കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പല്‍ഗുരിയിലുണ്ടായ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പടെ പതിമൂന്ന് പേര്‍ മരിച്ചു. പതിനെട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂടല്‍മഞ്ഞാണ് അപടകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.പിക്കപ്പ് വാനും രണ്ടുകാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ കാഴ്ച അവ്യക്തമായിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാറുകളില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധം; ആറ് രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആറ് രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്സിന്‍ കയറ്റി അയക്കുന്നത്. പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ആണ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഷീല്‍ഡ് വാക്സിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ വാക്സിനായി ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കയറ്റുമതിയ്ക്കായിവിവിധ ഏജന്‍സികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഉടന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ക്കെല്ലാം വാക്സിന്‍ നല്‍കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നു;രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നു.ഇതിനിടയില്‍ കോവിഡ് വാക്സിനേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ വേഗത കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണമനുസരിച്ച് കേരളത്തില്‍ ഏറ്റവും വേഗത കുറഞ്ഞ രീതിയിലാണ് വാക്സിനേഷന്‍ നടപടിയുടെ പുരോഗമനം എന്നാണ്. എന്നാല്‍ ഇത് വാക്സിന്‍ ഭീതി കാരണമാണെന്നാണ് കേരളത്തിന്റെ മറുപടി. എന്തായാലും ഇകാര്യത്തിലുള്ള അതൃപ്തി കേന്ദ്രം അറിയിച്ചിട്ടുണ്ട്.കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങള്‍ പ്രതിദിനം വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്യുന്നുണ്ട്. അതേസമയം കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. കോഴിക്കോട്, കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണ് ഇന്നെത്തുന്നത്. ഇന്ന് കോഴിക്കോട്ടേക്ക് ഒന്‍പത് ബോക്സും എറണാകുളത്തേക്ക് പന്ത്രണ്ട് ബോക്‌സും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തിക്കുന്നത്.രാവിലെ 11:15 ന് ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശ്ശേരിയിലെത്തിക്കുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. കോഴിക്കോട്ടേക്കുള്ളവ റോഡ് മാര്‍ഗമായിരിക്കും റീജിയണല്‍ വാക്‌സിന്‍ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകുന്നത് അതുപോലെ ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ ഹെലികോപ്റ്ററിലും എത്തിക്കും.
സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4296 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 484 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 964, കോട്ടയം 601, കൊല്ലം 585, തൃശൂര്‍ 512, പത്തനംതിട്ട 478, മലപ്പുറം 475, കോഴിക്കോട് 444, ആലപ്പുഴ 463, തിരുവനന്തപുരം 269, കണ്ണൂര്‍ 223, വയനാട് 234, പാലക്കാട് 124, ഇടുക്കി 111, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആയി. 26 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 17, പത്തനംതിട്ട 14, കണ്ണൂര്‍ 10, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 341, കൊല്ലം 276, പത്തനംതിട്ട 1034, ആലപ്പുഴ 203, കോട്ടയം 126, ഇടുക്കി 57, എറണാകുളം 463, തൃശൂര്‍ 329, പാലക്കാട് 198, മലപ്പുറം 367, കോഴിക്കോട് 460, വയനാട് 196, കണ്ണൂര്‍ 175, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്
തിരുവന്തപുരം:തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്.50 വര്‍ഷത്തേക്കാണ് എതിര്‍പുകള്‍ക്കിടെ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. തിരുവനന്തപുരത്തിന് പുറമേ, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും. അതിനിടെ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളില്‍ പാളിച്ചകളുണ്ട്. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്;കേരളത്തിൽ ഒറ്റഘട്ടമായി നടത്തും;പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം; അന്തിമ വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ തന്നെ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഏപ്രില്‍ 30ന് അകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം.തെരഞ്ഞെടുപ്പ് കമിഷന്‍ ഇപ്പോള്‍ അസം, ബംഗാള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണെന്നും അതിനുശേഷം കേരളത്തിലെത്തുമെന്നും അപ്പോള്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.ബുധനാഴ്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തുടര്‍ന്നും അവസരം ഉണ്ടാകും. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. കള്ളവോട്ട് നടക്കുന്ന ജില്ലകളില്‍ ശക്തമായ സംവിധാനം ഒരുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായാണ് നടക്കുന്നത്. ബംഗാള്‍, ആസ്സാം, സംസ്ഥാനങ്ങളിലായിരിക്കും ആദ്യഘട്ടം തെരഞ്ഞെടുപ്പ്.സംസ്ഥാനം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളും വേഗത്തില്‍ കടക്കും. മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ കേരളം പോളിംങ് ബൂത്തിലേക്ക് പോകുമെന്ന സൂചനയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കുന്നത്.
കോങ്ങാട് എംഎല്‍എ കെ.വി വിജയദാസ് അന്തരിച്ചു
പാലക്കാട്:സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് (61) അന്തരിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായ ശേഷം മറ്റ് അസുഖങ്ങള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ഒരാഴ്ചയോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ജനുവരി 12ന് ശസ്ത്രക്രിയക്ക് വിധേയനാക്കി.മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ ഏഴിന് എലപ്പുള്ളിയിലെ വീട്ടിലെത്തിക്കും. എട്ട് മുതല്‍ ഒമ്പത് വരെ വീടിനടുത്തുള്ള എലപ്പുള്ളി ജിയുപി സ്‌കൂളിലും ഒമ്പതുമുതല്‍ പത്തുവരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. പകല്‍ 11 ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ പ്രേമകുമാരി. മക്കള്‍: ജയദീപ്, സന്ദീപ്. വേലായുധന്‍ താത്ത ദമ്പതികളുടെ മകനായി 1959ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. തുടര്‍ച്ചയായി രണ്ടാംതവണയും കോങ്ങാട് മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റുമാണ്.സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് നിലവില്‍വന്ന 1995ല്‍ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രഥമ പ്രസിഡന്റായി. രാജ്യത്തിനുതന്നെ മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.
ഗുജറാത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമേല്‍ ലോറി പാഞ്ഞു കയറി 13 പേർ മരിച്ചു
ഗുജറാത്ത്:ഗുജറാത്തിലെ സൂറത്തിനടുത്ത് നടപ്പാതയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേര്‍ മരിച്ചു . സൂറത്തിനടുത്തുള്ള കിം ചാര്‍ റാസ്‌തയിലെ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന 18 പേരടങ്ങുന്ന സംഘത്തിന് ഇടയിലേക്കാണ് ട്രക്ക് ഇടിച്ച് കയറിയത്.
തിങ്കളാഴ്ച രാത്രി കൊസാമ്ബയിലായിരുന്നു സംഭവം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍പെട്ട എല്ലാവരും രാജസ്‌ഥാനിലെ ബന്‍സ്വര ജില്ലയില്‍ നിന്നുള്ള തൊഴിലാളികളാണ്.കരിമ്പ് കയറ്റി വന്ന ട്രക്ക് മറ്റൊരു മറ്റൊരു ട്രക്കില്‍ ഇടിച്ചതിന് ശേഷം ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പ്രദേശത്ത് 18 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. രാജസ്ഥാന്‍ ബന്‍സ്വാര സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അതിശൈത്യമായതിനാല്‍ പുലര്‍ച്ചെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് കനത്ത മഞ്ഞു വീഴ്ച കാരണം സംഭവിച്ച അപകടമാകുമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷാ തീയതികള്‍ മാറ്റില്ല, സിലബസ് വെട്ടിച്ചുരുക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ് . സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ച് പതിനേഴിനാണ് എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്നത്.എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കു മുൻപ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു.അതിനിടെ ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്‌ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസിനുള്ള പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി.പത്താം ക്ലാസുകാര്‍ക്ക് മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അദ്ധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ച് കാണുന്നതിനും സൗകര്യമുണ്ട്.
പ്രതിഷേധം തുടരാനുറച്ച് കര്‍ഷകര്‍;കാര്‍ഷിക നിയമം പിന്‍വലിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും വാക്സിന്‍ എടുക്കില്ലെന്നും കര്‍ഷകര്‍
ന്യൂഡൽഹി: പ്രതിഷേധം തുടരാനുറച്ച് ഡൽഹിയിൽ സമര ചെയ്യുന്ന കര്‍ഷകര്‍.മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിന് മുൻപ് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്നും കർഷകർ അറിയിച്ചു.രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്‌പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെങ്കിലും തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലധികവും 50 വയസ്സിനു മുകളിലുള്ളവരായതിനാല്‍ ഇത് നിര്‍ണ്ണായകമാകും. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ വാക്സിനേഷന്‍ എടുക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. തങ്ങള്‍ക്ക് കോവിഡിനേക്കാള്‍ വലുത് കാര്‍ഷിക നിയമം തന്നെയാണ്.ഈ പോരാട്ടം തുടരുമെന്നും ഇപ്പോള്‍ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണെന്നും കര്‍ഷകരില്‍ ഒരാളയ ബല്‍പ്രീത് പറഞ്ഞു.ഇതിനിടെ ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദിഷ്ട കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ 40 ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ സംയുക്ത് കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ഇതൊരു സമാധാനപരമായ റാലി ആയിരിക്കുമെന്നും ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.