കണ്ണൂർ:ഇരിട്ടി മുഴക്കുന്നിൽ കോണ്‍ഗ്രസ് നേതാവിന്‍റെ വീടിനു നേരെ ബോംബാക്രമണം.തളിപൊയിലിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.എം.ഗിരീഷിന്‍റെ വീട്ടിനു നേരെയാണ് പുലര്‍ച്ചെ ബോംബേറ് ഉണ്ടായത് . മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല . ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.തിങ്കളാഴ്ച നടന്ന അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനിടെ പ്രദേശത്ത് യുഡിഎഫിന്‍റ രണ്ട് ബൂത്ത് ഏജന്‍റുമാര്‍ക്ക് മര്‍ദനമേറ്റിരുന്നു. എട്ടാം വാര്‍ഡ് വട്ടപൊയിലിലെ ബൂത്ത് ഏജന്‍റ് സി.കെ മോഹനന്‍, ഷഫീന എന്നിവര്‍ക്കാണ് ബൂത്തിനുള്ളില്‍ വച്ച് മര്‍ദനമേറ്റത്. ബൂത്തിനകത്തു വച്ച് മോഹനന്‍റെ കൈയില്‍ ഉണ്ടായിരുന്നു വോട്ടര്‍പട്ടികയും സിപിഎമ്മുകാര്‍ വലിച്ചു കീറിയതായി ആരോപണമുണ്ട്.കള്ളവോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദനം. മോഹനന്‍റെ കണ്ണിന് പേനകൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ആരോഗ്യവകുപ്പ്; ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. നിർബന്ധമാക്കി
തിരുവനന്തപുരം:ശബരിമല സന്നിധാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തീർത്ഥാടകർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതുവരെ 51 തീര്‍ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും മറ്റുള്ള 3 പേർക്കും ഉള്‍പ്പെടെ 299 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.മോശം വായുസഞ്ചാരമുള്ള അടച്ച ഇടങ്ങള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍, മുഖാമുഖം അടുത്ത സമ്ബര്‍ക്കം വരുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ളത്. അതിനാല്‍ തന്നെ ഈ സ്ഥലങ്ങളില്‍ ഏറെ ജാഗ്രത വേണം. എല്ലാവരും കോവിഡ്-19 മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം. തീര്‍ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.ഫലപ്രദമായി കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, മാസ്‌കുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ യാത്ര യാത്രചെയ്യുമ്പോൾ എല്ലാ സുരക്ഷാ മുന്‍കരുതലുകളും തീര്‍ഥാടകര്‍ പാലിക്കേണ്ടതാണ്. സാനിറ്റൈസര്‍ കൈയ്യില്‍ കരുതണം. അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വസന ലക്ഷണങ്ങള്‍, ക്ഷീണം, ഗന്ധം തിരിച്ചറിയാന്‍ പറ്റുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.ഡ്യൂട്ടിയില്‍ വിന്യസിക്കുന്നതിന് മുൻപ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പരിശോധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്.എല്ലാ തീര്‍ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുൻപ് ഐസിഎംആറിന്റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി.ലാംമ്പ് , എക്സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി
ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി.ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമർശങ്ങള്‍ക്കെതിരെയോ നടപടികൾക്കെതിരെയോ പരാതിയുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുകയില്ല, മറിച്ച് ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.പ്രതിയുടെ മേലുള്ള കുറ്റകൃത്യങ്ങൾ തിരുത്തണമെങ്കിലും ഹൈകോടതിയെ സമീപിക്കാവുന്നതെയുള്ളൂ. അല്ലാതെ ഇത്തരത്തിൽ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുത്. ജഡ്ജിക്ക് മുൻവിധിയുണ്ടെന്ന് തെളിയിക്കാൻ ഇത് മതിയായ കാരണല്ലെന്നും കോടതി നിരീക്ഷിച്ചു. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഏകപക്ഷീയമായാണ് പെരുമാറുന്നത്,ഇരക്കെതിരെ മോശം പരാമ൪ശം നടത്തി, പല പ്രധാന മൊഴികളും രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് സംസ്ഥാന സ൪ക്കാ൪ ജഡ്ജിയെ മാറ്റാൻ അനുമതി തേടിയത്. സംസ്ഥാന സ൪ക്കാറിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റ൪ ജനറൽ രഞ്ജിത് കുമാറാണ് ഹാജരായിരുന്നത്. ഹരജി തള്ളിയ സുപ്രിം കോടതി ഹൈകോടതി ഉത്തരവ് ശരിവെയ്ക്കുകയും ചെയ്തു.
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനമിടിച്ച് മരിച്ച സംഭവം;ലോറി ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ;വാഹനം നിർത്താതെ പോയത് ഭയന്നിട്ടെന്ന് ഡ്രൈവറുടെ മൊഴി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജോയിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇടിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയന്നിട്ടാണെന്നാണ് ഡ്രൈവർ ജോയിയുടെ മൊഴി. അപകട സമയത്ത് വാഹനത്തിന്റെ ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നു. വെള്ളയാണിയിൽ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരം വഴി പേരൂർക്കടയിലെത്തി. തുടർന്ന് വാഹനം ഈഞ്ചയ്ക്കലിലേക്ക് മാറ്റി. വാഹനത്തിന്റെ ഉടമയെയും വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. കരമന-കളിയിക്കവിള ദേശീയപാതയിൽ ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടത്തിന് പിന്നിൽ ടിപ്പർ വിഭാഗത്തിൽപ്പെട്ട വാഹനമാണെന്ന് പോലീസ് സ്ഥിരീകരി ച്ചിരുന്നു. സംഭവത്തിൽ പ്രദീപിൻറെ അമ്മ വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായാണ് അമ്മ വസന്ത കുമാരി പറഞ്ഞത്.
ഡല്‍ഹി എയിംസില്‍ നഴ്സുമാരുടെ സമരം ശക്തമാക്കുന്നു;പോലീസുമായുണ്ടായ സംഘർഷത്തിൽ മലയാളി നഴ്‌സുമാര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ സമരം ശക്തമാക്കി നഴ്‌സുമാർ.സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരും പൊലീസ് തമ്മില്‍ ഉണ്ടായ ഉന്തുംതള്ളുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തുകയും സമരം ചെയ്യുന്ന നഴ്‌സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ബാരിക്കേഡുകള്‍ വീണ് നഴ്സുമാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.തിങ്കളാഴ്ചയാണ് ആറാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശമ്പളം അടക്കമുള്ളവ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഴ്‌സുമാരുടെ സംഘടന ഡല്‍ഹി എയിംസില്‍ സമരം ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പണിമുടക്ക് രാത്രിയും തുടര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായി പൊലീസിന്റെ ഇടപെടല്‍ ഉണ്ടായത്.എയിംസിന്റെ കോംബൗണ്ടിനകത്ത് അനിശ്ചിതകാല സമരമാണ് നഴ്‌സുമാര്‍ പ്രഖ്യാപിച്ചത്. ഒപിയുടെ പ്രവര്‍ത്തനവും ഒപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ടാണ് നഴ്‌സുമാര്‍ പണിമുടക്കുന്നത്. 5000 ത്തോളം നഴ്‌സുമാരാണ് എയിംസില്‍ തൊഴിലെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്‌സുമാര്‍. ഈ മാസം 16 മുതല്‍ സമരം ആരംഭിക്കാനായിരുന്നു നഴ്‌സുമാരുടെ തീരുമാനം. എന്നാല്‍ സമരത്തെ നേരിടാന്‍ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ നഴ്‌സുമാര്‍ അപ്രതീക്ഷിതമായി സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു.
മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം:കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പര്‍ ലോറി ഇതുവരെ കണ്ടെത്താനായില്ല.തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു.ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അപകട ശേഷം ടിപ്പര്‍ വേഗതയില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ടിപ്പര്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.പ്രദീപിന്റെ ഭാര്യ ഹോമിയോ ഡോക്ടര്‍ ആണ്. ഒരു മകന്‍ ഉണ്ട് .നീണ്ട വര്‍ഷക്കാലം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. കര്‍മ്മ ന്യൂസ്,മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ധന . വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 27 രൂപയുാണ് ഉയര്‍ത്തിയത് . ഇതോടെ ഗാര്‍ഹിക സിലണ്ടറുകളുടെ വില 701 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 1319 രൂപയിലുമെത്തി.ഡിസംബറില്‍ മാത്രം ഇത് രണ്ടാം തവണയാണ് പാചകവാതക വില എണ്ണക്കമ്പനികൾ വര്‍ധിപ്പിക്കുന്നത്.ഡിസംബര്‍ രണ്ടിനായിരുന്നു ഇതിന് മുന്‍പ് വില കൂട്ടിയത്. അന്ന് പാചക വാതകത്തിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്. പാചകവാതക വിലവര്‍ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.
പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല
കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.ജാമ്യം അനുവദിക്കരുതെന്നും നാല് ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. നിലവില്‍ ഇബ്രാഹിംകുഞ്ഞിനു ആശുപത്രിയില്‍ തുടരാമെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യം വന്നാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ആര്‍ഡിഎസിനു കരാര്‍ നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മാസ്‌കറ്റ് ഹോട്ടലില്‍ 2013 ജൂണ്‍ 17 ന് നടന്ന യോഗത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സര്‍ക്കാരിന്റെ ആരോപണം. മുന്‍കൂര്‍ പണം അനുവദിച്ചതു നിയമവിരുദ്ധമായാണെന്നും അതിനു കരാറില്‍ വ്യവസ്ഥയില്ലെന്നും നിയമവകുപ്പിന്റെ അഭിപ്രായം തേടിയില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചിരുന്നു.കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് പുതുമയുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കണക്കാക്കി രാഷ്ട്രീയ പ്രേരിതമായാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ശരിയായ നടപടിക്രമങ്ങളിലൂടെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ എത്തിയതിനാലാണു മുന്‍കൂര്‍ തുക നല്‍കാന്‍ അംഗീകാരം കൊടുത്തതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.നവംബര്‍ 18 നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്.
നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം;രണ്ട് പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു;കണ്ണീർ വാതകം പ്രയോഗിച്ചു
കോഴിക്കോട്:നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം.പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിൽ ഉന്തും തളളുമുണ്ടായി. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ റൂറല്‍ എസ്.പി സ്ഥലത്തേക്ക് പുറപ്പെട്ടു. കീയൂര്‍ 6,7 വാര്‍ഡുകളിലെ നാലാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്.മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് കോടത്തൂരില്‍ എല്‍.ഡി.എഫ്,യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘർഷമായുണ്ടായി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് സംഘര്‍ഷത്തിനിടെ പരിക്കേറ്റു.തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ലാത്തിവീശി.
തദ്ദേശ തിരഞ്ഞെടുപ്പ്;കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവർത്തകൻ അറസ്റ്റിലായി. പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് 16 വയസുകാരനായ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാനെത്തിയത്.ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയത് പോളിങ് ഉദ്യോഗസ്ഥർ തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രവാസിയായ സഹോദരന്റെ വോട്ട് ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം.കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി.നാലാം വാർഡിലാണ് കോൺഗ്രസ് പ്രവർത്തകൻ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തത്.