ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. റിപ്പബ്ലിക് ദിന പരേഡിന് ശേഷം റാലി നടത്താണ് അധികൃതര്‍ അനുമതി നല്‍കിയതെങ്കിലും, നിശ്ചയിച്ച സമയത്തിലും നേരത്തെയാണ് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്.ഗാസിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോഴായിരുന്നു കണ്ണീര്‍വാതകം പ്രയോഗിച്ചത്.ആദ്യം പിന്തിരിഞ്ഞ് ഓടിയെങ്കിലും കര്‍ഷകര്‍ സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് വീണ്ടും ആരംഭിച്ചു.നേരത്തെ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്നു വ്യതിചലിച്ചായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്. ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കുകയായിരുന്നു. കര്‍ഷകര്‍ വാഹനം തടഞ്ഞതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റ്;പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത് അധിക്ഷേപിച്ച സംഭവത്തില്‍ പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.ബാലിക ദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് അജ്നാസ് എന്നയാള്‍ പ്രവാസി മകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റിട്ടത്. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പോലീസ് കേസെടുക്കാന്‍ വൈകുന്നതിനുമെതിരേ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു.കെ. സുരേന്ദ്രന്റെ മകളെ അവഹേളിച്ചതിന് പുറമെ അജ്നാസ് തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വികൃതമാക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നതോടെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. അജ്നാസിന്റ വീട്ടില്‍ പ്രതിഷേധം തുടര്‍ന്നതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് അജ്നാസിന്റെ പിതാവ് രംഗത്തെത്തി.തന്റെ മകന്‍ ആരെയെങ്കിലും മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നെന്ന് അദേഹം പറഞ്ഞു. ഇതിനിടെ തന്റെ അക്കൗണ്ടിലൂടെയല്ല പോസ്റ്റുകള്‍ വന്നതെന്നും ഫെയ്ക്ക് ഐഡിയാണിതെന്നും അജ്നാ സ് പ്രതികരിച്ചു. എന്നാല്‍ ഇയാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ ഫേസ്ബുക്ക് ഐഡി ഡിലീറ്റ് ചെയ്ത നിലയിലാണ്.
കർഷകസമരം;പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു
ന്യൂഡൽഹി:പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കര്‍ഷകര്‍ നീക്കിയത്. കൂടാതെ ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടുവെന്നാണ് വിവരം.ഒരേസമയം ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ റാലി നടത്തുക. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ പ്രഖ്യാപനം.ഒരു ലക്ഷം ട്രാക്ടറുകളിലായി സ്ത്രീകള്‍ അടക്കം 4 ലക്ഷത്തില്‍ അധികം കര്‍ഷകര്‍ പങ്കെടുക്കും. സിങ്കു, തിക്രി, ഗാസിപുര്‍ എന്നിവടങ്ങളില്‍ നിന്നാണ് പരേഡ് ആരംഭിക്കുക. നിലവില്‍ നല്‍കിയിരിക്കുന്ന റൂട്ട് മാപ്പ് അനുസരിച്ച് റാലി തീരാന്‍ 48 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.പുറത്ത് നിന്ന് ആളുകള്‍ നുഴഞ്ഞു കയറിയെന്ന സംശയമുള്ളതിനാല്‍ കടുത്ത നിയന്ത്രണത്തിലായിരിക്കും റാലി നടക്കുക. ഡല്‍ഹി പിടിച്ചടക്കുകയല്ല, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യത്തെ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുകയാണ് ട്രാക്ടര്‍ പരേഡിന്റെ ലക്ഷ്യമെന്ന് കര്‍ഷകര്‍ പറഞ്ഞു.
കണ്ണൂരിൽ അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്തര്‍ സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍
കണ്ണൂർ:അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്തര്‍ സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍.ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശി പ്രവീണ്‍ കുമാര്‍ (30) ആണ് പിടിയിലായത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കണ്ണൂരിലെ കൃഷ്ണമേനോന്‍ വനിതാ കോളജിലെ അധ്യാപികയാണ് തട്ടിപ്പിനിരയായത്. അധ്യാപികയുടെ അക്കൗണ്ടില്‍നിന്ന് രണ്ടു ഘട്ടങ്ങളിലായി 9 ലക്ഷം രൂപയാണ് പ്രവീണ്‍ കുമാറും സംഘവും തട്ടിയെടുത്തത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ എന്നത് പരിചയപ്പെടുത്തിയാണ് പ്രതി അധ്യാപികയെ വിളിച്ചത്. ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ അധ്യാപിക വിശ്വസിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി തന്ത്രത്തില്‍ ബാങ്ക് യൂസര്‍ ഐ ഡിയും പാസ്‌വേര്‍ഡും കൈക്കലാക്കുകയായിരുന്നു. കണ്ണൂര്‍ പോലീസ് മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നാലു പേര്‍ ചേര്‍ന്നാണ് അധ്യാപികയില്‍ നിന്നും പണം തട്ടിയെടുത്തത്.സംഘത്തിലെ മറ്റ് മൂന്നുപേരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ അധികം വൈകാതെ പിടിയിലാകുന്ന കരുതുന്നതായി കണ്ണൂര്‍ ഡിവൈ എസ് പി പി പി സദാനന്ദന്‍ പറഞ്ഞു.കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. എസ് ഐ സജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്, സജിത്ത് എന്നിവരാണ് ഉത്തര്‍പ്രദേശിലെ അറോറ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. സംഘം കേരളത്തിലെ കൂടുതല്‍ പേരില്‍ നിന്നും പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.ഇത്തരം ബാങ്കിങ് തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കണ്ണൂര്‍ പൊലീസ് നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍
തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടഴ്ച മുന്‍പാണ് കല്ലമ്പലം മുത്താനയില്‍ വീട്ടിലെ കുളിമുറിയില്‍ ആതിരയെ(24) മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.ഇതിനിടെയാണ് ഭര്‍തൃ മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ആതിരയെ ഭര്‍ത്താവിന്റെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്ന സ്ഥിരീകരണമാണ് പൊലീസിന്റെ ഭാഗത്തില്‍ നിന്നും ഉണ്ടായത്.വീട്ടിലെ കുളിമുറിയില്‍ കഴുത്തറക്കപ്പെട്ട നിലയിലാണ് ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിഞ്ഞ നിലയിലാണ്.കുളിക്കാന്‍ പോയതിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. കണ്ടെത്തിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നരമാസം മുന്‍പായിരുന്നു വിവാഹം.
കോവിഡിനൊപ്പം ന്യൂമോണിയയും; സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്
കണ്ണൂർ: കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്.ആരോഗ്യനില വഷളായതോടെ ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്.അദ്ദേഹത്തിന് പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം രാത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രി മെഡിക്കല്‍ സംഘത്തോടു മന്ത്രി സംസാരിച്ചു. ഡോക്ടര്‍മാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് വിദഗ്ധന്‍ ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചു.വൈകിട്ട് മൂന്നോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.അനില്‍ സത്യദാസ്, ഡോ. സന്തോഷ് എന്നിവര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലെത്തി ജയരാജനെ പരിശോധിക്കും. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസ്;എം.ശിവശങ്കറിന് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.എന്നാല്‍ ഇ.ഡി. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാന്‍ കഴിയില്ല. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസിന്‍റെ നടപടി. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കര്‍ നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രിന്‍സിപ്പില്‍ സെക്ഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം.
കര്‍ഷകര സമരം;റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കൊരുങ്ങി കര്‍ഷക സംഘടനകള്‍
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്റ്റർ റാലിക്കൊരുങ്ങി കർഷക സംഘടനകൾ.ട്രാക്ടര്‍ റാലി ചരിത്രസംഭവമാകും. ഡല്‍ഹി പിടിച്ചെടുക്കുകയല്ല, ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ട്രാക്ടര്‍ പരേഡില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് കൈമാറി. സമരം ചെയ്യുന്നതിന് പിന്നിലെ കാരണങ്ങള്‍ രാജ്യത്തെ ബോദ്ധ്യപ്പെടുത്താനുള്ള അവസരമായി ട്രാക്ടര്‍ റാലിയെ മാറ്റണമെന്ന് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ സംഘടനകള്‍ നല്‍കി. അക്രമത്തിന്റേതായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല. സമാധാനപൂര്‍വമായ ട്രാക്ടര്‍ റാലി നടത്തുന്നതിലാണ് വിജയമിരിക്കുന്നത്. നേതാക്കളും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ അനുസരിക്കണം. ഒരു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ട്രാക്ടറുകളില്‍ കരുതണം. ട്രാക്ടറുകളില്‍ ദേശീയ പതാകയും, കര്‍ഷക സംഘടനകളുടെ കൊടിയും മാത്രമേ അനുവദിക്കുകയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ വിലക്കി. ആയുധങ്ങളോ, പ്രകോപനപരമായ ബാനറുകളോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.അതേസമയം, ട്രാക്ടര്‍ റാലിക്ക് നേരെ ആക്രമണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി.റാലിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുമെന്ന ആശങ്ക ഡല്‍ഹി പൊലീസ് പങ്കുവെച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന 308 പാകിസ്ഥാന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് പറഞ്ഞു.
വിനോദ സഞ്ചാരത്തിനെത്തിയ അധ്യാപിക കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം;റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ
വയനാട്:വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ അധ്യാപിക കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ടിന് സ്റ്റോപ് മെമ്മോ.കണ്ണൂര്‍ സ്വദേശിനി ഷഹാന(26) ആണ് മരിച്ചത്.വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലെ ടെന്‍റുകളുടെ സുരക്ഷാ പരിശോധന തുടരും.പരിമിതമായ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണ് ഇത്തരം താത്കാലിക കൂടാരങ്ങളിലുള്ളത്.രണ്ട് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യമാണ് റിസോര്‍ട്ടിലുള്ളത്. എന്നാല്‍ ദിനേന മുപ്പതും നാല്‍പ്പതും ആളുകള്‍ റിസോര്‍ട്ടിലെത്തുന്നുണ്ട്. പുഴയരോത്ത് സുരക്ഷിതമല്ലാത്ത രീതിയില്‍ നിര്‍മിച്ച ടെന്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. ടെന്‍റുകളില്‍ താമസ സൌകര്യമൊരുക്കി വന്നിരുന്ന റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അറിയിച്ചു. മേപ്പാടിയിലെ ദാരുണ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ടെന്‍റുകള്‍ ഉള്‍പ്പടെയുള്ള ഔട്ട്‌ഡോര്‍ സ്റ്റേകള്‍ക്കും ഉടന്‍ ഗൈഡ് ലൈന്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. ലോക്ഡൌണിന് ശേഷം സജീവമായി വരുന്ന ജില്ലയിലെ റിസോര്‍ട്ടുകളിലെല്ലാം ടെന്‍റുകളിലെ താമസക്കാരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ടെന്‍റുകളിലെ സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. റിസോര്‍ട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്തും നേരത്തെ രണ്ടു തവണ വനം വകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഡി.എഫ്.ഒയും അറിയിച്ചു.
മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലത്താണ് റിസോര്‍ട്ട്.30 അംഗ സംഘത്തിലാണ് യുവതി എത്തിയത്. ബാത്ത്‌റൂമില്‍ പോയി തിരിച്ചുവരുന്ന നേരത്തായിരുന്നു ആനയുടെ ആക്രമണം. ചിഹ്നം വിളി കേട്ട് ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരേതനായ സി.കെ. അബ്ദുല്‍ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന. നേരത്തെ ഫാറൂഖ് കോളജില്‍ അധ്യാപികയായിരുന്നു. മധ്യപ്രദേശ് സര്‍വകലാശാലയില്‍ സൈക്കോളജില്‍ ഗവേഷണം നടത്തുന്നുണ്ട്.
കേരളത്തില്‍ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ലേറെ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നു. ഒന്നരമാസത്തിനു ശേഷമാണ് ടിപിആര്‍ 12 നു മുകളിലെത്തുന്നത്.ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമാണ്. എന്നാല്‍ ദേശീയ ശരാശരി 2ശതമാനം മാത്രം. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കേസുകള്‍ ആറായിരത്തിന് മുകളിലാണ്. ചികിത്സയിലിരിക്കുന്നവരുടെ 72,891 പേര്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലിരിക്കുന്നവരുടെ എണ്ണവും കൂടുതലുള്ളതും കേരളത്തില്‍ തന്നെ. എറണാകുളം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാണ്.കോഴിക്കോട്, കോട്ടയം ജില്ലകളിലും രോഗവ്യാപനം ഉയരുന്നുണ്ട്. ആകെ കോവിഡ് മരണം 3607 ആയിട്ടുണ്ട്. അതേസമയം രോഗവ്യാപനം രൂക്ഷമാകുമ്പോള്‍ നിയന്ത്രണങ്ങളും പാളുകയാണ്. പല ഇടങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നില്ല. കോവിഡിന്‍റെ ആദ്യഘട്ടത്തില്‍ ഫലപ്രദമായി നടപ്പാക്കിയിരുന്ന സമ്പര്‍ക്ക പട്ടിക തയ്യാറാക്കലും ക്വാറന്‍റൈനും ഇപ്പോഴില്ല. എത്ര പേര്‍ക്ക് രോഗം വന്നു പോയി എന്നു കണ്ടെത്താനുള്ള സിറോ സര്‍വേയും പ്രഖ്യാപനത്തിലൊതുങ്ങി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം കൃത്യമായി മനസിലാക്കിയാല്‍ പ്രതിരോധം ഫലപ്രദമാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.