കണ്ണൂര്‍:ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റ് വഴി 11 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് 30 ഐഫോണുകളും ഒരു ക്യാമറയുമാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഇരിട്ടി മേഖലയിലേക്ക് അയച്ച സാധനങ്ങളാണ് മൂന്നംഗ സംഘം വിദഗ്ധമായി തട്ടിയെടുത്തത്.കമ്പനികളുടെ വന്‍ ഓഫര്‍ ഉള്ള സമയത്ത് വ്യാജ മേല്‍വിലാസത്തില്‍ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. ഫോണുകള്‍ എത്തിയാല്‍ പാക്കറ്റിലെ സീല്‍ പൊട്ടാതെ മൊബൈല്‍ മാത്രം മാറ്റും.പകരം മംഗലാപുരത്ത് നിന്ന് വാങ്ങിയ ആയിരം രൂപയുടെ ഡമ്മി ഫോണുകള്‍ തിരികെ വയ്ക്കും.ശേഷം ഇത് മടക്കി അയക്കും. ഇതായിരുന്നു മൂന്നംഗ സംഘത്തിന്റെ തന്ത്രം.തട്ടിയെടുത്ത ഫോണുകള്‍ ഉപയോഗിക്കാതെ കണ്ണൂരിലും മംഗലാപുരത്തുമായി മറിച്ചു വില്‍ക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. ഇത്തരത്തില്‍ 30 ഐഫോണുകളും ഒരു ക്യാമറയുമാണ് ഇവര്‍ തട്ടിയെടുത്തത്. ഇടപാടുകാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ചുമതലയുള്ള ഫ്രാഞ്ചൈസിയുടെ പരാതിയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലെ പ്രധാനി സംസ്ഥാനം വിട്ടതായി പൊലീസ് പറയുന്നു.
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
ബ്യുണസ് ഐറിസ്:ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മാറഡോണയ്‌ക്ക് ഈയിടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.അർജന്‍റീനയിൽനിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവെച്ചിരുന്നു.തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച് കൈമാറ്റത്തുകയില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടം പിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു.
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5669 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 781, എറണാകുളം 566, മലപ്പുറം 628, തൃശൂര്‍ 634, ആലപ്പുഴ 530, കൊല്ലം 536, പാലക്കാട് 255, തിരുവനന്തപുരം 363, കോട്ടയം 444, പത്തനംതിട്ട 220, കണ്ണൂര്‍ 197, വയനാട് 219, ഇടുക്കി 201, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 16, കണ്ണൂര്‍ 13, കോഴിക്കോട് 8, പത്തനംതിട്ട 7, തിരുവനന്തപുരം 5, തൃശൂര്‍ 3, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 461, കൊല്ലം 175, പത്തനംതിട്ട 170, ആലപ്പുഴ 899, കോട്ടയം 436, ഇടുക്കി 181, എറണാകുളം 750, തൃശൂര്‍ 631, പാലക്കാട് 349, മലപ്പുറം 588, കോഴിക്കോട് 678, വയനാട് 71, കണ്ണൂര്‍ 320, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി.ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
‘ശിവശങ്കറിനെ പേടിയാണോ?’;കസ്റ്റംസിന് രൂക്ഷവിമര്‍ശനവുമായി കോടതി
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ അപേക്ഷ നല്‍കിയ കസ്റ്റംസിനെതിരെ രൂക്ഷ വിമർശനവുമായി അഡീഷണല്‍ സിജെഎം കോടതി.കുറ്റം എന്തെന്ന് പോലും പറയാത്ത കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിനെ ‘മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍’ എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ശിവശങ്കറിനെ പേടിയാണോ എന്നും, പ്രതി വഹിച്ചിരുന്ന ഉന്നതമായ പദവികളെന്ത് എന്ന് അറിയാഞ്ഞിട്ടാണോ എഴുതാത്തതെന്നും കോടതി ചോദിച്ചു.കേസില്‍ മറ്റെല്ലാ ഏജന്‍സികളും നടപടികളെടുത്ത ശേഷം പതിനൊന്നാം മണിക്കൂറിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്? ഇതിന് പ്രേരിപ്പിച്ച ഘടകമെന്ത്? നിങ്ങള്‍ തന്നെയല്ലേ ശിവശങ്കറിന്‍റെ ഫോണ്‍ പിടിച്ചെടുത്തത്? – കോടതി ചോദിച്ചു.ശിവശങ്കറിനെ എന്തിന് ചോദ്യം ചെയ്യണം എന്ന് പോലും കസ്റ്റംസ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നില്ല. പതിവ് ശൈലിയിലുള്ള കസ്റ്റഡി അപേക്ഷ മാത്രമാണിതെന്നും കോടതി പറയുന്നു.കസ്റ്റംസിനെതിരെ കടുത്ത വിമര്‍ശനം നടത്തിയ ശേഷമാണ് കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി പ്രസ്താവിച്ചത്.വിധിയില്‍ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നും, മുന്‍ ഐടി സെക്രട്ടറിയെന്നും പ്രത്യേകം പരാമര്‍ശിക്കുന്നു. ശിവശങ്കറിന്‍റെ ഔദ്യോഗിക പദവികളെ കുറിച്ചുള്ള കസ്റ്റംസിന്റെ മൗനം കോടതി വിധിയില്‍ രേഖപ്പെടുത്തി.കള്ളക്കടത്തില്‍ എങ്ങനെയാണ് ശിവശങ്കര്‍ ഒത്താശ ചെയ്തതെന്നും കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് പറയുന്നില്ലെന്ന് പറഞ്ഞ കോടതി, പക്ഷേ, ശിവശങ്കറിനെതിരെ ആരോപിക്കുന്ന കുറ്റം അതീവഗൗരവതരം തന്നെയാണെന്ന് നിരീക്ഷിച്ചു. ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്. കുറ്റകൃത്യം ആരോപിക്കപ്പെടുന്ന സമയം ശിവശങ്കര്‍ ഉന്നത പദവികളിലായിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയോ എന്ന് കസ്റ്റംസ് തെളിയിക്കേണ്ടതുണ്ട്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ 5 ദിവസത്തെ കസ്റ്റഡി അനുവദിക്കുന്നുവെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്
മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്;വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ നിര്‍ദ്ദേശം
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്.വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഈ മാസം ആദ്യം നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രവീന്ദ്രന്‍ ഹാജരായിരുന്നില്ല. കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി സി.എം. രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. വീണ്ടും നോട്ടീസ് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍.എം ശിവശങ്കറിനെപ്പോലെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ് സിഎം രവീന്ദ്രന്‍. ശിവശങ്കറിന്റെ ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇഡി വിളിപ്പിക്കുന്നത്.ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടി. നേരത്തെ സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയുമായും ബന്ധപ്പെട്ട് ശിവശങ്കര്‍ കുടുങ്ങിയപ്പോള്‍ തന്നെ വിവാദങ്ങളില്‍ സിഎം രവീന്ദ്രന്റെ പേരും ഉയര്‍ന്നിരുന്നു.സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി ഇഡി ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്;തമിഴ്‌നാട്ടില്‍ ജാഗ്രത നിർദേശം; 7 ജില്ലകളിലെ പൊതു ഗതാഗതം താത്കാലികമായി നിര്‍ത്തി
ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടിലും അടുത്ത പ്രദേശങ്ങളിലും അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് ജാഗ്രതാ നിര്‍ദ്ദേശം.പുതുച്ചേരി,ആന്ധ്ര തീരങ്ങളിലും അതീവ ജാഗ്രത തുടരുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി നല്‍കിയിരിക്കുയാണ്. നിരവധി ട്രെയിന്‍ – വിമാന സര്‍വീസുകള്‍ റദ്ദാക്കി. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു കഴിഞ്ഞു.ജനങ്ങളില്‍ ആശങ്ക വേണ്ടെന്നും സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ ക്യാമ്പുകൾ തുറന്നു. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഭക്ഷണവും കുടിവെള്ളവും ഉറപ്പ് വരുത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.ചെന്നൈയില്‍ നിന്നുള്ള സബ്ബര്‍ബന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെ 24 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ചെന്നൈ ചെങ്കല്‍ പ്പേട്ട് ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ പൊതുഗതാഗതം വ്യാഴാഴ്ച വരെ നിര്‍ത്തിവച്ചു.ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ച് സുരക്ഷാ മുന്നൊരുക്കങ്ങളെകുറിച്ച് അന്വേഷിക്കുകയും, ആവശ്യമായ കേന്ദ്രസഹായവും ഉറപ്പ് നല്‍കി.അതേസമയം കാരയ്ക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകള്‍ ഇതുവരെ കണ്ടെത്താനായില്ല.നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നേരത്തെ വിലക്കിയിരുന്നു. ചൊവ്വാഴ്ചയാണ് ഈ ബോട്ടുകള്‍ കടലിലേക്ക് പോയത്. കാരയ്ക്കലില്‍ നിന്നും പോയ 23 ബോട്ടുകളില്‍ ഈ ഒമ്പതെണ്ണത്തെ മാത്രം ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിട്ടുണ്ടെന്നാണ് വിവരം.
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍.25ന് രാത്രി 12 മണി മുതല്‍ 26ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്.10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ പങ്കുചേരും. കേരളത്തില്‍ ഒന്നരക്കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.വ്യാപാര മേഖലയിലും പണിമുടക്കില്‍ പങ്കാളികളായതിനാല്‍ കട കമ്പോളങ്ങൾ അടഞ്ഞുകിടയ്ക്കും. അതേസമയം, ബാങ്ക് ജീവനക്കാരോട് പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. പാല്‍, പത്രം, തിരഞ്ഞെടുപ്പ് ഓഫീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്ക് പോകുന്ന വാഹനയാത്രക്കാരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കും. ഇന്ന് രാത്രി പന്തം കൊളുത്തി പ്രകടനവും നാളെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രതിഷേധ സമരവും നടക്കും. ബിഎംഎസ് ഒഴികെയുള്ള ഒട്ടുമിക്ക തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്‌ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു
ഗുരുഗ്രാം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു.ബുധനഴ്ച പുലര്‍ച്ചെ 3.30 മണിക്ക് ഡെല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്.ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു. ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്നു.നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നുതവണ ലോക്‌സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷററാണ്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആളായിരുന്നു.1987-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുന്‍പ് 1985-ല്‍ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാർലമെന്റ് സെക്രട്ടറിയായി നിയമിതനായിരുന്നു. ഗുജറാത്തില്‍ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേല്‍ പാർലമെന്റിൽ എത്തിയത്. മൂന്ന് തവണ ലോക്സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തില്‍ നിന്നും ലോക്സഭയില്‍ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്.
സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 592 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 796, എറണാകുളം 447, തൃശൂര്‍ 542, കോഴിക്കോട് 487, കൊല്ലം 459, കോട്ടയം 459, പാലക്കാട് 234, ആലപ്പുഴ 372, തിരുവനന്തപുരം 265, കണ്ണൂര്‍ 209, പത്തനംതിട്ട 145, ഇടുക്കി 93, വയനാട് 92, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, മലപ്പുറം, കോഴിക്കോട് 6 വീതം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, പത്തനംതിട്ട 4, തിരുവനന്തപുരം 3, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 441, കൊല്ലം 97, പത്തനംതിട്ട 100, ആലപ്പുഴ 254, കോട്ടയം 463, ഇടുക്കി 49, എറണാകുളം 450, തൃശൂര്‍ 924, പാലക്കാട് 443, മലപ്പുറം 617, കോഴിക്കോട് 782, വയനാട് 111, കണ്ണൂര്‍ 317, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 556 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.