കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കേസ് 23 ആം തിയതി വീണ്ടും പരിഗണിക്കും. ഇഡി കേസിലെ ജാമ്യ ഹര്‍ജിയിലും അന്ന് തീരുമാനം വരും. കസ്റ്റംസ് തന്നെ ക്രിമിനലിനെ പോലെ പരിഗണിക്കുന്നുവെന്ന വാദവുമായാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്.കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഏതു കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും കസ്റ്റംസ് നല്‍കിയിരുന്നില്ല. അറസ്റ്റിനുള്ള ശ്രമമാണ് കസ്റ്റംസ് നടത്തിയത്. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കാന്‍ തയാറാണെന്ന് കസ്റ്റംസ് അറിയിച്ചു. 23നകം തെളിവുകള്‍ ഹാജരാക്കുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് അറിയിച്ച കസ്റ്റംസ് അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ വാദം അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്.സ്വര്‍ണവും ഡോളറും കടത്തിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മൊഴികള്‍ പരസ്പരവിരുദ്ധവും അവിശ്വസനീയവുമെന്നു കസ്റ്റംസ് വിലയിരുത്തുന്നുണ്ട്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് പിണറായി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും കെ എസ് ഐ ഡി സി യും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും ടി ആര്‍ രവിയും അടങ്ങുന്ന ബഞ്ചാണ് തള്ളിയത്. വിമാനത്താവള നടത്തിപ്പിന് കൈമാറാനുള്ള നടപടി നയപരമായ തീരുമാനമാണന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു.ഉയര്‍ന്ന തുക ക്വോട്ട് ചെയ്തവര്‍ക്ക് ടെന്‍ഡര്‍ നല്‍കില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാവില്ലന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.ടെന്‍ഡര്‍ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാന്‍ ആകില്ല. ഒരു എയര്‍പോര്‍ട്ട് ന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ട് ലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന സര്‍ക്കാര്‍ വാദവും ശരിയല്ല. ലേല നടപടികള്‍ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.വിമാനത്താവളങ്ങള്‍ പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചത് പൊതു ജന താല്‍പ്പര്യാര്‍ത്ഥമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു.മുന്‍പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. മുന്‍പരിചയമുള്ള സര്‍ക്കാരിനെ അവഗണിച്ച്, സര്‍ക്കാരിന്റെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാല്‍പ്പര്യത്തിന് എതിരാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചെങ്കിലും ഇതെല്ലാം കോടതി തള്ളിക്കളഞ്ഞിരുന്നു.ഒരുയാത്രക്കാരന് 168 രൂപ ഫീ വാഗ്ദാനം ചെയ്ത അദാനി 135 രൂപ വാഗ്ദാനം ചെയ്ത കെഎസ്‌ഐഡിസിയെ തോല്‍പിച്ചാണ് വിമാനത്താവള നടത്തിപ്പു സ്വന്തമാക്കിയത്.
അറസ്റ്റിന് സാധ്യത;എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: മുഖ്യ മന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ നല്‍കാന്‍ കസ്റ്റംസ് തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നീക്കം നടത്തിയത്.സ്വർണകടത്തിന് പുറമേ വിദേശ കറൻസി കടത്താൻ പ്രതികളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കർ കസ്റ്റംസ് അന്വേഷണം നേരിടുന്നത്.ശിവശങ്കറിന് ചികിത്സ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് സംഘടിപ്പിക്കും. നടുവിനും കഴുത്തിനും വേദനയെന്നാണ് ശിവശങ്കര്‍ ഇന്നലെ ഡോക്ടര്‍മാരോട് അറിയിച്ചത്. ഇതനുസരിച്ചുള്ള പരിശോധനകളും നടത്തി. ഇന്നലെ ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം കൂടിയില്ല. പരിശോധനാ ഫലം വിലയിരുത്തി ശിവശങ്കറിന്റെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാവും.ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിൻ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടർ നടപടികളിൽ നിർണായകമാകും.ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാനാണ് കസ്റ്റംസ് തീരുമാനം.
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഗുരുതര വീഴ്ച;രോഗി മരിച്ചത് ഓക്സിജന്‍ കിട്ടാതെ;നഴ്സിങ് ഓഫിസറുടെ ശബ്ദരേഖ പുറത്ത്
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം.കോവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്‌സിംഗ് ഓഫീസര്‍ വെളിപ്പെടു ത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നു.ഫോര്‍ട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.പല രോഗികളുടേയും ഓക്സിജന്‍ മാസ്കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്‍റിലേറ്ററിന്‍റെ ട്യൂബുകള്‍ ശരിക്കാണോ എന്ന് ഐ.സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. പക്ഷേ, നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണമെന്നും നഴ്‍സിംഗ് സൂപ്രണ്ട്, തന്‍റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു.കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പില്‍ നഴ്സിങ് ഓഫിസര്‍ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെക്കുറിച്ചുള്ള പരാമര്‍ശം.എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിനെ പറ്റി ഉയര്‍ന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.
സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസ്.ശിവശങ്കറിന് ചികിത്സ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗവും ഇന്ന് ചേരും. നടുവിനും കഴുത്തിനും വേദനയെന്നാണ് ശിവശങ്കര്‍ ഇന്നലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്.ഇതനുസരിച്ച് വിവിധ പരിശോധനകളും നടത്തിയിട്ടുണ്ട്. ഇന്നലെ ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നില്ല. പരിശോധനാ ഫലം വിലയിരുത്തി ശിവശങ്കറിന്റെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഐസിയുവില്‍ കഴിയുന്ന എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത നടുവേദന തുടരുന്നതായി ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്.ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിന്‍ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടര്‍ നടപടികളില്‍ നിര്‍ണായകമാകും.ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. വിദഗ്‍ധ പരിശോധനയ്ക്ക് ചികിത്സ ആശുപത്രിയില്‍ തന്നെ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്താല്‍ കസ്റ്റംസ് നീക്കങ്ങള്‍ക്ക് തല്‍ക്കാലം തിരിച്ചടിയാകും. കസ്റ്റംസ് തീരുമാനിച്ചത് പോലെ ചോദ്യം ചെയ്യലോ അറസ്റ്റോ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ നടന്നേക്കില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് നല്‍കിയാലും ശിവശങ്കറിനോട് വിശ്രമം നിര്‍ദ്ദേശിക്കാനാണ് സാധ്യത.
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7991 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മലപ്പുറം 1445, തൃശൂര്‍ 1079, എറണാകുളം 525, കോഴിക്കോട് 888, തിരുവനന്തപുരം 576, പാലക്കാട് 383, കൊല്ലം 651, ആലപ്പുഴ 604, കണ്ണൂര്‍ 328, കോട്ടയം 358, കാസര്‍ഗോഡ് 270, പത്തനംതിട്ട 153, ഇടുക്കി 87, വയനാട് 117 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ഇന്ന് 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 200ല്‍പരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 860, കൊല്ലം 718, പത്തനംതിട്ട 302, ആലപ്പുഴ 529, കോട്ടയം 217, ഇടുക്കി 63, എറണാകുളം 941, തൃശൂര്‍ 1227, പാലക്കാട് 343, മലപ്പുറം 513, കോഴിക്കോട് 1057, വയനാട് 144, കണ്ണൂര്‍ 561, കാസര്‍ഗോഡ് 516 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
എം ശിവശങ്കറിനെ പി ആർ എസ് ഹോസ്പിറ്റലിൽ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചു.ശിവശങ്കറിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരന്‍ തട്ടിക്കയറിയത്. ദൃശ്യം പകര്‍ത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഇയാളുടെ കൈയ്യേറ്റം. സംഭവത്തില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.മാദ്ധ്യമപ്രവര്‍ത്തകരുടെ കൈയ്യിലുളള സ്റ്റില്‍ ക്യാമറകള്‍ തട്ടികളയാനുളള ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി. ആംബുലന്‍സ് ശിവശങ്കറിനേയും കൊണ്ട് ആശുപത്രിയില്‍ നിന്നും തിരിച്ചതിന് പിന്നാലെ ഇയാള്‍ ആശുപത്രിക്കകത്തേക്ക് ഓടി ഒളിക്കുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ജീവനക്കാരനെതിരെ പൊലീസിന് പരാതി എഴുതി നല്‍കിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.ഉച്ചയ്ക്ക് രണ്ടേകാലോടെ ആംബുലൻസിലാണ് ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആദ്യം ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനായിരുന്നു തീരുമാനം.എന്നാല്‍ കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. എംആർഐ സ്കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ; അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്
തിരുവനന്തപുരം:ആരോഗ്യവകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ.അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്.നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല്‍ തന്നെയാണ് ഇച്ഛാശക്തിയോടെ കര്‍ശനമായ നടപടി സ്വീകരിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.385 ഡോക്റ്റർമാർക്ക് പുറമേ 5 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.385 ഡോക്റ്റർമാർക്ക് പുറമേ 5 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.നിലവിലെ അവസ്ഥയിൽ ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും.സര്‍വീസില്‍ പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ദൃശ്യമാധ്യമങ്ങളില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ മറുപടി നല്‍കിയതും ജോലിയില്‍ പ്രവേശിച്ചതും വളരെ കുറച്ച് പേരാണ്. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ശിവശങ്കര്‍ ആശുപത്രിയില്‍ തുടരുന്നു;ആരോഗ്യനില തൃപ്തികരം;ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ട്
തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ശിവശങ്കറിനെ ഇന്ന് രാവിലെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അതേസമയം ശിവശങ്കര്‍ 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടര്‍ന്നേക്കും. 12 മണിക്കൂര്‍ ഐസിയുവിലും 12 മണിക്കൂര്‍ വാര്‍ഡിലും പാര്‍പ്പിക്കാനാണ് സാധ്യത. അതിനിടെ ശിവശങ്കറിന്റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ശിവശങ്കറിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുന്നതും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് നാടകീയമായി കസ്റ്റംസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത് ഓഫീസിലേക്ക് കൊണ്ടുവരുന്ന വഴിയ്ക്കാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. തുടര്‍ന്ന് ഭാര്യ ജോലി ചെയ്യുന്ന കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ശിവശങ്കറിനെ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍ഐഎ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.വെള്ളിയാഴ്ച കസ്റ്റംസ് അപ്രതീക്ഷിതമായാണ് ശിവശങ്കറിന്റെ വീട്ടിലെത്തുന്നത്. നോട്ടിസ് നല്‍കി വിളിപ്പിക്കുന്നതിനുപകരം കൂടെച്ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറില്‍ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.അപ്രതീക്ഷിതനീക്കത്തില്‍ അറസ്റ്റ് ഭയന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് സൂചന.
സ്വർണ്ണക്കടത്ത് കേസ്;ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം; വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം. കസ്റ്റംസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ശിവശങ്കറിന് ദേഹാസ്വസ്ഥ്യമുണ്ടായി.ഇതേ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുപോകും വഴി ശിവശങ്കറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് കൂടുതല്‍ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ശിവശങ്കറിന്‍റെ ഇസിജിയില്‍ വ്യത്യാസമുണ്ട്. രക്തസമ്മര്‍ദവും കൂടിയ നിലയിലാണ്.അതിനാല്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബാഹ്യ ശക്തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും കാണിച്ച് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.