News Desk

കണ്ണൂർ പള്ളിക്കുളത്ത് ഗ്യാസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 7 വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു

keralanews two persons including 7 year old boy were killed when gas lorry collided with bike at pallikulam in kannur

കണ്ണൂർ: പള്ളിക്കുളത്ത് ഗ്യാസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 7 വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു.ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബുവും കൊച്ചുമകനുമാണ് മരിച്ചത്.കണ്ണൂരില്‍ നിന്നും പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തില്‍ പിന്നില്‍ നിന്നുവന്ന ഗ്യാസ് ലോറി അതിശക്തമായി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇവരുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിൽ ഏറെ നേരം വാഹന ഗതാഗതം മുടങ്ങി.

1000 കോടി രൂപയുടെ ഹെറോയിനുമായി മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു; കൊച്ചിയില്‍ 20 മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

keralanews 1000 crore worth of heroin seized from fishing boats 20 fishermen arrested in kochi

കൊച്ചി: ലക്ഷദ്വീപിന് അടുത്തുള്ള പുറംകടലില്‍ വന്‍ ലഹരി മരുന്ന് വേട്ട. 220 കിലോ ഹെറോയിനുമായി മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു. അഗത്തിക്കടുത്ത് പുറംകടലില്‍ നിന്നാണ് കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് ആയിരം കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നുള്ള രണ്ട് ബോട്ടുകളിലായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.ബോട്ടിൽ നിരവധി പാക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. സമീപകാലത്ത് നടത്ത് ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് കൊച്ചിയിൽ നടന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരിൽ കുളച്ചൽ സ്വദേശികളും മലയാളികളുമായ മത്സ്യത്തൊഴിലാളികൾ ഉണ്ടെന്നാണ് വിവരം. നിലവിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

കാസർകോഡ് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Drowning victims, Hand of drowning man needing help. Failure and rescue concept.

കാസർകോഡ്:പെരിയയിൽ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെര്‍ക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകന്‍ ദില്‍ജിത് (14), രവീന്ദ്രന്റെ മകന്‍ നന്ദഗോപാല്‍ (14) എന്നിവരാണ് മരിച്ചത്. പെരിയ ചെര്‍ക്കപ്പാറ ഗവ. സ്‌കൂളിന് സമീപത്തെ കുളത്തിലാണ് അപകടം നടന്നത്. ചെറക്കപ്പറ ഇന്‍ഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍.വൈകീട്ട് അഞ്ച് മണിയോടെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു നാലംഗ സംഘം. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. കുളത്തില്‍ മുങ്ങി 20 മിനിറ്റിനുശേഷമാണ് രണ്ടുപേരെയും പുറത്തെടുത്തത്.നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് നിന്നുമുള്ള അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കലാവസ്ഥാ വകുപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്

keralanews meteorological department warns of heavy rains in the state red alert in four districts

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അറബിക്കടലിനും കേരളത്തിനും മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും അതിതീവ്ര മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും വിലക്കുണ്ട്. നേരത്തെ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.2022 മെയ് 17 മുതൽ മെയ് 21 വരെ കേരളത്തിൽ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിലേക്ക് നീങ്ങുന്ന കാലവർഷം മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലേക്കും അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും എത്തിച്ചേരും. മെയ് 27-ഓടെ കാലവർഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

കണ്ണൂരിൽ യുവ ക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ;ജാസിം വൻ മയക്കുമരുന്ന് റാക്കറ്റിലെ അംഗമെന്ന് പോലീസ്

keralanews young cricketer arrested in kannur drug case police say jasim is a member of a big drug racket

കണ്ണൂർ: കണ്ണൂരിൽ യുവ ക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ് ജാസിമിനെയാണ് മഹാരാഷ്‌ട്രയിൽ നിന്നെത്തിയ പോലീസ് സംഘം വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ജാസിം എന്നാണ് സൂചന.മഹാരാഷ്‌ട്ര, ഡൽഹി, കർണാടകം, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വേരുകളുള്ള വൻ മയക്കുമരുന്ന് റാക്കറ്റിലെ അംഗമാണ് മുഹമ്മദ് ജാസിമെന്നും പോലീസ് വ്യക്തമാക്കി. ഡൽഹിയിലും രത്‌നഗിരിയിലും നടന്ന റെയ്ഡിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രത്‌നഗിരി പോലീസ് തലശേരിയിലെത്തിയത്. മലയാളികളായ രണ്ടു യുവതികൾ ഉൾപ്പെടെ അഞ്ച് യുവതികൾ ഈ റാക്കറ്റിലെ കണ്ണികളാണെന്നും സൂചനകളുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായും മഹാരാഷ്‌ട്ര പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ രണ്ടു പേർ ഡാൻസ് ബാർ നർത്തകികളാണെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.ജില്ലാ ക്രിക്കറ്റ് ടീമിലും സംസ്ഥാനതല മത്സരങ്ങളിലും ഉൾപ്പെടെ പങ്കെടുത്തിട്ടുള്ളയാളാണ് പ്രതി.കുറച്ചു നാളുകളായി ക്രിക്കറ്റ് മത്സരങ്ങളിൽ ജാസിം പങ്കെടുത്തിരുന്നില്ലെന്നും കൂടുതൽ സമയവും അന്തർ സംസ്ഥാന യാത്രകളിലായിരുന്നുവെന്നും മുൻ കാലത്തു ജാസിമിന്റെ കൂടെ ക്രിക്കറ്റ് കളിച്ചിരുന്ന യുവാക്കൾ വ്യക്തമാക്കുന്നു.

കനത്ത മഴ;തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു;ഞായറാഴ്ച നടത്തും

keralanews heavy rain thrissur pooram fireworks postponed

തൃശൂർ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു.കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച വൈകിട്ട് നടത്താനാണ് താൽകാലികമായി തീരുമാനിച്ചിരിക്കുന്നത്.പകൽ പൂരത്തിന് ശേഷം മഴ തോർന്നതിനാൽ വെടിക്കെട്ട് നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഞ്ച് മണിയോടെ വീണ്ടും മഴ ശക്തമാകുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ നിർദേശത്തെ തുടർന്നാണ് ഞായറാഴ്ച വൈകിട്ട് നടത്താമെന്ന താൽകാലിക തീരുമാനത്തിലേക്ക് ദേവസ്വം അധികൃതരെത്തിയത്. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ വെടിക്കെട്ട് വീണ്ടും നീണ്ടുപോയേക്കാം.തൃശൂർ പൂരം ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വെടിക്കെട്ട്. പൂരപ്രേമികളിൽ വെടിക്കെട്ടിന് കാത്തിരിക്കുന്നവർ അനവധിയാണ്. ഇന്നലെ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവെച്ചപ്പോൾ നഗരത്തിലെത്തിയ പതിനായിരക്കണക്കിന് വെടിക്കെട്ട് ആസ്വാദകരാണ് നിരാശരായി മടങ്ങിയത്.

പകര്‍ച്ചവ്യാധി; പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേരളം

keralanews contagious-disease-kerala-ready-to-strengthen-defense

തിരുവനന്തപുരം:കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹചര്യം മുന്നില്‍ കണ്ട് പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്.ഇതിനായി എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിക്കും.പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ച്‌ കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദേശം നല്‍കി. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്‌1 എന്‍1, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കണം.കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വെള്ളം ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണവും വെള്ളവും അടച്ച്‌ സൂക്ഷിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. കൊതുക് കടിയേല്‍ക്കാതെ നോക്കണം. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നടിയെ ആക്രമിച്ച കേസ്;കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

keralanews actress attack case crime branch questioned kavya madhavan

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം മടങ്ങിയത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന സംഘവും ദിലീപിന്റെ വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു.എന്നാല്‍ ആലുവയിലെ വീട്ടില്‍വച്ച്‌ ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇവിടെ വച്ച്‌ ചോദ്യം ചെയ്തത്.കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി നൽകിയിരിക്കുന്ന കാലാവധി ഈ മാസം 31 ന് അവസാനിക്കും. എന്നാൽ കാവ്യയുൾപ്പെടെ കേസിൽ നിർണായക മൊഴി നൽകുമെന്നു കരുതുന്നവരുടെ ചോദ്യം ചെയ്യൽ ബാക്കിയായിരുന്നു. ഇതേ തുടർന്നാണ് വേഗം കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലില്‍ നടി സഹകരിച്ചോ എന്ന വിവരം അധികൃതര്‍ പുറത്തുവിട്ടില്ല.കാവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർ നീക്കങ്ങൾ നടത്തും.

കാസർകോഡ് ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

keralanews incident of student died after eating shawarma lookout notice issued against shop owner

കാസർകോഡ്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂള്‍ ബാറിന്റെ ഉടമ വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരില്‍നിന്നും ശേഖരിച്ച ഷവര്‍മ സാംപിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായിരുന്നു.ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാംപിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.

ഭക്ഷ്യ വിഷബാധ; സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്;പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതായി റിപ്പോർട്ട്

keralanews food poisoning food safety department tightens inspections in state

തിരുവനന്തപുരം:സംസ്ഥാനത്ത് പലയിടത്തും ഭക്ഷ്യ വിഷബാധ റിപ്പോട്ട് ചെയ്തതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്.പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതായാണ് റിപ്പോർട്ടുകൾ.തിരുവനന്തപുരം നെടുമങ്ങാട് ബാര്‍ ഹോടെല്‍ സൂര്യ, ഇന്ദ്രപ്രസ്ഥ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകളുടെ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉള്‍പെടെയും എസ് യു ടി ആശുപത്രിയിലെ മെസില്‍ നിന്നും കാന്റീനില്‍ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെടുത്തതായും റിപോര്‍ടുണ്ട്.കച്ചേരി ജംക്ഷനില്‍ മാര്‍ജിന്‍ ഫ്രീ ഷോപില്‍ സാധനങ്ങള്‍വച്ച മുറിയില്‍ എലിയെ പിടിക്കാന്‍ കൂടുവെച്ച നിലയിലായിരുന്നു. ഈ മാര്‍ജിന്‍ ഫ്രീ ഷോപിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. കാസര്‍കോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ പഴകിയ മീന്‍ പിടികൂടി. വില്‍പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍കറ്റിലെത്തിച്ച 200 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്.കൊച്ചിയിലും ഇടുക്കിയിലും ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. തൊടുപുഴയിലെ നാല് സ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കി.സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയില്‍, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 110 കടകളാണ് വെള്ളിയാഴ്ചവരെ പൂട്ടിച്ചത്. വെള്ളിയാഴ്ചവരെ 347 സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കുകയും ചെയ്തിരുന്നു.ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. വിവിധ ജില്ലകളിലായി വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകള്‍ കര്‍ശനമായി നടന്നു തുടങ്ങിയത്.