കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആരാകും മേയര്‍ എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.യുഡിഎഫ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ച മുന്‍ ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, കെപിസിസി അംഗം ടി.ഒ. മോഹനന്‍, കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ വിജയിച്ചതോടെ ഇവരില്‍ ആര്‍ക്കെങ്കിലുമായിരിക്കും നറുക്ക് വീഴുക. മേയര്‍സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെ ജാഗ്രതയോടെയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് കരുനീക്കം നടത്തിയത്. എല്‍ഡിഎഫ് പക്ഷത്ത് നിലയുറപ്പിച്ച രാഗേഷിന്‍റെ പിന്തുണയിലായിരുന്നു മൂന്നരവര്‍ഷം എല്‍ഡിഎഫ് കോര്‍പറേഷന്‍ ഭരിച്ചിരുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് രാഗേഷിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവന്നാണ് യുഡിഎഫ് കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിച്ചത്. രാഗേഷ് നിരുപാധികമാണ് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നത് എന്നതുകൊണ്ടുതന്നെ രാഗേഷിനെ മേയര്‍സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.കെ. സുധാകരന്‍ എം.പി ഉള്‍പ്പെടുന്ന ആലിങ്കീല്‍ ഡിവിഷനില്‍ നിന്നാണ് പി.കെ. രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടത്. കോര്‍പറേഷനിലെ അനുഭവസമ്പത്ത് നോക്കുമ്പോൾ രാഗേഷിനും ടി.ഒ. മോഹനനും തുല്യ അംഗീകാരമാണ് ലഭിക്കുക. പാര്‍ട്ടിയുടെ പ്രോട്ടോകോള്‍ പ്രകാരം കെപിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയിലും മാര്‍ട്ടിന്‍ ജോര്‍ജിനും മേയര്‍സ്ഥാനത്തേക്ക് പ്രഥമ പരിഗണനയുണ്ട്.കെ.എസ്.യു ജില്ല പ്രസിഡന്‍റ്, യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒന്നാം ഡിവിഷനായ പള്ളിയാംമൂലയില്‍ നിന്നാണ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ കന്നിയങ്കമായിരുന്നു. ചാല ഡിവിഷനില്‍ നിന്നാണ് അഡ്വ. ടി.ഒ. മോഹനന്‍ വിജയിച്ചത്. കെ.എസ്.യുവിലൂടെ തുടക്കം. ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗമാണ്. 34 വര്‍ഷമായി കോണ്‍ഗ്രസ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ടി.ഒ. മോഹനന്‍ കണ്ണൂര്‍ നഗരസഭയില്‍ ക്ഷേമകാര്യ സ്റ്റാന്‍ന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രഥമ കണ്ണൂര്‍ കോര്‍പറേഷനില്‍ പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.ഉഭയകക്ഷി ധാരണ പ്രകാരം ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസും രണ്ടാമത്തെ രണ്ടര വര്‍ഷം മുസ്ലിം ലീഗും മേയര്‍ സ്ഥാനം വഹിക്കും. ഈ സാഹചര്യത്തില്‍ ആദ്യത്തെ രണ്ടര വര്‍ഷം ഡെപ്യൂട്ടി മേയര്‍ പദവി മുസ്ലിം ലീഗിനു ലഭിക്കും. ഈ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് പരിഗണിക്കുന്നത് കസാനക്കോട്ട ഡിവിഷനില്‍നിന്ന് വിജയിച്ച ഷമീമ ടീച്ചറെയാണ്. അത്താണി ആയിക്കര സ്ഥാപനത്തിന്റെയും കസാനക്കോട്ടയിലെ വനിത പുനരധിവാസ കേന്ദ്രമായ സീല്‍ അറ്റ് ഹോമിെന്‍റയും ജനറല്‍ സെക്രട്ടറിയാണ്. ഓർഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ജില്ല വൈസ് പ്രസിഡന്‍റ്, മുസ്ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ ആദ്യ വനിത അംഗമാണ്. രണ്ടാമത്തെ കാലാവധിയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസിനായിരിക്കും.
ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം;ശീതക്കാറ്റ് രണ്ട് ദിവസം കൂടി നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡൽഹി:ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം. ഇന്നലെ ആരംഭിച്ച ശീതക്കാറ്റ് രണ്ട് ദിവസം കൂടി നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിർത്തിയില്‍ സമരം തുടരുന്ന കർഷകർക്കിടയില്‍ അതിശൈത്യത്തെ തുടർന്നുള്ള മരണങ്ങള്‍ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഡല്‍ഹി അതിർത്തിയില്‍ സമരാന്തരീക്ഷത്തിന് ചൂടേറുമ്പോള്‍ മറുഭാഗത്ത് ശൈത്യം ശക്തി പ്രാപിക്കുകയാണ്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും പെട്ടെന്നാണ് താപനില താഴ്ന്നത്. തൊട്ട് പിന്നാലെ ശീതക്കാറ്റെത്തി. മൂന്ന് ഡിഗ്രിയാണ് മിനിമം താപനില. രാജസ്ഥാനിലെ മൌണ്ട് അബുവില്‍ മൈനസ് ഒന്ന് ഡിഗ്രി.17 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ നവംബറാണ് കടന്നുപോയത്. ഡിസംബറിലും ഇത് ആവർത്തിച്ചേക്കും. ഈ തണുപ്പത്ത് കർഷക പ്രതിഷേധം മൂന്നാഴ്ച പിന്നിട്ടു. പ്രായമായവർ അധികമുള്ള സമരത്തില്‍ നിന്ന് അതിശൈത്യത്താലുള്ള മരണങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ തിക്രിയില്‍ ബട്ടിന്‍ണ്ട സ്വദേശി ജയ്സിങ് മരിച്ചു. സമരം ഇനിയും തുടർന്നാണ് വരും ദിവസങ്ങളില്‍ സ്ഥിതി സങ്കീർണമാകും.
സി.എം. രവീന്ദ്രനെ ഇന്നും ചോദ്യം ചെയ്യും; ഇഡി ഓഫിസില്‍ ഹാജരായി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിലിാണ് ഹാജരായത്. രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ഇന്നലെ ആവശ്യപ്പെട്ടു.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഇന്നലെ ചോദ്യം ചെയ്തത് 12 മണിക്കൂറോളമാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ രവീന്ദ്രന്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. നാല് തവണ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 8.45ഓടെയാണ് രവീന്ദ്രന്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടുനിന്നു. പിന്നീട് 11 മണിയോടെ രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് പുറത്തുവിടുകയായിരുന്നു. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് എന്‍ഫോഴ്സ്മെന്റ് വിലയിരുത്തുന്നത്. ലൈഫ് മിഷന്‍, കെ ഫോണ്‍ എന്നീ പദ്ധതികളുടെ ഇടപാടില്‍ ശിവശങ്കറിന് രവീന്ദ്രനാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളെ ഇയാള്‍ നിയന്ത്രിച്ചിരുന്നതായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശിവശങ്കറിനെ നിയമിച്ചത് രവീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും എന്‍ഫോഴ്സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്.
കെഎസ്‌ആര്‍ടിസി മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും
തിരുവനന്തപുരം:ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരുന്ന കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും. കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് ആണ് ഈക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വ്വീസ് ആരംഭിക്കാനുമെന്നാണ് കെഎസ് ആര്‍ടിസി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഭൂരിപക്ഷം ബസുകളും കട്ടപ്പുറത്താണെന്നും അതിനാല്‍ ഘട്ടം ഘട്ടമായി മാത്രമേ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനാകുകയുള്ളുവെന്നാണ് സോണല്‍ ഓഫീസര്‍മാരുടെ നിലപാട്.അതേസമയം ക്രിസ്തുമസ് പുതുവല്‍സര ദിനത്തോടനുബന്ധിച്ച് കെഎസ്‌ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും.ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെയാണ് പ്രത്യേക സര്‍വ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സര്‍വ്വീസ് നടത്തുക
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വെച്ച് രണ്ട് പേര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി യുവനടി
കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളില്‍വെച്ച് രണ്ട് യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചതായി മലയളാത്തിലെ യുവനടിയുടെ പരാതി. ഇന്നലെ രാത്രിയാണ് സംഭവം. കുടുംബവുമൊത്ത് ഷോപ്പിംഗിന് എത്തിയപ്പോള്‍ രണ്ട് പേര്‍ മാളിനുള്ളില്‍വെച്ച് ശരീരത്തില്‍ സ്പര്‍ശിച്ചതായാണ് ആരോപണം. ഇവര്‍ പിന്നെ മാളില്‍ തന്നെ പിന്തുടര്‍ന്നതായും ഇന്‍സ്റ്റഗ്രാമില്‍ നടി വെളിപ്പെടുത്തി. നടി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ആരാണ് ആക്രമിച്ചതെന്നും അപമാനിച്ചതെന്നും നടിക്ക് അറിയില്ല.ഇതിന് പിന്നാലെ സിസിടിവി പരിശോധിക്കുമെന്ന് മാള്‍ അധികൃതരും അറിയിച്ചു. ചെറുപ്പക്കാര്‍ അപമാനിച്ചുവെന്ന പരാതിയെ ഗൗരവത്തോടെയാണ് മാള്‍ അധികൃതര്‍ കാണുന്നത്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതി ആയതു കൊണ്ടു തന്നെ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളും നടപടിക്കൊരുങ്ങുന്നത്. സിസിടിവി പരിശോധിച്ച് അപമാനിച്ചവരെ കണ്ടെത്താനാണ് നീക്കം.മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയയായ യുവ നടിയാണ് അപമാനിക്കപ്പെട്ടത്. ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ നടിക്കുണ്ടായ അനുഭവത്തെ സിനിമാ ലോകവും ഞെട്ടലോടെയാണ് കാണുന്നത്. ഏവര്‍ക്കും തിരിച്ചറിയാവുന്നവര്‍ക്ക് ഇതാണ് ഗതിയെങ്കില്‍ സ്ത്രീ സുരക്ഷ ആശങ്കയിലാണെന്നും ആരോപണം ഉയരുന്നു. നടി പരാതി കൊടുത്തില്ലെങ്കിലും മാള്‍ അധികാരികള്‍ നടപടി എടുക്കാനാണ് സാധ്യത. പൊലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നടിയുടെ പോസ്റ്റ് പരാതിയായി കണക്കിലെടുക്കും.
സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4970 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പർക്ക ത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 540, മലപ്പുറം 467, കോട്ടയം 474, എറണാകുളം 357, തൃശൂര്‍ 446, പത്തനംതിട്ട 356, കൊല്ലം 339, ആലപ്പുഴ 304, പാലക്കാട് 137, തിരുവനന്തപുരം 192, കണ്ണൂര്‍ 222, ഇടുക്കി 230, വയനാട് 135, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 9, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 5 വീതം, മലപ്പുറം 4, കൊല്ലം, തൃശൂര്‍, പാലക്കാട് 2 വീതം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 265, കൊല്ലം 418, പത്തനംതിട്ട 184, ആലപ്പുഴ 484, കോട്ടയം 576, ഇടുക്കി 98, എറണാകുളം 565, തൃശൂര്‍ 440, പാലക്കാട് 277, മലപ്പുറം 520, കോഴിക്കോട് 780, വയനാട് 209, കണ്ണൂര്‍ 101, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ ഭാഗികമായി സ്കൂളുകള്‍ തുറക്കുന്നു;എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ ഭാഗികമായി സ്കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു സ്കൂളുകള്‍ തുറക്കാന്‍ ധാരണയായത്.എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടക്കും. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണു തീരുമാനം. കോവിഡ് മാനദണ്ഡം അനുസരിച്ചാകും പരീക്ഷ നടത്തുക.ജനുവരി ഒന്നു മുതല്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു സ്കൂളിലെത്താം. ജനുവരി ഒന്നു മുതല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യവും പിന്നീടു തീരുമാനിക്കും. അതേസമയം, ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൊതു പരീക്ഷയുണ്ടാകില്ലെന്നാണു സൂചന.ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ കോളജുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വര്‍ഷ ബിരുദ ക്ലാസുകളാണ് നിലവില്‍ ആരംഭിക്കുക.
ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി
കൊച്ചി:ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനം നടത്താം.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക.കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ജീവനക്കാരുടെ എണ്ണം കുറക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളിയാണ് കോടതിയുടെ ഉത്തരവ്.മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നും പൂജാരിമാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ നട അടയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.ഈ മാസം 20 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ എണ്ണം കൂട്ടുന്നതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ഥാടകര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കണം. 48 മണിക്കൂര്‍ മുന്‍പുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും മറ്റും സമര്‍പ്പിച്ച ഹരജികളാണ് ജസ്റ്റീിസുമാരായ സി.ടി. രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം 10,000 ആക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
എൽപിജി ഗ്യാസ് സിലിണ്ടറുകൾ ഇനി മുതൽ വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം
- ഒരു ഗ്യാസ് ഏജൻസിയുമായോ വിതരണക്കാരോടോ നേരിട്ട് സംസാരിക്കാം.
- മൊബൈൽ നമ്പറിലേക്ക് വിളിക്കാം
- Https://iocl.com/Products/Indanegas.aspx വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ ബുക്കിംഗ് നടത്താം
- കമ്പനിയുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ സന്ദേശം അയയ്ക്കാം
- ഇൻഡെയ്ൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം
വാട്ട്‌സ്ആപ്പ് വഴി സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം:
നിങ്ങൾ ഒരു ഇൻഡെയ്ൻ ഉപഭോക്താവാണെങ്കിൽ, 7718955555 എന്ന പുതിയ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. വാട്ട്‌സ്ആപ്പിലൂടെയും ബുക്കിംഗ് നടത്താം. എൽപിജി ഗ്യാസ് സിലിണ്ടറിനായി ബുക്ക് ചെയ്യുമ്പോൾ, നിങ്ങൾ വാട്ട്‌സ്ആപ്പ് മെസഞ്ചറിൽ REFILL എന്ന് ടൈപ്പുചെയ്ത് 7588888824 എന്ന നമ്പറിലേക്ക് അയയ്ക്കണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് മാത്രമേ ഇത് ചെയ്യാവൂ.
എസ്എംഎസ് വഴി സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം?:
എൽപിജി ഗ്യാസ് സിലിണ്ടറിന്റെ സുഗമമായ ഡെലിവറിക്ക്, ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡിഎസി) എസ്എംഎസ് വഴി ഉപയോക്താക്കൾക്ക് അയയ്ക്കും. ഓയിൽ കമ്പനികൾ ആദ്യം 100 സ്മാർട്ട് സിറ്റികളിൽ ഡിഎസി ആരംഭിക്കും. ഡെലിവറി നടത്തുന്ന വ്യക്തിയ്ക്ക് ഒടിപി നൽകിയ ശേഷമാണ് സിലിണ്ടർ നൽകുക.
നമ്പർ അപ്ഡേറ്റ് ചെയ്യാം:
നിങ്ങളുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റുചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നെങ്കിൽ, ഡെലിവറി ചെയ്യുന്ന വ്യക്തിയോട് ഇത് അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടണം. ഒരു ആപ്ലിക്കേഷനിലൂടെ തത്സമയം നമ്പർ മാറ്റാനും കോഡ് ജനറേറ്റ് ചെയ്യാനും കഴിയും. എന്നാൽ തെറ്റായ വിവരങ്ങൾ നൽകിയാൽ ഗ്യാസ് സിലിണ്ടറുകളുടെ വിതരണ നിർത്തലാക്കാൻ കഴിയും.
തദ്ദേശ തിരഞ്ഞെടുപ്പ്;ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ വന്‍കുതിപ്പുമായി എല്‍.ഡി.എഫ്
കണ്ണൂർ:തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ വന്‍കുതിപ്പുമായി എല്‍.ഡി.എഫ്.71 ഗ്രാമപഞ്ചായത്തുകളില്‍ 56 നേടി ഇത്തവണ എല്‍.ഡി.എഫ് ആധിപത്യം പുലര്‍ത്തി. 15 എണ്ണമാണ് യു.ഡി.എഫിെന്‍റ കൂടെ നിന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 53 പഞ്ചായത്തുകളിലാണ് വിജയം നേടിയത്. 18 ഇടത്ത് യു.ഡി.എഫും.പയ്യാവൂര്‍, കണിച്ചാര്‍, ചെറുപുഴ, ഉദയഗിരി, ആറളം, കുന്നോത്തുപറമ്പ് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ കടമ്പൂർ യു.ഡി.എഫും തിരിച്ചുപിടിച്ചു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും വെവ്വേറെ മത്സരിച്ച വളപട്ടണം പഞ്ചായത്തില്‍ ലീഗ് ഭരണം പിടിച്ചു.പത്ത് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് പ്രതിപക്ഷമില്ല. പട്ടുവത്ത് ബി.ജെ.പി അക്കൗണ്ട് തുറന്നു.വളപട്ടണം, ഉളിക്കല്‍, തൃപ്രങ്ങോട്ടൂര്‍, നടുവില്‍, മാട്ടൂല്‍, മാടായി, കൊട്ടിയൂര്‍, കൊളച്ചേരി, കണിച്ചാര്‍, കടമ്പൂർ, ഇരിക്കൂര്‍, ഏരുവേശ്ശി, ചപ്പാരപ്പടവ്, ആലക്കോട്, അയ്യങ്കുന്ന് എന്നീ പഞ്ചായത്തുകള്‍ യു.ഡി.എഫ് അക്കൗണ്ടിലായി.
അഞ്ചരക്കണ്ടി, ആറളം, അഴീക്കോട്, ചെമ്പിലോട് ചെങ്ങളായി, ചെറുകുന്ന്, ചെറുപുഴ, ചെറുതാഴം, ചിറക്കല്‍, ചിറ്റാരിപ്പറമ്പ്, ചൊക്ലി, ധര്‍മടം, എരമം കുറ്റൂര്‍, എരഞ്ഞോളി, ഏഴോം, കടന്നപ്പള്ളി, കതിരൂര്‍, കല്യാശ്ശേരി, കാേങ്കാല്‍, കണ്ണപുരം, കരിവെള്ളൂര്‍, കീഴല്ലൂര്‍, കേളകം, കോളയാട്, കൂടാളി, കോട്ടയം, കുഞ്ഞിമംഗലം,കുന്നോത്തുപറമ്പ്, കുറുമാത്തൂര്‍, കുറ്റ്യാട്ടൂര്‍, മലപ്പട്ടം, മാലൂര്‍, മാങ്ങാട്ടിടം, മയ്യില്‍, മൊകേരി, മുണ്ടേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, നാറാത്ത്, ന്യൂ മാഹി, പടിയൂര്‍, പന്ന്യന്നൂര്‍, പാപ്പിനിശ്ശേരി, പരിയാരം, പാട്യം, പട്ടുവം, പായം, പയ്യാവൂര്‍, പെരളശ്ശേരി, പേരാവൂര്‍, പെരിങ്ങോം, പിണറായി, രാമന്തളി, തില്ലേങ്കരി, വേങ്ങാട് എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് ഭരണം നേടി.