കണ്ണൂര്‍:വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പർക്കമുണ്ടോയെന്ന് അറിയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസര്‍ ഡോ. നാരായണ്‍ നായ്ക്ക് അറിയിച്ചു. സമ്പർക്കത്തിലുള്ളവര്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.
ജൂലായ് 13 ന് ഉച്ചയ്ക്ക് ദുബൈയില്‍ നിന്ന് മംഗളൂരുവിൽ വിമാനമിറങ്ങിയ യുവാവിന് നേരിയ പനിയും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ടാക്‌സിയിലാണ് പയ്യന്നൂരിലെ വീട്ടിലേക്ക് എത്തിയത്. ത്വക്കില്‍ പോളകള്‍ കണ്ടതിനെ തുടര്‍ന്ന് ജൂലായ് 14 ന് രാവിലെ സ്വന്തം ബൈകില്‍ പയ്യന്നൂരെ ചര്‍മരോഗ വിദഗ്ധനെ കണ്ടു. പിന്നാലെ രോഗം സംശയിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു.തുടര്‍ന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ യുവാവിന്റെ ഭാര്യ, രണ്ട് മക്കള്‍, അമ്മ, ടാക്‌സി ഡ്രൈവര്‍ എന്നിവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.ഇയാള്‍ സഞ്ചരിച്ച വിമാനത്തില്‍ 12 കണ്ണൂര്‍ സ്വദേശികളും കാസര്‍കോട് സ്വദേശികളുമുണ്ടായിരുന്നു. ഇവര്‍ക്ക് യുവാവുമായി സമ്പർക്കമില്ലെന്നാണ് വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി; രോഗബാധ സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്
കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ദുബായില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 13നാണ് ഇയാള്‍ ദുബായില്‍ നിന്നെത്തിയത്. രോഗലക്ഷണം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ സ്രവങ്ങൾ പൂനെയിലെ വൈറോളജി ലാബിലും ആലപ്പുഴയിലെ ലാബിലും പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുമായി സമ്പർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയാതായി ആരോഗ്യവകുപ്പ് അറിയിച്ചു.ജൂലൈ 14 നാണ് സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ജാഗ്രതാ നടപടികളുടെ ഭാഗമായി തിരുവനന്തപുരം, നെടുമശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.
വളപട്ടണം ഐ എസ് റിക്രൂട്ട്മെന്റ് കേസ്; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
കൊച്ചി: വളപട്ടണം ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷ പ്രഖ്യാപിച്ച് എൻ ഐ എ കോടതി. കേസിലെ ഒന്നും അഞ്ചും പ്രതികളായ മിഥിലജ്, ഹംസ എന്നിവർക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ അബ്ദുൾ റസാഖിന് ആറ് വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ മൂന്ന് വർഷം കൂടി തടവ് അനുഭവിക്കണം.ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിലാജ് , വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു കെ ഹംസ എന്നിവരാണ് കേസിലെ പ്രതികകള്‍. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്‍റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ലേറെ പേരെ ഐഎസിൽ ചേർത്തെന്നാണ് കേസ്.പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ, രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. സിറിയയിലേക്കുള്ള യാത്രാമദ്ധ്യേ തുര്‍ക്കിയില്‍ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുള്‍ റസാഖും പൊലീസ് പിടിയിലായത്.
മങ്കിപോക്സ്;ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്‌സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ ഉള്ളതിനാല്‍ എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തില്‍ വന്നവര്‍ സ്വയം നിരീക്ഷിക്കേണ്ടതാണ്. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പർ 30 സി) രോഗബാധ സ്ഥിരീകരിച്ച വ്യക്തി എത്തിയത്. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്‌ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം. കുടുംബാംഗങ്ങളില്‍ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവര്‍, ടാക്‌സി ഡ്രൈവര്‍, സ്വകാര്യ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാര്‍ എന്നിവരാണ് ഇപ്പോള്‍ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.
എമിഗ്രേഷൻ ക്ലിയറൻസ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കും. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലർത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും. തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും എന്തെങ്കിലും സംശയമുള്ളവർ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ രോഗബാധ സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിയിൽ
കൊല്ലം : സംസ്ഥാനത്ത് വാനര വസൂരി(മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്.രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുഎഇയിൽ നിന്നെത്തിയതായിരുന്നു ഇയാൾ. രോഗിക്ക് മൂന്ന് പേരുമായി സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തൽ. വിമാനത്തിൽ അടുത്ത് യാത്ര ചെയ്ത 11 പേരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കമുള്ളവരെയാണ് നീരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരക്കുന്നത്.ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ ആശുപത്രി അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.
കേരളത്തില്‍ ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധിച്ചതായി സംശയം; യുഎഇയില്‍ നിന്ന് എത്തിയയാള്‍ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തിൽ ഒരാൾക്ക് മങ്കിപോക്സ് (കുരങ്ങ് വസൂരി) ബാധിച്ചതായി സംശയം. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കി. വിദേശത്ത് നിന്നെത്തിയ ആൾക്കാണ് രോഗലക്ഷണം. പരിശോധനാഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. ഇന്ന് വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.മങ്കിപോക്സ് ബാധിച്ച ഒരാളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന വ്യക്തിയാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിരിക്കുന്നത്.വിദേശത്ത് നിന്നെത്തി മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വ്യക്തിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യുഎഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. വീട്ടിലുള്ളവരുമായി മാത്രമാണ് ഈ വ്യക്തിക്ക് അടുത്ത ബന്ധം ഉണ്ടായിട്ടുള്ളു എന്നാണ് വിവരം. നേരത്തെ പല രാജ്യങ്ങളിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു.പനിയുടെ ലക്ഷണങ്ങളാണ് മങ്കിപോക്സ് ബാധിച്ചവർക്കും ഉണ്ടാവുക. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പകരും. ശരീരസ്രവങ്ങൾ വഴിയാണ് ഈ വൈറസ് കൂടുതലായും പടരുന്നത്. അടുത്ത സമ്പർക്കം ഉള്ളവർക്ക് മാത്രമാണ് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
കണ്ണൂർ: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു.ഏഴാം ബ്ലോക്കിലെ പി.എ ദാമുവാണ്(45) അതിദാരുണമായി കൊല്ലപെട്ടത്. ആറളം ഫാം തൊഴിലാളിയായ ദാമു ഇന്ന് പുലര്‍ച്ചെയിറങ്ങിയ കാട്ടാനയുടെ മുന്‍പില്‍ അകപ്പെടുകയായിരുന്നു. നിലത്തുവീണ ഇയാളെ കാട്ടാന ചവുട്ടിക്കൊന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനിടെ ആറളം ഫാമില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ഇരുചക്രവാഹനവും ഇന്ന് പുലര്‍ച്ചെ കാട്ടാന തകര്‍ത്തിട്ടുണ്ട്. പാലപുഴയില്‍ ഫാം ഗെയ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കാട്ടാന ഫാമിനകത്ത് നിന്ന് ടാര്‍ റോഡ് വഴി നടന്ന് വന്ന് ചെക്ക് പോസ്റ്റിന് മുന്‍പിത്തെി ഇവിടെ നിര്‍ത്തിയിട്ട ഇരുചക്രവാഹനം തുമ്പികൈക്കൊണ്ട് എടുത്ത് പൊക്കി റോഡിലേക്ക് എറിഞ്ഞ് തിരികെ കാട്ടിലേക്ക് തിരികെ പോവുകയായിരുന്നു. ഇതിനിടെയാണ് ദാമു വിറക് ശേഖരിക്കാനായി പോകവേ കാട്ടാനയുടെ മുന്‍പില്‍ അകപെട്ടതെന്ന് സംശയിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയംതേടി ക്രൈംബ്രാഞ്ച്;ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും ആവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു.മെമ്മറി കാര്‍ഡ് പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ഇന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് കാര്‍ഡ് പരിശോധിച്ചത്. മൂന്നു തീയതികളില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നാണ് പരിശോധനാഫലമെന്നാണ് സൂചന. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കെല്‍ട്രോള്‍ ജങ്ഷണന് സമീപം കെട്ടിടം പണിക്കായി തറ കീറുന്നതിനിടെയാണ് അപകടം.ഊരൂട്ടമ്പലം സ്വദേശികളായ വിനയചന്ദ്രന്‍, ഷിബു എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം നടന്നത്.ഉയര്‍ന്ന പ്രദേശത്ത് നിന്ന് മണ്ണ് താഴേക്ക് ഇടിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
ദിലീപിനെ വ്യാജ തെളിവുണ്ടാക്കി കുടുക്കിയത്; നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിജിപി ആർ ശ്രീലേഖ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിജിപി ആർ ശ്രീലേഖ.ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്നും അവർ ആരോപിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പോലീസുകാർ തന്നെ സമ്മതിച്ചതാണെന്ന് ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖ രംഗത്തെത്തിയത്.ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.പൾസർ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്തിട്ടുണ്ടെന്നും അവർ ആരോപിച്ചു. എന്തുകൊണ്ട് ഇത് പോലീസിൽ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ താൻ ചോദിച്ചിട്ടുണ്ട്. കരിയർ ഓർത്തും കേസിന് പുറകേ പോകണമെന്നും ഓർത്ത് പണം കൊടുത്ത് ഒത്തു തീർപ്പാക്കിയെന്നാണ് അവർ പറഞ്ഞതെന്ന് ശ്രീലേഖ പറയുന്നു.പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെ പോലെയുള്ള സാക്ഷികളെ ഉപയോഗിച്ചും മാദ്ധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ ആരോപിക്കുന്നു.അതേസമയം പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതാണെന്ന ശ്രീലേഖയുടെ വാദം തെറ്റാണെന്ന് ഫോട്ടോയെടുത്ത ബിദില്‍ വ്യക്തമാക്കി. ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ല. ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് തന്‍റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിത്. അത് എഡിറ്റ് ചെയ്തിട്ടില്ല. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.