തിരുവനന്തപുരം:നാടകീയ രംഗങ്ങൾക്കൊടുവിൽ 27 മണിക്കൂർ നീണ്ട തിരച്ചിൽ നടപടികൾ പൂർത്തിയാക്കി ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് സംഘം മടങ്ങി.തിരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള മഹ്‌സറില്‍ ഒപ്പുവെയ്ക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. പിന്നീട് ഇവരുടെ അമ്മയുടെ മൊബൈൽ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത് സംബന്ധിച്ച് മാത്രം ഇവര്‍ ഒപ്പിട്ടു നല്‍കി. ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റും പോലീസിനെ അറിയിച്ചിട്ടുണ്ട്.എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്റെ ഭാര്യാമാതാവ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനെതിര മനുഷ്യാവകാശ കമ്മിഷനേയും വനിതാ കമ്മിഷനേയും സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ഇഡിയുടെ പരിശോധനയ്‌ക്കെതിരെ സിജെഎം കോടതിയില്‍ ബന്ധുക്കള്‍ ഹര്‍ജി നല്‍കി.അതേസമയം വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പോലീസ് തടഞ്ഞു. ബിനീഷിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. താമസ സ്ഥലത്ത് എത്തിയാല്‍ വിശദീകരണം നല്‍കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്.മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന റെയ്ഡ് 27 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്.ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ കേരളത്തിലെ ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്‍കി.
ശിവശങ്കറിനെ ആറ് ദിവസത്തേക്കു കൂടി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ട് കോടതി
കൊച്ചി: എം. ശിവശങ്കറെ ആറ് ദിവസത്തേക്കു കൂടി എന്‍ഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയില്‍ വിട്ടു. തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.ലൈഫ് മിഷനും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് വാട്‌സ്‌ആപ്പ് ചാറ്റിലൂടെ കൈമാറിയെന്ന് ഇഡി കോടതിയില്‍ വ്യക്കമാക്കി. ചോദ്യം ചെയ്യലിന്‍റെ ആദ്യദിവസങ്ങളില്‍ ശിവശങ്കര്‍ സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചു. സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍, ലൈഫ് മിഷന്‍ എന്നീ പദ്ധതികളില്‍ സ്വപ്നയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ വ്യക്തമാക്കി. അതേസമയം, ലൈഫ് മിഷനും ഇഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ബിനീഷ് കോടിയേരിയുടെ ഭാര്യയെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതായി ആരോപണം;ബന്ധുക്കൾ ഗെയ്റ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് മുൻപിൽ ബന്ധുക്കളുടെ പ്രതിഷേധം. ബിനീഷിന്റെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും മക്കളുമാണ് എത്തിയത്. വീട്ടുകാരെ കണ്ടില്ലെങ്കില്‍ സത്യഗ്രഹമിരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞുങ്ങളും അസുഖമുള്ളവരും വീടിനകത്തുണ്ടെന്നും ഇവരെ കാണാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇഡിയുടെ നടപടിക്കെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.അതേസമയം അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. ബന്ധുക്കളിലൊരാള്‍ താന്‍ അഭിഭാഷകയാണെന്ന് അറിയിച്ചിട്ടും കടത്തിവിടാനാവില്ലെന്ന നിലപാടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കള്‍ പറയുന്നു. ഇതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവിടെ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പ്രതികരിച്ചു. ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണം വീടിനകത്തെത്തിച്ചു. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.റെയ്ഡിനിടെ അനൂപ് മുഹമ്മദിന്‍റെ ക്രഡിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച് മഹസർ രേഖകളിൽ ഒപ്പു വെക്കാൻ ബിനീഷിന്‍റെ ഭാര്യ തയ്യാറായില്ല.ഇതോടെ രാത്രി മുഴുവനും ഈ നേരംവരെയും അന്വേഷണ ഉദ്യോഗസ്ഥരും വീട്ടില്‍ തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കല്‍;ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചു;ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇ ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.എന്നാല്‍ ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്‍റ് അപേക്ഷ നല്‍കുമെന്നാണ് സൂചന. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസും നടപടി ആരംഭിച്ചിട്ടുണ്ട് .കേസിലെ മറ്റ് പ്രതികളായ സരിത് ,സന്ദീപ്, സ്വപ്ന എന്നിവരെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് ഇഡിക്ക് കോടതി അനുമതി നൽകിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ കിട്ടുണമെന്നാണ് ഇഡിയുടെ ആവശ്യം.എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയെ ഇഡി കോടതിയില്‍ ശക്തമായി എതിര്‍ക്കും. ശിവശങ്കറിന്‍റെ സ്വത്ത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടവരുമെന്നാണ് ഇഡിയുടെ നിലപാട്.
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സംഘം റെയ്ഡ് നടത്തുന്നു
തിരുവനന്തപുരം:ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേര്‍ത്ത ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു. ഇഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്.ബിനീഷ് കോടിയേരിയുടെ വീടിന് പുറമേ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലും ബിനീഷിന്‍റെ ബിനാമിയെന്ന് കരുതുന്ന അബ്ദുൾ ലത്തീഫിന്‍റെ സ്ഥാപനത്തിലുമാണ് റെയ്ഡ് . അരുവിക്കര സ്വദേശി അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്.ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്.മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരുള്ള ബിനീഷിന്റെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ അടക്കം ആറംഗ സംഘം പരിശോധനക്ക് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സുരക്ഷാ ജീവനക്കാരനെ വിളിച്ചുവരുത്തി താക്കോല്‍ വാങ്ങിയാണ് വീട് തുറന്നത്. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ മരുതംകുഴിയിലെ കോടിയേരി എന്ന് പേരുള്ള വീട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ താമസം മാറിയിരുന്നു. ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്.ബെംഗളൂരുവില്‍ ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരവെയാണ് സാമാന്തരമായി തിരുവനന്തപുരത്ത് പരിശോധനയ്ക്കും അന്വേഷണ സംഘം എത്തുന്നത്.
സ്പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നതില്‍ ഹൈക്കോടതിയുടെ സ്റ്റേ എല്ലാവര്‍ക്കും ബാധകമല്ല ; വിശദീകരണവുമായി പോലീസ്
തിരുവനന്തപുരം :വേഗപരിധി ലംഘിച്ചതിന് സ്പീഡ് ക്യാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിഴ ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത് പരാതിയുമായി കോടതിയില്‍ എത്തിയ ആളുടെ കാര്യത്തില്‍ മാത്രമാണെന്ന് പോലീസ്. ഇത് സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പലതരത്തിലുള്ള പ്രചാരണങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കേരള പോലീസ് തന്നെ രംഗത്തെത്തിയത്.കൊല്ലം ജില്ലയിലെ കുളക്കടയില്‍ വേഗപരിധി ലംഘിച്ച വ്യക്തിക്ക് പിഴ അടയ്ക്കാന്‍ പോലീസിന്‍റെ ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂം 2020 സെപ്തംബര്‍ 29 ന് ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ ആ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്‍മേലുള്ള നടപടി മൂന്നാഴ്ചത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയുമാണ് ഉണ്ടായത്. ഈ ഇടക്കാല ഉത്തരവ് പരാതിക്കാരന് മാത്രമായിരിക്കും ബാധകം.പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ച പ്രസ്താവന നല്‍കാന്‍ ഹൈക്കോടതി ഗവണ്‍മെന്‍റ് പ്ലീഡറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്‍റ് കണ്‍ട്രോള്‍ റൂമിന്‍റെ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8802 പേർക്ക് രോഗമുക്തി
എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സംഘം തിരുവനന്തപുരത്ത്;ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് സൂചന
തിരുവനന്തപുരം:ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം തിരുവനന്തപുരത്തെത്തി. എട്ട് അംഗ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇഡി ആദായനികുതി വകുപ്പിന്റെ സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയേക്കും എന്നുള്ള സൂചനയുണ്ട്. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്.ഈ വീടുകളില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തുമെന്നാണ് സൂചന. നിലവില്‍ ഈ വീട്ടില്‍ സെക്യൂരിട്ടി ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ബിനീഷ് ബെംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിയിലായതോടെയാണ് കുടുംബാംഗങ്ങള്‍ ഇവിടെ നിന്നും പോയത്.കോടിയേരി ബാലകൃഷ്ണന്‍ അടുത്തിടെ വരെ കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. എകെജി സെന്ററിന് സമീപത്തായി പാര്‍ട്ടി ഫ്‌ളാറ്റ് അനുവദിച്ചതോടെയാണ് അതിലേക്ക് മാറിയത്. പ്രധാനമായും ബിനീഷിന്റെ ബിനാമി സ്വത്തുവകകള്‍ അന്വേഷിക്കാനാണ് ഇഡി സംഘം എത്തിയത്. ബിനീഷിന്റെ ബിനാമിയായി കരുതുന്ന കാര്‍ പാലസ് ലത്തീഫിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും. ലത്തീഫിന്റെ മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്താനാണ് ഇഡി സംഘത്തിന്റെ ഉദ്ദേശ്യം എന്നും അറിയുന്നു.ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനാണ് നീക്കം എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഇന്നലത്തെ ബിനീഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാര്‍ പാലസ് ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ് എന്ന് ഇഡി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് ഇഡി സംഘം തിരുവനന്തപുരത്ത് എത്തിയത്.മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലും പരിശോധന നടത്തിയേക്കും. ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഇഡി സംഘം എത്തിയിരിക്കുന്നത്. ഈ അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്ക് കൂടി നീങ്ങും എന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി
ബെംഗളൂരു:ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി. ബംഗളൂരു സെഷന്‍സ് കോടതിയാണ് അനുമതി നൽകിയത്. ഇന്ന് തന്നെ അഭിഭാഷൻ ബിനീഷിനെ കാണും. അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി കോടതി ഇന്നലെ മാറ്റിവെച്ചു. തിയ്യതി പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ഹൈക്കോടതി ഹരജി മാറ്റിവെച്ചത്. ജാമ്യാപേക്ഷയുള്ളതിനാല്‍ ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി. ബിനീഷിനെ അഞ്ച് ദിവസത്തേക്കാണ് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.
വയനാട്ടിൽ മാവോയിസ്റ്റ്-തണ്ടർബോൾട് ഏറ്റുമുട്ടൽ;ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റിനെ വധിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറത്തറ മീന്‍മുട്ടി വാളാരംകുന്നിലായിരുന്നു സംഭവം. 35 നും 40 നും ഇടയില്‍ പ്രായം വരുന്ന യുവാവാണ് കൊല്ലപ്പെട്ടത്, മരിച്ചയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് കേരള പോലീസിന്റെ സായുധ സേന വിഭാഗമായ തണ്ടര്‍ ബോള്‍ട്ട് പതിവ് പെട്രോളിംഗ് നടത്തുന്നതിനിടെ സായുധരായ മാവോയിസ്റ്റുകളുമായി മുഖാമുഖംവരികയും സ്വയരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട് സംഘം വെടിവയ്ക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോയിസ്റ്റ് ലഘുലേഖകളും പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഏര്‍പ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് ഉന്നത പോലീസ് സംഘം എത്തുന്നുണ്ട് . പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അവിടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കുറവായതിനാല്‍ സാറ്റലൈറ്റ് ഫോണ് വഴി പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന.