തിരുവനന്തപുരം:കുടിയൊഴിപ്പിക്കൽ തടയാനെത്തിയവർക്ക് മുൻപിൽ ആത്മഹത്യാ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നതിനിടെ ഗുരുതര പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ദമ്പതികൾ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജന്‍ (47), ഭാര്യ അമ്പിളി(40) എന്നിവരാണു മരിച്ചത്. കഴിഞ്ഞ 22നുണ്ടായ ദുരന്തത്തില്‍ പൊള്ളലേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രാജന്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയും അമ്പിളി ഇന്നലെ വൈകിട്ടുമാണ് മരണത്തിന് കീഴടങ്ങിയത്. രാജന്റെ മരണാനന്തരചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കവേയാണ് അമ്പിളിയുടെയും മരണവാര്‍ത്ത എത്തുന്നത്.രാജന്‍ ആശാരി പണിക്കാരനായിരുന്നു.തന്റെ മൂന്നുസെന്റ് പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച് അയല്‍വാസിയായ വസന്ത നല്‍കിയ പരാതിയിലാണ് ഒഴിപ്പിക്കല്‍ നടപടി ഉണ്ടായത്.വസന്തയ്‌ക്ക് അനുകൂലമായി ഉത്തരവിട്ട നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഈ വസ്‌തുവില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് വ്യാപനകാലത്ത് രാജന്‍ ഇവിടെ കുടില്‍കെട്ടി ഭാര്യയ്‌ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കി. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ രണ്ടുമാസം മുന്‍പ് കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജന്റെ എതിര്‍പ്പ് മൂലം നടന്നില്ല. വീണ്ടും സ്‌ഥലമൊഴിപ്പിക്കാനായി കോടതി ഉത്തരവുമായി കോടതി ജീവനക്കാരെയും പോലീസിനെയും കൂട്ടി വസന്ത കഴിഞ്ഞ 22ന് ഉച്ചയ്‌ക്കു രാജന്റെ വീട്ടിലെത്തി. ഇതോടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു രാജന്‍.ആത്മഹത്യാഭീഷണി മുഴക്കിയ രാജന്‍ കത്തിച്ചുപിടിച്ച ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോഴാണ് തീപിടിച്ചതെന്നു വ്യക്‌തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.മക്കളുടെ മുന്നില്‍വച്ചാണ് ഇരുവരുടെയും ദേഹത്തേക്ക് തീയാളിപ്പിടിച്ചത്.പോലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്‌ക്കു ശ്രമിച്ചതെന്നും ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നുമാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.തീ ആളിപ്പടര്‍ന്നു നിലത്തുവീണ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.രാജന് 70 ശതമാനത്തോളവും അമ്പിളിക്ക് 40 ശതമാനവും പൊള്ളലേറ്റിരുന്നു.സംഭവത്തില്‍ ഗ്രേഡ് എസ്.ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു
സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4,172 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2707 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 478, കോഴിക്കോട് 387, എറണാകുളം 322, തൃശൂര്‍ 286, കോട്ടയം 227, പാലക്കാട് 83, ആലപ്പുഴ 182, തിരുവനന്തപുരം 112, കൊല്ലം 170, വയനാട് 150, ഇടുക്കി 104, കണ്ണൂര്‍ 87, പത്തനംതിട്ട 84, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 7, തിരുവനന്തപുരം, കണ്ണൂര്‍ 5 വീതം, പാലക്കാട് 4, എറണാകുളം 3, കൊല്ലം, കോഴിക്കോട് 2 വീതം, മലപ്പുറം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 262, കൊല്ലം 311, പത്തനംതിട്ട 203, ആലപ്പുഴ 203, കോട്ടയം 301, ഇടുക്കി 49, എറണാകുളം 536, തൃശൂര്‍ 676, പാലക്കാട് 301, മലപ്പുറം 629, കോഴിക്കോട് 417, വയനാട് 72, കണ്ണൂര്‍ 176, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,76,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 465 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂർ ജില്ലയിൽ എട്ട് നഗരസഭകളില്‍ അഞ്ചിലും എല്‍ഡിഎഫ് അധികാരത്തിലേക്ക്
കണ്ണൂര്‍: ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളില്‍ അഞ്ചിലും എല്‍ഡിഎഫ് അധികാരത്തിലേക്ക്.ആന്തൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ പി മുകുന്ദനെ(സിപിഐ എം) ഐകകണ്‌ഠേന തെരഞ്ഞെടുത്തു.നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എല്‍ഡിഎഫാണ് നേടിയത്.പയ്യന്നൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ വി ലളിത(സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോണ്‍ഗ്രസ്) 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ വി ലളിതക്ക് 35 വോട്ടും പത്മിനിക്ക് ഏഴ് വോട്ടും ലഭിച്ചു. സിപിഐ എം ഏരിയകമ്മിറ്റിയംഗവും മഹിളാഅസോസിയേഷൻ ജില്ലാകമ്മിറ്റിയംഗവുമായ കെ വി ലളിത രണ്ടാം തവണയാണ് ചെയര്‍മാനാവുന്നത്.ആകെ 42 പേരാണ് വോട്ട്‌ചെയ്‌തത്. ലീഗ് വിമതല്‍ എം ബഷീന്‍ വോട്ടെടുപ്പില്‍ നിന്ന്‌വിട്ടുനിന്നു. എത്താന്‍ വൈകിയതിനാല്‍ ലീഗിലെ ഹസീന കാട്ടൂരിന് വോട്ട് ചെയ്യാനായില്ല.കൂത്തുപറമ്പ് നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ വി സുജാത (സിപിഐഎം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 സീറ്റുകളില്‍ 26 ലും എല്‍ഡിഎഫാണ് വിജയിച്ചത്. തലശേരി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ ജമുനറാണി(സിപിഐ എം )തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഇ ആശയെ 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജമുനറാണിക്ക് 36 വോട്ടും ആശയ്‌ക്ക് 8 വോട്ടും ലഭിച്ചു. മുസ്ലീം ലിഗിലെ ടിവി റാഷിദ ആറ് വോട്ട് നേടി. 50 അംഗങ്ങളാണ് വോട്ട്‌ചെയ്‌തത്. അസുഖത്തെ തുടര്‍ന്ന് സിപിഐ എമിലെ തബസും ലീഗിലെ കെ പി അന്‍സാരിയും വോട്ട് ചെയ്‌തില്ല.ഇരിട്ടി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ ശ്രീലത(സിപിഐ എം)തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ പി കെ ബല്‍ക്കീസിനെ(ലീഗ്) 11നെതിരെ 14 വോട്ടുകള്‍ നേടിയാണ് കെ ശ്രീലത പരാജയപ്പെടുത്തിയത്.ശ്രീകണ്‌ഠപുരം നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ ഡോ. കെ വി ഫിലോമിന തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ വി ഗീതയെ (സിപിഐ എം) ആറ് വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്‌ത 30 വോട്ടുകളില്‍ കെ വി ഫിലോമിനക്ക് 18 വോട്ടും കെ വി ഗീതക്ക് 12 വോട്ടും ലഭിച്ചു. കെ വി ഫിലോമിന കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ജില്ലാ പഞ്ചായത്തംഗവുമാണ്.പാനൂര്‍ നഗരസഭ ചെയര്‍മാനായി യുഡിഎഫിലെ വി നാസര്‍(ലീഗ്) തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ കെ കെ സുധീര്‍കുമാറിനെ ഒൻപത് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വി നാസറിന് 23 വോട്ടും കെ കെ സുധീര്‍കുമാറിന് 14 വോട്ടും ലഭിച്ചു.
കള്ളപ്പണക്കേസ്;ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സമെന്റ് കുറ്റപത്രം സമര്‍പ്പിച്ചു
ബെംഗളൂരു:കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ബിനീഷിനെ അറസ്റ്റ് ചെയ്ത് അറുപത് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉള്‍പ്പെടുത്തിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം തയാറാക്കിയത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളുരു സിറ്റി സെഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിനീഷ്.അതിനിടയിലാണ് ഇ.ഡി നിര്‍ണായക നീക്കം നടത്തുന്നത്. ഒക്ടോബര്‍ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.
കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും
കണ്ണൂർ: സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം കിട്ടിയ ഏക കോർപറേഷനായ കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും. ഞായറാഴ്ച നടന്ന കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് അഡ്വ. ടി.ഒ. മോഹനനെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. ഏതാനും ദിവസങ്ങളായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചകളിലൊന്നും സമവായത്തിൽ മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോർപറേഷൻ കോൺഗ്രസ് പാർട്ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. ഇതിലും സമവായത്തിൽ എത്താനാകുന്നില്ലെങ്കിൽ വോട്ടെടുപ്പ് നടത്തി മേയർ സ്ഥാനാർത്ഥിയെ തീരുമനിക്കാൻ കെപിസിസി ഡി.സി.സിക്ക് നിർദ്ദേശം നൽകിയിരുന്നു. മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷും അഡ്വ.ടി.ഒ. മോഹനനും തമ്മിലായിരുന്നു പ്രധാനമായും മേയർ സ്ഥാനത്തിന് വേണ്ടി മത്സരിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് അടക്കം മുന്നുപേരാണ് ആദ്യം രംഗത്തുണ്ടായിരുന്നത്. പി.കെ. രാഗേഷും ടി.ഒ. മോഹനനും ഉറച്ചു നിന്നതോടെ മാർട്ടിൻ ജോർജ് മത്സര രംഗത്തു നിന്നും ഒഴിവായി. ടി.ഒ. മോഹനന് 11 വോട്ടും പി.കെ. രാഗേഷിന് ഒമ്പത് വോട്ടും കിട്ടി. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഡ്വ. ടി.ഒ. മോഹനൻ മേയറാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.ഡി സി സി ഓഫീസിൽ നടന്ന യോഗത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എം പി, ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും പങ്കെടുത്തു.കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ടി ഓ മോഹനൻ ഡി സി സി ജനറൽ സെക്രട്ടറിയായിരുന്നു.നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമാണ്.
കൊവിഡ് വാക്‌സിന്‍; നാല് സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തും
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തര അനുമതി നല്‍കാനിരിക്കെ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.കുത്തിവെപ്പിനെ തുടര്‍ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്‍ നടത്തുമ്ബോള്‍ നിരീക്ഷിക്കപ്പെടും. ഡ്രൈ റണ്ണിലെ അന്തിമ വിലയിരുത്തല്‍ സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാരുമായി പങ്ക് വെക്കും.അടുത്തയാഴ്ച വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുമെന്നാണ് വിവരം. ഓക്‌ഫോര്‍ഡ് സര്‍വകലാശാലയും പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീല്‍ഡ് മാത്രമാണ് വിശദമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പരിശോധിച്ച് വരികയാണ്. കോവാക്‌സിനും ഫൈസറും കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
സംസ്ഥാനത്ത് മേയര്‍, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും മേയര്‍, ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.രാവിലെ 11ന് മേയര്‍, ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പും ഉച്ചയ്ക്കു രണ്ടിന് ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പുമാണ്. ജില്ലാ കലക്ടറാണ് കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വരണാധികാരി. മുന്‍സിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പിനായി വരണാധികാരികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഓപ്പണ്‍ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തിയാകും വോട്ട് ചെയ്യുക.നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ഥി ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. രണ്ടു സ്ഥാനാര്‍ഥികളാണെങ്കില്‍ കൂടുതല്‍ സാധുവായ വോട്ട് കിട്ടുന്നയാള്‍ തിരഞ്ഞെടുക്കപ്പെടും. രണ്ടു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. കൗണ്‍സില്‍ ഹാളില്‍ സാമൂഹിക അകലം, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്.
ജനുവരി ഒന്നു മുതല്‍ പത്ത്,പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കുന്നു;മാർഗനിർദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം:ജനുവരി ഒന്നു മുതല്‍ പത്ത്,പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കുന്നു.ഇതിനായുള്ള മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.ആദ്യഘട്ടത്തില്‍ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്കൂളുകളില്‍ അനുവദിക്കാന്‍ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസ് ക്രമീകരിക്കണം. രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. രാവിലെ ഒന്‍പതിനോ അല്ലെങ്കില്‍ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കില്‍ രണ്ടുമണിക്കോ ആരംഭിച്ച് നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും.സ്കൂളിലെ ആകെയുള്ള കുട്ടികള്‍, ലഭ്യമായ ക്ലാസ് മുറികള്‍, മറ്റുസൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്തുവേണം സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാന്‍. കുട്ടികള്‍ തമ്മില്‍ കുറഞ്ഞത് രണ്ടുമീറ്റര്‍ ശാരീരികാകലം പാലിക്കണം. ആവശ്യമെങ്കില്‍ ഇതിനായി മറ്റ് ക്ലാസ് മുറികള്‍ ഉപയോഗപ്പെടുത്തണം. പല ബാച്ചുകളിലെ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങുന്നസമയം, ഇടവേള, അവസാനിക്കുന്ന സമയം തുടങ്ങിയവ വ്യത്യസ്തമായി ക്രമീകരിക്കണം.
300 കുട്ടികള്‍ വരെയുള്ള ഇടങ്ങളില്‍ ഒരു സമയം 50 ശതമാനം വരെ കുട്ടികള്‍ക്ക് ഹാജരാകാം. മാസ്‌ക്കും സാനിറ്റൈസറും നിർബന്ധമാണ്. കുട്ടികള്‍ കുടിവെള്ളം കൈമാറുകയോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍), രോഗലക്ഷണമുള്ളവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കുശേഷം മാത്രമേ സ്കൂളില്‍ ഹാജരാകാന്‍ പാടുള്ളു. സ്കൂളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തണം.മാസ്ക്,ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവയും സജ്ജീകരിക്കേണ്ടതാണ്. സ്റ്റാഫ്റൂമിലും അധ്യാപകര്‍ നിശ്ചിത അകലം പാലിക്കണം. ശാരീരികാകലം പാലിക്കുന്നത് ഓര്‍മിപ്പിക്കുന്ന പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവയും സ്കൂളില്‍ പതിപ്പിക്കണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവശ്യഘട്ടങ്ങളില്‍ ആരോഗ്യപരിശോധനാ സൗകര്യവും ഒരുക്കണം. സ്കൂള്‍ വാഹനങ്ങളിലും മറ്റുവാഹനങ്ങളിലും സാമൂഹികാകലം ഉറപ്പുവരുത്തണം. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും എല്ലാ സ്കൂളുകളിലും കോവിഡ്സെല്‍ രൂപവത്കരിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ യോഗംകൂടി സാഹചര്യം വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.സ്‌കൂള്‍ വാഹനത്തിനുള്ളിലും മറ്റു വാഹനങ്ങളിലും സാമൂഹികഅകലം പാലിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്നതിനു മുൻപ് തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം. വാഹനങ്ങള്‍ക്കുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം.
ജപ്തി നടപടികൾക്കിടെ തീ കൊളുത്തി ആത്മഹത്യ ഭീഷണി;പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു
തിരുവനന്തപുരം:കോടതിയുത്തരവു പ്രകാരം ജപ്തി നടപടികൾക്ക് എത്തിയവർക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം നടനനത്. രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കൈയേറി കുടില്‍കെട്ടിയെന്ന പരാതിയുണ്ടായിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചു. കമ്മിഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ദേഹത്തൊഴിച്ചു.കയ്യിൽ കരുതിയ ലൈറ്ററിൽ നിന്നും തീ ദേഹത്തേക്ക് പടരുകയായിരുന്നു.തീ ആളിക്കത്തിയതോടെ ജപ്തിക്ക് വന്നവര്‍ അമ്പരന്നു.പോലീസുകാര്‍ ഉടൻ തീയണയ്ക്കാന്‍ നോക്കി. എന്നാല്‍ പെട്രോളായതിനാല്‍ പെട്ടന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.എന്നാൽ രാജന്റെ ജീവൻ രക്ഷിക്കാനായില്ല.അതേസമയം താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.മരിക്കാന്‍ വേണ്ടിയല്ല താന്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. കോടതിയുത്തരവ് നടപ്പാക്കാനെത്തിയവരെ പിന്തിരിപ്പിക്കാനായിരുന്നു ആത്മഹത്യശ്രമം. കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചുവെന്നാണ് രാജന്‍ പറഞ്ഞത്. എന്നാല്‍ അത് വലിയ ദുരന്തമായി മാറുകയായിരുന്നു.
അതേസമയം തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. ‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാന്‍, പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുൻപ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനഃശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.’പൊലീസുകാര്‍ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോൾ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുമായിരുന്നു’. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നുവെന്നും മറ്റൊരു മകന്‍ രാഹുല്‍ പറഞ്ഞു.രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കരണം എന്നാണ് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര(എൻ ക്യൂ എ എസ്) അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.കോട്ടയം പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്കോർ 94.34), മലപ്പുറം മൊറയൂർ കുടുംബാരോഗ്യ കേന്ദ്രം (92.73), കോഴിക്കോട് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം (92.16), കണ്ണൂർ എരമംകുറ്റൂർ കുടുംബാരോഗ്യ കേന്ദ്രം (92.6 ), കല്ല്യാശേരി കുടുംബാരോഗ്യ കേന്ദ്രം (91.8) എന്നീ കേദ്രങ്ങൾക്കാണ് ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി ലഭിച്ചത്.
ഇതുകൂടാതെ തൃശൂർ വേലൂർ കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂർ ചെറുകുന്നുത്തറ (88), കണ്ണൂർ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം (84), കണ്ണൂർ ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രം (94), പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം (87.5), തിരുവനന്തപുരം കരകുളം കുടുംബാരോഗ്യ കേന്ദ്രം (90) ,പുളിങ്കോം പ്രാഥമികാരോഗ്യ കേന്ദ്രം (90), എറണാകുളം മനീട് പ്രാഥമികാരോഗ്യ കേന്ദ്രം (95) എന്നീ കേന്ദ്രങ്ങള്ക്കും അടുത്തിടെ എൻക്യുഎഎസ് ബഹുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണ്.ഇന്ത്യയിൽ ആകെയുള്ള 5190 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളുള്ളതിൽ 36 എണ്ണത്തിന് മാത്രമാണ് എൻ.ക്യു.എ.എസ്. അഗീകാരം ലഭിച്ചിട്ടുള്ളത്. അതിൽ 7 എണ്ണം കേരളത്തിലാണ്. 21 അർബൻ പ്രൈമറി സെന്ററുകൾക്ക് നോമിനേഷൻ ലഭിച്ചിരുന്നു.അതിൽ വിലയിരുത്തലുകൾ പൂർത്തിയായ 7 സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
ഇതോടെ സംസ്ഥാനത്തെ 85 സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 7 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ,66 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസറകോട് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്.
ജില്ലാതല ആശുപത്രികളുടെ പട്ടികയിൽ 96 ശതമാനം സ്‌കോർ നേടി ഡബ്ല്യൂ & സി ആശുപത്രി കോഴിക്കോടും, സബ്ജില്ലാ ആശുപത്രികളുടെ പട്ടികയിൽ 98.7 ശതമാനം സ്‌കോർ നേടി താലൂക്ക് ആശുപത്രി ചാലക്കുടിയും ഇന്ത്യയിൽ ഒന്നാമതാണ്. കണ്ണൂര് ജില്ലയിലെ 20 സ്ഥാപനങ്ങൾക്കാണ് എന്.ക്യൂ.എ.എസ് അംഗീകാരം ലഭിച്ചത്. ഇത്രയേറെ എന്ക്യുഎഎസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂർ.