News Desk

കണ്ണൂർ പഴയങ്ങാടിയിൽ വ​ന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

keralanews huge amount of drugs seized from kannur pazhayangadi

കണ്ണൂർ:പഴയങ്ങാടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി.കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിെന്‍റ നേതൃത്വത്തില്‍ പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്.പി. ജംഷിദ് എന്ന ബുള്ളറ്റ് ജംഷിയുടെ വീട്ടില്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്നതും കൈവശംവെച്ചാല്‍ 10 മുതല്‍ 20 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. തളിപ്പറമ്പ, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വില്‍പന നടത്തുന്നയാളാണ് ജംഷിദെന്ന് എക്സൈസ് സംഘം പറഞ്ഞു.  ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും എത്തിച്ച്‌ ചെറുകിട മയക്കുമരുന്ന് വില്‍പനക്കാര്‍ വഴി ഉപയോക്താക്കളില്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയും എക്സൈസ് വാഹനത്തെയും കാര്‍ ഉപയോഗിച്ച്‌ തട്ടി തെറിപ്പിച്ച്‌ ജംഷിദ് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ വീട് പരിശോധിക്കുകയായിരുന്നു. പ്രിവന്‍റിവ് ഓഫിസര്‍ വി.പി. ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റിഷാദ് , ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന, ഡ്രൈവര്‍ പ്രകാശന്‍ എന്നിവര്‍ അടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

എറണാകുളത്ത് കെ എസ് ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു; 26 യാത്രക്കാര്‍ക്ക് പരിക്ക്

keralanews driver killed and 26 injured in ksrtc bus accident in ernakulam

എറണാകുളം:എറണാകുളത്ത് കെ എസ് ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. തിരുവനന്തപുരം വയനാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ 4.15ലോട് കൂടിയായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് ആരോപണം; വോളന്‍റിയര്‍ക്കെതിരെ 100കോടിയുടെ മാനനഷ്ടക്കേസിന് ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

FILE PHOTO: Small bottles labeled with a "Vaccine COVID-19" sticker and a medical syringe are seen in this illustration taken taken April 10, 2020. REUTERS/Dado Ruvic/File Photo

ചെന്നൈ: കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചെത്തിയ പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസിന് ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ കുത്തിവച്ചതിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിട്ടെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്. ഇയാള്‍ നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.
ആരോപണം ദുരൂഹത നിറഞ്ഞതാണെന്നും യുവാവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ വാക്സിന്‍ സ്വീകരിച്ചത് മൂലമുണ്ടായതല്ലെന്ന് ഡോക്ടര്‍മാറടക്കം സാക്ഷ്യപ്പെടുത്തിയിട്ടും പരസ്യമായി രംഗത്തെത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിനാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ എന്ന സ്ഥാപനത്തില്‍ നിന്ന് ഇയാള്‍ വാക്‌സിന്‍ എടുത്തത്. നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച്‌ രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച്‌ സഹതാപമുണ്ടെങ്കിലും വാക്സിനെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നൂറുകോടി രൂപയുടെ മാനനഷ്ടക്കേസിനാണ് കമ്പനി ഒരുങ്ങുന്നത്. അത്തരം അവകാശവാദങ്ങള്‍ ഇനിയും ഉയര്‍ന്നാലും അതിനെയെല്ലാം എതിര്‍ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യത;സംസ്ഥാനത്ത് ജാഗ്രതാ നിർദേശം;നാളെ അര്‍ധരാത്രി മുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് നിരോധിച്ചു

keralanews low pressure turns to cyclone alert in kerala fisherman do not go for fishing from today midnight

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുള്ളതിനാല്‍ നാളെ അര്‍ധരാത്രി മുതല്‍ കേരള തീരത്തുനിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. ഡിസംബര്‍ 1 മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ മല്‍സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതേ തുടർന്ന്  പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ കാലവസ്ഥാ മോഡലുകളുടെ സൂചന അനുസരിച്ച്‌ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ശക്തമായ മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാവുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 2 നോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാന്‍ തയ്യാറെടുക്കുവാന്‍ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടാവസ്ഥകള്‍ 1077 എന്ന നമ്പറിൽ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം. അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നതുകൊണ്ട് തന്നെ തെക്കന്‍ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രതപാലിക്കണം.

സംസ്ഥാനത്ത് 6,250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 6250 covid cases confirmed in the state today 5275 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂര്‍ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂര്‍ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസര്‍ഗോഡ് 121 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 365, കൊല്ലം 298, പത്തനംതിട്ട 146, ആലപ്പുഴ 231, കോട്ടയം 512, ഇടുക്കി 110, എറണാകുളം 451, തൃശൂര്‍ 405, പാലക്കാട് 379, മലപ്പുറം 766, കോഴിക്കോട് 1187, വയനാട് 145, കണ്ണൂര്‍ 179, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അബുദാബിയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു

keralanews kannur natives died in an accident in abudhabi

അബുദാബി:അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു. പിണറായി സ്വദേശികളായ റഫിനീദ് വലിയപരമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നില്‍ അല്‍ഐന്‍ – അബുദാബി റോഡിന് സമാന്തരമായുള്ള റോഡിലാണ് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചതോടെ നിയന്ത്രണം വിട്ട് കാര്‍ റോഡിലെ ഡിവൈഡറിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായി തകര്‍ന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മൃതദേഹം കാറില്‍ കുടുങ്ങിയ നിലയിലായിരുന്നു. വന്നിടിച്ച കാറിലെ ഡ്രൈവര്‍ ചികിത്സയിലാണ്.റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്.ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് റഫിനീദും റാഷിദും. അബുദാബിയില്‍ രണ്ട് സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു.
ഷഹാമ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ.

കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ സി.​മ​നോ​ജ് കു​മാ​ര്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച്‌ സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി

keralanews complainant in solar case denied revealation by manoj kumar againt k b ganesh kumar

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ സി. മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച്‌ സോളാര്‍ കേസിലെ പരാതിക്കാരി രംഗത്ത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദമുണ്ടായിരുന്നു. താന്‍ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ആളാണ്. മനോജ് കുമാറിന്‍റെ ഫോണ്‍ വിളികള്‍ പരിശോധിക്കണം. തെളിവ് പുറത്തുവിടാന്‍ താന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും സോളാര്‍ കേസ് പരാതിക്കാരി പറഞ്ഞു.പരാതിക്കാരിയെക്കൊണ്ട് ക്കൊണ്ട് പലതും പറയിക്കുകയും യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും എഴുതിക്കുകയും ചെയ്തിനു പിന്നില്‍ ഗണേഷ് ആണെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. കെ.ബി.ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവും സോളര്‍ വിവാദ കാലത്ത് കേരള കോണ്‍ഗ്രസ് (ബി) യുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന മനോജ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ സജി ചെറിയാനെതിരെയും ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കോട്ടത്തലയ്‌ക്കെതിരെയും ശരണ്യ മനോജ് ആരോപണമുന്നയിച്ചിരുന്നു. പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിനു പിന്നില്‍ ഗണേഷും പിഎ പ്രദീപ് കോട്ടത്തലയുമാണ്. പരാതിക്കാരിയുടെ കത്തില്‍ തിരുത്തലുകള്‍ നടന്നു എന്നത് സത്യമാണ്. ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതി ചേര്‍ത്തതാണെന്നാണ് മനസിലാക്കുന്നത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതിക്കാരിയെക്കൊണ്ട് പറയിപ്പിച്ചത് ഗണേഷ് കുമാര്‍ ആണെന്നും ശരണ്യ മനോജ് പറഞ്ഞു.

സോളാർ കേസിനു പിന്നിൽ ഗണേഷ് കുമാർ;വെളിപ്പെടുത്തലുമായി ശരണ്യമനോജ്

keralanews ganesh kumar behind solar case saranya manoj with revelation

കൊല്ലം: സോളാര്‍ കേസില്‍ മുഖ്യപ്രതി കെ.ബി ഗണേഷ്‌കുമാറാണെന്ന വെളിപ്പെടുത്തലുമായി ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യമനോജ്. പത്തനാപുരത്തു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സോളാര്‍ കേസിലെ പരാതിക്കാരിക്ക് പിന്നില്‍ ഗണേഷ് കുമാറാണ്. പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചതും ഗണേഷും പിഎയുമാണെന്നും മനോജ് പറഞ്ഞു. സോളാര്‍ വിഷയം വന്നപ്പോള്‍ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്‌കുമാര്‍ തന്നെ സഹായിക്കണം എന്നുപറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തില്‍ പിന്നീട് ആ സ്ത്രീയെക്കൊണ്ട് ഗണേഷ്‌കുമാറും പി.എയും ചേര്‍ന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’- മനോജ് പറഞ്ഞു.കേരളകോണ്‍ഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. ആര്‍ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യാ മനോജ്. മുൻപ് സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാക്കിയ ഇരയുടെ കത്തില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ബന്ധുവായ മനോജ് കുമാറും പി എയും ചേര്‍ന്ന് നാല് പേജുകള്‍ ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് എംഎല്‍എയുടെ വസതിയില്‍വെച്ചാണെന്നും ഇരയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ 2017ല്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട്;എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ തേടി വിജിലന്‍സ് കോടതിയെ സമീപിച്ചു

keralanews irregularities in the life mission plan vigilance has approached the court seeking m sivashankars whatsapp chats

കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ തേടി വിജിലന്‍സ് എന്‍ഐഎ കോടതിയെ സമീപിച്ചു. ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്ന് വിജിലന്‍സ് പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴ സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം.ലൈഫ് മിഷന്‍ ക്രമക്കേടില്‍ അഞ്ചാം പ്രതിയാണ് എം ശിവശങ്കര്‍. ലൈഫ് മിഷന്‍ സി.ഇ.ഒ യുവി ജോസ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയര്‍, സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്നിവര്‍ എം ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നു. യൂണിടാക്കുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച്‌ എം. ശിവശങ്കറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നാണ് യു.വി ജോസ് നല്‍കിയ മൊഴി. യൂണിടാകിനെ സഹായിക്കാന്‍ ശിവശങ്കര്‍ പറഞ്ഞതായി എഞ്ചിനീയര്‍ വിജിലന്‍സിനോട് വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയാണ് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.ലൈഫ് മിഷന്‍ അഴിമതിയില്‍ തുടരന്വേഷണത്തിന് വാട്സാപ്പ് ചാറ്റുകള്‍ അനിവാര്യമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.വാട്സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചശേഷം മാത്രമേ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നാണ് സൂചന.

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്‌;നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ;ചര്‍ച്ചക്ക്‌ തയാറെന്ന്‌ കേന്ദ്രം

keralanews farmers strike against agriculture law enters third day farmers will not end strike without repeal of law

ഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലും ഡല്‍ഹി അതിര്‍ത്തിയിലും കര്‍ഷകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്‌. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്‌.വടക്കന്‍ ഡല്‍ഹി ബുറാഡിയില്‍ സമരത്തിന്‌ സ്ഥലം നല്‍കാമെന്ന പൊലീസ്‌ നിര്‍ദേശം അംഗീകരിച്ച്‌ ഒരു വിഭാഗം കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചിരുന്നു. ജന്തര്‍മന്ദറിലോ, രാംലീല മൈതാനിയിലോ സമരത്തിന്‌ സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച്‌ വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്‌.സമാപന ദിവസമായ ഇന്നും പ്രക്ഷോഭകാരികളെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസേനയെയും ഡല്‍ഹി പൊലീസിനെയും അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചിരിക്കുകയാണ്. റോത്തക്ക് ദേശീയപാതയും കര്‍ണാല്‍ ദേശീയപാതയും ഒഴിവാക്കണമെന്ന് ഹരിയാന പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചാബ് അതിര്‍ത്തി ഹരിയാന സര്‍ക്കാര്‍ ഇന്നും അടച്ചിടും. കടുത്ത ശൈത്യത്തിനിടയിലും പട്യാല-അംബാല ദേശീയപാതയില്‍ അടക്കം കര്‍ഷകര്‍ തുടരുകയാണ്. ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍, ഇന്ത്യ ഗേറ്റ് പരിസരത്ത് സുരക്ഷാസന്നാഹം ശക്തമാക്കി. അയല്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് ഡല്‍ഹി മെട്രോ ഇന്നും സര്‍വീസ് നടത്തില്ല.മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്‌ നടത്തുന്ന ചലോ ദില്ലി മാര്‍ച്ചിന്റെ രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ്‌ വഴിവച്ചത്‌. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക്‌ നേരെ പൊലീസ്‌ പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമായി തുടര്‍ന്നു.ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുമായാണ്‌ കര്‍ഷകര്‍ പ്രക്ഷോഭത്തിനായി എത്തിയത്‌. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3ന്‌ ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ എല്ലാ കര്‍ഷക സംഘടനകളും.