തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ വിധിക്കെതിരെ അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയിലേക്ക്. ക്രിസ്മസ് അവധിക്ക് ശേഷം പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതിയെ സമീപിക്കും. അഡ്വ. രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍ നല്‍കുക.കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെ;രോഗവ്യാപനം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ്
കോഴിക്കോട്:ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.കോഴിക്കോട് ജില്ലയിൽ കോട്ടാംപറമ്പ് മുണ്ടിക്കൽ താഴത്ത് ഷിഗല്ല ബാധയുണ്ടായത് വെള്ളത്തിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വീണ്ടും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവർ വളരെ വേഗം ചികിത്സ തേടണമെന്നും നിർദേശിച്ചു. പ്രാഥമിക റിപ്പോർട്ടിലും മെഡിക്കൽ കോളേജ് ടീം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിയും രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് നിഗമനത്തിലാണ്. ഷിഗെല്ല ബാധിച്ച് മരിച്ച പതിനൊന്നു വയസ്സുകാരന്റെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ രണ്ട് കിണറുകളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മുണ്ടിക്കൽ താഴത്ത് ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 52 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഫറോക്കിൽ കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടിക്കും രോഗം സ്ഥീരികരിച്ചു. ആ ഭാഗത്തും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
കാസർകോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം;മുഖ്യ പ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍
കാസര്‍കോട്:കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഇർഷാദ് കസ്റ്റഡിയിൽ.മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ വ്യാഴാഴ്ച രാത്രിയോടെയാണ് പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. അതിനിടെ കൊല്ലപ്പെട്ട ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാര്‍ന്ന് ഉടന്‍ മരണം സംഭവിക്കാന്‍ ഇത് കാരണമായി. ഒറ്റക്കുത്തില്‍ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തില്‍ നാല് പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. മുഖ്യസാക്ഷി ഷുഹൈബ് മൊഴിയില്‍ പരാമര്‍ശിച്ച മുണ്ടത്തോട് സ്വദേശികളായ രണ്ട് പേരെയാണ് ആദ്യം പ്രതി ചേര്‍ക്കുക. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.അതിനിടെ, കാഞ്ഞങ്ങാട് മേഖലയില്‍ സംഘര്‍ഷമുണ്ടായി. കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയില്‍ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. ഔഫിന്റെ കബറടക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. പോലിസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; എം.ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂര്‍ത്തിയാവാനിരിക്കേയാണ് ഇഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം തേടി പ്രതിചേര്‍ക്കപ്പെട്ട വ്യക്തിക്ക് കോടതിയെ സമീപിക്കാം. എം ശിവശങ്കര്‍ ഇങ്ങനെയൊരു നിയമസാധ്യത ഉപയോഗിച്ച് ജാമ്യം നേടി പുറത്തുപോയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി കരുതുന്നു. ഈ സാഹചര്യത്തിലാണ് അനുബന്ധ കുറ്റപത്രം ഇന്ന് നല്‍കിയത്.ഇതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു.കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്.മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വർണക്കടത്തിന്റെ വിവിധ വശങ്ങള്‍ കേന്ദ്രീകരിച്ച് കസ്റ്റംസും എന്‍ഐഎയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട് ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ അതു അന്വേഷണത്തെ ബാധിക്കുമെന്നും ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.സ്വർണക്കടത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമാണ് ശിവശങ്കര്‍ എന്ന് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരടങ്ങിയ സഹായത്തിന് എല്ലാ സഹായവും ശിവശങ്കര്‍ ചെയ്തു കൊടുത്തു. ശിവശങ്കറിന്റെ അറിവോടെയാണ് കള്ളക്കടത്ത് നടന്നത്. കള്ളക്കടത്തിലൂടെ വലിയ സമ്പാദ്യമാണ് ശിവശങ്കര്‍ നേടിയത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം സൂക്ഷിക്കാനായി സ്വപ്നയെ ശിവശങ്കര്‍ ഉപയോഗിച്ചുവെന്നു കണ്ടെത്തിയതായും ഇഡി കോടതിയില്‍ പറഞ്ഞിരുന്നു.
ജനുവരി മുതല്‍ ക്ഷേമപെന്‍ഷന്‍ 1500 രൂപയായി ഉയർത്തും;സൗജന്യ ഭക്ഷ്യക്കിറ്റ് നാലുമാസം കൂടി;രണ്ടാം ഘട്ട നൂറുദിന പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം ഘട്ട നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജനുവരി മുതല്‍ ക്ഷേമപെന്‍ഷന്‍ 1500 രൂപയായി ഉയർത്തും.സൗജന്യ ഭക്ഷണ കിറ്റ് വിതരം നാല് മാസം കൂടി തുടരും. ലൈഫ് പദ്ധതിയിലൂടെ മാര്‍ച്ചിനുള്ളില്‍ 15000 പേര്‍ക്ക് കൂടി വീട് നല്‍കും. 35000 വീടുകളുടെ കൂടി പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും, 847 കുടുംബ ശ്രീ ഭക്ഷണശാലകള്‍ക്ക് പുറമെ 153 എണ്ണം പുതിയത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍.ഡി.എഫ്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഗെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ദേശീയ ജലപാത കോവളം മുതല്‍ ചാവക്കാട് വരെയുള്ള പാതയുടെ റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉദാഘ്ടനവും ഫെബ്രുവരിയില്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.വൈറ്റില. കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കും. കെഎസ്‌ആര്‍ടിസിയുടെ അനുബന്ധ സ്ഥാപനമായി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും.അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിനായി ഉത്പാദനം ആരംഭിക്കും. കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും.49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും.
യമുനാ എക്‌സ്പ്രസ് വേയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ ഇടിച്ച് തീ പിടിത്തം;മാധ്യമപ്രവര്‍ത്തകനടക്കം 5 പേര്‍ വെന്തുമരിച്ചു
ആഗ്ര:യമുനാ എക്‌സ്പ്രസ് വേയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ ഇടിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനടക്കം അഞ്ച് പേര്‍ വെന്തു മരിച്ചു.മാധ്യമപ്രവർത്തകനായ മുരളി മനോഹർ സരോജ്, ഭാര്യ, ഭാര്യയുടെ അമ്മ, ഭാര്യയുടെ സഹോദരി, സുഹൃത്ത് സന്ദീപ് എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ഓടെയായിരുന്നു അപകടം. ലഖ്‌നൗവ്വില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. യു ടേണ്‍ എടുക്കുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നറിന്റെ ഡിസല്‍ ടാങ്ക് തകര്‍ന്ന് ഇന്ധനം കാറിന്റെ ബോണറ്റിലേക്ക് വീണതായിരുന്നു പെട്ടന്നുള്ള തീ പിടുത്തത്തിന് കാരണമായതെന്നാണ് നിരീക്ഷണം.കാറിന് വെളിയില്‍ ഇറങ്ങാനാവാതെ കത്തുന്ന വാഹനത്തില്‍ ഉള്ളിൽ കുടുങ്ങുകയായിരുന്നു ഇവർ.ചികിത്സാ ആവശ്യത്തിനായി ഡെല്‍ഹിയിലേക്ക് പോവുകയായിരുന്നു സരോജും ബന്ധുക്കളും. കാറിന് വളരെ വേഗത്തില്‍ തീപിടിച്ചത് ഇവരെ പുറത്തെത്തിക്കുന്നതിന് വെല്ലുവിളിയാവുകയായിരുന്നു. വാഹനം കൂട്ടിയിടിച്ചതിന്റെ വലിയ ശബ്ദം കേട്ട് സ്ഥലത്തേക്ക് നിരവധിപ്പേര്‍ എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിരീക്ഷണത്തിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും. രമേശ് ചെന്നിത്തലയുടെ ഭാര്യക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎൽഎയുമായ എം കെ മുനീറിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍
തിരുവനന്തപുരം:ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ദ്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വസ്‌തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ടതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.തിങ്കള്‍ മുതല്‍ വെളളി വരെയുളള ദിവസങ്ങളില്‍ രണ്ടായിരം പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയും ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുളള ഉന്നത തല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയില്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.ഇതിനു പിന്നാലെ അയ്യായിരം പേര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുളള രജിസ്ട്രേഷന്‍ കേരള പൊലീസ് ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ഹര്‍ജി അടിയന്തരമായി പരിഗണിപ്പിക്കാനുളള ശ്രമം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയില്‍ ഇതിനോടകം തന്നെ പൊലീസുകാരുള്‍പ്പടെ 250ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പലരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ത്ഥാടകരുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വീണ്ടും ആശങ്ക;കോഴിക്കോട് ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്:ജില്ലയിൽ ആശങ്ക വർധിപ്പിച്ച് ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് കുട്ടിയെ ഫറോക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്ബ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് നേരത്തെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രോഗം നിയന്ത്രണ വിധേയമായെങ്കിലും രോഗ ഉറവിടം കണ്ടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിനായി ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതി പ്രദേശത്ത് ക്യാമ്പ് ചെയ്ത് സര്‍വേ തുടങ്ങി.
കാസർകോഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു;കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.കല്ലൂരാവി സ്വദേശി അബ്ദുള്‍ റഹ്‌മാന്‍(27) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 10.30ഓടെ കാഞ്ഞങ്ങാട് മുണ്ടോത്തുവെച്ചാണ് അബ്ദുള്‍ റഹ്‌മാന് കുത്തേറ്റത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പഴയകടപ്പുറം മുണ്ടത്തോട് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ് അബ്ദുറഹ്‌മാന്‍. കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ പോലീസ് പ്രതിചേര്‍ത്തു. കുത്തേറ്റ അബ്ദുള്‍ റഹ്‌മാനെ ആശുപത്രിയില്‍ എത്തിച്ച സുഹൃത്ത് റിയാസ് പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇര്‍ഷാദിനെ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇത് കൂടാതെ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ഇര്‍ഷാദ് നിലവില്‍ ചികിത്സയിലാണ്.സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രദേശത്ത് മുസ്ലിം ലീഗും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് സൂചന.അബ്ദുള്‍ റഹ്‌മാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.