തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിവരം ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്‌തത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടനെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാകണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് അയച്ചു;തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
കൊച്ചി:മന്ത്രി കെ.ടി ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്തിച്ചേരാനാണ് നിർദ്ദേശം. അനധികൃതമായി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്.തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം.ഈ സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് അന്വേഷണം നടത്തിവരികയായിരുന്നു. എന്‍ഐഎയും ഇ.ഡി രണ്ട് തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തല്‍. നയതന്ത്ര പാഴ്സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമര്‍ശമുണ്ട്. കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു. ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് ധനമന്ത്രാലയത്തില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിക്കുന്നത്.
ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്;രണ്ടാംപ്രതി നല്‍കിയ പുനരന്വേഷണ ഹരജി കോടതി തള്ളി
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി തയ്യിലില്‍ ഒന്നര വയസ്സുകാരനെ മാതാവ് കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ടാംപ്രതി നല്‍കിയ ഹരജി കോടതി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിതിനാണ് തന്നെ കേസിലേക്കു പൊലീസ് മനഃപൂര്‍വം വലിച്ചിഴച്ചതാണെന്ന വാദമുയര്‍ത്തി പുനരന്വേഷണത്തിനായി ഹരജി നല്‍കിയത്.ഈ ഹരജിയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയത്.കേസിലെ 27 ആം സാക്ഷിയാണ് ശരണ്യയുടെ യഥാര്‍ഥ കാമുകനെന്നും ഇടക്കിടെ മൊഴിമാറ്റുന്ന ശരണ്യയെ പോളിഗ്രാഫോ നാര്‍ക്കോ അനാലിസിസോ പോലുള്ള ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കണമെന്നും ആവശ്യപ്പെട്ടാണ് നിതിന്‍ ഹരജി നല്‍കിയത്. എന്നാല്‍, കേസില്‍ പ്രതിക്കുമേലുള്ള കുറ്റപത്രം നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ച് ഹരജി കോടതി തള്ളുകയായിരുന്നു.2020 ഫെബ്രുവരി 17നാണ് തയ്യില്‍ കടപ്പുറത്ത് വീടിനു സമീപത്തെ കടല്‍തീരത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ ശരണ്യയുടെ മകന്‍ വിയാന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛനൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ ശരണ്യ പാതിരാത്രി എടുത്തുകൊണ്ടുപോയി തൊട്ടടുത്ത കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. മകനെ കൊന്ന് കൊലക്കുറ്റം ഭര്‍ത്താവിനുമേല്‍ ചാരി കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് മാസങ്ങള്‍ക്കുശേഷമാണ് പുനരന്വേഷണ ഹർജിയുമായി നിതിന്‍ കോടതിയെ സമീപിച്ചത്.
ലഹരിമരുന്ന് കേസ്;ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ബെംഗളൂരു:ലഹരിമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.ബിനീഷിന്‍റെ കസ്റ്റഡി കാലാവധി ഇനിയും നീട്ടി നല്‍കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്ന സമയം എന്‍സിബി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. തുടര്‍ച്ചയായ പത്ത് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്.അതേസമയം, ബിനീഷിനെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.ആദ്യഘട്ടത്തില്‍ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും രണ്ടാം ഘട്ടം ഡിസംബര്‍ 10ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മൂന്നാം ഘട്ടം ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെ വോട്ട് ചെയ്യാവുന്നതാണ്.1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.കോവിഡ് രോഗമുള്ളവർക്ക് തപാൽ വോട്ട് ഉണ്ടായിരിക്കും. പോളിങിന്റെ മൂന്ന് ദിവസം മുമ്പ് തപാല്‍ വോട്ടിങിനായി അപേക്ഷിക്കണം. കലാശക്കൊട്ട് പാടില്ലെന്നും വീടുതോറുമുള്ള പ്രാചരണത്തിന് 3 പേർ മാത്രമേ പാടുള്ളൂവെന്നും നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും കമ്മീഷന്‍ നിർദേശിച്ചു. നോട്ടീസ് ലഘുലേഖ വിതരണം പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍മീഡിയ ഉപയോഗിക്കണം.സ്ഥാനാര്‍ത്ഥികള്‍ വിളിക്കുന്ന യോഗത്തില്‍ 30 പേരില്‍ കൂടുതല്‍ പാടില്ല. കോവിഡ് ബാധിച്ചാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ഇറങ്ങരുത്. വോട്ടര്‍മാര്‍ മാസ്ക് ധരിച്ച് മാത്രമേ പോളിങ് ബൂത്തില്‍ എത്താന്‍ പാടുള്ളു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പ്രോട്ടോകാള്‍ നല്‍കിയിട്ടുണ്ട്.
സ്വകാര്യ ബസ്സുകള്‍ക്ക് 50 ശതമാനം നികുതി ഇളവ് അനുവദിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും ഒക്‌ടോബര്‍ ഒന്നിന് തുടങ്ങിയ ക്വാര്‍ട്ടറിലെ വാഹന നികുതി അന്‍പത് ശതമാനം ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനമായതായി ഗതാഗത വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.ബാക്കി വരുന്ന അന്‍പത് ശതമാനം നികുതി അടയ്ക്കുന്നതിനുളള സമയപരിധി സ്റ്റേജ് കാര്യേജുകള്‍ക്ക് 2020 ഡിസംബര്‍ 31 വരെയും കോണ്‍ട്രാക്റ്റ് കാര്യേജുകള്‍ക്ക് 2020 നവംബര്‍ 30 വരെയും നീട്ടി ഉത്തരവായിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7854 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 940, കോഴിക്കോട് 735, മലപ്പുറം 716, എറണാകുളം 488, കൊല്ലം 662, ആലപ്പുഴ 633, തിരുവനന്തപുരം 463, പാലക്കാട് 315, കോട്ടയം 451, കണ്ണൂര്‍ 259, പത്തനംതിട്ട 119, വയനാട് 161, ഇടുക്കി 119, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര്‍ 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 824, കൊല്ലം 578, പത്തനംതിട്ട 152, ആലപ്പുഴ 321, കോട്ടയം 777, ഇടുക്കി 104, എറണാകുളം 1075, തൃശൂര്‍ 1042, പാലക്കാട് 327, മലപ്പുറം 1180, കോഴിക്കോട് 908, വയനാട് 134, കണ്ണൂര്‍ 393, കാസര്‍ഗോഡ് 39 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്
നടിയെ ആക്രമിച്ച കേസ്; ഈ മാസം 16 വരെ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 16 വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ അഭിഭാഷകന്‍ ക്വാറന്റീനില്‍ ആയതിനാലാണ് നടപടി. നേരത്തെ വിചാരണ നടപടികള്‍ ഇന്നുവരെയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നത്.വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും, കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും വിചാരണ കോടതിക്കെതിരെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.ഈ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കേസില്‍ ഹാജരാകേണ്ട അഭിഭാഷന്‍ ക്വാറന്റീനിലായത്. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജു വാര്യര്‍ പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണക്കിടെ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹരജിക്കാരിയുടെ ആരോപണം. കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ രേഖാമൂലം അറിയിച്ചിരുന്നു.പ്രതിഭാഗത്തെ അഭിഭാഷകര്‍ കോടതി മുറിയിയില്‍ തന്നെ മാനസികമായി തേജോവദം ചെയ്‌തെന്നും പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഹരജിയിലുണ്ട്.
വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താൻ കെ എം ഷാജി നൽകിയ അപേക്ഷ തള്ളി
കോഴിക്കോട്:വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയുടെ അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു. അനധികൃത നിര്‍മാണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കെ.എം.ഷാജിക്ക് നേരത്തെ നോട്ടീസ് നല്‍കിയത്. കെ.എം.ഷാജി വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ കൂടുതൽ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍.മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്നാണ് കണ്ടെത്തല്‍. 2,200 ചതുരശ്ര അടി അധിക നിര്‍മാണത്തില്‍ ഉള്‍പ്പെടും. ഷാജി അപേക്ഷിച്ചത് 3,200 സ്ക്വയര്‍ ഫീറ്റ് വിസ്‌തൃതിയുള്ള വീടിനാണെന്നും എന്നാല്‍, നിര്‍മ്മിച്ചത് 5,450 സ്ക്വയര്‍ ഫീറ്റ് വിസ്‌തൃതിയുള്ള വീടാണെന്നും കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു.എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ നിർദേശമനുസരിച്ച് കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് ഷാജിയുടെ വീടും സ്ഥലവും അളന്നത്.ഷാജിയുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇഡി നേരത്തെ തീരുമാനിച്ചിരുന്നു.2017 ല്‍ അഴിക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന കേസാണ് ഇ ഡി അൺഎവേശിക്കുന്നത്.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. നവംബര്‍ പത്തിനാണ് ചോദ്യം ചെയ്യല്‍. കോഴിക്കോട് ഇഡി നോര്‍ത്ത് സോണ്‍ ഓഫീസില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. ഷാജി അടക്കം 30 പേര്‍ക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്‌ഡ് തുടരുന്നു; കണക്കിൽപ്പെടാത്ത അഞ്ചു കോടി രൂപയോളം പിടിച്ചെടുത്തു
പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ ഇന്നലെ പിടിച്ചെടുത്തിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്.വിദേശത്ത് നിന്ന് വന്ന ഫണ്ട് ബിലീവേഴ്‌സ് ചര്‍ച്ച് അധികൃതര്‍ വ്യാപകമായി വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നത്. സഭയുടെ ഉടമസ്ഥതയിലുളള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവിധ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പരിശോധന നടക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിശോധനക്ക് കൊച്ചിയിലെ മേഖല ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.ബിഷപ്പ് കെ. പി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൌണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരും .ഇന്നലെ തിരുവല്ലയില്‍ നിന്നടക്കം റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ നിന്നും നിര്‍ണായക വിവിരങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഐ ടി ഉദ്യോഗസ്ഥര്‍. കൂടാതെ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട രേഖകളും ഇലകട്രോണിക്സ് ഡാറ്റാകളും പ്രത്യേകം പരിശോധിക്കാനും ഐ ടി തയ്യാറെടുക്കുന്നുണ്ട്. വടക്ക് – കിഴക്ക് സംസ്ഥാനങ്ങളിലും വിദേശത്തും വേരുകളുള്ള ബിലിവേഴ്സ് സ്ഥാപനങ്ങളിലെ പരിശോധന കേന്ദ്രതലത്തിലെ ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്.