ന്യൂഡല്‍ഹി: പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട കോവിഡ് വാക്‌സിൻ പരീക്ഷണം തുടങ്ങി. 200 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അസ്ട്ര സെനക്കയുടെ ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിയിരുന്നു.പിന്നീട് റിപോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ഡിസിജിഐ പരീക്ഷണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ ഒരാഴ്ച മുൻപ് വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അസ്ട്ര സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.ഇന്ത്യയിലെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നല്‍കിയ വിശദീകരണം. രണ്ടംഘട്ട പരീക്ഷണങ്ങളിലെ ആദ്യത്തെ ഡോസുകള്‍ പൂനെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളജിലെയും ആശുപത്രിയിലെയും ചില സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കിരുന്നു. തമിഴ്‌നാട്ടിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെയിലും ശ്രീരാമചന്ദ്ര ആശുപത്രിയിലും 300 വളണ്ടിയര്‍മാരിലാണ് ‘കൊവി ഷീല്‍ഡ്’ വാക്സിന്‍ കുത്തിവെച്ചത്. നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറായിരത്തിന് താഴെ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തൊണ്ണൂറായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗ മുക്തരുടെ എണ്ണം.
സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ;3022 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 497, കോഴിക്കോട് 340, മലപ്പുറം 336, എറണാകുളം 278, കണ്ണൂര്‍ 262, കൊല്ലം 183, തൃശൂര്‍ 176, പാലക്കാട് 157, കോട്ടയം 148, ആലപ്പുഴ 104, കാസര്‍ഗോഡ് 101, ഇടുക്കി 45, വയനാട്, പത്തനംതിട്ട 13 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 31, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂര്‍ 2 വീതം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂര്‍ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂര്‍ 39, കാസര്‍ഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തലസ്ഥാനത്ത് സമരക്കാരെ നേരിട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് കോവിഡ്
കണ്ണൂർ മട്ടന്നൂരിൽ വീടിനുള്ളില്‍ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു
കണ്ണൂർ:മട്ടന്നൂരിൽ വീടിനുള്ളില്‍ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. നടുവനാട്ടിലാണ് സംഭവം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. പന്നിപ്പടക്കമാണ് പൊട്ടിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അപകടത്തില്‍ രാജേഷിന് പരിക്കേറ്റു. സിപിഎം പ്രവത്തകനാണ് രാജേഷ്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചു.നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്.ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
അടല്‍ ടണല്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്;മലയാളികൾക്ക് അഭിമാനമായി പദ്ധതിയുടെ അമരത്ത് കണ്ണൂർ സ്വദേശി
കണ്ണൂര്‍: ഹിമാചല്‍ പ്രദേശില്‍ പതിനായിരം അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ അടല്‍ ടണല്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മലയാളികൾക്കും ഇത് അഭിമാന നിമിഷം.കണ്ണൂർ മുണ്ടേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായ കേളമ്പേത്ത് കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനായ കെ.പി. പുരുഷോത്തമന്‍ ചീഫ് എന്‍ജിനീയറായ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എന്‍ജിനീയറിംഗ് വിസ്മയത്തിന് ചുക്കാന്‍ പിടിക്കുന്നത്.ഒക്ടോബര്‍ ആദ്യ വാരം ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന ടണല്‍ പുരുഷോത്തമന്റെ ജീവിതത്തിലെ വെല്ലുവിളികള്‍ നിറഞ്ഞ സംരംഭമായിരുന്നു. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള 750 സാങ്കേതിക വിദഗ്ധരും മൂവായിരത്തോളം തൊഴിലാളികളും ചേര്‍ന്ന് പത്ത് വര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയാക്കിയത്. മണാലിയിലെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ രാജ്യത്തിന്റെ പ്രതിരോധ, വിനോദ സഞ്ചാരമേഖലയില്‍ നിര്‍ണായക സ്ഥാനം നേടാന്‍ പോകുകയാണ്.1987 ലാണ് പുരുഷോത്തമന്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിക്കുന്നത്. പ്രതികൂല കാലാവസ്ഥയോടും മറ്റും പൊരുതിയാണ് ഈ രംഗത്ത് നിരവധി പദ്ധതികള്‍ പുരുഷോത്തമന്‍ പൂര്‍ത്തിയാക്കിയത്. മൂന്നു വര്‍ഷം ഈ പ്രോജക്ടിനൊപ്പം തന്നെയായിരുന്നു പുരുഷോത്തമന്‍. അരുണാചലിലെ ചേലാ ടണല്‍, സിക്കിമിലെ ടണല്‍ എന്നിവ അവയില്‍ ചിലത് മാത്രമാണ്.അടല്‍ ടണല്‍ പൂർത്തിയാകുമ്പോൾ മണാലിയില്‍ നിന്ന് ലേയിലേക്കുള്ള യാത്രയില്‍ 46 കിലോ മീറ്ററും നാല് മണിക്കൂറും ലാഭിക്കാന്‍ കഴിയും. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞ് കിടക്കുന്ന റോഹ് താംഗ് ചുരം ഒഴിവാക്കി യാത്ര ചെയ്യാനും കഴിയും. മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതത്തെ തുരന്ന് ടണല്‍ നിര്‍മ്മിക്കുകയെന്നത് പുരുഷോത്തമനും സഹപ്രവര്‍ത്തകരും വെല്ലുവിളിയായി ഏറ്റെടുത്തപ്പോള്‍ ചരിത്ര വിസ്മയം അഭിമാനമായി മാറുകയായിരുന്നു.രാജ്യത്തെ ഏറ്റവും നീളമുള്ള പര്‍വത തുരങ്കപാത ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് നിര്‍മ്മാണ രീതിയിലാണ് പൂര്‍ത്തിയാക്കിയത്.രക്ഷാമാര്‍ഗമായ എസ്കേപ് ടണല്‍ തുരങ്കത്തിന്റെ അടിയിലൂടെയാണ്. അവിടേക്ക് അഞ്ഞൂറു മീറ്റര്‍ ഇടവിട്ട് എമര്‍ജന്‍സി കവാടകങ്ങളുണ്ട്. അപകടമുണ്ടായാല്‍ വാതിലുകളും വെന്റലേഷനുകളും ഓട്ടോമാറ്റിക്കായി തുറക്കും.കണ്ണൂര്‍ പോളിടെക്നിലെ പഠനത്തിനു ശേഷം ഡല്‍ഹിയില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റില്‍ ഡിപ്ളോമ നേടി. മികച്ച പ്രവര്‍ത്തനത്തിന് വിശിഷ്ട സേവാ മെഡലും മറ്റും നേടിയിരുന്നു.1987ലാണ് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ ചേര്‍ന്നത്. അസി എക്സിക്യൂട്ടീവ് എന്‍ജിനിയറായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലായിരുന്നു ആദ്യ നിയമനം. നാഗാലാന്‍ഡ്, രാജസ്ഥാന്‍, മിസോറാം, ജമ്മു കാശ്‌മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു.ഏതാനും വര്‍ഷം മുൻപ് കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള കമ്മിറ്റിയുടെ മേല്‍നോട്ടവും പുരുഷോത്തമനായിരുന്നു. തലശേരി ഇല്ലത്ത്താഴെ സ്വദേശി സിന്ധുവാണ് ഭാര്യ. ഡോ. വരുണ്‍, അമേരിക്കയില്‍ എന്‍ജിനീയറായ യുവിഗ എന്നിവര്‍ മക്കളാണ്.
മുംബൈയില്‍ ഫ്ലാറ്റ് തകര്‍ന്ന് 10 പേർ മരിച്ചു
മഹാരാഷ്ട്ര:മുംബൈക്ക് സമീപം ഭീവണ്ടിയില്‍ ഫ്ലാറ്റ് തകര്‍ന്ന് 10 മരണം. ഇരുപതിലധികം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ 31 പേരെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 21ഫ്ലാറ്റുകള്‍ അടങ്ങിയ 1984ല്‍ പണിത അപ്പാര്‍ട്ട്‌മെന്റിന്റെ പകുതിഭാഗമാണ് ഇന്ന് പുലര്‍ച്ചെ തകര്‍ന്നത്.
സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴക്ക് സാധ്യത;10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഇന്നും വ്യാപകമഴക്കാണ് സാധ്യത. വടക്കന്‍കേരളത്തിലും മദ്ധ്യകേരളത്തിലും ഇന്ന് അതിതീവ്രമഴ ലഭിക്കും. കോട്ടയം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.നാളെ വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. രാത്രി കാലങ്ങളിൽ മഴ ശക്തമാകുമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. മലയോര പ്രദേശങ്ങളില്‍ വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ഗതാഗതം നിരോധിച്ചു. ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മീന്‍പിടുത്തത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അഞ്ച് സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്.
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരം;3000 പേര്‍ക്കെതിരെ കേസ്; 500 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റും, എന്‍ഐഎയും ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ 3000 പേര്‍ക്കെതിരെ കേസ്. കഴിഞ്ഞ എട്ട് ദിവസത്തിനിടെയാണ് ഇത്രയും പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.കൊവിഡ് മാനദണ്ഡ ലംഘനം, സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല. എട്ട് ദിവസം തുടര്‍ച്ചയായി നടന്ന ജലീല്‍ വിരുദ്ധ സമരത്തിലാണ് പോലീസ് 3000 പേര്‍ക്കെതിരേ കേസെടുത്തത്. 25 എഫ്‌ഐആറുകളിലാണ് ഇത്രയുമധികം പേര്‍ പ്രതികളായത്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയും പേര്‍ പ്രതികളായ കേസും അറസ്റ്റും നടക്കുന്നത്.മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികളാണ് സമരരംഗത്തിറങ്ങിയിരുന്നത്. ഇതില്‍ ബി.ജെ.പി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുണ്ട്.ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഓരോ ദിവസത്തെയും സമരങ്ങള്‍ക്കെതിരെ പ്രത്യേകം പ്രത്യേകം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിഴയടച്ചാല്‍ തീരുന്ന കേസല്ല ഇത് എന്നതാണ് ഏറെ ഗൌരവകരം. കേസില്‍ പ്രതികളാകുന്നവര്‍ കോടതിയില്‍ ഹാജരായിട്ടു തന്നെ നിയമനടപടികള്‍ നേരിടേണ്ടിവരും.
കനത്ത മഴ;കാസര്‍ഗോഡ് ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു
കാസര്‍ഗോഡ്: കനത്ത മഴ തുടരുന്ന ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു. മധൂര്‍ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരന്‍ (37), ഹോസ്ദുര്‍ഗ് ചെറുവത്തൂര്‍ വില്ലേജ് മയ്യിച്ച കോളായി സുധന്‍ (50) എന്നിവരാണ് മരിച്ചത്.വയലില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണാണ് ചന്ദ്രശേഖരന്‍ മരിച്ചത്. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സുധന്‍ മയ്യിച്ച പാലത്തറയില്‍ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
കോവിഡ് 19;അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍;സ്കൂളുകളും കോളേജുകളും ഭാഗികമായി തുറക്കാം;പരമാവധി 100 പേര്‍ പങ്കെടുക്കുന്ന ചടങ്ങുകളാകാം
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവ് ഇന്ന് മുതല്‍ നിലവില്‍ വരും.പൊതു ചടങ്ങുകള്‍ ആളുകളെ പരിമിതപ്പെടുത്തി നടത്താം. സ്കൂളുകളില്‍ ഭാഗികമായ നിലയില്‍ പ്രവര്‍ത്തിക്കാം തുടങ്ങിയവയാണ് പുതിയ നിര്‍ദേശങ്ങള്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചാകും ഇളവുകള്‍ വരിക.രണ്ടു നിര്‍ദേശങ്ങളാണ് പ്രധാനമായും അണ്‍ലോക്ക് 4 ല്‍ നടപ്പിലാക്കുക.ഇതില്‍ ആദ്യത്തേത് സ്‌കൂളുകളുമായി ബന്ധപ്പെട്ടവയാണ്. സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള നിര്‍ദേശമാണ് വെച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളില്‍ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ക്ക് ഭാഗികമായി സ്‌കൂളുകളില്‍ എത്താം. ഇവരുടെ എണ്ണം 50 ശതമാനമാക്കി എണ്ണം കുറയ്ക്കണമെന്നും മതിയായ കോവിഡ് സുരക്ഷ ഉറപ്പാക്കണമെന്നും പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളില്‍ ഒൻപതാം ക്ലാസ്സ് മുതല്‍ 12 ആം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്തി അദ്ധ്യാപകരെ കാണുന്നതില്‍ തടസ്സമുണ്ടാകില്ല. എണ്ണം കുറച്ച് വേണം ഇക്കാര്യം ചെയ്യാന്‍. എല്ലാവരും ഒരുമിച്ച് വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. ഇതോടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സ്‌കൂളുകളില്‍ ഇരുന്ന് നടത്താന്‍ അദ്ധ്യാപകര്‍ക്ക് അവസരം കിട്ടും.അതേസമയം അന്തിമ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും. പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഉടനുണ്ടാകില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യം ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയറ്ററുകള്‍ക്കും ഇന്നു മുതല്‍ പ്രവര്‍ത്തനാനുമതിയുണ്ട്.അണ്‍ലോക്ക് 4 മായി ബന്ധപ്പെട്ട രണ്ടാമത്തെ നിര്‍ദേശം രാഷ്ട്രീയ, സാംസ്‌ക്കാരിക, മത കൂട്ടായ്മകള്‍ക്ക് അനുമതി നല്‍കുന്നതാണ്. 100 പേര്‍ വരെ പങ്കെടുക്കാവുന്ന കൂട്ടായ്മകള്‍ പക്ഷേ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളിലും 100 പേര്‍ക്ക് പങ്കെടുക്കാം. പക്ഷേ കൂട്ടായ്മകളില്‍ സാമൂഹ്യ അകലം, സാനിറ്റൈസര്‍, മാസ്‌ക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം ഉറപ്പാക്കണമെന്നും പറയുന്നു.