ന്യൂഡൽഹി:കോവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍.വാക്സിന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാര്‍ഗരേഖ.ഓരോ വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമേ കേന്ദ്രത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മൂന്നു മുറികളിലായിട്ടാണ് വാക്സിന്‍ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാവും സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ നടത്തുക.
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4748 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 608, മലപ്പുറം 595, കൊല്ലം 475, എറണാകുളം 309, ആലപ്പുഴ 372, പത്തനംതിട്ട 287, കോട്ടയം 291, കണ്ണൂര്‍ 249, തിരുവനന്തപുരം 183, തൃശൂര്‍ 265, പാലക്കാട് 117, ഇടുക്കി 127, വയനാട് 81, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, പത്തനംതിട്ട 9, തിരുവനന്തപുരം 7, എറണാകുളം 5, കോഴിക്കോട് 4, കൊല്ലം 3, വയനാട് 2, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 554, പത്തനംതിട്ട 150, ആലപ്പുഴ 249, കോട്ടയം 243, ഇടുക്കി 176, എറണാകുളം 592, തൃശൂര്‍ 500, പാലക്കാട് 243, മലപ്പുറം 790, കോഴിക്കോട് 450, വയനാട് 149, കണ്ണൂര്‍ 206, കാസര്‍ഗോഡ് 54 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇതോടെ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സമരം ശക്തമാക്കി കർഷകർ;പഞ്ചാബില്‍ നിന്ന് 1200 ട്രാക്ടറുകളിലായി 50,000 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
ന്യൂഡൽഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍.നിയമം പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍. സര്‍ക്കാരുമായി നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നായി 50,000ത്തോളം കര്‍ഷകര്‍ 1200 ട്രാക്ടറുകളില്‍ കയറിയാണ് ഡല്‍ഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.ആറ് മാസത്തോളം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ടാണ് സമരമുഖത്തേക്ക് ഈ കര്‍ഷകര്‍ എത്തുന്നത്. ‘ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് മോദി സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ. മറ്റെന്ത് സാഹചര്യം ഉടലെടുത്താലും ഞങ്ങളിനി തിരികെ പോകില്ല’ , എന്നാണ് മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റി നേതാവ് സത്‌നം സിങ് പന്നു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യരുതെന്ന് കര്‍ഷകനേതാക്കള്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് ഒരു പ്രമേയം വെച്ചിട്ടുണ്ട്. അത് പരിഗണിക്കണമെന്നാണ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഞങ്ങള്‍ ചില ഓഫറുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു നിയമവും കുറ്റമറ്റതല്ല. കര്‍ഷകരെ ബാധിക്കുന്ന വ്യവസ്ഥകള്‍ എടുത്തുമാറ്റാന്‍ തയ്യാറാണ്’ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അതേസമയം കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കര്‍ഷക സംഘടനകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. നാളെ മുതല്‍ സത്യാഗ്രഹം സമരം തുടങ്ങാനാണ് തീരുമാനം. സംസ്ഥാനതലത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം. കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
ആരോപണത്തിൽ കഴമ്പില്ല;സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിഐജി സമര്‍പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും. സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ജയില്‍ വകുപ്പ് അന്വേഷണം നടത്തിയത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ നേരത്തെ ബോധിപ്പിച്ചത്.നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്‍റെ കുടുംബത്തെയും ജയിലിനകത്തു വച്ച് തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണു തങ്ങളെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു. അപേക്ഷ പരിഗണിച്ച കോടതി സ്വപ്ന സുരേഷിനു ജയിലില്‍ സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.അതേസമയം സ്വപ്നയുടെ അമ്മയും മക്കളും ഉള്‍പ്പെടെയുള്ള അഞ്ചു ബന്ധുക്കളും കസ്റ്റംസ്, ഇ.ഡി, വിജിലന്‍സ് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരും ജയിലില്‍ അവരെ കണ്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. അമ്മ, സഹോദരന്‍, ഭര്‍ത്താവ്, രണ്ടു മക്കള്‍ എന്നിവര്‍ക്ക് കസ്റ്റംസ്, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് കാണാനാവുക. കൊഫെപോസ ചുമത്തിയതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല. ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജയിലില്‍ നാലുപേര്‍ നിരവധി തവണയെത്തി ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ജയില്‍വകുപ്പിന്റെ നിഗമനം.
മന്ത്രി എ സി മൊയ്തീന്റെ വോട്ട്; ചട്ടലംഘനം സംഭവിച്ചിട്ടില്ലെന്ന് തൃശ്ശൂര്‍ ജില്ല കളക്ടറുടെ റിപ്പോര്‍ട്ട്
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങില്‍ മന്ത്രി എ സി മൊയ്തീന്‍ ഏഴ് മണിക്ക് മുന്‍പ് വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മന്ത്രി വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെതൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങില്‍ മന്ത്രി എ സി മൊയ്തീന്‍ ഏഴ് മണിക്ക് മുന്‍പ് വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മന്ത്രി വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കി.മന്ത്രി 6.55 ന് വോട്ട് ചെയ്‌തെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകള്‍ ബാക്കിയുണ്ടായിരുന്നു എന്ന് ആക്ഷേപം ഉയര്‍ന്നു.എന്നാല്‍ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതില്‍ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാര്‍ത്തയായതോടെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തുകയായിരുന്നു.
ആയുർവേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി;ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്;ദുരിതത്തിലായി രോഗികൾ
തുണി അലക്കികൊണ്ടിരിക്കെ വീട്ടമ്മ മണ്ണിടിഞ്ഞ് കുഴിയിലേക്ക് വീണു;പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍;സംഭവം നടന്നത് ഇരിക്കൂർ അഴിപ്പുഴയിൽ
കണ്ണൂര്‍: വസ്ത്രം അലക്കികൊണ്ടിരിക്കെ പൊടുന്നനെ രൂപപ്പെട്ട കുഴിയിലൂടെ താഴേക്ക് പോയ വീട്ടമ്മയെ പിന്നീട് കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റില്‍. ഇന്നലെ ഇരിക്കൂറില്‍ ഉണ്ടായ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്ടുകാരും വീട്ടുകാരും. കണ്ണൂരിലെ ഇരിക്കൂറില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഈ വിചിത്ര സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ കെ.എ അയൂബിന്റെ ഭാര്യ 42കാരി ഉമൈബയ്ക്കാണ് ഈ പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായത്. വീടിന്റെ അടുക്കളയുടെ സമീപത്തുവെച്ച് ഉമൈബ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമി താഴ്ന്ന് പോവുകയും വീടിന് പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക്പതിച്ചത്. കിണര്‍ ഇരുമ്ബ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു. വീട്ടുകിണറ്റിനുള്ളില്‍ നിന്നും കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ ഓടിച്ചെന്ന് നോക്കിയപ്പോള്‍ ഉമൈബയെ കാണുകയും ഒച്ചവെച്ച് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്തു.നാട്ടുകാര്‍ ചേര്‍ന്ന് മട്ടന്നൂര്‍ പൊലീസിനേയും അഗ്‌നിശമന സേന വിഭാഗത്തേയും അറിയിച്ചതിന് പിന്നാലെ എല്ലാവരും ചേര്‍ന്ന് ഉമൈബയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.25 കോല്‍ ആണ് വീട്ടമ്മ വീണ കിണറിന്റെ ആഴം. ഇവിടേക്കെത്തിയെ പൊലീസും ഫയര്‍ ഫോഴ്സും നടത്തിയ പരിശോധനയില്‍ ഉമൈബയുടെ വീട്ടിലെ കുഴിയില്‍ നിന്നും അടുത്ത വീട്ടിലെ കിണറ്റിലേക്ക് ഒരു തുരങ്കം രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ മലയോര മേഖലകളില്‍ അടുത്ത കാലങ്ങളില്‍ വന്‍ തുരങ്കം രൂപപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ നിന്നും നാട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.അതേസമയം സോയില്‍ പൈപ്പിങ് എന്ന് പേരുള്ള പ്രതിഭാസമാണ് ഈ സംഭവത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്ത ശേഷം തുരങ്കം രൂപപ്പെടുന്നത് അടക്കമുള്ള സംഭവങ്ങളാണ് ഇത്. ആയിപ്പുഴയിലും സംഭവിച്ചത് ഇതാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇവിടെ ജിയോളജി വകുപ്പ് അധികൃതരും പരിശോധനക്ക് എത്തും.
കടുത്ത തലവേദനയും കഴുത്തുവേദനയും;ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്‌ചത്തെ സാവകാശം തേടി സി എം രവീന്ദ്രന്‍
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍. രണ്ടാഴ്‌ചത്തെ സമയം വേണമെന്നതാണ് ആവശ്യം. തനിക്ക് കടുത്ത തലവേദനയും കഴുത്തുവേദനയുമാണെന്നാണ് രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും രവീന്ദ്രന്‍ കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.തനിക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രന്‍ കത്തില്‍ പറയുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സി എം രവീന്ദ്രന്‍ എന്‍ഫോഴ്സ്‌മെന്റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളായത് കൊണ്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നതിനാലും ചോദ്യം ചെയ്യലില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് എന്നാണ് വിവരം. ഇ. ഡി സംഘം ഇന്ന് രവീന്ദ്രന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയം തോന്നിയാല്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു തുടര്‍ നടപടിയെടുക്കാനാണ് സാധ്യത. അസുഖ ബാധിതനെങ്കില്‍ കൂടുതല്‍ സമയം അനുവദിക്കും. ശിവങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി വരുംവരെ സമയമുണ്ടെന്നും ഇതിനിടയില്‍ ചോദ്യം ചെയ്താല്‍ മതിയെന്നുമാണ് ഇ.ഡിയുടെ നിലപാട്.
28 വർഷത്തെ കാത്തിരിപ്പിന് വിരാമം;സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി;വിധി പ്രഖ്യാപനം ഡിസംബര്‍ 22 ന്
തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഭയ കൊലക്കേസില്‍ വിധി പ്രഖ്യാപനം ഡിസംബര്‍ 22 ന്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവം നടക്കുന്നത്. കേസിലെ വിചാരണ പൂര്‍ത്തിയായി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂര്‍ത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ വാദം പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ പ്രതികളുടെയും വാദം പൂര്‍ത്തിയായത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പ്രതി മറ്റാരോ ആണെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു.കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂര്‍ കോടതി മുന്‍പാകെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വാദത്തിന് പ്രോസിക്യൂഷന്‍ ഇന്ന് മറുപടി പറഞ്ഞു. അതിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിയത്.പ്രോസിക്യൂഷന്‍ സാക്ഷികളായി 49 പേരെയാണ് കോടതിയില്‍ വിസ്തരിച്ചത്.പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാന്‍ പ്രതികള്‍ക്ക് സാധിച്ചില്ല.1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സിബിഐ കോടതിയില്‍ നിന്നും ഡിസംബര്‍ 22ന്വിധി പറയാന്‍ ഇരിക്കുന്നത്.
കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ 2 മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി:കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സ്പുട്നിക് 5 വാക്സിന്‍ എടുത്ത ശേഷം രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയാണ് മുന്നറിയിപ്പ് നല്‍കിയത്. ശരീരത്തിൽ വാക്സിൻ പ്രവര്‍ത്തിക്കുന്നതുവരെ ജനങ്ങള്‍ സുരക്ഷിതമായി തുടരാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും അദ്ദേഹം പുറപ്പെടുവിച്ചു. ഇത് 42 ദിവസം തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാക്സിനെടുത്തു കഴിഞ്ഞാല്‍ പഴയ പോലെ തന്നെ തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. മദ്യവും രോഗപ്രതിരോധ മരുന്നുകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോവിഡിനെതിരായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ആരോഗ്യമുള്ളവരായി ഇരിക്കാന്‍ സ്വയം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.