തിരുവനന്തപുരം:വിവാദ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. പിന്‍വലിക്കാന്‍ ഓന്‍സിനന്‍സ് ഇറക്കും.ഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.തീരുമാനം ഗവര്‍ണറെ അറിയിക്കും. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപീലിങ് ഓര്‍ഡര്‍ ഉടനെ പുറത്തിറങ്ങും. സാധാരണഗതിയില്‍ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം മന്ത്രിസഭായോഗം ചേരുകയും വിവാദഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസത്തെ ഓര്‍ഡിനന്‍സ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധവി ലോക്‌നാഥ് ബെഹറ കീഴുദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ നല്‍കി.വിവാദ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ സംസ്ഥാനത്തിനകത്തും ദേശീയ തലത്തിലും ഇത് വിമര്‍ശന വിധേയമായി. ഈ ഘട്ടത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓര്‍ഡിനന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഓര്‍ഡിന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്നും അതിനാല്‍ ഈ ഓര്‍ഡിന്‍സ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. പിന്‍വലിച്ച സാഹചര്യത്തില്‍ കോടതിയിലെ കേസ് തീര്‍പ്പാക്കാനാണ് സാധ്യത.
സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് രാവിലെ 10 മണിയോടെ കാക്കനാട് ജില്ലാ ജെയിലിലെ്ത്തിയ കസ്റ്റംസ് സംഘം 11.15 ഓടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്.അറസ്റ്റ് രേഖപ്പെടുത്താന്‍ ഇന്നലെ എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ കസ്റ്റംസ് അപേക്ഷ നല്‍കും. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് വാദം.ഇതിനിടെ വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ഇതേ തുടർന്ന് പ്രതികളെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.അതേ സമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇ ഡി യുടെ നിലപാട്. തനിക്കെതിരായ എന്‍ഫോഴ്സ്മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിലും ശിവശങ്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇരിട്ടി നഗരസഭയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുന്‍മിക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി സുരേഷ്ഗോപി എംപി
കണ്ണൂർ:ഇരിട്ടി നഗരസഭയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുന്‍മിക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി സുരേഷ്ഗോപി എംപി.നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് ആസാം സ്വദേശിയായ മുന്‍മി മത്സരിക്കുക.കണ്ണൂരില്‍ തൊഴിലാളിയായ സജേഷ് എന്ന കെ.എന്‍. ഷാജിയെ ഏഴ് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചതോടെയാണ് ആസാമിലെ ലോഹാന്‍പൂര്‍ ജില്ലയിലുള്ള ബോഗിനടി ഗ്രാമത്തില്‍ നിന്നും മുന്‍മി ഇരിട്ടിയിലെത്തിയത്. ഇപ്പോള്‍ ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം ഒരു വാടക വീട്ടിലാണ് സജേഷും മുന്‍മിയും മക്കളായ സാധികയും ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മുണ്‍മി പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ ഭാഷപ്രശ്നമില്ലെന്നാണ് മുണ്‍മിയുടെ പക്ഷം.മുന്‍മിയെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് സുരേഷ് ഗോപി ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ മുന്നോട്ട് വന്നത്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം;ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി അറസ്റ്റില്‍
കൊല്ലം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റുചെയ്തു.ഇന്ന് പുലര്‍ച്ചെ പത്തനാപുരത്തുനിന്നും ബേക്കല്‍ പോലിസാണ് പ്രദീപിനെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടതിനുശേഷമാണ് കോടതി ജാമ്യഹരജി തള്ളിയത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിനെ കോടതിയില്‍ മൊഴിമാറ്റിക്കുന്നതിനായി വീട്ടിലെത്തിയും ബന്ധുക്കള്‍ മുഖേനയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു കേസ്.മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന്‍ ജോലി ചെയ്യുന്ന കാസര്‍ഗോഡ് ജുവലറിയിലേക്കെത്തി അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു.ഇതുമായി ബന്ധപ്പെട്ട് വിപിന്‍ലാല്‍ ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രദീപ് അറസ്റ്റിലായത്. അതേസമയം, അറസ്റ്റിലായ പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയതായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ പത്താനപുരത്തെ ഓഫിസില്‍നിന്നാണ് പ്രദീപ് കുമാറിനെ ബേക്കല്‍ പോലിസ് അറസ്റ്റുചെയ്തത്.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്;കോവിഡ് വാക്സിന്‍ വിതരണം മുഖ്യവിഷയം
ന്യൂഡല്‍ഹി:കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. കോവിഡ് വാക്‌സിന്‍ വിതരണവും ഇന്നത്തെ ചര്‍ച്ചയില്‍ പ്രധാന വിഷയമായിരിക്കും.മുന്‍ഗണനാടിസ്ഥാനത്തില്‍ ആര്‍ക്കെല്ലാം വാക്സിന്‍ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.അടുത്ത വര്‍ഷം ആദ്യത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കോവിഡ് മുന്‍നിര പോരാളികളില്‍ ആദ്യ ഡോസ് വാക്സിന്‍ എത്തിക്കും. അതിനുശേഷമായിരിക്കും മറ്റു വിഭാഗങ്ങളിലേക്ക് വിതരണം ചെയ്യുക. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ വിതരണം നടത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ വിതരണം നടത്തുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തെ ആകെ സര്‍ക്കാര്‍ ആശുപത്രികളിലെ 92 ശതമാനവും സ്വകാര്യ ആശുപത്രികളിലെ 56 ശതമാനവും ഇതിനോടകം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ജനുവരിയോടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഓക്‌സ്‌ഫഡ് സര്‍വകലാശാലയും അസ്‌ട്രാസെനക്കയും ചേര്‍ന്ന് തയ്യാറാക്കുന്ന കോവിഷീല്‍ഡ് ആയിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുക.പൂണെ സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്‌ഫഡ് വാക്‌സിന്റെ ട്രയല്‍ റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനം ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ 70.4 ശതമാനം സ്ഥിരത പുലര്‍ത്തിയെന്നാണ് സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് അവകാശപ്പെടുന്നത്. കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് സ്ഥാപകന്‍ ഡോ.സൈറസ് പൂനെവാല പറഞ്ഞു.വാക്‌സിന്‍ ഉപയോഗിച്ച വ്യക്തികളില്‍ ഗുരുതര പ്രത്യാഘാതങ്ങളില്ലെന്നും അത്തരം രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കേണ്ട അവസ്ഥ പോലും സംജാതമായിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.
അയ്യപ്പഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധം ഫേസ്‌ബുക്ക് പോസ്റ്റ്;ദൃശ്യ, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നതിന് രഹ്ന ഫാത്തിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടേയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടേയുമുള്ള അഭിപ്രായ പ്രകടനത്തില്‍ നിന്ന് രഹ്ന ഫാത്തിമയെ വിലക്കി ഹൈക്കോടതി. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ അഭിപ്രായ പ്രകടനം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ദൃശ്യ, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തരുതെന്നാണ് കോടതി രഹ്ന ഫാത്തിമയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.2018-ല്‍ അയ്യപ്പഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധം ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിലെ വിചാരണ തീരുംവരെയാണ് വിലക്ക്. 2018-ലെ കേസില്‍ രഹ്നയ്ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ഈ വര്‍ഷം കുക്കറി ഷോയിലൂടെ മതവിശ്വാസികളുടെ വികാരത്തെ അവഹേളിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്ലോഡ് ചെയ്തതെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ വിശദീകരിക്കുന്നത് .മോശമായ വസ്ത്രത്തോടെ വിശ്വാസികളെ വൃണപ്പെടുത്തും വിധം ബീഫ് കറി ഉണ്ടാക്കിയെന്ന പരാതിയില്‍ ഈ വീഡിയോ എല്ലാം ഉടന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ട കോടതി ആറു മാസത്തേക്ക് രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതു വിലക്കുകയും ചെയ്തു.ബിഎസ്‌എന്‍എല്‍ ജോലിക്കാരിയായിരുന്ന രഹ്നയെ കേസിനെ തുടര്‍ന്ന് ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ശേഷം നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവും നല്‍കുകയും ചെയ്തിരുന്നു.
ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും അവസാന അവസരമെന്നനിലയിലാണ് മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം പാടില്ലെന്നതടക്കമുള്ള ഉപാധിയോടെ കോടതി കേസ് തീര്‍പ്പാക്കിയിരിക്കുന്നത്. ജോലി നഷ്ടമായതും, രണ്ട് വട്ടം അറസ്റ്റിലായതും രഹ്നയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയില്ല. മറ്റുള്ളവരുടെ അവകാശങ്ങളെ ഇനിയെങ്കിലും മാനിക്കും എന്ന് കരുതുന്നു. മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടാകരുത് അഭിപ്രായ സ്വാതന്ത്ര്യം എന്ന് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ നിശ്ചിത ദിവസങ്ങളില്‍ ഹാജരാവണം എന്നിവ ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.മൂന്നുമാസംവരെ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും രാവിലെ ഒമ്ബതിനും പത്തിനുമിടയില്‍ പത്തനംതിട്ടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെ ഹാജരാവണം. എറണാകുളത്തുള്ളപ്പോള്‍ ഇവിടെയും ഒപ്പുവെക്കാം. ഉപാധികള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
നവംബര്‍ 26 ലെ ദേശീയ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കും
തിരുവനന്തപുരം:നവംബര്‍ 26 ലെ ദേശീയ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി). പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, സഹകരണ-ഗ്രാമീണ ബാങ്കുകള്‍ എന്നിവടങ്ങളിലെ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു.ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണല്‍ റൂറല്‍ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കും. ഇതുകൂടാതെ റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം മുതല്‍ ജോലി നഷ്ടപ്പെടല്‍ വരെയാണ് പണിമുടക്കിന് കാരണങ്ങള്‍. ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങളില്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക, ബാങ്ക് ചാര്‍ജുകള്‍ കുറയ്ക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ സാമ്ബത്തിക വിരുദ്ധ നയങ്ങള്‍, തൊഴിലാളി വിരുദ്ധ തൊഴില്‍ നയങ്ങള്‍, രാജ്യത്തെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ എന്നിവയ്ക്കെതിരെയാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) പണിമുടക്കുന്നതെന്ന് വ്യക്തമാക്കി.
ബിനീഷ് കോടിയേരിയുടെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
തിരുവനന്തപുരം:ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐജിക്ക് ഇഡി കത്തു നല്‍കി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇഡി രജിസ്ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കിയത്.സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ നടപടികള്‍ ഇഡി പൂര്‍ത്തീകരിക്കും. ഇതിന്റെ ഭാഗമായാണ് കേസില്‍ ഉള്‍പ്പെട്ടവരുടെ ആസ്തിവകകള്‍ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും കണ്ടുകെട്ടും.
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി ലഭിച്ചു. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.ഇതോടെ കള്ളപ്പണ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും അറസ്റ്റ് ചെയ്യും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് രണ്ടാം പ്രതിയായ സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്‍റെ അറസ്റ്റിന് അനുമതി നല്‍കി.ശിവശങ്കറിനെ താമസിപ്പിച്ചിരിക്കുന്ന കാക്കനാട് ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തും. വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്നയേയും സരിതിനെയും കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെടുകയുണ്ടായി.7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. നാളെ പ്രതികളെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.കള്ളപണ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി.ശിവശങ്കറിനായി അന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈകോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ഹരജി നല്‍കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്;സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശന്‍ പറഞ്ഞു.കേസില്‍ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചത്.ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ.സുരേശനെ സര്‍ക്കാര്‍ നിയമിച്ചത്.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് 26 ന് ഹാജരാകാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നല്‍കിയ ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിചാരണകോടതി പക്ഷപാതിത്വപരമായി പെരുമാറുന്നുണ്ടെന്നും സ്ത്രീയായിട്ടുപോലും ഒരു പരിഗണനയും ഇരയായ നടിക്ക് ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കത്തിന് ഇടയാക്കുമെന്നും മുടങ്ങിക്കിടക്കുന്ന വിചാരണ നടപടികള്‍ പുനരാരംഭിക്കണമെന്നുമായിരുന്നു ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്.സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്കെതിരെ അപ്പീല്‍ പോകണമെന്നും ഒരാഴ്ച വിധിയില്‍ സ്റ്റേ വേണമെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും ആവശ്യം തള്ളുകയായിരുന്നു. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.