നു.കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഐഎസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഐഎസിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടോ, ഐഎസ് അനുകൂല നിലപാടുമായി ബന്ധപ്പെട്ടോ 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ യുടെ അനുമതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നല്‍കി. അസ്ട്രസെനേക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന്‍റെ പരീക്ഷണം പുനരാരംഭിക്കാനാണ് അനുമതി.യുകെയില്‍ വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവച്ചത്. ഇതേ തുടര്‍ന്നു നിര്‍ത്തിവച്ച കോവിഡ് വാക്സിന്‍ പരീക്ഷണം കഴിഞ്ഞ ദിവസം യുകെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷണം പുനരാരംഭിക്കാന്‍ തയാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ അറിയിച്ചത്.മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്‌ആര്‍എ) ഇത് സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരീക്ഷണം യുകെയില്‍ പുനരാരംഭിച്ചതെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ തൊണ്ണൂറായിരത്തിലേറെ പുതിയ കേസുകള്‍, 1,290 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 90,123 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 50,20,360 ആയി. ഒരാഴ്ചയായി പ്രതിദിനം ഒരുലക്ഷത്തോളം പേര്‍ക്കാണ് രോഗബാധ ഉണ്ടാകുന്നത്.24 മണിക്കൂറിനകം 1290 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് മരണസംഖ്യ 82,066 ആയി. ഔദ്യോഗിക കണക്ക് പ്രകാരം മരണനിരക്ക് 1.63 ശതമാനമാണ്.അതേസമയം, രാജ്യത്ത് കോവിഡ് രോഗമുക്തി 78.53 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 39.42 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 9,95,933 രോഗികളാണ് ചികിത്സയിലുള്ളത്.കോവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 10.7 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 17000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം ആറ്റിങ്ങലില്‍ ലോറിയില്‍ കടത്തിയ 500 കിലോ കഞ്ചാവ് പിടിച്ച സംഭവം; രണ്ട് കണ്ണൂര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണിയില്‍ കെണ്ടയ്നര്‍ ലോറിയില്‍ കടത്തിയ 500 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ രണ്ട് കണ്ണൂര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍. ഇരിക്കൂര്‍ ചീങ്ങാകുണ്ടം സ്വദേശികളായ സുബിലാഷ്, സുബിത്ത് എന്നിവരെയാണ് ചൊവ്വാഴ്ച മൈസൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.മൈസൂരുവിലെത്തിച്ച ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് േവട്ടയില്‍ 20 കോടി രൂപ വിലവരുന്ന കഞ്ചാവാണ് ആറ്റിങ്ങലില്‍ കഴിഞ്ഞയാഴ്ച പിടിച്ചെടുത്തത്.ഹൈദരാബാദിൽ നിന്നും ആന്ധ്രയില്‍നിന്നും കര്‍ണാടകയിലെത്തിക്കുന്ന കഞ്ചാവ് മൈസൂരുവഴി കേരളത്തിലേക്ക് എത്തിക്കുന്ന വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശി ജയന്‍ എന്ന ജയചന്ദ്രന്‍ നായരെ എക്സൈസ് പ്രത്യേക അന്വേഷണ സംഘം മൂന്നുദിവസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രധാന പ്രതികളായ തൃശൂര്‍ സ്വദേശി സെബു, വടകര സ്വദേശി ആബേഷ് എന്നിവര്‍ ഒളിവിലാണ്.ആന്ധ്രയില്‍നിന്നെത്തിച്ച കഞ്ചാവ് സുരക്ഷിത താവളം തേടി ലോറി ജീവനക്കാരായ പഞ്ചാബ്, ഝാര്‍ഖണ്ഡ് സ്വദേശികളുടെ സഹായത്തോടെ കേരളത്തിലേക്ക് കടത്തുകയായിരുന്നു. മൈസൂരുവില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി ജിതിന്‍ രാജാണ് കഞ്ചാവ് കേരളത്തിലേക്ക് അയച്ചതെന്നാണ് വിവരം. ഇയാള്‍ക്കായി മൈസൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ വ്യാപക റെയ്ഡ് നടന്നുവരുകയാണ്.
പാക് ഷെല്ലാക്രമണം; കാശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു
ശ്രീനഗര്‍:വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് ഷെല്ലാക്രമണത്തില്‍ കാശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസാണ് മരിച്ചത്.ഒരു മേജറടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ജമ്മുകാശ്മീരിലെ അതിര്‍ത്തി മേഖലയായ സുന്ദര്‍ബെനിയിലാണ് പാക് ഷെല്ലാക്രമണം നടന്നത്. ഈ മാസം 25ന് അവധിക്കായി നാട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നു അനീഷ്. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് അതിര്‍ത്തിയിലേക്ക് വെടിവയ്പ്പ് നടന്നത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുകയാണ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഒരു മകളുണ്ട്. പേര് ഹന്ന.
സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3013 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ;2532 രോഗവിമുക്തര്‍;12 മരണം കൂടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3013 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 626, ആലപ്പുഴ 327, മലപ്പുറം 324, കോഴിക്കോട് 256, കൊല്ലം, എറണാകുളം 229 വീതം, കോട്ടയം 189, തൃശൂര്‍ 180, കാസര്‍ഗോഡ് 168, കണ്ണൂര്‍ 165, പാലക്കാട് 132, പത്തനംതിട്ട 99, വയനാട് 62, ഇടുക്കി 27 എന്നിങ്ങനെയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, തൃശൂര്‍ 5, കാസര്‍ഗോഡ് 4, പാലക്കാട് 3, ആലപ്പുഴ, വയനാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 268, കൊല്ലം 151, പത്തനംതിട്ട 122, ആലപ്പുഴ 234, കോട്ടയം 138, ഇടുക്കി 43, എറണാകുളം 209, തൃശൂര്‍ 120, പാലക്കാട് 120, മലപ്പുറം 303, കോഴിക്കോട് 306, വയനാട് 32, കണ്ണൂര്‍ 228, കാസര്‍ഗോഡ് 258 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,156 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 82,345 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം;പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.സെക്രട്ടറിയേറ്റിന് മുന്‍പില്‍ പൊലീസ് ബാരിക്കേഡ് കടന്ന് മുന്നേറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഷാഫി പറമ്ബില്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ശബരീനാഥന്‍ എംഎല്‍എ എന്നിവരെ ഉള്‍പ്പടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സെക്രട്ടറിയേറ്റ് നടയില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തി വീശി. ഒരു പ്രവര്‍ത്തകന്റെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പാലക്കാടും യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ പൊലീസുമായി ഉന്തും തളളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് കളക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമായത്.