തിരുവനന്തപുരം:റേഷൻകടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്.കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനാല്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരും എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തെ അൻപത് ലക്ഷം കുടുംബങ്ങളില്‍ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കാനും തീരുമാനമായി. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാല് മാസം കൂടി നീട്ടിയതായി മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ തീരുമാനങ്ങളും നടപടികളുമാണ് ഇതുവരെയുള്ള ബഡ്ജറ്റ് അവതരണത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും; ആദ്യദിനം മൂന്നുലക്ഷം പേര്‍ക്ക് വാക്‌സിൻ നൽകും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും. മൂന്നുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യും.രാജ്യമൊട്ടാകെ 2,934 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 3,62,870 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഒരു ബൂത്തില്‍ ഒരേ വാക്‌സിന്‍ തന്നെയാവണം രണ്ടുതവണയും നല്‍കേണ്ടത്. കൊവിഷീല്‍ഡോ, കൊവാക്‌സിനോ എന്നത് അതാതിടങ്ങളിലെ ലഭ്യതക്കനുസരിച്ച് തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.വാക്‌സിനുകളായ കൊവിഷീല്‍ഡിനോ, കൊവാക്‌സിനോ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്ത്വം നിര്‍മാണ കമ്പനികളായ സിറം ഇസ്റ്റിട്യൂട്ടിനും, ഭാരത് ബയോ ടെക്കിനുമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്‌ട് അനുസരിച്ചുള്ള നിയമനടപടികള്‍ കമ്പനികൾ നേരിടണം. വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തില്‍ നാളെ രാവിലെ 9 മണി മുതല്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങും. 133 കേന്ദ്രങ്ങളില്‍ ആയി 100 വീതം പേര്‍ക്കാണ് ഓരോ ദിവസവും കുത്തിവയ്പ്പ് നല്‍കുക. 4,33,500 ഡോസ് വാക്‌സിന്‍ ബുധനാഴ്ചയാണ് കേരളത്തിലെത്തിച്ചത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.വാക്‌സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരള ബജറ്റ് 2021: ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി;ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം:സംസ്ഥാനസർക്കാരിന്റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷനുകള്‍ പ്രതിമാസം 1600 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈ ഏപ്രില്‍ മാസം മുതല്‍ തന്നെ വര്‍ധന പ്രാബല്യത്തില്‍ വരും. നിലവില്‍ 1500 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.പുതുവര്‍ഷ സമ്മാനമെന്ന നിലയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും 2021 ജനുവരി മാസം മുതല്‍ 100 രൂപ വര്‍ധിപ്പിച്ചിരുന്നു. 1,400 രൂപയില്‍ നിന്നാണ് 1500 രൂപയാക്കിയത്. അതാണിപ്പോള്‍ 1600 രൂപയാക്കിയത്.സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന 49.44 ലക്ഷം പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 10.88 ലക്ഷം പേരുമുണ്ട്. കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.കര്‍ഷക നിയമങ്ങളേയും ബജറ്റില്‍ വിമര്‍ശിച്ചു. തറവില സമ്പ്രദായം തകര്‍ക്കുന്നത് കുത്തകള്‍ക്ക് വേണ്ടിയാണെന്നും ധനമന്ത്രി പറഞ്ഞു. കേരളം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു. റബ്ബറിന്റെ തറവില 170 രൂപ. നെല്ലിന്റെ സംഭരണ വില 28, തേങ്ങയുടേത് 32ഉം ആയി ഉയര്‍ത്തി
പ്രക്ഷോഭം 50 ദിവസം പിന്നിട്ടു;കർഷക സംഘടനകളുമായി കേന്ദ്രസർക്കാരിന്റെ നിർണായക ചർച്ച ഇന്ന്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതിനിടെ സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും. കര്‍ഷകരുമായി കേന്ദ്രം എട്ടു തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇന്ന് ഫലപ്രദമായ ചര്‍ച്ച നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കര്‍ഷകനേതാക്കളുമായി തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമങ്ങള്‍ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് കേന്ദ്രത്തിന്റെ വീഴ്ചയായി കര്‍ഷക സംഘടനകള്‍ ഉന്നയിച്ചേക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ റദ്ദാക്കാനും ആവശ്യപ്പെടും. നിലവിലെ നിയമങ്ങള്‍ പരിശോധിക്കാനുള്ള സമിതിക്കു മുൻപാകെ ഹാജരാവില്ലെന്ന് കര്‍ഷകനേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇപ്പോഴുള്ളവ റദ്ദാക്കി പുതിയ നിയമങ്ങള്‍ രൂപീകരിക്കാനുള്ള സമിതിയോട് സഹകരിക്കാമെന്ന നിലപാടിലാണ് കര്‍ഷകര്‍. നിലവിലെ സമിതിയിലുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപിന്ദര്‍ സിങ് മാന്‍ സുപ്രിം കോടതിയുടെ നാലംഗ സമിതിയില്‍നിന്ന് സ്വയം പിന്‍മാറി.
പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും
തിരുവനന്തപുരം:സംസ്ഥാന ബജറ്റ് ഇന്ന്. ഈ സര്‍ക്കാരിന്‍റെ ആറാമത്തെയും അവസാനത്തെയും ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുക. നാലുമാസത്തേക്കുള്ള വോട്ടോണ്‍ അക്കൗണ്ട് അവതരിപ്പിച്ചാല്‍ മതിയെങ്കിലും സമ്പൂർണ്ണ ബജറ്റായിരിക്കും തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന.നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി അടിസ്ഥാനവില 150 രൂപയില്‍ നിന്ന് 175 രൂപയോ 200 രൂപയോ ആക്കി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.നെല്ലിന്‍റെയും തേങ്ങയുടെയും താങ്ങുവിലയും വര്‍ധിപ്പിച്ചേക്കും. തൊഴില്‍ സൃഷ്ടിക്കുള്ള കൃത്യമായ പദ്ധതി ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കാം. മദ്യത്തിന്‍റെ വില വര്‍ധിപ്പിക്കാനുള്ള ബിവറേജസ് കോര്‍പറേഷന്‍ ശുപാര്‍ശ അംഗീകരിച്ചതിനാല്‍ നികുതിവര്‍ധന ഉണ്ടാവില്ല. രാവിലെ 9നാണ് ബജറ്റ് അവതരണം.
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; യുകെയില്‍ നിന്ന് വന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ്;4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5490 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂർ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂർ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസർകോഡ് 72 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന് പോസിറ്റീവായി തുടർ പരിശോധനയ്ക്കായി എന്‌ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേർക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാൾക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3392 ആയി.
കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം;തെറ്റിദ്ധാരണ പരത്തരുത്;ഫലം ലഭിക്കണമെങ്കിൽ ഉറപ്പായും രണ്ട് ഡോസ് വാക്‌സിൻ എടുക്കണം;നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ക്ക് പനി പോലുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാൽ പാര്‍ശ്വഫലങ്ങളില്‍ ഭയക്കേണ്ടതില്ല. ആദ്യ ഡോസ് എടുത്ത് കഴിയുമ്പോൾ തന്നെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയാനാകും. നിലവില്‍ വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നും ഗുരുതര പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തുമ്പോൾ തന്നെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിൻ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന് എടുത്തിരിക്കേണ്ടത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്‌സിന് എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം മുന്‍ഗണന രീതിയില്‍ മറ്റുള്ളവര്‍ക്ക് നല്‍കും. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ തയ്യാറെടുപ്പുകളും എടുത്ത ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് മന്ത്രിയുടെ പ്രതികരണം.
ജില്ലകളില്‍ അതത് മന്ത്രിമാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. വാക്‌സിന്‍ വിജയകരമായി നടപ്പിലാക്കാന്‍ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി വ്യക്തമായി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തിയ ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പർ ഡോ. ബി. ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.കോവിഡ് വാക്‌സിന്‍ അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍, അസി. പ്രൊഫസര്‍ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അസോ. പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്., വാക്‌സിന്‍ വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതവും കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്‌ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് നന്ദിയും പറഞ്ഞു.
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ദേശീയ പാത സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ദേശീയ പാത സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സംഘര്‍ഷ സാധ്യത പരിഗണിച്ച് സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.ഇതിനിടയില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രദേശവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. സ്ഥലമേറ്റെടുക്കലിനെതിരെ തുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാല്‍ കനത്ത പൊലീസ് സന്നാഹത്തോടെയാണ് സ്ഥലം അളക്കലിനായി ദേശീയപാത അധികൃതര്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വൈകിട്ട് തളിപ്പറമ്പ ആര്‍.ഡി.ഒ സൈമണ്‍ ഫെര്‍ണാണ്ടസിന്‍റെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. വേളാപുരം -പാപ്പിനിശ്ശേരി നിര്‍ദ്ദിഷ്ട ദേശീയപാതാ ബൈപ്പാസിലെ തുരുത്തിയില്‍ അലൈന്‍മെന്റില്‍ അപാകതകളുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ഏറെക്കാലമായി സമരത്തിലാണ്. സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് 28 ഓളം കുടുംബങ്ങളുടെ ആരോപണം. ഇതേ തുടര്‍ന്ന് ഇവര്‍ സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്‍കിയിരുന്നില്ല. ഇതിനിടയിലാണ് ഭൂമിയുടേയും വീടുകളുടേയും വില നിശ്ചയിക്കുന്നതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുരുത്തിയിലെത്തിയത്. ഇവരെ പ്രദേശവാസികള്‍ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരില്‍ ഒരാളായ രാഹുല്‍ ദേഹത്ത് പെട്രാള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് സമരസമിതി കണ്‍വീനര്‍ നിഷില്‍കുമാര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെ സര്‍വ്വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍ ദേശീയ പാതയ്ക്കായി ഏറ്റെടുത്ത സ്ഥലമാണിതെന്നും പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ നടപടികളുമായി മുന്നോട്ട് പോകുമെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കണ്ണൂര്‍ മട്ടന്നൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
കണ്ണൂര്‍: മട്ടന്നൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു.മട്ടന്നൂര്‍ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.ഇന്നലെ രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍ എ..കെ..ജി ആശുപത്രിയിലേക്ക് മാറ്റി.രാജേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സി.ബി.ഐ റെയ്ഡ്; കരിപ്പൂർ വിമാനത്താവളത്തിലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിലെ സി.ബി.ഐ റെയ്ഡിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള വരെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ നടന്ന സി.ബി.ഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത പണവും സ്വർണവും പിടികൂടിയിരുന്നു.കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് ഇന്നലെ സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തവയിലുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച് സി.ബി.ഐ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സ്വര്‍ണവും അനധികൃതമായി കടത്തുകയായിരുന്നു മറ്റ് വസ്തുക്കളും പിടിച്ചെടുത്തത്.