കണ്ണൂർ:കണ്ണൂർ കണ്ണോത്തുംചാലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേർന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു.മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. ഏഴുപേരുടെയും പരിക്ക് നിസ്സാരമാണ്.ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്‌ക്ക് ശേഷം വിട്ടയച്ചു.
അമര്‍നാഥ് മേഘവിസ്ഫോടനം;ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 20 ആയി
അമര്‍നാഥ്: അമര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി.ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാലു പേരും രാജസ്ഥാനിലെ നാഗൂര്‍ സ്വദേശികളാണ്. ഇതോടെ മരിച്ച രാജസ്ഥാന്‍ സ്വദേശികളുടെ എണ്ണം ഏഴായി. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. ജൂലൈ 6 ന് പഹല്‍ഗാമില്‍ നിന്നാണ് ഇവര്‍ യാത്ര ആരംഭിച്ചത്.വെള്ളിയാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേരുടെ മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറോളം പേരെ കാണാതായി. പരിക്കേറ്റ 34 പേരെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടറുകളും റഡാറുകളും ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥയാത്ര താല്‍കാലികമായി നിര്‍ത്തിവെയ്‌ക്കുകയും തിങ്കളാഴ്ച രാവിലെ ഭാഗീകമായി പുനരാരംഭിക്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടകര്‍ പഞ്ചതരണി പാതയിലൂടെ യാത്ര ആരംഭിച്ച് ബാല്‍ത്തല്‍ വഴി തിരികെ എത്താനാണ് നിര്‍ദേശം. സിആര്‍പിഎഫിന്റെ സുരക്ഷയോട് കൂടി 4,000 ത്തോളം പേര്‍ യാത്ര ആരംഭിച്ചു.ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പഹല്‍ഗാമിലെ നുന്‍വാന്‍, മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ബാല്‍ത്തല്‍ ക്യാമ്പ് എന്നീ ബേസ് ക്യാമ്പുകളിൽ നിന്നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് അമര്‍നാഥിലെ ഗുഹാക്ഷേത്രത്തിലെത്താനാവുക.ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ 43 ദിവസത്തെ തീര്‍ത്ഥാടന കാലം കനത്ത സുരക്ഷയിലാണ് നടത്തുന്നത്.ജൂണ്‍ 30 ന് ആരംഭിച്ച യാത്ര രക്ഷാബന്ധന്‍ ദിനത്തില്‍ അവസാനിക്കും.
കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെയും അവധി
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെയും(08/07/2022) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ,ICSE/CSE സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;വെള്ളിയാഴ്ച 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു.തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
കനത്ത മഴ തുടരുന്നു;കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കണ്ണൂർ:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്റ്റർ നാളെയും(07/07/2022) അവധി പ്രഖ്യാപിച്ചു.സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ, അംഗൻവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല.
കണ്ണൂർ മട്ടന്നൂരില്‍ വീടിനുള്ളിൽ സ്ഫോടനം;ഒരാള്‍ മരിച്ചു
കണ്ണൂർ: മട്ടന്നൂര്‍ ചാവശ്ശേരി കാശിമുക്കില്‍ വീടിനുള്ളിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.അസം സ്വദേശി ഫസല്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷുഹൈദുല്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രിസാധനങ്ങള്‍ സൂക്ഷിച്ച സ്ഥലത്താണ് സ്ഫോടനം നടന്നത്.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇവര്‍ താമസിച്ച പഴയ ഓട് പാകിയ വീട്ടില്‍ ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു. മരിച്ചയാളും പരിക്കേറ്റയാളും അസം സ്വദേശികളാണ്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്.
കനത്ത മഴ;കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂര്‍: മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജൂലൈ 6ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അവധി നൽകുന്നതിന്റെ ഭാഗമായി മുടങ്ങി പോകുന്ന ക്ലാസുകൾ ക്രമീകരിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ പഠനം നഷ്ടമാകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മഴക്കെടുതികളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കമാണ് സ്വീകരിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി
ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി.മറ്റൊരു പേരിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടാം.സര്‍വീസ് ചാര്‍ജിനെക്കുറിച്ച് ഹോട്ടല്‍ ഉടമ ഉപഭോക്താക്കളോട് വ്യക്തമാക്കുമ്പോൾ ചാര്‍ജ് നല്‍കണമെന്ന് ആവശ്യപ്പെടരുതെന്നും ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതായത് റെസ്റ്റോറന്റിന്റെ പക്ഷത്ത് നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും താല്‍പര്യമുണ്ടെങ്കില്‍ സ്വമേധയാ തരാമെന്ന് ഉപഭോക്താക്കളെ അറിയിക്കുകയും മാത്രമാണ് ചെയ്യാന്‍ പാടുള്ളതെന്ന് ഉത്തരവില്‍ പറയുന്നു.
പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
പാലക്കാട് :പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.6 ദിവസം മുൻപാണ് ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവതിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞ് മരിച്ചു. തുടർന്ന് ഇന്ന് രാവിലെയോടെ യുവതിയും മരിച്ചു.ആശുപത്രി അധികൃതർ പ്രസവം വൈകിപ്പിച്ചതാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.സിസേറിയന് ആവശ്യപ്പെട്ടപ്പോഴും ഡോക്ടർമാർ അത് ചെയ്തില്ല. കുട്ടയെ കൈയ്യിൽ ലഭിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്. പ്രസവശേഷം യുവതിയ്‌ക്ക് രക്തസ്രാവം ഉണ്ടായെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. പിന്നാലെ ഗർഭപാത്രം നീക്കം ചെയ്തു. എന്നാൽ ഇത് ഭർത്താവ് പോലും അറിഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. ആശുപത്രിക്ക് എതിരെ പാലക്കാട് സൗത്ത് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
കനത്ത മഴ;കടലാക്രമണത്തിനും കടൽക്ഷോഭത്തിനും സാധ്യത; കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം : കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയണ്ട്. അതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്നാണ് നിർദ്ദേശം.ചൊവ്വാഴ്ച വരെ ആന്ധ്രാപ്രദേശ് തീരം, മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ, മദ്ധ്യ കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്ക് കിഴക്കൻ മദ്ധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും വ്യക്തമാക്കുന്നു.