News Desk

കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച അടച്ചിട്ട് പ്രതിഷേധിക്കുന്നു

keralanews petrol pumps in kannur district were closed on friday

കണ്ണൂർ:കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച അടച്ചിട്ട് പ്രതിഷേധിക്കുന്നു. ജില്ലയിലെ അഞ്ച് പമ്പുകളിൽ 14.09.20 മുതൽ ഫ്യുയൽ എംപ്ലോയീസ് യൂണിയൻ(CITU) നേതൃത്വത്തിൽ നിയമവിരുദ്ധമായ രീതിയിൽ സമരം നടത്തി പമ്പുകൾ അടപ്പിച്ചതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.25.09.20 വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് അടച്ചിടുകയെന്ന് കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

കോവിഡ് വ്യാപനം;ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

keralanews covid spread prime minister hold talk with chief ministers in seven states today

ന്യൂഡൽഹി:രാജ്യത്തെ എഴുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ചർച്ച ഇന്ന്.നാലാംഘട്ട അണ്‍ലോക്ക് അവസാനിക്കാനിരിക്കെയാണ് ചര്‍ച്ച. രാജ്യം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊറോണ രോഗം അതിവേഗം വ്യാപിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് പ്രധാനമന്ത്രി ഇന്ന് സംവദിക്കുക. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, ദില്ലി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് ചര്‍ച്ച. ഈ ഏഴ് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ 63 ശതമാനമാനവും.മഹാരാഷ്ട്രയിലും പഞ്ചാബാലിയും ദില്ലിയിലും കൊറോണ രോഗികളുടെ മരണ സംഖ്യ രണ്ട് ശതമാനമാണ്. പ്രതിദിന രോഗികളുടെ എണ്ണവും ഇവിടെ വര്‍ധിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം മോദി-മുഖ്യമന്ത്രിമാരുടെ ചര്‍ച്ചകളില്‍ വരും. മാര്‍ച്ച്‌ 25നാണ് കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയും ഘട്ടങ്ങളായി ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. നാലാംഘട്ട അണ്‍ലോക്ക് പ്രഖ്യാപിച്ചത് സെപ്തംബര്‍ ഒന്ന് മുതലാണ്. ഇതിന്റെ കാലാവധി ഈ മാസം 30ന് തീരും. തുടര്‍ന്ന് കൂടുതല്‍ ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കൂടുതല്‍ ഇളവ് നല്‍കുമ്ബോള്‍ രോഗ വ്യാപന സാധ്യതയുണ്ടാകുമോ എന്ന കാര്യങ്ങളെല്ലാം യോഗം ചര്‍ച്ച ചെയ്യും. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ കശ്മീരിലേക്കാണ് അയച്ചത്. ഇവിടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. സ്വീകരിക്കേണ്ട പുതിയ മാര്‍ഗങ്ങള്‍ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കുകയും ചെയ്തു.രോഗ വ്യാപനത്തിന്റെ തോത് രാജ്യത്ത് കുറഞ്ഞിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഏഴ് സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയിലാണ്. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3875 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം;3007 പേര്‍ക്ക് രോഗമുക്തി

keralanews 4125 covid cases confirmed in the state today 3875 cases through contact 3007 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 681,കൊല്ലം 347,ആലപ്പുഴ 403,പത്തനംതിട്ട 207,കോട്ടയം 169,ഇടുക്കി 42,എറണാകുളം 406, തൃശൂര്‍ 369,പാലക്കാട് 242,കോഴിക്കോട് 394,വയനാട് 81,മലപ്പുറം 444,കണ്ണൂര്‍ 143,കാസര്‍ഗോഡ് 197 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.3875 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 412 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍ഗോഡ് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍ഗോഡ് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്‌.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശൂര്‍ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂര്‍ 214, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.19 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് ഒൻപത് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലായി 42 പേർക്ക് കോവിഡ‍്

keralanews covid confirmed to 42 in different serial locations in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലായി 42 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചു.മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡ‍ൗണ്‍ പ്രഖ്യാപിച്ചതോടെ സീരിയല്‍ ചിത്രീകരണം ഏറെക്കാലം മുടങ്ങിയിരുന്നു.കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതിനു പിന്നാലെയാണ് സീരിയല്‍ ചിത്രീകരണം പുനരാരംഭിച്ചത്. എന്നാല്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഈ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതി അനുമതി നൽകി

keralanews supreme court give permission to reconstruct palarivattom over bridge

ന്യൂഡൽഹി:പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. ജനതാത്‌പര്യം മുൻനിർത്തി പാലം പണി വേഗത്തിലാക്കണമെന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണം, മേൽപ്പാലം പുതുക്കിപ്പണിയാൻ അടിയന്തരമായി അനുമതി നൽകണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാന സർക്കാറിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഹാജരായി. പൊതുതാത്പര്യം മുൻനിർത്തിയാണ് മേൽപ്പാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ഇ. ശ്രീധരന്റെയും ചെന്നൈ ഐഐടിയുടെയും എഞ്ചിനീയർമാർ അംഗങ്ങളായ സമിതിയുടെയും റിപ്പോർട്ടുകൾ എ.ജി ചൂണ്ടിക്കാട്ടി.അറ്റോർണി ജനറലിന്റെ വാദമുഖങ്ങൾ കോടതി അതേപടി അംഗീകരിച്ചു. പാലം അപകടത്തിലാണെന്ന വിദഗ്ധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. രണ്ട് വർഷം കൊണ്ട് പാലം തകർന്നുവെന്ന കാരണം കൊണ്ട് തന്നെ ഹൈക്കോടതി വിധി റദ്ദാക്കുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

കണ്ണൂര്‍ ജില്ലയെ രണ്ടായി വിഭജിച്ച് പൊലീസ്;വിഭജനം ക്രമസമാധാന നില പരിഗണിച്ച്‌

keralanews kannur police divided the dictrict into two considering law and order situation

കണ്ണൂര്‍: ക്രമസമാധാന നില പരിഗണിച്ച്‌ ജില്ലയെ രണ്ടായി വിഭജിച്ച്  കണ്ണൂര്‍ പൊലീസ്. കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെയാണ് വിഭജനം.രണ്ട് എസ് പിമാര്‍ക്കായി ചുമതലകള്‍ വീതിച്ച്‌ നല്‍കും.കണ്ണൂര്‍, തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്നൂര്‍ എയര്‍പോര്‍ട്ടും ചേര്‍ന്നതാണ് കണ്ണൂര്‍ സിറ്റി. തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകള്‍ ചേര്‍ത്ത് കണ്ണൂര്‍ റൂറല്‍. മങ്ങാട്ട്പറമ്പ് ആയിരിക്കും കണ്ണൂര്‍ റൂറലിന്റെ ആസ്ഥാനം എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാറ്റത്തോടെ ജില്ലയിലെ ക്രമസമാധാനപ്രശ്നത്തിന് വളരെ എളുപ്പത്തില്‍ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം;ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീരുമാനമായില്ല

keralanews indo china border dispute sixth round commander heads meeting failed

ന്യൂ ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയും എങ്ങുമെത്താതെ അവസാനിച്ചു. ഇന്ത്യ മുന്നോട്ട് വെച്ച യാതൊരു നിര്‍ദേശങ്ങളും ചൈന അംഗീകരിച്ചില്ല. ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും, സമ്പൂർണ്ണ പിന്‍മാറ്റം വേണമെന്നുമാണ് ഇന്ത്യ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍. ഈ രണ്ട് നിര്‍ദേശങ്ങളും ചൈന അംഗീകരിച്ചില്ലെന്നാണ് വിവരം.ചൈന ആദ്യം പിന്മാറണമെന്ന ഇന്ത്യയുടെ നിലപാടിനോട് തുല്യ രീതിയിലുള്ള പിന്മാറ്റമെന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.ധാരണകള്‍ നിരന്തരം ലംഘിയ്ക്കുന്നതിനാല്‍ ചൈനയെ വിശ്വാസത്തിലെടുക്കാന്‍ തയ്യാാറല്ല എന്ന സന്ദേശമാണ് ചൈന ആദ്യം സൈന്യത്തെ പിന്‍വലിയ്ക്കണം എന്ന ഇന്ത്യയുടെ നിലപാടില്‍നിന്നും വ്യക്തമാകുന്നത്.ശൈത്യകാലത്തിന് മുന്നോടിയായി പിന്മാറാമെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളുമെത്തിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയായതിനാല്‍ സൈനികരെ വിന്യസിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.

തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച്‌ പിടിയിലായ ഭീകരരെ ഇന്ന് ബെംഗളൂരുവിലെത്തിക്കും

keralanews terrorists arrested at thiruvananthapuram airport will brought to bangalore today

തിരുവനന്തപുരം: തീവ്രവാദക്കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. റിയാദില്‍ നിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച്‌ അതീവരഹസ്യമായിട്ടായിരുന്നു എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍ ചോദ്യംചെയ്തു.ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്. അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു.ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍ഐഎയുടെയും റോയുടെയും 25ഓളം ഉദ്യോഗസ്ഥരെത്തിയത്.ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകരാണ്. പിന്നീട് ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീനിലേക്കും ഗുല്‍നവാസ് ലഷ്കര്‍ ഇ തൊയിബയിലേക്കും മാറി. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകള്‍ക്ക് പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ മലയാളിയുൾപ്പെടെ രണ്ടു ഭീകരരെ തിരുവനന്തപുരത്ത് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

keralanews nia has taken into custody two terrorists including a malayalee accused in the bangalore blast case

തിരുവനന്തപുരം:ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ മലയാളിയുൾപ്പെടെ രണ്ടു ഭീകരരെ തിരുവനന്തപുരത്ത് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. റിയാദിലായിരുന്ന ഇരുവരെയും ഇൻറർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാണ് തിരിച്ചെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശുകാരൻ ഗുൽ നവാസ് എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.വൈകീട്ട് ആറേകാലോടെ എത്തിയ ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍വെച്ചുതന്നെ ചോദ്യം ചെയ്തു.അറസ്റ്റ് നടത്താന്‍ കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍.ഐ.എ.യുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്.കേരള പോലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ പോലും അറസ്റ്റിന്റെ അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പോലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്. 2008ൽ ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് ഷുഹൈബ്. 9 വ്യത്യസ്ത ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയില്‍ അന്തിമഘട്ടത്തിലാണ്.

രാജ്യസഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്ത എം.പിമാര്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തില്‍

keralanews m p suspended from rajyasabha on indefinite dharna in parliament premises

ന്യൂഡൽഹി:കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എംപിമാരെ പുറത്താക്കിയ സംഭവത്തില്‍ വേറിട്ട സമരത്തിന് സാക്ഷിയായി ദില്ലി. സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.  എന്തുവന്നാലും പിന്നോട്ടില്ലെന്നാണ് എംപിമാരുടെ പ്രഖ്യാപനം.പുറത്താക്കിയ എം. പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകില്ലെന്ന് കെ.കെ രാഗേഷ് എം.പി വ്യക്തമാക്കി.  സിപിഎം അംഗങ്ങളായ കെകെ രാഗേഷ്, എളമരം കരീം, കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സാതവ്, സയ്യിദ് നസീര്‍ ഹുസൈന്‍, രിപുണ്‍ ബോറ, തൃണമൂല്‍ നേതാക്കളായ ദോല സെന്‍, ദെരക് ഒബ്രിയന്‍, എഎപി അംഗം സഞ്ജയ് സിങ് എന്നിവരെയാണ് പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.ഇതുമായി ബന്ധപ്പെട്ട പ്രമേയം ശബ്ദ വോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു.സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എങ്കിലും അംഗങ്ങള്‍ പുറത്തുപോകാന്‍ തയ്യാറാകാത്തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി.ഇന്നലെയാണ് കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.അതേസമയം പുതിയ ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബിലും ഹരിയാനയിലും ഒരു മാസം മുന്‍പ് തന്നെ കര്‍ഷകര്‍ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു.