ന്യൂഡല്‍ഹി:കോവിഡ് പ്രതിരോധ വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി രാജ്യത്തെ മൂന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മാണ ഫാര്‍മ പ്ലാന്റുകള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. അഹമ്മദാബാദിനടുത്തുളള പ്രധാന ഫാര്‍മകളിലൊന്നായ സൈഡസ് കാഡിലയുടെ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു.പ്രധാനമന്ത്രി ശനിയാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനിടയില്‍ വാക്‌സിന്‍ വികസിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി സൈഡസ് കാഡിലയില്‍ സന്ദര്‍ശനം നടത്തുമെന്നുമാണ് നിതിന്‍ പട്ടേല്‍ വെളളിയാഴ്ച അറിയിച്ചത്. അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സികോവ്-ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നും ഓഗസ്റ്റില്‍ രണ്ടാംഘട്ട ട്രയലുകള്‍ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്. വൈകീട്ട് 4നും 5നും ഇടയില്‍ പ്രധാനമന്ത്രി ഭാരത് ബയോടെക്കിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൈബെറാബാദ് പോലീസ് കമ്മിഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞു. അഹമ്മദാബാദിലെ വാക്‌സിന്‍ പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കും.നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്‌നിക് V ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. ബയോളജിക്കല്‍ ഇ എന്ന വാക്‌സിനാകട്ടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്.
കെഎസ്‌എഫ്‌ഇ ചിട്ടിയില്‍ ക്രമക്കേട്; വിവിധ ശാഖകളില്‍ വിജിലന്‍സിന്റെ റെയ്ഡ് ഇന്നും തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ഇന്നും നടക്കും. ഓപ്പറേഷന്‍ ‘ബചത്’ എന്ന പേരിലാണ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടര്‍ന്നാണിത്.റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്.40 ബ്രാഞ്ചുകളിൽ നടന്ന റെയ്ഡിൽ 35 ലും ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ് വ്യക്തമാക്കി. നിയമവിരുദ്ധമായി കൊള്ള ചിട്ടി നടത്തുന്നതും കണ്ടെത്തി.വൻതുക മാസ അടവുള്ള ചിട്ടികൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് സംശയം. മാസം രണ്ട് ലക്ഷം രൂപ മുതല്‍ പത്തുലക്ഷം വരെ ചിട്ടിയില്‍ അടക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സില്‍ വിജിലന്‍സ് സംശയം ഉയര്‍ത്തുന്നുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമാണോ എന്നും വിജിലന്‍സ് സംശയിക്കുന്നു.ചിട്ടികളിലെ ആദ്യ ഗഡു ട്രഷറികളിലോ ബാങ്കുകളിലോ നിക്ഷേപിക്കാത്തതായും കണ്ടെത്തിയിട്ടുണ്ട്. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തി.ഇന്നലെ രാത്രി വൈകിയും റെയ്ഡ് തുടര്‍ന്നു. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.റെയ്ഡ് ഇന്നും തുടരും.
സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4544 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3348 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 488 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 574, തൃശൂര്‍ 507, എറണാകുളം 261, കോഴിക്കോട് 340, പാലക്കാട് 176, കോട്ടയം 341, തിരുവനന്തപുരം 177, ആലപ്പുഴ 224, കൊല്ലം 219, പത്തനംതിട്ട 120, ഇടുക്കി 121, കണ്ണൂര്‍ 107, വയനാട് 98, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 9, തിരുവനന്തപുരം 7, കൊല്ലം, കണ്ണൂര്‍ 6 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, മലപ്പുറം 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4544 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 334, കൊല്ലം 378, പത്തനംതിട്ട 127, ആലപ്പുഴ 251, കോട്ടയം 202, ഇടുക്കി 174, എറണാകുളം 476, തൃശൂര്‍ 826, പാലക്കാട് 228, മലപ്പുറം 779, കോഴിക്കോട് 455, വയനാട് 93, കണ്ണൂര്‍ 136, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള താത്കാലിക നിയമനത്തിന് വിലക്ക്; പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണം
തിരുവനന്തപുരം:സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരിട്ട് താത്കാലിക നിയമനം നടത്തിയവരെ പിരിച്ചുവിടാനും നിര്‍ദേശിച്ചു. ആദ്യപടിയായി അനധികൃതമായി നിയമിച്ച താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വകുപ്പ് മേധാവികള്‍ക്ക് നോട്ടീസ് നല്‍കി.പിരിച്ചുവിട്ട ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കണമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ വകുപ്പ് മേധാവികള്‍ക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിയമനം നേടിയ ഡ്രൈവര്‍മാരുടെ പട്ടിക തയാറാക്കാനും തുടര്‍ നടപടികള്‍ക്കും വകുപ്പുകളും നടപടി തുടങ്ങി.സര്‍ക്കാര്‍ വകുപ്പുകളും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് വിലക്കി.ഒഴിവുകളില്‍ നേരിട്ട് നിയമനം നടത്തുന്നതിലൂടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തു വര്‍ഷങ്ങളായി ജോലിക്ക് കാത്തിരിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാതെ വരുന്നു. കൂടാതെ അനധികൃത നിയമനങ്ങള്‍ സംവരണ തത്വം അട്ടിമറിക്കുകയും സംവരണ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.പിഎസ്‌സിയുടെ നിയമന പരിധിയില്‍പ്പെടാത്ത സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം നിയമനമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; കേരളത്തില്‍ ഡിസംബര്‍ ആദ്യം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബർ ആദ്യം ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളിലും തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശ നഷ്ടമാണ് ഉണ്ടാക്കിയത്. മുന്‍കരുതലുകളുടെ ഭാഗമായി ആളപായം കുറക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീര പ്രദേശങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്ന് പേരാണ് മരിച്ചത്.ഈ വര്‍ഷം ഉത്തരേന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട നാലാമത്തെ ചുഴലിക്കാറ്റാണ് നിവാര്‍. സൊമാലിയയില്‍ കനത്ത നാശം വിതച്ച ഗതി ചുഴലിക്കാറ്റ്, മഹാരാഷ്ട്രയിലെ നിസാര്‍ഗ, മെയ് മാസത്തില്‍ കിഴക്കന്‍ ഇന്ത്യയെ ബാധിച്ച ആംഫാന്‍ എന്നിവയാണ് നേരത്തെ നാശം വിതച്ച ചുഴലിക്കാറ്റുകള്‍.
കേരള ബാങ്കിന്റെ തെരഞ്ഞെടുപ്പക്കപ്പെട്ട ആദ്യഭരണസമിതി ചുമതലയേറ്റു
തിരുവനന്തപുരം: കേരള ബാങ്കിന്റെ തെരഞ്ഞെടുപ്പക്കപ്പെട്ട ആദ്യഭരണസമിതി ചുമതലയേറ്റു. സി പി എം സംസ്ഥാന സമിതി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റും, എം.കെ കണ്ണൻ വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടു.2019 നവംബര്‍ 26-നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്. ഒരുവര്‍ഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. പ്രാഥമിക വായ്പാസഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്.മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍നിന്ന് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാല്‍ ഇവിടെ ജില്ലാപ്രതിനിധി തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.യു ഡി എഫ് ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ഭരണ സമിതിയിലെത്തിയ 14 പേരും ഇടതുമുന്നണി പ്രതിനിധികളാണ്. സി പി എമ്മിന്‍റെ 12 പേരും സി പി ഐ, കേരളാ കോൺഗ്രസ് എം പാർട്ടികളിൽ നിന്ന് ഓരോരുത്തരുമാണ് അംഗങ്ങള്‍. അഡ്വ. എസ്. ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി. ലാലു (കൊല്ലം), എസ്. നിര്‍മല ദേവി (പത്തനംതിട്ട), എം. സത്യപാലന്‍ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി. ശശി ( ഇടുക്കി), അഡ്വ. പുഷ്പദാസ് (എറണാകുളം), എം.കെ. കണ്ണന്‍ (തൃശ്ശൂര്‍), എ. പ്രഭാകരന്‍ (പാലക്കാട്), പി. ഗഗാറിന്‍ (വയനാട്), ഇ. രമേശ് ബാബു (കോഴിക്കോട്), കെ.ജി. വത്സല കുമാരി (കണ്ണൂര്‍), സാബു അബ്രഹാം (കാസര്‍കോട്) എന്നിവരെയാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തത്.
പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ.എസ്.ഐയെ സ്ഥലംമാറ്റി
തിരുവനന്തപുരം:കാട്ടാക്കട നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. പോലീസ് സ്റ്റേഷനില്‍ നടന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പോലീസിനു ഗുരുതരവീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന പിതാവിനോടും മകളോടും പരുഷമായ രീതിയില്‍ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.കഴിഞ്ഞ ദിവസമാണ് നടപടിയ്ക്ക് ആസ്പതമായ സംഭവം നടന്നത്. നെയ്യാര്‍ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.തുടര്‍ന്ന് ആരോ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്ഥന്‍ മോശമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് എഎസ്‌ഐ ഗോപകുമാര്‍ ആക്രോശിച്ചത്. നീ മദ്യപിച്ചിട്ടാണ് ഇവിടെ എത്തിയതെന്ന് ആരോപിച്ചാണ് അതിക്രമം അരങ്ങേറിയത്. പിതാവ് മദ്യപിക്കില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകള്‍ പറഞ്ഞെങ്കിലും ഈ വാദം കേള്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ജീവിതത്തില്‍ താന്‍ മദ്യപിച്ചിട്ടില്ല.സാറിന് വേണമെങ്കില്‍ ഊതിപ്പിക്കാം എന്ന് പെണ്‍കുട്ടി പറഞ്ഞതോടെ നിന്റെ തന്തയെ ഊതിപ്പിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നതെന്ന് പൊലീസുകാരന്റെ മറുപടി. പരാതി പറയാന്‍ എത്തുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത് സാറെ എന്ന് ചോദിക്കുമ്പോൾ ഇവിടുത്തെ രീതി ഇങ്ങനെയാണ് എന്ന് എഎസ്‌ഐ ഗോപകുമാര്‍ പറയുന്നുണ്ട്. പരാതിക്കാരോടു മോശമായി പെരുമാറിയതായി വീഡിയോ ദൃശ്യങ്ങളില്‍നിന്നുതന്നെ വ്യക്തമായിരുന്നു. ഒരു സ്ത്രീ കൂടെയുണ്ടായിരുന്നു എന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നു. 24 നാണ് സംഭവം നടക്കുന്നത്. എന്‍.എസ് ജി പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാര്‍.
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ശബരിമല സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം
ശബരിമല:ജീവനക്കാർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ ശബരിമല സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തി. ഭക്തരുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാർക്ക് പിപി ഇ കിറ്റ് നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഞ്ച് പേർക്കാണ് സന്നിധാനത്ത് മാത്രം രോഗം സ്ഥിരീകരിച്ചത്. കൂടാതെ, നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ നിരവധി ഭക്തർക്കും രോഗം കണ്ടെത്തി. ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന ജീവനക്കാർക്ക് തുടർച്ചയായ ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.ഭണ്ഡാരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും പൊലീസ് മെസ്സിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഭണ്ഡാരം താൽക്കാലികമായി അടച്ചു. പൊലീസ് മെസ്സിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ചുരോഗികൾ മരിച്ചു
രാജ്‌കോട്ട്:ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു. വെളളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മരിച്ചവര്‍ ഐ.സി.യുവിലുണ്ടായിരുന്ന രോഗികളാണെന്നാണ് വിവരം. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. രണ്ടാം നിലയിലെ ഐ.സി.യുവിലാണ് തീ പടര്‍ന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്.അപകടത്തില്‍ രക്ഷപ്പെട്ട കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റില്‍ അഹമ്മദബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ എട്ട് കോവിഡ് രോഗികള്‍ മരിച്ചിരുന്നു.