News Desk

കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പി എം കിസാന്‍ പദ്ധതിയില്‍ കടന്നുകൂടി അനർഹരും;പണം തിരിച്ചടക്കേണ്ടി വരും

keralanews disqualified persons included in pm kisan samman nidhi and money will have to be refunded

ന്യൂഡൽഹി:കർഷകർക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പി എം കിസാന്‍ പദ്ധതിയില്‍ കടന്നുകൂടി അനർഹരും. രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് ആശ്വാസവുമായി 2019 ഫെബ്രുവരി 24നാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ കര്‍ഷകരെന്ന വ്യാജേന നിരവധി പേര്‍ പദ്ധതിയില്‍ പങ്കാളികളായി പണം കൈപ്പറ്റുന്നു എന്ന ആക്ഷേപവും നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് ആദായ നികുതി നല്‍കുന്ന സമ്പന്നഗണത്തില്‍ പെട്ടവരില്‍ നിന്നും കിസാന്‍ പദ്ധതിയില്‍ പങ്കാളികളായവരെ ഒഴിവാക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ ചില അതിസമ്പന്നരും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആദായനികുതി അടയ്ക്കുന്ന 15163 ആളുകള്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള ഇവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് പ്രകാരം പണം തിരിച്ചടയ്ക്കാനുള്ളവര്‍ ഏറ്റവും കൂടുതലുള്ളത് തൃശൂര്‍ ജില്ലയിലാണ്. 2384 പേരാണ് തൃശൂരിലുള്ളത്. എറണാകുളത്ത് 2079 പേരുണ്ട്. ആലപ്പുഴ 1530 പേരും പാലക്കാട് 1435 പേരും കോട്ടയത്ത് 1250 പേരുമാണുള്ളത്. തിരുവനന്തപുരം 856, കൊല്ലം 899, പത്തനംതിട്ട 574, ഇടുക്കി 636, മലപ്പുറം 624, കോഴിക്കോട് 788, കണ്ണൂര്‍ 825, വയനാട് 642, കാസര്‍ക്കോട് 614 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.ആദായനികുതി അടയ്ക്കുന്ന ഇത്തരക്കാര്‍ പി എം കിസാന്‍ പദ്ധതി വഴി സ്വന്തമാക്കിയ തുക ഇനി തിരിച്ചടയ്ക്കേണ്ടിവരും. ഇതു സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി ഡയറക്ടര്‍ ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിനായുള്ള ബാങ്ക് അക്കൗണ്ടും ആരംഭിച്ചു കഴിഞ്ഞു. ആദായ നികുതി നല്‍കുന്നവര്‍ ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല എന്ന് വ്യക്തമാക്കി പദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതു പാലിക്കാതെ ആനുകൂല്യം പറ്റിയവരാണ് ഇപ്പോള്‍ പുറത്ത് പോകേണ്ടി വരുന്നത്.

കേരളത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം വയല്‍ കോവിഡ് വാക്സിന്‍;ആദ്യഘട്ടത്തിൽ ലഭ്യമാക്കുക മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ

keralanews 4.35 lakh vial of covid vaccine for kerala in first phase and made available to more than 3.5 lakh health workers in first phase

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ വിതരണം ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 4,35, 500 വയല്‍ വാക്സിന്‍ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. ഒരു വയല്‍ വാക്സിന്‍ പൊട്ടിച്ചാല്‍ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ച്‌ തീര്‍ക്കണം. മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് കേരളത്തില്‍ ആദ്യം വാക്സിന്‍ നല്‍കുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം വയല്‍ കോവിഡ് വാക്സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടത്.കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു.പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്സിന്‍ അനിവാര്യമാണെന്നും വാക്സിന്‍ വിതരണത്തില്‍ സംസ്ഥാനത്തിന് പ്രഥമ പരിഗണന വേണമെന്ന കാര്യവും കണക്കുകള്‍ ഉദ്ധരിച്ച്‌ കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ടായിരുന്നു. അതേസമയം കോവിഡ് വാക്സിനായ കൊവീഷീല്‍ഡിന്റെ ആദ്യ ലോഡ് പൂണെയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. . ശീതീകരിച്ച മൂന്ന് ട്രക്കുകളിലാണ് വാക്സിന്‍ കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വാക്സിന്‍ വിതരണം ആരംഭിച്ചത്.പൂണെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്സിന്‍ കയറ്റി അയക്കുന്നത്. ഇന്ന് മാത്രം എട്ട് വിമാനങ്ങളിലായി ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പടെ 13 കേന്ദ്രങ്ങളിലെത്തിക്കും. രാജ്യത്ത് ഈ മാസം പതിനാറിനാണ് കുത്തിവയ്‌പ്പ് ആരംഭിക്കുന്നത്.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാറിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

keralanews set back for govt in life mission case cbi probe can continue says highcourt

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. നേരത്തെ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ ഹൈക്കോടതി നീക്കി. സി ബി ഐ കേസ് റദ്ദ് ചെയ്ത് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ജസ്റ്റിസ് സോമരാജിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് തള്ളി.  സര്‍ക്കാറിന്റെയും യുണാടാക്കിന്റെയും വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ഇടപാടിലെ ധാരണാപത്രം ‘അണ്ടര്‍ ബെല്ലി’ ഓപ്പറേഷനാണ്, ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്.കേസിലെ സിബിഐ അന്വേഷണം പ്രത്യക്ഷത്തില്‍ തന്നെ പിണറായി സര്‍ക്കാറിന് തിരിച്ചടിയാകുന്നതാണ്.അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി ബി ഐ യുടെ അന്വേഷണം. പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തി സി ബി ഐ കേസെടുത്തിരുന്നു.എന്നാല്‍ കേസ് രാഷ്ത്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാരിലെ വാദം. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും കരാര്‍ പ്രകാരം സേവനത്തിനുള്ള തുകയാണു കൈപ്പറ്റിയതെന്നും യൂണിടാക്കും വാദിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ പരിശോധന

keralanews cbi raid in karipur airport

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.പുലര്‍ച്ചെ എത്തിയ മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്.വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന ആരോപണമുണ്ടായിരുന്നു. തിങ്കളാഴ്ച മാത്രം രണ്ടരക്കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.

രാജ്യത്ത് കോവിഡ് വാക്സീന്‍ വിതരണത്തിന് തുടക്കമായി;ആദ്യ ലോഡ് വാക്‌സിൻ പൂനെയിൽ നിന്നും പുറപ്പെട്ടു

keralanews covid vaccine distribution started in the coutry first load of vaccine left pune

മുംബൈ:രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി. ആദ്യ ലോഡുമായി പൂനെയില്‍ നിന്ന് ട്രക്കുകള്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. കനത്ത സുരക്ഷയിലാണ് ട്രക്കുകള്‍ പുറപ്പെട്ടത്. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്‌സിനുകള്‍ എത്തിക്കുന്നത്.വാക്‌സിനേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും. കൊവിഡ് വാക്‌സിന്‍ എത്തുന്ന ആദ്യ ബാച്ചില്‍ കേരളം ഇല്ല. ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് വാക്‌സിന്‍ വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങിയത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്കാണ് വാക്‌സിന്‍ എത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസുകാര്‍, സൈനികര്‍ തുടങ്ങി മുന്‍ഗണനാ പട്ടികയില്‍ ഉള്ള മൂന്നു കോടി പേര്‍ക്കാണ് വാക്‌സിന്‍ ആദ്യം ലഭിക്കുക. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവരുടെ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 50 വയസിന് മുകളിലുള്ളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേര്‍ക്കാണ് രണ്ടാം ഘട്ടത്തിലാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ വിതരണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 3110 covid cases confirmed in the state today 3922 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2730 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 402, കോഴിക്കോട് 397, മലപ്പുറം 377, കോട്ടയം 293, കൊല്ലം 230, തിരുവനന്തപുരം 150, ആലപ്പുഴ 178, പാലക്കാട് 60, തൃശൂര്‍ 162, കണ്ണൂര്‍ 137, ഇടുക്കി 133, പത്തനംതിട്ട 105, വയനാട് 69, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, എറണാകുളം 7, പാലക്കാട് 6, കോഴിക്കോട് 5, കണ്ണൂര്‍ 4, കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 212, കൊല്ലം 299, പത്തനംതിട്ട 281, ആലപ്പുഴ 441, കോട്ടയം 193, ഇടുക്കി 46, എറണാകുളം 485, തൃശൂര്‍ 563, പാലക്കാട് 201, മലപ്പുറം 457, കോഴിക്കോട് 404, വയനാട് 34, കണ്ണൂര്‍ 277, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കും;വിനോദ നികുതി ഒഴിവാക്കി;വൈദ്യുത ചാര്‍ജിലും ഇളവ്‍

keralanews theatres in the state reopen soon entertainment tax excluded relaxation in electric charge also

തിരുവനന്തപുരം:ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തീയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.2020 മാര്‍ച്ച്‌ 31നുള്ളില്‍ തീയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച്‌ 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് അന്തിമ തീരുമാനം.സംസ്ഥാനത്ത് തീയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകള്‍ ലഭിക്കാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍.എന്ന് തിയറ്ററുകള്‍ തുറക്കുമെന്ന് ഇന്ന് ചേരുന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനിക്കും.

കൊവിഡ് വാക്സിനേഷന്‍;സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ;എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍;മറ്റു ജില്ലകളിൽ 9 കേന്ദ്രങ്ങള്‍ വീതം

keralanews covid vaccination 133 centers in the state 12 in ernakulam district 11 in thiruvananthapuram and kozhikode districts 9 in other districts

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.133 കേന്ദ്രങ്ങളിലും വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടുവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഈമാസം 16 മുതൽ വാക്സിനേഷൻ ആരംഭിയ്ക്കാൻ തീരുമാനിച്ചത്.ആദ്യഘട്ടത്തിൽ പടിയായി മൂന്നുകോടി പേർക്കാണ് വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവരെയാണ് ഈ മുന്നുകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 30 കോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നടത്തുന്നത്. അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, 50 വയസിൽ താഴെ പ്രായമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങി മുൻഗണന ക്രമത്തിൽ 27 കോടിയോളം പേർക്ക് ആദ്യഘട്ടത്തിന്റെ രണ്ടാം പടിയായി വാക്സിൻ നൽകും.

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും; പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

keralanews cbi will investigate walayar case govt agrees demand of parents

തിരുവനന്തപുരം:വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും.മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മാതാവ് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമാണ് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുത്താലേ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്നും അമ്മ പറഞ്ഞിരുന്നു.2017ലാണ് വാളയാളിലെ സഹോദരിമാര്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തത്. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഓട്ടോയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

keralanews school bus driver dismissed from duty committed suicide

തിരുവനന്തപുരം: സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ആറു മാസം മുൻപ് ശ്രീകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.ഇതിന്റെ മനോവിഷമവും സാമ്പത്തിക പ്രയാസങ്ങളുമാണ് ശ്രീകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.