മുംബൈ:പേമെന്‍റ് ആപ്പ് പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കി.വാതുവെപ്പിന് സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ ഉപയോക്താക്കള്‍ക്ക് പേടിഎം സൗകര്യമൊരുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.പേടിഎമ്മിന്‍റെ പേമെന്‍റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുള്ളത്, പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതേ സമയം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്.ഗൂഗിള്‍ ഇന്ന് ഇന്ത്യയിലെ ചൂതാട്ട നയങ്ങള്‍ക്കെതിരായ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഓണ്‍ലൈന്‍ കാസിനോ തങ്ങള്‍ അനുവദിക്കില്ലെന്നും സ്‌പോര്‍ട്‌സ് വാതുവെപ്പുകള്‍ക്ക് സൗകര്യമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗിള്‍ അവരുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ഉപയോക്താവിന് പണം സമ്മാനമായി നല്‍കുന്ന ഗെയിമുകള്‍ക്ക് പ്രത്യേക വെബ് സൈറ്റ് ലിങ്കുകള്‍ പ്ലേസ്‌റ്റോറിലെ ഒരു ആപ്പിന് നല്‍കാന്‍ അനുവാദമില്ലെന്നും അത് തങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നു ഗൂഗിള്‍ അറിയിച്ചു.ഈ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പേടിഎമ്മിനെ പ്ലേ സ്‌റ്റേറില്‍ നിന്ന് നീക്കം ചെയ്തത്. ഗൂഗിളിന്റെ ചടുല നീക്കം ഇന്ത്യയിലെ ഭൂരിപക്ഷം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പേടിഎമ്മിന് കടുത്ത തിരിച്ചടിയാണ്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവം;കസ്റ്റംസ് കേസെടുത്തു
തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുര്‍ ആന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിനെതിരെ കസ്റ്റംസ് കേസെടുത്തു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവരുന്നത് കോണ്‍സുലേറ്റിന് ആവശ്യമുള്ള അവശ്യ വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. നടപടികള്‍ പാലിക്കാതെയാണ് ഇത് പുറത്തേയ്ക്ക് നല്‍കിയതെന്നും ആരോപിച്ചാണ് കസറ്റംസ് കേസെടുത്തിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ നടത്തിയ ഇടപാടുകള്‍ക്കെതിരെ യുഎഇ കോണ്‍സുലേറ്റ് കൈക്കൊള്ളുന്ന ആദ്യ നടപടിയാണ് ഇത്. വിഷയത്തില്‍ മന്ത്രി കെ.ടി. ജലീലിനെയും ചോദ്യം ചെയ്യും.വ്യാഴാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിപ്പിച്ച് മന്ത്രി കെ.ടി. ജലീലിനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കസ്റ്റംസും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി എത്തിയ ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്ര സര്‍ക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് എന്‍ഐഎ കെ.ടി. ജലീലിനോട് ചോദിച്ചതായാണ് വിവരം. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത് കൈപ്പറ്റിയതെന്നും എന്നാല്‍ എന്തുണ്ട് കേന്ദ്രത്തിന്റെ അനുമതി വാങ്ങിയില്ല എന്ന എന്‍ഐഎയുടെ ചോദ്യത്തിന് മന്ത്രിക്ക് ഉത്തരം മുട്ടിയതായും സൂചനയുണ്ട്. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി കഴിഞ്ഞു.അതേസമയം, സര്‍ക്കാരിനെ ഇകഴ്ത്താന്‍ പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഖുര്‍ ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ല. നടക്കുന്നത് ഖുര്‍ ആന്‍ അവഹേളനമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
തിരുവനന്തപുരം:പാലക്കാട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പെടെ ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മര്‍ദ്ദിച്ചത് ഉള്‍പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണകടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. കലക്ടേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷിക്കുകയായിരുന്നു. വിടി ബല്‍റാം എംഎല്‍എ അടക്കം ഉള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പൊലീസിനെ മര്‍ദ്ദിച്ചു, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. പൊലീസിനെ മര്‍ദിച്ചു എന്നത് ജാമ്യമില്ല വകുപ്പാണ്. 12 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം:ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്.നഴ്‌സുമാരും ആശുപത്രി സുരക്ഷ ജീവനക്കാരും സമയത്ത് ഇടപെട്ടതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി. ഉച്ചഭക്ഷണത്തിനു ശേഷം കുളിമുറിയിലേക്ക് പോയ പെണ്‍കുട്ടി പുറത്തു വരാന്‍ വൈകി. തുടര്‍ന്ന് നഴ്‌സുമാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി അവ്യക്തമായി പ്രതികരിച്ചതല്ലാതെ വാതില്‍ തുറന്നില്ല. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി. അപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി.പെണ്‍കുട്ടിയുടെ അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ടുതേര്‍ത്ത് മുണ്ടുകള്‍ തമ്മില്‍ കൂട്ടികെട്ടി ഫാനില്‍ തൂങ്ങി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ആറന്മുള ആശുപത്രിയിലേക്ക് രോഗിയായ പെൺകുട്ടിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ പീഡനത്തിനിരയാക്കിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്
പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു
തിരുവനന്തപുരം:സീരിയല്‍ നടൻ ശബരീനാഥ് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കോവളം സ്വദേശി ആണ് ശബരീനാഥ്.സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി, സ്ത്രീപഥം അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.സാഗരം സാക്ഷി എന്ന സീരിയലിന്‍റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്.പാടാത്ത പൈങ്കിളി ഉൾപ്പടെയുള്ള സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ശബരിനാഥിന്‍റെ അപ്രതീക്ഷിത മരണം.നടന്റെ അപ്രതീക്ഷിത മരണം സീരിയൽ പ്രേമികളിൽ നടുക്കമുണ്ടാക്കിയിട്ടുണ്ട്.
കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി;പിന്നില്‍ സ്വര്‍ണ കടത്ത് സംഘമെന്ന് സൂചന
കോഴിക്കോട്:കരിപ്പൂരിൽ വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി. കുറ്റിയാടി സ്വദേശിയായ യാത്രക്കാരനെയാണ് തട്ടിക്കൊണ്ടുപോയത്.മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്.വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.അബുദാബിയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ പിന്തുടര്‍ന്ന ഗുണ്ടാ സംഘം കൊണ്ടോട്ടി കോളോത്ത് വെച്ചാണ് കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോയത്.ഈ സമയം നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാസംഘം രക്ഷപെട്ടു.സ്വര്‍ണ കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോവലിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡ് പോസിറ്റീവായ രണ്ടുപേരെ രണ്ടുപേരെ യാത്ര ചെയ്യാൻ അനുവദിച്ചു;എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായിൽ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി
ദുബായ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് വിലക്ക്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതാണ് വിലക്കിന് കാരണം.സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്. ഇതോടെ ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. കോവിഡ് ബാധിതരായ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്റെ നടപടി.ഒക്ടോബര്‍ രണ്ടുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല. ഓഗസ്റ്റിലാണ് കോവിഡ് രോഗിയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തിച്ചതായി കണ്ടെത്തിയത്. പിന്നാലെ ദുബായ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ മാസം നാലിന് ജയ്പൂരിൽ നിന്ന് മറ്റൊരു കോവിഡ് രോഗി കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയില്‍ എത്തിയതോടെയാണ് വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.കോവിഡ് പോസിറ്റീവ് ആയ രണ്ട് പേരുടേയും ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീന്‍ ചിലവുകളും എയര്‍ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കൊവിഡ് രോഗി സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ആശങ്കയിലാണ്.ഇന്ന് മുതല്‍ നാട്ടിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ ഇന്ത്യ സര്‍വ്വീസുകളെല്ലാം റദ്ദാക്കി. പല സര്‍വ്വീസുകളും ഷാര്‍ജിയിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്.
സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 141 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 804, കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂര്‍ 285, കാസര്‍ഗോഡ് 278, കണ്ണൂര്‍ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍ഗോഡ് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം,കൊല്ലം, പാലക്കാട്, മലപ്പുറം 3, ആലപ്പുഴ 2, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 547, കൊല്ലം 325, പത്തനംതിട്ട 102, ആലപ്പുഴ 196, കോട്ടയം 120, ഇടുക്കി 47, എറണാകുളം 357, തൃശൂര്‍ 140, പാലക്കാട് 114, മലപ്പുറം 214, കോഴിക്കോട് 275, വയനാട് 79, കണ്ണൂര്‍ 97, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 608 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു; നിരവധി പൊലീസുകാര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മയ്യില്‍ സ്വദേശിയാണ്. ഇതേ തുടര്‍ന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. സ്റ്റേഷന്‍ അണുവിമുക്തമാക്കി.അതിനിടെ, സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. ഏഴ് മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കി.സമരക്കാരെ പറഞ്ഞ് മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍.ഐ.എയുടെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ജലീല്‍ മടങ്ങി
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.എട്ടുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീല്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറക്കേക്കിറങ്ങിയത്.കാറില്‍ കയറുന്നതിന് മുൻപായി തന്നെ ഫോക്കസ് ചെയ്തുവെച്ച ചാനല്‍ ക്യാമറകളെ നോക്കി അദ്ദേഹം കൈവീശിക്കാണിച്ചു. ഇതിന് ശേഷം കാറില്‍ കയറി യാത്ര തുടര്‍ന്ന മന്ത്രി ഗസ്റ്റ് ഹൗസിലേക്ക് എത്തും മുൻപ് മറ്റൊരു വാഹനത്തില്‍ കയറി യാത്രയായി. മന്ത്രി എന്‍ഐഎ ഓഫീസില്‍ നിന്നും എത്തിയ ശേഷം മടങ്ങിയ കാറില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.ഇന്ന് മന്ത്രിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചശേഷമാകും കൂടുതല്‍ നടപടികളിലേക്ക് എന്‍ഐഎ കടക്കുക.യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ കടത്ത് അല്ലെങ്കില്‍ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. രാവിലെ 10 ന് ചോദ്യം ചെയ്യലിന് എത്താനായിരുന്നു മന്ത്രി ജലീലിന് എന്‍ഐഎ നിര്‍ദേശം നല്‍കിയത്. എന്നാല്‍ രാവിലെ ആറുമണിയ്ക്ക് മന്ത്രി എത്തുകയായിരുന്നു. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എന്‍ഐഎ ഉദ്യോഗസ്ഥരുമെത്തി. തുടര്‍ന്ന് രാവിലെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി.സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള മന്ത്രി ജലീലിന്റെ സൗഹൃദം സംബന്ധിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്നയെ പരിചയമെന്നാണ് ജലീല്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.