ശിവമോഗ: കര്‍ണാടകത്തില്‍ ക്രഷര്‍ യൂണിറ്റിലേക്ക് ട്രക്കില്‍ കൊണ്ടുപോവുകയായിരുന്നു ജെലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് നടന്ന സ്‌ഫോടനത്തില്‍ എട്ട് മരണം.സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു. അറുപത് കിലോമീറ്റര്‍ അകലെവരെ ശബ്ദം കേട്ടതായാണ് വിവരം.ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് സ്‌ഫോടനത്തിന്റെ പ്രകമ്പനമാണെന്ന് തിരിച്ചറിഞ്ഞത്.വ്യാഴാഴ്ച രാത്രി ശിവമോഗയില്‍ ഹോസനുഡ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. 54 ബോക്സുകളടങ്ങുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ ട്രക്കില്‍ പോകവേയാണ് അപകടമുണ്ടായത്. പ്രദേശത്ത് റെയില്‍പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ക്വാറിയുടെ ആവശ്യത്തിനാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. അതേസമയം ഇത് അപകടം തന്നെയാണോ അതോ മറ്റേതെങ്കിലും അട്ടിമറിയാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്രയധികം സ്‌ഫോടകവസ്തുക്കളെത്തിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് ഉണ്ടായ പ്രകമ്പനത്തിൽ റോഡുകളില്‍ വിള്ളല്‍ വീണു. പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6229 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5658 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 730, മലപ്പുറം 604, കോട്ടയം 587, കൊല്ലം 625, കോഴിക്കോട് 559, പത്തനംതിട്ട 473, തിരുവനന്തപുരം 312, തൃശൂര്‍ 458, ആലപ്പുഴ 404, ഇടുക്കി 284, കണ്ണൂര്‍ 226, പാലക്കാട് 89, വയനാട് 232, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 12, പത്തനംതിട്ട 11, മലപ്പുറം 6, കോഴിക്കോട് 5, തിരുവനന്തപുരം, പാലക്കാട് 4 വീതം, വയനാട് 3, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6229 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 333, കൊല്ലം 1023, പത്തനംതിട്ട 798, ആലപ്പുഴ 398, കോട്ടയം 697, ഇടുക്കി 129, എറണാകുളം 713, തൃശൂര്‍ 402, പാലക്കാട് 123, മലപ്പുറം 572, കോഴിക്കോട് 525, വയനാട് 235, കണ്ണൂര്‍ 220, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 406 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു
മുംബൈ: കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. പൂനയിലെ മഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്‍റിലാണ് തീപിടുത്തമുണ്ടായത്. മരിച്ചത് പ്ലാന്‍റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്.നിര്‍മാണത്തിലിരിക്കുന്ന പ്ലാന്‍റിന്‍റെ രണ്ടാംനിലയിലാണ് ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പ്ലാന്‍റിലെ തീപിടിത്തം പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. വാക്സീന്‍ നിര്‍മാണയൂണിറ്റ് സുരക്ഷിതമാണെന്നും വാക്സീന്‍ ഉല്‍പാദനം തടസപ്പെടില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അപകട കാരണം വ്യക്തമല്ല.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഘട്ടത്തിൽ കോവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോർട്ട്;മുഖ്യമന്ത്രിമാരും പട്ടികയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് സൂചന.ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിനേഷന്‍ രാജ്യവ്യാപകമായി തുടങ്ങിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കിയത്.
നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് നാടിന്റെ അന്ത്യാഞ്ജലി;മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കണ്ണൂർ:ഇന്നലെ അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് നാടിന്റെ അന്ത്യാഞ്ജലി.മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.പൊതുദര്‍ശനത്തിന് ശേഷം രാവിലെ 11 മണിക്ക് പയ്യന്നൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. 76ാം വയസ്സിലാണ് അദ്ദേഹം സിനിമാരംഗത്തെത്തുന്നത്.ജയരാജ് സംവിധാനം ചെയ്ത ‘ദേശാടന’ത്തിലൂടെയാണ് സിനിമ പ്രവേശം.തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.മലയാളത്തിനു പുറമെ, കമൽഹാസനോടൊപ്പം ‘പമ്മൽ കെ. സംബന്ധം’, രജനികാന്തിനൊപ്പം ചന്ദ്രമുഖി എന്നി ചിത്രങ്ങളിലും അഭിനയിച്ചു.
വിപിന്‍ ലാലിനെ കണ്ടെത്താനായില്ല; നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം നടന്നില്ല
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയായ ശേഷം ജാമ്യം ലഭിക്കാതെ ജയില്‍മോചിതനായ വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശനിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി വാറന്‍റ് പുറപ്പെടുവിച്ചു.വിപിന്‍ ലാല്‍ ഹാജരാകാത്തതിനാല്‍ ഒരിടവേളക്ക് ശേഷം കേസിലെ സാക്ഷി വിസ്താരം ഇന്നാരംഭിക്കാനിരുന്നത് നടന്നില്ല.നടിയെ അക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിന്‍ ലാല്‍. ഇയാള്‍ മറ്റൊരു കേസില്‍ അറസ്റ്റിലായിരിക്കെ നടിയെ അക്രമിച്ച കേസില്‍ പ്രതി ചേര്‍ത്തു. പിന്നീട് അറസ്റ്റിലായ ആദ്യ കേസില്‍ ജാമ്യം ലഭിക്കുകയും നടിയെ അക്രമിച്ച കേസിൽ മാപ്പ്സാക്ഷിയാക്കുകയും ചെയ്തതോടെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ഇയാളെ മോചിതനാകാന്‍ അനുവദിക്കുകയായിരുന്നു.ചങ്ങനാശേരി സ്വദേശിയായ വിപിന്‍ ലാല്‍ കാസര്‍കോട് ബന്ധുവിന്‍റെ വീട്ടിലാണിപ്പോള്‍ താമസം. ഇതിനിടെ ഇയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി എം. പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ്, വിപിന്‍ ലാല്‍ ജയില്‍ മോചിതനായത് സംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്.ക്രിമിനല്‍ നടപടി ചട്ടം 306 പ്രകാരം വിചാരണ കഴിയും വരെ മാപ്പുസാക്ഷികളെ ജയിലില്‍ നിന്ന് വിട്ടയക്കരുതെന്നാണ്. അതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിചാരണ കോടതിക്ക് മുൻപാകെ ഇന്ന് ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ശനിയാഴ്ച ഹാജരാക്കണമെന്നാവശ്യപ്പെട്ട് കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ 2 കോടി 69 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതുവരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, കൊറോണ രോഗികള്‍ക്കും, അംഗപരിമിതര്‍ക്കും തപാല്‍വോട്ട് അനുവദിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം നടത്തുന്നത്.മാത്രമല്ല തപാല്‍ വോട്ടിനായി അപേക്ഷ നല്‍കേണ്ടത് എപ്പോഴാണ് എന്നത് സംബന്ധിച്ച വിവരങ്ങളും ഇന്ന് പുറത്തുവിടും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത മാസം സംസ്ഥാനത്തെത്തി രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്തായാലും ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കും എന്നാണ് റിപ്പോർട്ട്.
കർഷക സമരം; സമര വേദിയിൽ കർഷകൻ ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടക്കവെ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയിലാണ് ജയ ഭഗവാന്‍ റാണ(42) എന്ന കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചത്.ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഇയാളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ പറയുന്നത് രണ്ടുമൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും നിയമത്തിന് എതിരാണ്. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെ വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഡല്‍ഹിയിലെ സമരവേദിയില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം അഞ്ചായി.
പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയത്തിൽ നിയമസഭയിൽ ഇന്ന് ചർച്ച
തിരുവനന്തപുരം:പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയത്തിൽ നിയമസഭയിൽ ഇന്ന് ചർച്ച നടത്തും.സ്വർണക്കടത്തു കേസിൽ അടക്കം ആരോപണ വിധേയനായ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം മുസ്‍ലിം ലീഗിലെ എം. ഉമ്മർ അവതരിപ്പിക്കും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്.സ്വർണ കടത്ത് – ഡോളർ കടത്ത് കേസുകളും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിലെ ധൂർത്തുമാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ചോദ്യോത്തര വേള കഴിഞ്ഞാലുടൻ, ഉമ്മറിന്റെ നോട്ടീസ് സഭ പരിഗണിക്കും. പ്രമേയത്തിൽ ചർച്ചയാകാമെന്ന് സ്പീക്കർ അറിയിക്കും. പ്രമേയം പരിഗണനയ്ക്കെടുക്കുമ്പോൾ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. ഡെപ്യൂട്ടി സ്പീക്കർ സഭ നിയന്ത്രിക്കും.സ്പീക്കർക്കും തന്റെ ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും. പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്കാണ് തീരുമാനം. ചർച്ചയ്ക്കൊടുവിൽ വോട്ടെടുപ്പ്. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടും. അതു കഴിഞ്ഞാലുടൻ ശ്രീരാമകൃഷ്ണന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറാം.1982ൽ എ. സി ജോസും 2004 ൽ വക്കം പുരുഷോത്തമനുമാണ് ഇതിനു മുമ്പ് സമാന പ്രമേയം നേരിടേണ്ടി വന്ന സ്പീക്കർമാർ.
അതേസമയം തനിക്കെതിരെ പ്രതിപക്ഷം നടത്തുന്ന് രാഷ്ട്രീയ ആരോപണമാണെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്നു സ്പീക്കര്‍ പറഞ്ഞു.ആരോപണങ്ങള്‍ വ്യക്തത വരുത്താനാണെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. അത് നടന്നിട്ടില്ല. വിശദീകരണം നല്‍കിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.രാഷ്ട്രീയത്തില്‍ ഇതൊക്കെ സംഭവിക്കാം. ഡോളര്‍ക്കടത്ത് കേസുമായോ സ്വര്‍ണക്കടത്ത് കേസുമായോ ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല.ശൂന്യതയില്‍ നിന്നുണ്ടായ ആരോപണമാണ് എനിക്കെതിരെ ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സമ്മേളനം കഴിയുന്നതിന് പിന്നാലെ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളി. താന്‍ അങ്ങനെ ഒന്ന് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയിൽ
ആലപ്പുഴ:സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ അഞ്ഞൂറോളം താറാവുകള്‍ ഉള്‍പ്പടെയുളള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്ന സംശയത്തെത്തുടര്‍ന്ന് ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.രോഗം സ്ഥിരീകരിച്ചതോടെ കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. ഇതിനുളള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. കൈനകരിയിലും സമീപ പ്രദേശങ്ങളിലും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.