തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഉത്തരവില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത.പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാല്‍ നാളെ രാവിലെ മുതല്‍ ഒക്ടോബര്‍ 30 വരെ അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരുന്നത് അനുവദിക്കാനാകില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വ്യക്തത വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ ഇല്ലെന്നും കടകള്‍ അടച്ചിടില്ലെന്നും അദ്ദേഹം അറിയിച്ചു.സമ്പൂർണ്ണ ലോക്ഡൗണ്‍ അല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.ഓരോ പ്രദേശത്തെയും സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് 144 അനുസരിച്ച് നടപടിയെടുക്കാമെന്നതാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.അതേസമയം പാര്‍ക്കിലും ബീച്ചിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെമുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. അഞ്ചുപേരില്‍ കൂടുതല്‍ പൊതുഇടങ്ങളില്‍ കൂട്ടംകൂടിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാല്‍ മരണം, വിവാഹച്ചടങ്ങുകള്‍ എന്നിവയ്ക്ക് നിലവിലെ ഇളവുകള്‍ തുടരും.തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ആവശ്യമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാം.
കോവിഡ് വ്യാപനം രൂക്ഷം;സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒക്ടോബര്‍ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി.സംസ്ഥാനത്ത് വരെ 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു.വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാമെന്ന ഇളവ് നിലനില്‍ക്കും.ഒക്ടോബര്‍ മൂന്നിന് രാവിലെ ഒൻപത് മണിമുതല്‍ 31ന് അര്‍ദ്ധരാത്രി വരെയാണ് കൂടിച്ചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം.സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രോഗവ്യാപനം തടയുന്നതിന് ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കാന്‍ അതത് ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. ഇതില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസ്;കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു; ചോദ്യം ചെയ്തത് 36 മണിക്കൂര്‍
കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനൊടുവിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. 36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇന്നലെയാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.കരാട്ട് ഫൈസലിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് കൊടുവള്ളിയിലെ വീട്ടില്‍ നിന്നാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.മുമ്പ് 84 കിലോ സ്വര്‍ണം കൊണ്ടുവന്നതിലടക്കം ഫൈസല്‍ മുഖ്യകണ്ണിയായിരുന്നുവെന്നും മൊഴിയുണ്ട്. സ്വര്‍ണം വിറ്റത് കൂടാതെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയും നിർണായകമായിരുന്നു. സന്ദീപ് നായരെ കാണാനായി കാരാട്ട് ഫൈസൽ പലതവണ എത്തിയതായി സന്ദീപിന്‍റെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.അതേസമയം സ്വര്‍ണ്ണം കടത്തിയതില്‍ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകന്‍ അബ്ദുല്‍ നിസ്താര്‍ പറഞ്ഞു. ഫൈസലിനെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളില്‍ പ്രമുഖനാണ് കാരാട്ട് ഫൈസല്‍. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍ വാര്‍ഡിലെ കൗണ്‍സിലറാകും മുന്‍പ് സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഫൈസല്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികളുമായി കാരാട്ട് ഫൈസലിനുള്ള ബന്ധത്തെക്കുറിച്ചും കസ്റ്റംസ് ചോദിച്ചറിഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷം;സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല
തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.ഈ മാസം 15-നുശേഷം സംസ്ഥാനങ്ങള്‍ക്ക് സ്കൂള്‍ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ സ്കൂളുകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്തെ പല സ്കൂളുകളും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുമാണ്.മാത്രമല്ല ഈ മാസം പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടുകളും. അതുകൊണ്ടുതന്നെ സ്കൂള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.10,12 ക്ലാസ് വിദ്യാര്‍ഥികളെ സംശയനിവാരണത്തിനായി നിയന്ത്രണങ്ങള്‍ പാലിച്ചു സ്കൂളിലെത്താന്‍ അനുവദിക്കാമെന്നു നേരത്തേ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ കൂടി പരിഗണിച്ചാകും അന്തിമതീരുമാനം എടുക്കുക. കേരളത്തില്‍ കോവിഡിന്റെ സൂപ്പര്‍ സ്‌പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല.നാലാംഘട്ട തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകള്‍ക്ക് നൂറുപേര്‍വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഇക്കാര്യങ്ങളില്‍ നിലവിലുള്ള ഇളവുകള്‍മാത്രം മതിയെന്നാണു തീരുമാനം. വിവാഹങ്ങള്‍ക്ക് 50, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ എന്ന നിയന്ത്രണം തുടരും. കൂടാതെ ഓരോ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ 144 പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പോംവഴി. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ഉത്തരവ്. സിആര്‍പിസി 144 പ്രകാരമാണ് നടപടി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്‍മെന്‍റ് സോണുകളിലും തീവ്ര രോഗവ്യാപനമുള്ള പ്രദേശങ്ങളിലും കര്‍ശന നിയന്ത്രങ്ങള്‍ തുടരണം.
കോവിഡ് സർട്ടിഫിക്കറ്റിനെ ചൊല്ലി തർക്കം; സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറോളം യാത്രക്കാര്‍ക്ക് വിമാനയാത്ര നിഷേധിച്ചു
കണ്ണൂർ:കോവിഡ് സർട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറോളം യാത്രക്കാര്‍ക്ക് വിമാനയാത്ര നിഷേധിച്ചു.കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറോളം യാത്രക്കാർക്കാണ് വിമാനയാത്ര നിഷേധിക്കപ്പെട്ടത്. സ്വകാര്യ ലാബിന്റെ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുളള തര്‍ക്കം കാരണമാണ് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ദുബായിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറോളം പേര്‍ക്ക് വിമാനക്കമ്പനികൾ യാത്ര നിഷേധിച്ചത്.കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി. മൈക്രോലാബിന്റെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.വൈകിട്ട് പുറപ്പെടാനുളള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ വിമാത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. മൈക്രോ ഹെല്‍ത്ത് ലാബിന്റെ വിലക്ക് മൂലം മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട് സ്വദേശികളായ അൻപതിലേറെ പേരെ മടക്കി അയച്ച വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. ഉളിയത്തടുക്കയിലെ സ്വകാര്യ ലാബിന് മുന്നില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.നേരത്തെ മെക്രോലാബ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായി യാത്രചെയ്തയാള്‍ക്ക് ദുബായിലെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നിലവില്‍ വന്നത്. മൈക്രോ ഹെല്‍ത്ത് ലാബ് സര്‍ട്ടിഫിക്കറ്റ് ദുബായ് വിലക്കിയത് യാത്രക്കാരെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.
സംസ്ഥാനത്ത് നാളെ സര്‍വകക്ഷിയോഗം; ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ചയാകും
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിച്ചു.നാളെ വൈകിട്ട് നാലുമണിക്കാണ് യോഗം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട നിയന്ത്രണനടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊവിഡ് രൂക്ഷമായ നിലയില്‍ സര്‍ക്കാര്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കളക്‌ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍,ഡിജിപി,ആരോഗ്യ വിദഗ്‌ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണെന്നും ജില്ലയിലെ രണ്ട് താലൂക്കുകള്‍ അടച്ചിടണമെന്നും ജില്ലാ ഭരണഗൂഡം നിര്‍ദേശം വെച്ചിട്ടുണ്ട്.അതേസമയം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങളായുള്ള പ്രത്യക്ഷസമരങ്ങള്‍ അവസാനിപ്പിക്കുന്നതായി യുഡിഎഫ് അറിയിച്ചു.
കോവിഡ് മുക്തയായ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടകുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കോഴിക്കോട്:കോവിഡ് മുക്തയായ പൂര്‍ണ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടകുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നതിനിടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ.മഞ്ചേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുയര്‍ന്ന സംഭവം വളരെ വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യമന്ത്രി വിഷയം അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് സര്‍ക്കാര്‍ ആശുപത്രികളടക്കം അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന് പിന്നാലെ 14 മണിക്കൂറാണ് കൊണ്ടോട്ടി കീഴിശ്ശേരി സ്വദേശിനിയായ ഷഹലയ്ക്ക് ചികില്‍സ വൈകിയത് എന്നാണ് ആരോപണം. ഗര്‍ഭിണിയും കോവിഡ് ബാധിതയുമായിരുന്ന സഹല മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് ചികിത്സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുൻപാണ് വീട്ടിലേക്ക് പോയത്. പിന്നാലെ കഴിഞ്ഞ ദിവസം കടുത്ത വേദനയെ തുടർന്ന് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തി.എന്നാല്‍ കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് അധികൃതര്‍ നിലപാടാണ് സ്വീകരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ഭര്‍ത്താവ് ഷെരീഫിന്റെ പരാതി. സ്വകാര്യ ആശുപത്രികള്‍ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് ഷെരീഫ് പറയുന്നു.ചികില്‍സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് തരണമെന്ന ആവശ്യവും മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചതോടെയായിരുന്നു കുടുംബം യുവതിയുമായി സ്വകാര്യ അശുപത്രിയിലേക്ക് നീങ്ങിയത്. ഉച്ചയോടെ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. പിന്നീട് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ശാന്തി ആശുപത്രിയെ സമീപിച്ചെങ്കിലും ആര്‍ടി പിസിആര്‍ പരിശോധന ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാന്‍ കഴിയുള്ളു എന്ന് നിലപാട് എടുത്തു. മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോഴും ഇത് തന്നെയായിരുന്നു മറുപടി. തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേയ്ക്കും ഒരു പാട് വൈകിയിരുന്നു. പിന്നീട് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
പാലാരിവട്ടം പാലം പൊളിക്കല്‍ നടപടികൾ തുടങ്ങി
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം പൊളിക്കല്‍ നടപടികൾ തുടങ്ങി.ഇതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. ടാറിംഗ് ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം പുരോഗമിക്കുന്നത്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്‍റെ പുനര്‍നിര്‍മാണം നടക്കുക.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. പാലത്തിന്‍റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. ടാര്‍ നീക്കം ചെയ്യല്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഊരാളുങ്കല്‍ ചീഫ് എന്‍ജിനീയര്‍ എ പി പ്രമോദ് പറഞ്ഞു.ആദ്യ ഘട്ടത്തില്‍ ടാറിംഗ് നീക്കുന്ന ജോലികളാണ്. രണ്ടാം ഘട്ടത്തില്‍ ഗർഡറുകൾ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാകും മുഴുവൻ ഗർഡറുകളും മുറിച്ച് മാറ്റുക. ശേഷം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായും നീക്കം ചെയ്യുന്നതാണ് അടുത്ത ഘട്ടം. അവശേഷിക്കുന്ന ഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും ഭാഗികമായും നീക്കം ചെയ്യും.ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി മുന്‍കരുതല്‍ സ്വീകരിച്ചായിരിക്കും പണി നടക്കുക. ഇതിനായി കൃത്യമായി സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ച് നീക്കാനാണ് തീരുമാനം.പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചിലവ് കണക്കാക്കുന്നത്. പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് തന്നെ പുനരുപയോഗിക്കും. പൊളിച്ച് മാറ്റുന്ന ഗർഡറുകളുടെ അവശിഷ്ടങ്ങൾ കടൽഭിത്തി നിർമ്മാണത്തിനടക്കം ഉപയോഗിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.
കാർഷിക ബില്ലിനെതിരായ പ്രക്ഷോഭം; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം.പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ചത്.5-20 പേര്‍ ചേര്‍ന്നാണ് ട്രാക്റ്റര്‍ കത്തിച്ചതെന്ന് ഡല്‍ഹി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. തീയണച്ച് ട്രാക്റ്റര്‍ ഇവിടെ നിന്ന് മാറ്റിയതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.15 മുതല്‍ 20 വരെ ആളുകള്‍ രാവിലെ 7.15 നും 7.30 നും ഇടയില്‍ ഒത്തുകൂടി ട്രാക്ടറിന് തീയിടുകയായിരുന്നു. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി പോലിസ് പറഞ്ഞു.പ്രതിഷേധങ്ങക്കിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പുവച്ചിരുന്നു. ഇതോടെ മൂന്ന് വിവാദ ബില്ലുകളും നിയമമായി. രാജ്യസഭയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പാസാക്കിയതിനാല്‍ ബില്ലുകള്‍ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.മോദി സര്‍ക്കാരിന്റെ സുപ്രധാന പരിഷ്‌കരണ നടപടിക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പച്ചക്കൊടി കാണിച്ചത്. ഇനി മുതല്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള വിപണികള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് യഥേഷ്ടം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത്. കോര്‍പറേറ്റ് കമ്പനികൾക്ക് കര്‍ഷകരുമായി കരാറുണ്ടാക്കി കൃഷി നടത്താനും നിയമം പ്രാബല്യത്തിലായതോടെ അവസരമൊരുങ്ങി.
തിരുവനന്തപുരം കിളിമാനൂരില്‍ വാഹനാപകടം; നാലുമരണം
തിരുവനന്തപുരം:കിളിമാനൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു.കഴക്കൂട്ടം സ്വദേശിയായ ലാല്‍, നിജീബ്, വെഞ്ഞാറമൂട് സ്വദേശികളായ ഷമീര്‍, സുല്‍ഫി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വെഞ്ഞാറമൂട് സ്വദേശിയായ നിവാസ് എന്നയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് തകരുകയായിരുന്നു.കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശ വാസികളും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.