News Desk

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

keralanews director of public instruction has relaxed the guidelines for the operation of schools in the state

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു മാത്രമാണ് ഇളവുകള്‍ വരുത്തിയത്.  സ്‌കൂളുകള്‍ തുറന്ന ശേഷം ഇതുവരെയുള്ള പ്രവര്‍ത്തനം ഡിഡിഇ/ആര്‍ഡിഡി/എഡി എന്നിവരുമായി ചേര്‍ന്ന് അവലോകനം ചെയ്ത ശേഷമാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. നൂറില്‍ താഴെ കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും എല്ലാം കുട്ടികള്‍ക്കും ഒരേ സമയം വരാവുന്നതാണ്. കൂടാതെ നൂറിലേറെ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേ സമയം പരമാവധി അന്‍പത് ശതമാനം പേര്‍ എത്തുന്ന രീതിയില്‍ കുട്ടികളെ ക്രമീകരിക്കണം. പുതിയ ഇളവ് പ്രകാരം ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഇരിക്കുന്നതിനും അനുമതിയുണ്ട്. രാവിലെയും ഉച്ചയുമായി വേണം ക്ലാസുകള്‍ ക്രമീകരിക്കാന്‍. കുട്ടികള്‍ക്ക് യാത്ര സംബന്ധമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാവിലെ വരുന്ന കുട്ടികളെ വൈകിട്ട് വരെ ക്ലാസ് മുറിയില്‍ തുടരാന്‍ അനുവദിക്കാം.വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ അവരവരുടെ ഇരിപ്പിടത്തില്‍ വച്ചു തന്നെ കഴിക്കേണ്ടതും സാമൂഹിക അകലം പാലിച്ചു കൊണ്ടു കൈ കഴുകാന്‍ പോകേണ്ടതുമാണ്. ശനിയാഴ്ച ദിവസവും പ്രവൃത്തി ദിനമായതിനാല്‍ ആവശ്യമെങ്കില്‍ അന്നേ ദിവസം കുട്ടികളെ സംശയനിവാരണത്തിനും മറ്റുമായി പ്രധാനധ്യാപകന് വരുത്താവുന്നതാണ്. വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത എല്ലാ അധ്യാപകരും സ്‌കൂളുകളില്‍ ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പുതിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.

വസ്തു, കെട്ടിട രജിസ്‌ട്രേഷന് ഇനിമുതല്‍ രണ്ട് ശതമാനം അധിക നികുതി ഈടാക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

keralanews state government has decided to levy an additional tax of two per cent on property and building registration

തിരുവനന്തപുരം:സംസ്ഥാനത്ത് വസ്തു, കെട്ടിട രജിസ്‌ട്രേഷന് ഇനിമുതല്‍ രണ്ട് ശതമാനം അധിക നികുതി ഈടാക്കാൻ സര്‍ക്കാര്‍ തീരുമാനം.ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ഈ നടപടി. എന്നാല്‍ ജനങ്ങള്‍ക്ക് ഇത് അധിക ബാധ്യതയാകും.ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി കെട്ടിട രജിസ്‌ട്രേഷനുകള്‍ക്കായി ഇനി മുതല്‍ രണ്ട് ശതമാനം അധിക നികുതി നല്‍കണമെന്നാണ് തീരുമാനം. നിലവില്‍ ഭൂമി ഇടപാടുകള്‍ക്ക് എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസുമാണ് ഈടാക്കുന്നത്. പുതിയ നികുതി കൂടി വരുന്നതോടെ രജിസ്‌ട്രേഷന്‍ ചിലവ് ഭൂമി/കെട്ടിട ന്യായവിലയുടെ 12 ശതമാനമായി ഉയരും.അതേസമയം 25,000 രൂപയോ അതില്‍ കൂടുതല്‍ വിലയുമുള്ള ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ രജിസ്ട്രേഷന്‍ വിലയുടെ ഒരു ശതമാനം നികുതിയായി ശേഖരിച്ച്‌ ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറുമെന്നായിരുന്നു മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്.എന്നാല്‍ ഇത് ഒരു ലക്ഷം രൂപയിലേറെയുള്ള ഇടപാടുകള്‍ക്ക് രണ്ട് ശതമാനം എന്ന തരത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ പിരിക്കുന്ന അധിക നികുതിയുടെ തുക രജിസ്ട്രേഷന്‍ വകുപ്പ് പിരിച്ചെടുത്ത് അതതു ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറണമെന്നാണ് ധനവകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.

89 കാ​രി​യാ​യ കി​ട​പ്പു​രോ​ഗി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ നിർബന്ധിച്ചു; വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

keralanews 89 year old lady forced to appear before the commission protest against the statement of womens commission chairman m c josephine

പത്തനംതിട്ട:പരാതികേൾക്കാൻ 89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാന്‍ വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ നിര്‍ബന്ധിച്ചതായി പരാതി. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധ്യക്ഷ  ശകാരിച്ചതായും പരാതിയിൽ പറയുന്നു. 89 വയസ്സുള്ള വയോധികയുടെ പരാതി എന്തിനാണ് വനിത കമീഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നുമാണ് അധ്യക്ഷ പറയുന്നത്.കോട്ടാങ്ങല്‍ ദേവീ ക്ഷേത്രത്തിനടുത്ത് താമരശ്ശേരില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയല്‍വാസി മര്‍ദിച്ച സംഭവത്തിലാണ് പരാതി നല്‍കിയത്. ഇവരുടെ അകന്ന ബന്ധു കോട്ടയം കറുകച്ചാല്‍ സ്വദേശി ഉല്ലാസാണ് ജോസഫൈനെ ഫോണില്‍ വിളിച്ചത്. എന്തിനാണ് കമീഷനില്‍ പരാതി കൊടുക്കാന്‍ പോയതെന്നും പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ പോരേ എന്നുമാണ് ചോദിക്കുന്നത്. ”89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണം.” എന്ന് പറഞ്ഞ് ഉല്ലാസിനോട് കയര്‍ക്കുകയായിരുന്നു.ജനുവരി 28ന് അടൂരില്‍ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു കമീഷനില്‍ നിന്ന് ലഭിച്ച നോട്ടീസ്. 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചാണ് ബന്ധുവായ ഉല്ലാസ് അധ്യക്ഷയെ ഫോണിലൂടെ ബന്ധപ്പെട്ടത്. മറ്റാരും ഇല്ലാത്തതുകൊണ്ടാണ് താന്‍ ജോസഫൈനെ വിളിച്ച്‌ വിവരം അന്വേഷിച്ചതെന്ന് ഉല്ലാസ് പറയുന്നു. പരാതി ലഭിച്ചാല്‍ ഇരുകൂട്ടരും നേരിട്ട് ഹാജരായാല്‍ മാത്രമെ എന്തെങ്കിലും ചെയ്യാനാകൂ. വരാനാകില്ലെങ്കില്‍ പിന്നെ എന്തിനാണ് പരാതി നല്‍കിയതെന്ന് ചോദിച്ചത് ശരിയാണെന്നും സംഭാഷണത്തിനിടയില്‍ ‘തള്ള’യെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ്  ജോസഫൈന്‍ പറയുന്നത്.

മിനിമം ചാർജ് 12 രൂപയാക്കണം;നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ

keralanews minimum charge should be Rs 12; bus owners demand fare hike

തിരുവനന്തപുരം:ബസ് ചാർജ് വർധന ആവശ്യപ്പെട്ട് ബസ്സുടമകൾ.മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്നും 12 രൂപയാക്കണമെന്നാണ് ആവശ്യം. ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധനവില്ലാതെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍. ഡീസല്‍ വില 81 രൂപ കടന്നിരിക്കുന്നു.കൂടാതെ കോവിഡ് കാലത്ത് ഒഴിവാക്കിയിരുന്ന വാഹന നികുതി പകുതിയായി പുനസ്ഥാപിച്ചിട്ടുണ്ട്.ഇതോടെ നഷ്ടം സഹിച്ച്‌ ഇനിയും സര്‍വീസ് നടത്താനാവില്ലെന്നാണ് ബസുടമകള്‍ വ്യക്തമാക്കുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കുന്നതിന് പുറമേ കിലോമീറ്ററിന് 90 പൈസയെന്നത് രണ്ടു രൂപയാക്കി വര്‍ധിപ്പിക്കുകയും വേണം. ഒരു വര്‍ഷത്തേക്ക് നികുതി ഒഴിവാക്കി നല്‍കണമെന്നും ക്ഷേമനിധി അടക്കുന്നതിന് ഒരു വര്‍ഷം സാവകാശം നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. ഡീസല്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ പത്ത് ശതമാനത്തോളം വര്‍ധനവ് വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് ബസുടമകളുടെ തീരുമാനം.അതേസമയം കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ ജൂലൈയില്‍ ബസ് ചാര്‍ജ്ജില്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു.

ആന്ധ്രപ്രദേശിൽ വീണ്ടും അജ്ഞാത രോഗം; നിരവധിപേർ ആശുപത്രിയില്‍

keralanews unknown disease again in andhra pradesh many hospitalized

എലുരു: ആന്ധ്രാപ്രദേശില്‍ വീണ്ടും അജ്ഞാതരോഗം റിപ്പോര്‍ട്ട് ചെയ്തു.പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കാണ് ഇപ്പോള്‍ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം സ്ഥിരീകരിക്കുന്നത്. നിന്ന നില്‍പ്പില്‍ ആളുകള്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നവരുടെ വായില്‍ നിന്നും നുരയും പതയും വരുന്നു. അജ്ഞാത രോഗം സംശയിച്ച്‌ ഇതുവരെ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ ആറുപേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു.15 പേര്‍ എലുരുവിലെ ആശുപത്രിയിലും ഒരാള്‍ സമീപത്തെ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്.ആരോഗ്യ വിദഗ്ധരോട് സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും എലുരുവില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സംഭവം നിരീക്ഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ എലുരുവിലേക്ക് അയച്ചു.

സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 6753 covid cases confirmed in the state today 6108 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ബ്രിട്ടനില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,057 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6109 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 510 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 952, കോഴിക്കോട് 704, പത്തനംതിട്ട 564, മലപ്പുറം 568, കോട്ടയം 542, കൊല്ലം 566, തൃശൂര്‍ 535, തിരുവനന്തപുരം 359, ആലപ്പുഴ 398, കണ്ണൂര്‍ 228, പാലക്കാട് 160, വയനാട് 236, ഇടുക്കി 233, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, എറണാകുളം, കോഴിക്കോട് 10, പത്തനംതിട്ട 8, വയനാട് 7, കൊല്ലം 5, തൃശൂര്‍ 4, തിരുവനന്തപുരം 2, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 272, കൊല്ലം 290, പത്തനംതിട്ട 595, ആലപ്പുഴ 387, കോട്ടയം 900, ഇടുക്കി 452, എറണാകുളം 1005, തൃശൂര്‍ 463, പാലക്കാട് 141, മലപ്പുറം 602, കോഴിക്കോട് 611, വയനാട് 163, കണ്ണൂര്‍ 166, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു

keralanews two persons were killed when a ksrtc bus rammed into a shop in thiruvalla

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു.ബസ് യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

പക്ഷിപ്പനി;മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാര്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

keralanews bird flu food safety and standards authority of india with guidelines

ന്യൂഡൽഹി:പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാര്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.പകുതി വേവിച്ച മുട്ടയും ചിക്കനും കഴിക്കരുതെന്നും കോഴിയിറച്ചി മാംസം ശരിയായ രീതിയില്‍ പാചകം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും വേണം.പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും എഫ്‌എസ്‌എസ്‌എഐ അറിയിച്ചു. കേരളം, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള ശൈത്യകാലത്ത് ഇന്ത്യയിലെത്തുന്ന ദേശാടന പക്ഷികളാണ് പ്രധാനമായും പക്ഷിപ്പനി പടര്‍ത്തുന്നത്.ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് പക്ഷിപ്പനി. ഈ വൈറസിന് നിരവധി സമ്മര്‍ദ്ദങ്ങളുണ്ടാകാം. അവയില്‍ മിക്കതും നേരിയ ലക്ഷണങ്ങളുണ്ടാക്കുകയും മുട്ടയുടെ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ചില വകഭേദങ്ങള്‍ മാരകമാണെന്ന് തെളിയിക്കാന്‍ കഴിയും. നിലവില്‍ എച്ച്‌5എന്‍1, എച്ച്‌8എന്‍1 വൈറസ് പക്ഷികളുടെ മരണത്തിന് കാരണമാകുന്നുണ്ട്.

മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്ക്രീന്‍ പരിശോധന താത്കാലികമായി നിര്‍ത്തിവെച്ചു

keralanews operation screen inspection of motor vehicles department has been suspended

തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിലെ കൂളിംഗ് ഫിലിം കര്‍ട്ടണ്‍ പരിശോധനയായ ‘ഓപ്പറേഷന്‍ സ്ക്രീന്‍’ പരിശോധന താത്കാലികമായി നിര്‍ത്തിവെച്ചു. വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ പതിപ്പിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും സുപ്രിംകോടതി നിരോധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്.പ്രതിദിനം ആയിരത്തിലധികം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത് വിവാദമായതോടെയാണ് പരിശോധന താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.മന്ത്രിമാരുടെയും, നേതാക്കന്മാരുടെയും വാഹനങ്ങള്‍ക് ഒരാഴ്ചത്തെ സമയം അനുവദിച്ചതും വിവാദമായിരുന്നു.വാഹന ഉടമകള്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു.എന്നാല്‍, പതിവ് വാഹന പരിശോധന തുടരാനാണ് തീരുമാനം.രണ്ട് ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം.

സംസ്ഥാനത്ത് ഇന്ധന വില റെക്കോര്‍ഡില്‍

keralanews Fuel prices on record in the state

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. ഈ മാസം ഇത് അഞ്ചാം തവണയാണ് വില ഉയരുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയര്‍ന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് കൂടിയത്.തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ വില ഉയര്‍ന്നത്. അതിനുശേഷം മൂന്ന് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്.