തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതിൽ 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂര്‍ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂര്‍ 283, പത്തനംതിട്ട 188, കാസര്‍ഗോഡ് 238, വയനാട് 151, ഇടുക്കി 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂര്‍ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂര്‍ 215, പാലക്കാട് 206, മലപ്പുറം 399, കോഴിക്കോട് 403, വയനാട് 117, കണ്ണൂര്‍ 153, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 655 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
ന്യൂഡൽഹി:മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു.വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധന, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഏറെ ശ്രദ്ധേയനായ നേതാക്കളിലൊരാളായിരുന്നു ജസ്വന്ത് സിങ്. കരസേനയിലെ ജോലി രാജിവച്ചാണ് ജസ്വന്ത് സജീവ രാഷ്ട്രിയത്തില്‍ ഇറങ്ങിയത്. ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.1998-99 കാലത്തെ ആസൂത്രണ കമ്മീഷന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായും 2004-2009 കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും ജസ്വന്ത് സിംഗ് സേവനമുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1960കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും ശ്രദ്ധ നേടുന്നത് എണ്‍പതുകള്‍ മുതലാണ്.2014ല്‍ കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് ജസ്വന്ത് സി൦ഗിന് തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.ജൂണ്‍ 25നാണ് ഇദ്ദേഹത്തെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ഇട്ട യൂട്യൂബറെ മർദിച്ച സംഭവം;ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡബ്ബിംങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി വൈകിയാണ് വിജയ് പി നായർ ഇവർക്കെതിരെ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. ഓഫീസിൽ അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്തു മൊബൈൽ കൊണ്ടുപോയി എന്നീ കാര്യങ്ങൾ ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. മൊബൈൽ ഫോൺ, ലാപ്പ് ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയില്‍ മൂന്ന് പേർക്കുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
മലയാള സിനിമയിലെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചും കേരളത്തിലെ സ്ത്രീപക്ഷവാദികളെ കുറിച്ചും മറ്റും വിജയ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു പ്രതിഷേധം. സ്ത്രീകളെ പുലഭ്യം പറയരുത് എന്ന് പറഞ്ഞായിരുന്നു ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സനയുമാണ് പ്രതിഷേധിച്ചത്.വിഡിയോയിൽ ഭാഗ്യലക്ഷ്മിയും സനയും വിജയ് പി നായരെ മർദിക്കുകയും ഒടുവിൽ മാപ്പ് പറയിക്കുകയും ചെയ്യുന്നുണ്ട്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്റ്റാച്യുവില്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം.ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3199 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതിൽ 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്‍ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂര്‍ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസര്‍ഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 22, കണ്ണൂര്‍ 15, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂര്‍ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂര്‍ 147, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,447 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3446 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ലഹരിമരുന്ന് കേസ്;അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം നടി ദീപികയെ വിട്ടയച്ചു
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ അഞ്ച് മണിക്കൂറോളം ചോാദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ 9.50ഓടെയാണ് ദീപിക നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് മുൻപാകെ ഹാജരായത്. ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്. ദീപികക്ക് പുറമെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടേയും മാനേജര്‍ കരിഷ്മ പ്രകാശിന്റേയും പേരുകള്‍ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം.
ബിജെപി യുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; എ.പി അബ്ദുള്ളകുട്ടി ദേശീയ ഉപാധ്യക്ഷൻ
ദില്ലി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു.എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ അധ്യക്ഷൻ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് 23 പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബി.ജെ.പി ദേശീയ വക്താക്കളായി. പൂനം മഹാജന് പകരമായാണ് തേജ്വസി സൂര്യ യുവമോർച്ച അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻ.ടി.ആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു. അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.
മയക്കുമരുന്ന് കേസ്:ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ചോദ്യം ചെയ്യലിനായി എന്‍സിബി ഓഫീസിലെത്തി
മുംബൈ:നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് വിധേയയാവാന്‍ നടി ദീപിക പദുക്കോണ്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി. രാവിലെ 9.45 ഓടെയാണ് നടി മുംബൈയിലെ എന്‍സിബി ഓഫിസീലെത്തിയത്. നിര്‍ണായക ചോദ്യം ചെയ്യലുകള്‍ നടക്കുന്ന ഇന്ന് ദീപിക പദുക്കോണിന് പുറമെ പ്രമുഖ നടിമാരായ സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെയും ഇന്ന് ചോദ്യം ചെയ്യും. മൂവരോടും രാവിലെ പത്തരയോടെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ എത്താന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക എന്‍സിബി സംഘമായിരിക്കും നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുക എന്നാണ് വിവരം. മറ്റുള്ളവരെ മുംബൈയില്‍ നിന്നുള്ള സംഘവും ചോദ്യം ചെയ്യും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്സ് വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ പ്രകാശുമായി ദീപിക പദുക്കോണ്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരിഷ്മയ്ക്ക് സമന്‍സ് അയച്ചതിന് പിന്നാലെ ദീപികയ്ക്കും സമന്‍സ് നല്‍കുകയായിരുന്നു.അതിനിടെ, നടി രാകുല്‍പ്രീത് സിങ്ങിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂറോളമയിരുന്നു പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന് പുറമെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ മുതാ അശോക് ജെയിന്‍ പറഞ്ഞു. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട്; അന്വേഷണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ വിജിലന്‍സ് പരിശോധന നടത്തി
തിരുവനന്തപുരം:ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ വിജിലന്‍സ് പരിശോധന നടത്തി.കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ലൈഫ് കോഴ വിവാദത്തിൽ കോട്ടയം വിജിലൻസ് എസ്‍പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് സെക്രട്ടറിയേറ്റിൽ പരിശോധന നടന്നത്.തദ്ദേശസ്വയം ഭരണവകുപ്പ് പ്രവര്‍ത്തിക്കുന്ന അനക്‌സ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലായിരുന്നു പരിശോധന.ഒരു മണിക്കൂറില്‍ അധികം നീണ്ട പരിശോധനയില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകളുടെ ഫയലുകള്‍ അന്വേഷണ സംഘം ശേഖരിച്ചു.തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് ചില ഫയലുകൾ വിജിലൻസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷനില്‍ റെഡ്ക്രസന്‍റ് യൂണിടാകുമായി നടത്തിയ കരാറാണ് വിജിലൻസ് അന്വേഷണ പരിധിയിലുള്ളത്.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായിട്ടാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിനായി വിജിലന്‍സിനെ നിയോഗിച്ചത്. ലൈഫ് മിഷനില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റില്‍ എത്തിയത്. അന്വേഷണ സംഘത്തെ നിശ്ചയിച്ച ശേഷം നടന്ന ആദ്യ പരിശോധന കൂടിയാണിത്.
മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിർബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി
ന്യൂഡല്‍ഹി: മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി.ഗുണമേന്മ ഇല്ലാത്ത മധുര പലഹാരങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.ട്രേകളിലോ പാത്രങ്ങളിലോ വില്‍പനയ്ക്ക് വച്ചിരിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് നിര്‍ബന്ധമാണ്. കൂടാതെ പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ഇത് ബാധകമാണ്. നിര്‍മാണ തീയതിയും പ്രദര്‍ശിപ്പിക്കാവുന്നതാണ്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെതാണ് തീരുമാനം. ഇതിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത മധുരപലഹാരങ്ങളുടെ വില്‍പന തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി.
കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തുന്നു;തെരുവിലിറങ്ങി കർഷകർ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭം രാജ്യത്ത് ആളിക്കത്തുന്നു. 265 കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു. പ്രക്ഷോഭകര്‍ റോഡും റെയില്‍ ട്രാക്കുകളും ഉപരോധിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഹരിയാനയിലും പഞ്ചാബിലുമാണ് ശക്തമായ പ്രതിഷേധം അലയടിച്ചത്. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. അമ്ബാലയിലെ ഹരിയാന- പഞ്ചാബ് അതിര്‍ത്തി അടച്ചു. വിവിധ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിച്ചു. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. ഡെല്‍ഹിയിലേക്ക് നീങ്ങിയ കര്‍ഷക മാര്‍ച്ചുകള്‍ അതിര്‍ത്തികളില്‍ പൊലീസ് തടഞ്ഞു. 265 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് പ്രഖ്യാപിച്ച പ്രക്ഷോഭത്തില്‍ രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ റോഡ്-റെയില്‍ ഗതാഗതം തടഞ്ഞു. ബില്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധകര്‍ ദേശീയ മാധ്യമങ്ങളെ അറിയിച്ചു.കര്‍ഷകമാര്‍ച്ചുകള്‍ തടയുന്നതിന് ഡല്‍ഹി അതിര്‍ത്തികള്‍ കനത്ത പോലിസ് കാവലിലാണ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ (എഐകെഎസ് സിസി) നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധത്തില്‍ അണിനിരന്നു. കോ-ഓഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിക്കാത്ത നിരവധി സംഘടനകളും സമരത്തില്‍ പങ്കാളികളായി.റോഡ് ഉപരോധം, ട്രെയിന്‍ തടയല്‍, ഗ്രാമീണ ബന്ദ് റാലികള്‍, ബില്ലുകളുടെ കോപ്പി കത്തിക്കല്‍ തുടങ്ങിവിവിധ പ്രതിഷേധ രൂപങ്ങള്‍ രാജ്യമെമ്പാടും അലയടിച്ചു. ഡല്‍ഹി ജന്തര്‍ മന്ദിറില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെയും ട്രേഡ് യൂനിയനുകളുടെയും വിദ്യാര്‍ഥി-മഹിളാ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി 20,000 ത്തോളം സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നതായി എഐകെഎസ്സിസി ജനറല്‍ സെക്രട്ടറി അവിക് സാഹ പറഞ്ഞു.അതേസമയം കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. കര്‍ഷകരെ ഏറ്റവും അധികം സഹായിച്ചത് ബിജെപിയും എന്‍ഡിഎയുമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.