കാസർകോഡ്:നടിയെ ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലക്ക് ജാമ്യം അനുവദിച്ചു.ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കാസര്‍കോഡ് ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അതോടൊപ്പം തന്നെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും പാടില്ല എന്ന ഉപാധിയും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.കഴിഞ്ഞ ജനുവരി 24നാണ് പ്രദീപ് കോട്ടാത്തല നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയത്.കാസര്‍കോട് താമസിച്ച ശേഷം കേസിലെ മാപ്പുസാക്ഷിയുടെ ബന്ധുവിനെ സമീപിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നൽകണം എന്ന് ആവശ്യപ്പെടുകയായിരുന്നു.പിന്നീട് കത്ത് മുഖേനെയും ഫോണ്‍ മുഖേനയും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. അന്വേഷണത്തിനൊടുവിലാണ് പ്രതി പ്രദീപാണ് എന്ന് കണ്ടെത്തിയത്.
സംസ്ഥാന സർക്കാറിന്റെ സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം ഡിസംബർ 3 മുതൽ
തിരുവനന്തപുരം:കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്‌മസ് കിറ്റ് ഡിസംബര്‍ മുതല്‍ വിതരണം ചെയ്യും.11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. പഞ്ചസാര- -500 ഗ്രാം, കടല- 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ-അര ലിറ്റര്‍, മുളകുപൊടി- 250 ഗ്രാം, ഖദര്‍ മാസ്‌ക്- രണ്ട്, ഒരു തുണി സഞ്ചി, ചെറുപയര്‍- 500 ഗ്രാം, തുവരപ്പരിപ്പ്- 250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്- 500 ഗ്രാം, എന്നിവയടങ്ങുന്നതാണ് ക്രിസ്‌മസ് കിറ്റ്. റേഷന്‍കടകള്‍ വഴി എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും. നവംബറിലെ കിറ്റ് വിതരണവും പുരോഗമിക്കുകയാണ്. ഇപ്പോള്‍ തുടരുന്നത് പിങ്ക് കാര്‍ഡുകാരുടെ കിറ്റ് വിതരണമാണ്. ബാക്കിയുള്ളവര്‍ക്ക് ഒക്ടോബറിലെ കിറ്റ് വാങ്ങാന്‍ ഡിസംബര്‍ അഞ്ചുവരെ നല്‍കും.
ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം;തെക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത
തിരുവനന്തപുരം:തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കും.നാളെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തെത്തുമെന്നും വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ ഫലമായി ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്കന്‍കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്.വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കേരളതീരത്ത് മത്സ്യബന്ധനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതലുകളുടെ ഭാഗമായി വ്യോമ നാവിക സേനകളുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 7 യൂണിറ്റുകളുടെ സാന്നിധ്യവും ജില്ലകളില്‍ ഉറപ്പാക്കും.അതേസമയം ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു.അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ നെയ്യാര്‍ റിസര്‍വോയര്‍, കൊല്ലം കല്ലട റിസര്‍വ്വോയര്‍ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളില്‍ ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് ആശ്വാസം;രാജ്യത്ത് ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് എത്തുന്നു
ന്യൂഡല്‍ഹി:രാജ്യത്തെ തീവണ്ടി ഗതാഗതം സാധാരണ നിലയിലേക്കെത്തുന്നു. മലബാര്‍, മാവേലി എക്സ്പ്രസുകളുള്‍പ്പെടെ 13 തീവണ്ടികളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. മാവേലി, മലബാര്‍ എക്സപ്രസ്സുകള്‍ ഈ മാസം ആദ്യ വാരം മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും.മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഈ വെള്ളിയാഴ്ച മുതലും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്ത് മുതലുമാണ് ഓടിത്തുടങ്ങുക. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂര്‍ (തിരുവനന്തപുരം വഴി) എന്നീ വണ്ടികള്‍ ഈ മാസം എട്ടിനും മധുര-പുനലൂര്‍ എക്സ്പ്രസ് വെള്ളിയാഴ്ചയും സര്‍വീസ് ആരംഭിക്കും. ദിവസേനയുള്ള വണ്ടികളാണ് എല്ലാം കോവിഡ് കാല സ്പെഷ്യല്‍ ട്രെയിനുകൾ ആയതിനാല്‍ ഇവയില്‍ ജനറല്‍ കമ്പാർട്ട്മെന്റുകൾ ഉണ്ടാവില്ല.എല്ലാം റിസര്‍വേഷന്‍ കോച്ചുകളായിരിക്കും.ചെന്നൈ-തിരുച്ചെന്തൂര്‍, ചെന്നൈ-കാരയ്ക്കല്‍,മ ധുരവഴിയുള്ള കോയമ്പത്തൂർ-നാഗര്‍കോവില്‍, ചെന്നൈ എഗ്മോര്‍-രാമേശ്വരം, ചെന്നൈ-നാഗര്‍കോവില്‍, ചെന്നൈ-മന്നാര്‍ഗുഡി എന്നിവയാണ് വീണ്ടും സര്‍വീസ് തുടങ്ങുന്ന മറ്റുവണ്ടികള്‍. അതേസമയം പകല്‍വണ്ടികളായ പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്സ്പ്രസുകള്‍ എന്ന് ഓടിത്തുടങ്ങുമെന്നു കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ;മുഴുവന്‍ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്ന് ആരോപണം
ന്യുഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ആറാം ദിവസത്തേക്ക് കടന്നു. കര്‍ഷകരെ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500ല്‍ ഏറെ കര്‍ഷക സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. ഇതില്‍ 32 സംഘടനകളെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. രാജ്യത്തെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നത് വരെ ചര്‍ച്ചയ്ക്കില്ലെന്നാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുഖ്‌വിന്ദര്‍ എസ്. സബ്രാന്‍ പറഞ്ഞു. വൈകിട്ട് മൂന്നിനാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.ഡല്‍ഹി -ഹരിയാന അതിര്‍ത്തിയില്‍ 500ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരം ആറാം ദിവസത്തിേലക്ക് കടക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തി പാതകളും ഉപരോധിച്ച് സമരം ചെയ്യാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍.ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് ബി.കെ.യു നേതാവ് ജോഗീന്ദര്‍ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. നേരത്തെ ഡല്‍ഹി നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാല്‍ ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ചയ്ക്ക് തയാറാണെന്നായിരുന്നു അമിത് ഷാ അറിയിച്ചത്.ഈ നിര്‍ദ്ദേശം ഞായറാഴ്ച കര്‍ഷകര്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ വസതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തീരുമാനമെടുത്തത്.
സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6055 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2880 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, തിരുവനന്തപുരം 6, കണ്ണൂര്‍ 4, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം 578, കോഴിക്കോട് 447, എറണാകുളം 246, ആലപ്പുഴ 258, തൃശൂര്‍ 244, കോട്ടയം 240, പാലക്കാട് 104, കൊല്ലം 235, തിരുവനന്തപുരം 153, കണ്ണൂര്‍ 121, പത്തനംതിട്ട 76, വയനാട് 78, കാസര്‍ഗോഡ് 75, ഇടുക്കി 25 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.തിരുവനന്തപുരം 334, കൊല്ലം 633, പത്തനംതിട്ട 143, ആലപ്പുഴ 765, കോട്ടയം 156, ഇടുക്കി 455, എറണാകുളം 518, തൃശൂര്‍ 659, പാലക്കാട് 482, മലപ്പുറം 507, കോഴിക്കോട് 913, വയനാട് 116, കണ്ണൂര്‍ 299, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 504 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തി
കോഴിക്കോട്:വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തി.മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം.രാവിലെ ഒമ്പതുമണി മുതല്‍ 11.45 വരെ ആയിരുന്നു പരിശോധന. ഊരാളുങ്കലിന് ലഭിച്ച കരാറുകളിലാണ് പരിശോധന നടന്നത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്ന് ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കായി എത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്കെത്തി.ഊരാളുങ്കലിന്റെ ഇടപാടുകളില്‍ രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ പരിഗണിക്കുന്നത്.സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി..അതേസമയം, ഉരാളുങ്കല്‍ സൊസൈറ്റില്‍ ഇ.ഡി. റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്ന് മാത്രമാണ് അന്വേഷിച്ചത്.അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല എന്ന മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായതെന്നും ചെയര്‍മാന്‍ അറിയിച്ചു.
പ്രക്ഷോഭത്തിനിടെ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി;കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി:കർഷകരുടെ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി.തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കോടിക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിലപാട്.പതിറ്റാണ്ടുകള്‍ നീണ്ട തെറ്റായ നടപടികള്‍ കാരണം കര്‍ഷകരുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടെന്ന് തനിക്കറിയാം. ഗംഗാ ദേവിയുടെ കരയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശ്യം തങ്ങള്‍ക്കില്ല. ഗംഗാ നദിയിലെ ജലം കണക്കെ പരിശുദ്ധമാണ് തങ്ങളുടെ ഉദ്ദേശ്യങ്ങളെന്നും മോദി പറഞ്ഞു.മുൻപുള്ള സംവിധാനമാണ് ശരിയെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ആരെയും ഈ നിയമം തടയുന്നില്ല.പരമ്പരാഗത മണ്ഡികളെയും സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയെയും പുതിയ തുറന്ന വിപണി സംവിധാനം ഇല്ലാതാക്കുമെന്ന് അര്‍ഥമില്ലെന്നും മോദി പറഞ്ഞു.രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് കര്‍ഷകര്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതാണ് പുതിയ നിയമങ്ങള്‍. കര്‍ഷകര്‍ക്ക് പുതിയ സാധ്യതകളും സുരക്ഷയും നല്‍കുന്നതാണ് ഇതെന്നും മോദി ന്യായീകരിച്ചു.എന്നാൽ നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ശക്തമായ നിലപാടിലാണ് കര്‍ഷകര്‍.അതിനിടെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്;എം.സി. ഖമറുദ്ദീെന്‍റ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീെന്‍റ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഫാഷന്‍ ഗോള്‍ഡിെന്‍റ പേരില്‍ നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഖമറുദ്ദീൻ ജാമ്യഹരജി നല്‍കിയത്. നവംബര്‍ ഏഴിന് അറസ്റ്റിലായ തെന്‍റ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നല്‍കിയില്ലെന്ന പേരില്‍ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്നും ഇദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോടികളുടെ ആസ്തി;കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തമുണ്ടെന്നും ഇഡി കണ്ടെത്തൽ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോടികളുടെ ആസ്തിയെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ കണ്ടെത്തല്‍. കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തമുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാട് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കൊച്ചി യൂണിറ്റിന് റിപ്പോര്‍ട്ട് കൈമാറും.രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് പരാതി ഉയര്‍ന്ന വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഇരുപത്തി നാല് സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധിച്ചത്. ഇതില്‍ പന്ത്രണ്ടെണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇലക്‌ട്രോണിക്‌സ് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്ത്രവില്‍പന കേന്ദ്രം, ജ്വല്ലറി തുടങ്ങിയ ഇടങ്ങളിലാണ് അദ്ദേഹത്തിന് പങ്കാളിത്തമുള്ളത്. രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇതിന്റെ രേഖകളും കൂടുതല്‍ പരിശോധനകളും നടത്തി വ്യാപ്തി ഉറപ്പാക്കുക.നിലവില്‍ നടത്തിപ്പുകാരില്‍ നിന്ന് ഇ.ഡി വിവരം ശേഖരിക്കുക മാത്രമാണുണ്ടായത്. രവീന്ദ്രന് വലിയ അളവില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇ.ഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.ആദ്യദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇ.ഡിയുടെ പരിശോധന. നേരത്തെ തന്നെ രവീന്ദ്രന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് ചില പരാതികള്‍ ഇഡിക്ക് ലഭിച്ചിരുന്നു.