News Desk

ജോസഫ് എം.പുതുശേരി കേരളാ കോണ്‍ഗ്രസ് വിട്ടു

keralanews joseph m puthussery left kerala congress

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് നീങ്ങുന്നതില്‍ പ്രതിഷേധിച്ച്‌ ജോസഫ് എം. പുതുശേരിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി വിട്ടു. യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു നീങ്ങാനുള്ള ഒരുക്കത്തില്‍ പ്രതിഷേധിച്ചാണിത്. പാര്‍ട്ടി യു.ഡി.എഫ്. വിട്ടപ്പോള്‍ ഒപ്പം നിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.’എല്‍ഡിഎഫ് നീക്കത്തോട് യോജിപ്പില്ല. പൊതുജീവിതത്തിലുടനീളം യുഡിഎഫ് നിലപാടിനോടൊപ്പം നിന്ന വ്യക്തിയാണ്. ഇതി തുടര്‍ന്നും അതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ തന്നെയാണ് താത്പര്യം’- ജോസഫ് എം.പുതുശേരി പറയുന്നു.ജോസ് പക്ഷ നീക്കങ്ങളില്‍, പാര്‍ട്ടി ഉന്നതാധികാര സമിതി അംഗമായ പുതുശേരി അതൃപ്തനായിരുന്നു. പാര്‍ട്ടി നേതൃയോഗങ്ങളില്‍ എതിര്‍പ്പ് വ്യക്തമാക്കിയെങ്കിലും കണക്കിലെടുക്കുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടില്ല. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും (എം) അകന്നപ്പോള്‍ ചില മധ്യസ്ഥ നീക്കങ്ങള്‍ക്കു ശ്രമിച്ചെങ്കിലും പാര്‍ട്ടി മുഖം തിരിച്ചുവെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. യുഡിഎഫുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ഏത് പാര്‍ട്ടിയിലേയ്‌ക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോസഫ് എം പുതിശേരി പറഞ്ഞു. കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍. ബാലകൃഷ്ണപിള്ളയോടോപ്പം നിന്ന് 1991ലും കെ.എം. മാണിയോടൊപ്പം 2001, 2006 വര്‍ഷങ്ങളിലും പുതുശ്ശേരി കല്ലൂപ്പാറയില്‍ നിന്ന് നിയമസഭയിലെത്തിയിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് കല്ലൂപ്പാറ ഇല്ലാതായതിനെത്തുടര്‍ന്ന് 2011ല്‍ സീറ്റ് ലഭിച്ചില്ല. 2016ല്‍ തിരുവല്ലയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവില്‍ പാര്‍ട്ടി ഉന്നതാധികാരസമിതി അംഗമാണ്.

കാര്‍ഷിക ബില്‍; കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കും

keralanews congress party nationa wide agitation against agriculture bill start today

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കും.എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കടക്കും. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തുന്നതിനാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെല്‍കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദേശവ്യാപക സമരത്തിനും ഭാരതബന്ദിനും പിന്തുണ പ്രഖ്യാപിച്ച്‌ കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, എന്‍ടിയുസി, എഐയുടിയുസി, ടിയുസിസി, എസ്‌ഇഡബ്ല്യൂഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ ട്രെയ്ഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കര്‍ഷകര്‍ വലിയ തോതില്‍ സംഘടിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ തുടരുകയാണ്. പാനിപ്പത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് തിരിച്ചയച്ചത്. പ്രതിഷേധങ്ങളെ നേരിടാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

പാര്‍ലമെന്‍റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

keralanews parliament adjourned indefinitely

ന്യൂഡൽഹി:കാര്‍ഷിക പരിഷ്ക്കരണ ബില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ വിവാദ ബില്ലുകള്‍ അടക്കം പാസ്സാക്കി പാര്‍ലമെന്‍റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച തൊഴില്‍ പരിഷ്കരണ ബില്ലുകള്‍ അടക്കം കാര്യമായ ചര്‍ച്ചകളില്ലാതെ പാസ്സാക്കി. എന്നാല്‍ കാര്‍ഷിക ബില്ല് പാസ്സാക്കിയതിലുള്ള പ്രതിഷേധം പാര്‍ലമെന്‍റിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.രണ്ട് ദിവസങ്ങളായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്ലാതിരുന്നതിനാല്‍ കാര്യമായോ ചര്‍ച്ചകളോ എതിര്‍പ്പുകളോ ഇല്ലാതെയാണ് പല ബില്ലുകളും പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പാസ്സാക്കിയത്. വിവാദമായ തൊഴില്‍ പരിഷ്കരണ ബില്ല് അടക്കം പതിനാല് ബില്ലുകളാണ് രാജ്യസഭ ഒറ്റ ദിവസം കൊണ്ട് പാസാക്കിയത്. സവാള, ഉരുളക്കിഴങ്ങ്, പയര്‍ വര്‍ഗ്ഗങ്ങള്‍ അടക്കമുളള ഭക്ഷ്യവസ്തുക്കള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയ ബില്ലും പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ പാസ്സാക്കി.സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ ചേരാനിരുന്ന വര്‍ഷകാലസമ്മേളനത്തില്‍ 43 ബില്ലുകളാണ് പാര്‍ലമെന്‍റിന്‍റെ പരിഗണനക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന മൂന്ന് ബില്ലുകള്‍ അടക്കം പ്രധാനപ്പെട്ട ബില്ലുകള്‍ എല്ലാം പാസാക്കിയെടുക്കാന്‍‍ കേന്ദ്ര സര്‍ക്കാരിനായി. പ്രതിപക്ഷം എതിര്‍പ്പുന്നയിച്ച ബില്ലുകളില്‍ ഒന്ന് പോലും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് 1000 ലേറെ കോവിഡ് പോസിറ്റീവ് രോഗികൾ

Image processed by CodeCarvings Piczard ### FREE Community Edition ### on 2018-04-11 20:40:26Z |  |

പരിയാരം:കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതുവരെ ചികിത്സ തേടിയ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 1000 കടന്നു.24 മണിക്കൂറിനിടെ 17 പുതിയ പോസിറ്റീവ് രോഗികൾ കൂടി ചികിത്സ തേടിയെത്തിയതോടെ 1006 ആയാണ് അകെ ചികിത്സ തേടിയ രോഗികളുടെ എണ്ണം മാറിയത്.ഇതിൽ രോഗമുക്തി നേടി ഡിസ്ചാർജ് ആയ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ,നിലവിൽ ചികിത്സയിലുള്ള സണ്ണി ജോസഫ് എംഎൽഎ എന്നിവരുൾപ്പെടെയുണ്ട്.

സംസ്ഥാനത്താദ്യമായി കോവിഡ് പോസിറ്റീവ് ഗർഭിണി സിസേറിയൻ വഴി കുഞ്ഞിന് ജന്മം നൽകിയത് പരിയാരത്തായിരുന്നു.അതീവ ഗുരുതരാവസ്ഥയിലെത്തിയ കോവിഡ് പോസിറ്റീവായ ഗർഭിണിയായ യുവതിക്ക് ഒരേസമയം കോവിഡിനും ഗർഭാവസ്ഥയിലുള്ള ചികിത്സയ്ക്കും അടിയന്തിര ചികിത്സ ലഭ്യമാക്കിയാണ് അന്ന് അമ്മയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയത്.സംസ്ഥാനത്തു തന്നെ കൂടുതൽ കോവിഡ് പോസിറ്റീവായ ഗർഭിണികൾ ചികിത്സതേടിയ ആശുപത്രി കൂടിയാണ് പരിയാരത്തേത്.കോവിഡ് ബാധിച്ച 80 പിന്നിട്ടവരും പിഞ്ചുകുഞ്ഞുങ്ങളും വരെ ഇതിനോടകം കോവിഡ് രോഗമുക്തി നേടുകയുണ്ടായി.പ്ലാസ്മ തെറാപ്പി പോലുള്ള അത്യാധുനികവും സങ്കീർണവുമായ ചികിത്സയും Remdesivir,Tocilizumab തുടങ്ങിയ വിലകൂടിയ മരുന്നുകളും ചികിത്സയ്ക്കായി പരിയാരത്ത് ഉപയോഗിക്കുന്നു.കോവിഡ് രോഗികൾക്കും സസ്‌പെക്റ്റിനും ചികിത്സയ്‌ക്കൊപ്പം കമ്യുണിറ്റി കിച്ചൻ വഴി സൗജന്യ ഭക്ഷണവും ലഭ്യമാക്കിവരുന്നു.കണ്ണൂർ ജില്ലയ്ക്ക് പുറമെ കാസർകോഡ്,വയനാട് ജില്ലയുടെ ഒരുഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറിയിൽ വരുന്ന കോവിഡ് രോഗികളെയാണ് ചികിത്സയ്ക്കായി പരിയാരത്ത് എത്തിക്കുന്നത്.

കണ്ണൂർ ജില്ലയിൽ നിന്നും 700 കോവിഡ് പോസിറ്റീവ് രോഗികളാണ് ഇതുവരെ പരിയാരത്ത് ചികില്സിച്ചത്.കാസർകോഡ് 286,കോഴിക്കോട് 6,വയനാട് 4,മലപ്പുറം 3,പാലക്കാട് 1 എറണാകുളം 1 എന്നിങ്ങനെയും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ നിന്നും 3 പേരും(ഇതിൽ രണ്ടുപേർ മാഹിയിൽ നിന്നും)  കർണാടകം,പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നും ഓരോരുത്തരും കോവിഡ് പോസിറ്റീവായി കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സതേടുകയുണ്ടായി.കണ്ണൂർ, കാസർകോഡ് ജില്ലകളിലെ മറ്റ് അസുഖങ്ങൾക്കൊപ്പം കോവിഡും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറിയിൽ പെട്ട രോഗികളെയാണ് പരിയാരത്ത് പൊതുവിൽ പ്രവേശിപ്പിക്കുന്നത്.

സി.എഫ്.എൽ.ടി.സി യിലെ 23 പേരുൾപ്പെടെ 212 കോവിഡ് പോസിറ്റീവ് രോഗികളാണ് ഇപ്പോൾ പരിയാരത്ത് ചികിത്സയിലുള്ളത്.ഇതിൽ 38 പേർ ഐ.സി.യു വിലാണ്‌.20 പേർ ഗുരുതരാവസ്ഥയിലാണ്.അതിൽ തന്നെ 15 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.ഇതിനു പുറമെ കോവിഡ് സംശയിക്കുന്ന 36 പേർ കോവിഡ് സസ്‌പെക്ട് വാർഡിലും ചികിത്സയിലുണ്ട്.

കോവിഡ് അതിവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടുന്ന സാഹചര്യമാണ് മുന്നിലുള്ളത് എന്നതിനാൽ പൂർണ്ണമായും മാസ്ക് ധരിക്കുന്നതും സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കേണ്ടതും സാമൂഹിക അകലം ഉൾപ്പെടെ പാലിക്കേണ്ടതും ഓരോരുത്തരും പാലിക്കേണ്ട ജാഗ്രതയും ഉത്തരവാദിത്തവും ആണെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനം

keralanews covid confirmed to 232 persons in palayam market decision to close market

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്.പുറത്ത് നിന്നുള്ള കുറച്ച്‌ പേര്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ തൊഴിലാളികളുമാണ്. നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടച്ചിടും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളില്‍ തന്നെ ചികില്‍സിക്കും.കോഴിക്കോട് ജില്ലയില്‍ ഇന്നലെ 394 കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 363 പേര്‍ സമ്പർക്കം വഴിയാണ് രോഗികളായത്. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് 131പേര്‍ക്കും മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 33 പേര്‍ക്കും ബാലുശേരി പഞ്ചായത്തില്‍ 13 പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മന്ത്രി വി എസ് സുനില്‍ കുമാറിന് കൊവിഡ്

keralanews covid confirmed to minister v s sunil kumar

തൃശ്ശൂര്‍: കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മന്ത്രി ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റാഫ് അംഗങ്ങളും മന്ത്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ മന്ത്രിമാരായ തോമസ് ഐസകിനും ഇ പി ജയരാജനും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗ മുക്തരായ ഇരുവരും ആശുപത്രി വിടുകയും ചെയ്തിരുന്നു.

സി ആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന; മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്‍റെ ജിപിഎസ് റെക്കോഡര്‍ കസ്റ്റഡിയിലെടുത്തു

keralanews nia-re examination in c apt the gps recorder of the vehicle carrying the religious book was taken into custody

തിരുവനന്തപുരം: നയതന്ത്രബാഗ് വഴി തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് എത്തിച്ച മതഗ്രന്ഥങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി വിതരണം ചെയ്ത സംഭവത്തില്‍ സി ആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന. ഖുര്‍ആന്‍ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ സംഘം ശേഖരിക്കുന്നു. വാഹനത്തിന്‍റെ ജിപിഎസ് റെക്കോഡര്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.രണ്ടാം തവണയാണ് എന്‍ഐഎ സംഘം സി ആപ്റ്റിലെത്തുന്നത്.നേരത്തെ സ്റ്റോര്‍ വിഭാഗത്തിലെ ജീവനക്കാരെയും മതഗ്രന്ഥം കൊണ്ടുപോയ വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തിരുന്നു. മന്ത്രി കെ. ടി ജലീലിന്‍റെ നി‍ര്‍ദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റില്‍ എത്തിച്ച 32 പാക്കറ്റ് മതഗ്രസ്ഥങ്ങള്‍ സ്ഥാപനത്തിലെ വാഹനത്തിലാണ് പല സ്ഥലങ്ങളിലെത്തിച്ചത്. നേരത്തെ കസ്റ്റംസും പരിശോധന നടത്തിയിരുന്നു.കസ്റ്റംസ് ശേഖരിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് എന്‍ഐഎ പരിശോധന.അതേസമയം ഖുറാന്‍ സി ആപ്റ്റിലെത്തിക്കാന്‍ താന്‍ തന്നെയാണ് നിര്‍ദ്ദേശം നല്‍കിയതെന്നും മന്ത്രിയെന്ന നിലയില്‍ നിര്‍വഹിക്കേണ്ട ചുമതല മാത്രമാണ് നിര്‍വഹിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഇന്നലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

കോവിഡിനെതിരായ വാക്‌സിന്‍ 100% ഫലപ്രാപ്തി നല്‍കണമെന്നില്ല; ഏതെങ്കിലും വാക്‌സിന്‍ 50 ശതമാനത്തിനു മുകളിൽ ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ ഉപയോഗത്തിനായി അനുമതി നല്‍കിയേക്കുമെന്ന് ഐസിഎംആര്‍

keralanews vaccine against covid may not be 100 percent effective the icmr may approve the use of any vaccine if its effectiveness exceeds 50 percent

ഡല്‍ഹി : കോവിഡിനെതിരായ വാക്‌സിന്‍ 100% ഫലപ്രാപ്തി നല്‍കണമെന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌. ഏതെങ്കിലും വാക്‌സിന്‍ 50 മുതല്‍ 100 ശതമാനം വരെ ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ ഉപയോഗത്തിനായി അനുമതി നല്‍കിയേക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു.ശ്വാസകോശ രോഗങ്ങള്‍ക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകള്‍ അപൂർവ്വമാണ്.വാക്‌സിനുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സുരക്ഷിതത്വം, രോഗപ്രതിരോധശേഷി, ഫലപ്രാപ്തി.ഇതില്‍ 50 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ അത് സ്വീകരിക്കാവുന്നതാണ്. എങ്കിലും നൂറ് ശതമാനം ഫലപ്രാപ്തിയാണ് ലക്ഷ്യമിടുന്നതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.നിലവില്‍ പരീക്ഷണം പുരോഗമിക്കുന്ന വാക്‌സിനുകളിലേതെങ്കിലും 50 ശതമാനത്തിനു മുകളില്‍ ഫലം നല്‍കിയാല്‍ പോലും അതു പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമാക്കുമെന്ന സൂചനയും ഐസിഎംആര്‍ നല്‍കി.പരീക്ഷണം അവസാന ഘട്ടത്തിലെത്തിയ വാക്‌സിനുകള്‍ പോലും വിജയിക്കാന്‍ പകുതി സാധ്യത മാത്രമാണുള്ളതെന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയംഗം ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.വാക്‌സിന്‍ പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് ഐ.സി.എം.ആര്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കുകയും വേണം. പ്രായമായ വ്യക്തികള്‍ ഉള്‍പ്പടെയുളളവരുടെ പ്രാതിനിധ്യം പരീക്ഷണത്തില്‍ ഉണ്ടാകണമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു.നിലവില്‍ മൂന്ന് വാക്‌സിനുകളുടെ പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് അനുമതി നല്‍കിയത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അനുമതി നല്‍കിയത്. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്ക് രോഗം ബാധിച്ചതോടെയാണ് വാക്‌സിന്‍ പരീക്ഷണം പാതിവഴിയില്‍ നിര്‍ത്തിയത്.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് പ്രഖ്യാപിച്ചു;ഇനി ക്വാറന്റീന്‍ ഏഴുദിവസം

keralanews relaxation in covid restrictions announced quarantine is now seven days

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് പ്രഖ്യാപിച്ചു. ഹോട്ടലുകളിലും റെസ്‌റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി. മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിവരുന്നവരും കേരളം സന്ദര്‍ശിക്കാനെത്തുന്നവരും 7 ദിവസത്തെ ക്വാറന്റീനില്‍ പോകണം. 7 ആം ദിവസം ടെസ്റ്റ് ചെയ്തു നെഗറ്റീവായാല്‍ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമല്ല.14 ദിവസത്തെ ക്വാറന്റീനാണ് ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം നിര്‍ദേശിക്കപ്പെടുന്നത്. ടെസ്റ്റ് നടത്താത്തവര്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ 100% ജീവനക്കാരും ജോലിക്കെത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റുമായി ഏതാനുംദിവസത്തേക്ക് എത്തുന്നവര്‍ക്ക് മടക്കയാത്രാ ടിക്കറ്റ് ഉണ്ടെങ്കില്‍ ക്വാറന്റീന്‍ വേണ്ടെന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്.

രാജ്യത്ത് 56 ലക്ഷത്തിലേറെ രോഗബാധിതര്‍;ആകെ മരണം 90,000 പിന്നിട്ടു

keralanews number of corona patients crosed 56 lakhs in india and death is 90000

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു ഇന്നലെ മാത്രം 83,347 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണം 90,000 കടന്നു. 56,46,010 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 45,87,613 പേര്‍ ഇത് വരെ രോഗമുക്തരായി. 89746 പേര്‍ കൂടി രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്ബോഴും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവാണ് കേന്ദ്രത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നത് ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന രോഗ ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്.

രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്. കേരളത്തിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തില്‍ ഇപ്പോള്‍ ഉളളതെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 100 ആളുകളെ പരിശോധിക്കുമ്പോൾ എത്ര പേര്‍ക്ക് രോഗമുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.7 ശതമാനമായിരുന്നു. കേരളത്തിലാകട്ടെ ഇത് 9.1 ശതമാനമാണ്. ഈ മാസം മാത്രം ഉറവിടം അറിയാത്ത 6,055 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഉറവിടം വ്യക്തമാകാത്ത 1,893 കേസുകള്‍ മാത്രമാണ് ഉണ്ടായത്.