കണ്ണൂർ:ലോക നിലവാരമുളള ടെന്നീസ് കോര്‍ട്ട് ഇനി കണ്ണൂരിലും.പ്ലെക്‌സി കൂഷ്യന്‍ കോര്‍ട്ടായി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തെ ടെന്നീസ് കോര്‍ട്ട് ഇന്നലെ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍ നാടിന് സമര്‍പ്പിച്ചു. കണ്ണൂര്‍ ടെന്നീസ് അസോസിയേഷന്‍ 20 ലക്ഷം രൂപ ചിലവിട്ടാണ് കോര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് നവീകരണം ആരംഭിച്ചത്. ചാണകമെഴുകിയ കോര്‍ട്ടില്‍ നിന്ന് ക്ലേ കോര്‍ട്ടിലേക്കും മണല്‍ കോര്‍ട്ടിലേക്കും തുടര്‍ന്ന് ഇന്ന് കാണുന്ന പ്ലെക്‌സി കൂഷ്യന്‍ കോര്‍ട്ടലേക്കുമുള്ള ഉയര്‍ച്ചയ്ക്ക് പിന്നില്‍ നിരവധി ടെന്നീസ് ആരാധകരുടെ പരിശ്രമമുണ്ട്. 1978ലാണ് തിരുവനന്തപുരം ടെന്നീസ് സ്‌റ്റേഡിയത്തിന്റെ മാതൃകയില്‍ കണ്ണൂരിലെ ടെന്നീസ് പ്രേമികളുടെ പരിശ്രമത്തിലൂടെ ഇന്നത്തെ ടെന്നീസ് കോര്‍ട്ടിന് തുടക്കമിട്ടത്. കോര്‍ട്ടിന്റെ ആധുനികവത്കരണം 2003ല്‍ ആണ് ആരംഭിച്ചത്. ആസ്സാല്‍ട്ടിന്‍ കോര്‍ട്ടിനെ 2007-ല്‍ ഐക്‌സി കുഷ്യന്‍ കോര്‍ട്ട് സിന്തറ്റിക്ക് ആയി രൂപപ്പെടുത്തുകയുണ്ടായി. മലബാറിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും ലോക നിലവാരത്തിലുള്ള സിന്തറ്റിക്ക് ഐക്‌സ് കുഷ്യന്‍ കോര്‍ട്ട് ആയിരുന്നു ഇത്. ഈ കാലഘട്ടങ്ങളില്‍ സംസ്ഥാന തലത്തിലും സൗത്ത് ഇന്ത്യ തലത്തിലും ഉള്ള വിവിധ ടൂര്‍ണമെന്റുകള്‍ക്കൊപ്പം നിരവധി ഓള്‍ കേരള വെറ്ററന്‍സ് ടൂര്‍ണമെന്റും ഇവിടെ അരങ്ങേറി. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ടെന്നീസ് കോര്‍ട്ടുകളില്‍ ഒന്നാണ് കണ്ണൂരിലെ ഈ കോര്‍ട്ട്.
തിയറ്ററുകള്‍ തുറക്കല്‍; സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെ കുറിച്ച് ചർച്ചചെയ്യാനാണിത് .ഇളവ് ലഭിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കില്ലെന്നാണ് നിലപാട്. തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച.കൊവിഡാനന്തരം ചിത്രീകരിച്ച സിനിമകള്‍ക്ക് സബ്സിഡി അനുവദിക്കണം, സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. നേരത്തെ നടന്ന ചര്‍ച്ചകളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ തുടര്‍ന്നാണ് ഇവ മുഖ്യമന്ത്രി മാറ്റിവച്ചത്. വിജയിയുടെ തമിഴ് സിനിമയായ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് നിലവില്‍ തിയറ്റര്‍ ഉടമകളുടെ നിലപാട്.അതേസമയം നിര്‍മാതാക്കളുടെ യോഗം കൊച്ചിയില്‍ വിളിച്ചു. നിര്‍മാണം പൂര്‍ത്തിയായതും ചിത്രീകരിച്ചതുമായ സിനിമകളുടെ നിര്‍മാതാക്കളുടെ നിലപാട് അറിയാനാണ് യോഗം. തിയറ്ററുകള്‍ക്ക് സിനിമ നല്‍കാന്‍ താത്പര്യമുള്ളവരും ഇവര്‍ക്കിടയിലുണ്ട്. പൊതു അഭിപ്രായം രൂപീകരിക്കുന്നതിനായാണ് യോഗം ചേരുന്നത്.
കോവിഡ് വാക്സിന്‍ വിതരണം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും
ന്യൂ ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും.വൈകിട്ട് 4 മണിയ്ക്കാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടത്തുന്നത്.ചര്‍ച്ചയില്‍ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. തുടര്‍ന്ന് പ്രധാനമന്ത്രി വാക്സിനേഷന്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ വിശദീകരിയ്ക്കും.വാക്സിന്‍ ഉപയോഗം തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും പരിഹരിയ്ക്കാനാണ് യോഗം ചേരുന്നത്.അതേസമയം, വാക്സിനേഷന് മുന്നോടിയായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ഉള്ളതും രോഗബാധ രൂക്ഷവുമായ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടുതല്‍ വാക്സിന്‍ ലഭിക്കുമെന്നാണ് സൂചന.അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും.കൊവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാഹചര്യം, ചികിത്സ തുടരേണ്ട രീതി തുടങ്ങിയ കാര്യങ്ങളില്‍ കൂടിക്കാഴ്ചയില്‍ തീരുമാനമാകും.
ഇന്തോനേഷ്യയില്‍ 59 യാത്രക്കാരുമായി പറന്നു പൊങ്ങിയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി
ജക്കാര്‍ത്ത :ഇന്തോനേഷ്യയിലെ ജക്കാര്‍ത്തില്‍ നിന്നും പറന്നു പൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അല്‍പ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. ശനിയാഴ്ച 59 യാത്രക്കാരുമായിപശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായത്.50തോളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സൊകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം ആറ് കുട്ടികളുമുണ്ട്. 27 വര്‍ഷം പഴക്കമുള്ള ബോയിങ് 737-500 വിമാനമാണ് കാണാതായത്. വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക വന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ഇന്‍ഡൊനീഷ്യ ഗതാഗത മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും.അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അന്‍പത് വയസിന് താഴെയുള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യും. ഇത്തരത്തില്‍ എകദേശം 27 കോടിയോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.പൂനയില്‍ നിന്ന് വാക്‌സിന്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ തന്നെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പതിനാറാം തീയതി മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതില്‍ മൂന്ന് കോടി പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.ഇന്നലെ നടന്ന ട്രയല്‍ റണ്ണിന്റെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി. ട്രയല്‍ റണ്‍ വിജയകരമാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
ഐക്യരാഷ്ട്ര സഭയില്‍ ചരിത്രനേട്ടവുമായി രാജ്യം;ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്
ന്യൂയോർക്: ഐക്യരാഷ്ട്ര സഭയില്‍ ചരിത്രനേട്ടവുമായി ഇന്ത്യ.ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇനി ഇന്ത്യക്ക്.ഭീകര വിരുദ്ധ സമിതി, താലിബാനും ലിബിയയ്ക്കും എതിരായ ഉപരോധ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന സമിതികള്‍ എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളാണ് ലഭിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു. യുഎന്‍ രക്ഷാസമിതിയിലെ, ഭീകരതയ്ക്ക് എതിരായ മൂന്നു നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു.അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭീകരത തടയാനുള്ള സമിതിയാണ് ഒന്ന്. 1988ലെ ഉപരോധ സമിതിയെന്നും ഇത് അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും സുരക്ഷയും കൊണ്ടുവരാന്‍ നിരന്തരം ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് ഈ സമിതിയുടെ അധ്യക്ഷ സ്ഥാനം നല്‍കാന്‍ കാരണമായത്.ആഗോള ഭീകരതയ്ക്ക് എതിരായ സമിതിയാണ് ഒന്ന്. ലിബിയയിലെ ഭീകരത ചെറുക്കാനുള്ള സമിതിയാണ് മറ്റൊന്ന്. ഭീകരതയ്ക്ക് എതിരായ സമിതിയുടെ അധ്യക്ഷന്‍ ടി.എസ്. തിരുമൂര്‍ത്തി തന്നെയാകും. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്. രണ്ടു വര്‍ഷം ഈ സമിതികളുടെ അധ്യക്ഷ പദവികളും ഇന്ത്യ വഹിക്കും. കാലാകാലങ്ങളായി ഭീകരതക്കെതിരേ, പ്രത്യേകിച്ച് പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ആഗോള ഭീകരതക്കെതിരേ ഇന്ത്യയുടെ അതിശക്തമായ പോരാട്ടം കണക്കിലെടുത്താണിത്. അതേസമയം രക്ഷാസമിതി അംഗത്വ കാലം മുഴുവനും ആഗോള ഭീകരതയ്ക്ക് എതിരേ പോരാടുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും രക്ഷാസമിതിയില്‍ അതിനെതിരേ ശബ്ദമുയര്‍ത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
സാമൂഹ്യക്ഷേമപെന്‍ഷന്‍;മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതം
കൊല്ലം: വാര്‍ധക്യകാല പെന്‍ഷന്‍, വിധവ-അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സംസ്ഥാന പ്രോജക്‌ട് ഡയറക്ടര്‍ അറിയിച്ചു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ ഒരു നിര്‍ദ്ദേശം ഔദ്യോഗികമായി നല്‍കിയിട്ടില്ല, മാത്രമല്ല മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുൻപേ പൂര്‍ത്തിയായതാണെന്നും സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.കോവിഡിന്റെ അതിതീവ്ര വ്യാപനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടം അക്ഷയ കേന്ദ്രത്തില്‍ അനുവദിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഫോസ്റ്റര്‍ കെയറിലൂടെ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: കൂത്തുപറമ്പിൽ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സി.ജി.ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ല്‍ നടന്ന പീഡന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഫോസ്റ്റര്‍ കെയര്‍ പദ്ധതി വഴി താത്ക്കാലികമായ സംരക്ഷണത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് മടങ്ങുകയും ചെയ്തു.കഴിഞ്ഞ ദിവസം കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതി വീണ്ടും പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതിന് കുട്ടി വിസമ്മതിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. അതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒന്നിലധികം തവണ വിവാഹങ്ങള്‍ കഴിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു.
കാത്തിരിപ്പിനൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു
കൊച്ചി:ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നത്.വെറ്റില മേല്‍പ്പാലം രാവിലെ 9 മണിക്കും, കുണ്ടന്നൂര്‍ മേല്‍പ്പാലം രാവിലെ 11 മണിക്കുമാണ് ഉദ്ഘാടനം ചെയ്യുക. പാലങ്ങള്‍ തുറന്നു നല്‍കുന്നതിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകും. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിര്‍മ്മിച്ചവയാണ്.717 മീറ്റര്‍ ദൂരത്തില്‍ 86.34 കോടി രൂപ ചെലവിലാണ് വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായത്. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായാണ് വൈറ്റിലയെ കണക്കാക്കുന്നത്. അതേസമയം എന്‍എച്ച് 66, എന്‍എച്ച് 966ബി, എന്‍എച്ച് 85 എന്നിവ സംഗമിക്കുന്ന ഇടമാണ് കുണ്ടന്നൂര്‍. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 82.74 കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്.നേരത്തെ ഉദ്ഘാടനത്തിന് മുൻപ് തന്നെ വി ഫോര്‍ കൊച്ചി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പാലം തുറന്നുകൊടുത്തത് വിവാദമായിരുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടും പാലം ഉദ്ഘാടനം നടത്തുന്നില്ല എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വി ഫോര്‍ കൊച്ചിക്കാരെയും അതിനെ പിന്തുണച്ച ജസ്റ്റിസ് കമാല്‍ പാഷയെയും പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചിലര്‍ കുത്തിതിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ ഇക്കൂട്ടരെ കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരാജകത്വത്തിന് കുട പിടിക്കണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര ജനറല്‍ ആശുപത്രി എസ്‌എന്‍സിയുവില്‍ തീപിടിത്തം;10 നവജാത ശിശുക്കള്‍ വെന്ത് മരിച്ചു
മുംബൈ : മഹാരാഷ്ട്ര ഭണ്ഡാര ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍(എസ്‌എന്‍സിയു) തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്‌എന്‍സിയുവിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. മഹാരാഷ്ട്ര ജനറല്‍ ആശുപത്രിയിലുണ്ടായ സംഭവം അത്യധികം ദുഃഖം ഉളവാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.അപകടം അതിദാരുണമായ സംഭവമാണെന്നും കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ ചെയ്യണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.