കണ്ണൂർ:കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോമാറ്റിക് തെര്‍മല്‍ സ്മാര്‍ട്ട് ഗേറ്റ് സ്ഥാപിച്ചു.കോവിഡ് വ്യാപനം നിയന്ത്രണാതീതമായി മാറുന്ന സാഹചര്യത്തില്‍ കെ. സുധാകരന്‍ എം.പി മുൻകൈയെടുത്താണ് ഓട്ടോമാറ്റിക് തെര്‍മല്‍ സ്മാര്‍ട്ട് ഗേറ്റ് യാഥാർഥ്യമാക്കിയത്.വെള്ളിയാഴ്ച രാവിലെ 11ന് തെര്‍മ്മല്‍ സ്മാര്‍ട്ട് ഗേറ്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍തന്നെ ആദ്യമായാണ് ഒരു റെയില്‍വേ സ്റ്റേഷനില്‍ ഇത്തരം ഒരു സംവിധാനം നിലവില്‍ വരുന്നത്.ഈ സുരക്ഷ ഗേറ്റ് വഴി കടന്നുപോകുന്ന എല്ലാ യാത്രക്കാരുടെയും ഫോട്ടോ, ശരീര താപനില, എത്ര ആളുകള്‍ കടന്നുപോയി എന്നീ വിവരങ്ങള്‍ റെയില്‍വേ അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും കിട്ടും. ജനങ്ങള്‍ സ്റ്റേഷനില്‍ കൂട്ടംകൂടി നിന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞ് പ്ലാറ്റ് ഫോമിലേക്ക് കയറുന്ന നിലവിലെ സാഹചര്യം മാറ്റാന്‍ ഈ സംവിധാനം ഉപയോഗപ്പെടും. കൂടാതെ, യാത്രക്കാരുടെ ഫോട്ടോ രേഖപ്പെടുത്തുന്നതുകൊണ്ട് ഭാവിയിലും സുരക്ഷാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്പെടും.കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചപ്പോള്‍ കെ. സുധാകരന്‍ എം.പി മുന്‍കൈയെടുത്ത് കണ്ണൂര്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലും ഇത്തരം സംവിധാനം സ്ഥാപിച്ചിരുന്നു.കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാലും റെയില്‍വേക്ക് യാത്രക്കാരുടെ നിയന്ത്രണത്തിന് അനുയോജ്യമായ തരത്തില്‍ ഉള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി സ്വയം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക സംവിധാനം ആണ് കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്.
കണ്ണൂരിൽ രണ്ടു മാസം മുൻപ് വിവാഹിതയായ അന്യസംസ്ഥാനക്കാരിയായ യുവതി സ്വര്‍ണാഭരണങ്ങളുമായി മുങ്ങി
കണ്ണൂര്‍: രണ്ടു മാസം മുൻപ് വിവാഹിതയായ അന്യസംസ്ഥാനക്കാരിയായ യുവതി സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ സുമേഷാണ് കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയത്. അന്യസംസ്ഥാനക്കാരിയായ ഭാര്യ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയെന്നാണ് സുമേഷ് പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പഴയങ്ങാടി വലിയ വളപ്പില്‍ സുമേഷിന്റ ഭാര്യയായ ബീഹാര്‍ പാറ്റ്ന സ്വദേശിനി പിങ്കി കുമാരി (26)യെ കാണാനില്ലെന്നാണ് പരാതി.ഗള്‍ഫില്‍ സഹപ്രവര്‍ത്തകനായിരുന്ന ബീഹാര്‍ സ്വദേശി വഴിയാണ് സുമേഷ് യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം രണ്ട് മാസം മുൻപായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം സുമേഷ് ഗള്‍ഫിലേക്കു മടങ്ങി പോയി. അതിനുശേഷം പിങ്കി കുമാരി സുമേഷിന്‍റെ വീട്ടില്‍ ആണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടുകാർ കാണാതെ പിങ്കി കുമാരി വീട് വിട്ട് ഇറങ്ങുകയായിരുന്നു. ഏറെ നേരവും വീട്ടില്‍ ആളനക്കമില്ലാതായതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് പിങ്കി കുമാരി വീട്ടില്‍ ഇല്ലെന്ന് മനസിലായത്. തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇതേത്തുടര്‍ന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹ സമയത്ത് വധുവിന് വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളും വസ്ത്രങ്ങളും എടുത്താണ് ഇറങ്ങിപ്പോയതെന്ന് മനസ്സിലായി. തുടര്‍ന്ന് സുമേഷിനെ വിവരം അറിയിക്കുകയും കണ്ണപുരം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതി കേരള അതിര്‍ത്തി പിന്നിട്ടുവെന്നും കര്‍ണാടകത്തില്‍വെച്ച് ഫോണ്‍ ഓഫായതായും കണ്ടെത്തി. സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടകയിലും മറ്റ് പരിസരങ്ങളിലും ടവര്‍ ലൊക്കേഷന്‍ കാട്ടിയെങ്കിലും പിന്നാലെ ഫോണ്‍ ഓഫാകുകയായിരുന്നു.
സിഘുവില്‍ കർഷകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; വൈദ്യുതിക്ക് പിന്നാലെ ജലവിതരണവും റദ്ദാക്കി കേന്ദ്രം
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരെ സിഘുവില്‍ നിന്ന് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. സിംഘുവില്‍ താമസിക്കുന്ന പ്രദേശവാസികളുടെ നേതൃത്വത്തിലാണ് സമരഭൂമിയില്‍ പ്രതിഷേധം അരങ്ങേറിയത്.കര്‍ഷകര്‍ ഹൈവൈയില്‍ നിന്ന് പിന്‍മാറണമെന്നും 60 ദിവസമായി അടഞ്ഞുകിടക്കുന്ന റോഡുകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 60 ദിവസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് കര്‍ഷകരാണ് സിംഘു അതിര്‍ത്തിയിലുള്ളത്. സിംഘു, ഗാസിപ്പൂര്‍ സമരവേദികളില്‍ നിന്ന് മൂന്ന് ദിവസത്തിനുളളില്‍ പിന്‍മാറണമെന്ന് നിര്‍ദേശിച്ച് കര്‍ഷകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.ബുധനാഴ്ച രാത്രി ജില്ലാ മജിസ്ട്രേറ്റും ഉന്നത പാലിസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തിയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഇതിനിടെ കര്‍ഷക സമരം പൊളിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഗാസിപുരിലെ സമര കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നതിനായി ജലവിതരണം റദ്ദാക്കി. സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിച്ചതിനു പിന്നാലെയാണ് അടുത്ത നടപടിയുണ്ടായിരിക്കുന്നത്.. വൈദ്യുതിയും ജലവിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ ഗാസിപൂരിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കൊവിഡ് വ്യാപനം വര്‍ദ്ധിക്കാന്‍ കാരണം തദ്ദേശ തിരഞ്ഞെടുപ്പ്;പുറത്തുവിടുന്ന കണക്കുകൾ കൃത്യമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി. രോഗനിയന്ത്രണത്തിന് സംസ്ഥാനത്ത് പൊലീസ് നടപടി ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗപരിശോധന കേരളത്തില്‍ കുറവല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.അതേസമയം രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,556 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച 153 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 123 മരണങ്ങളുണ്ടായി. ഇതില്‍ 20 എണ്ണം കേരളത്തിലാണ്.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,53,847 ആയി ഉയര്‍ന്നിരിക്കുകയാണ്.രാജ്യത്താകെ കൊവിഡ് കുറയുന്നുണ്ടെങ്കിലും കേരളത്തില്‍ വ്യാപനം വര്‍ദ്ധിക്കുകയാണ്. ഒരാഴ്‌ചയ്‌ക്കിടെ 1,05,533 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 41,918ഉം കേരളത്തിലാണ്. ആകെ രോഗികളില്‍ 39.7 ശതമാനവും കേരളത്തിലാണ്. രാജ്യത്ത് ഒരാഴ്‌ചയ്‌ക്കിടെ 18568 രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ കേരളത്തില്‍ 2463 പേര്‍ വര്‍ദ്ധിച്ചു
കര്‍ഷകസംഘടനകളുടെ പാർലമെന്റ് മാർച്ച് മാറ്റിവച്ചു
ന്യൂഡൽഹി:ഫെബ്രുവരി ഒന്നിന് കർഷകർ നടത്താൻ തീരുമാനിച്ചിരുന്ന പാർലമെന്റിലേക്കുള്ള കാൽനട മാർച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.എന്നാൽ സമരം ശക്തമായി തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് ഡല്‍ഹി പൊലീസ്. സംയുക്ത കിസാന്‍ മോര്‍ച്ച അംഗവും പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ മോര്‍ച്ച നേതാവുമായ ദര്‍ശന്‍ പാല്‍ സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കുറ്റക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്താനാണ് പൊലീസ് ആലോചന. ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷക നേതാക്കള്‍ നടത്തിയ പ്രകോപനപ്രസംഗങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രധാന ആരോപണം. മേധാ പട്കര്‍ ഉള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്കെതിരെയാണ് പൊലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് അന്വേഷണം വിപുലീകരിച്ചു. ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.അതിനിടയില്‍ ഗാസിപൂരിലെ സമരകേന്ദ്രത്തില്‍ നിന്നും രണ്ടു ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ ജില്ലാ ഭരണകൂടം സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയിലുള്ള വൈദ്യൂതിയും വിച്ഛേദിച്ചു. എന്നാല്‍ എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമര സമിതി. ചോദ്യം ചെയ്യാന്‍ ഹാജരാകുന്ന നേതാക്കളെ അടുത്ത നടപടിയായി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.
മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു
മലപ്പുറം: മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു.പാണ്ടിക്കാട് സ്വദേശി മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഘര്‍ഷം നടന്നത്. കുത്തേറ്റ മുഹമ്മദ് സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേത്ത് യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. മുതിര്‍ന്ന നേതാക്കളും പൊലീസും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു.എന്നാല്‍ ഇന്നലെ രാത്രിയില്‍ അങ്ങാടിയില്‍ വീണ്ടും അടിപിടി ഉണ്ടാവുകയും ഉമ്മര്‍ എന്ന ലീഗ് പ്രവര്‍ത്തകന് ഗുരുതര പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇത് കണ്ട് തൊട്ടടുത്ത കടയിലുണ്ടായിരുന്ന മുഹമ്മദ് സമീര്‍ ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ കുത്തുകയായിരുന്നെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സി.പി.എം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകം ആണെന്നും അവര്‍ പറയുന്നു. പരിക്കേറ്റ ഉമ്മറിന്റെ ബന്ധുവാണ് മരിച്ച മുഹമ്മദ് സമീര്‍.അതേസമയം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സി.പി.എം പറയുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്തവരെല്ലാം രണ്ട് കുടുംബങ്ങളില്‍ പെട്ടവരാണെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.നിസാം, അബ്ദുള്‍ മജീദ്, മൊയീന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. രാഷ്ട്രീയ സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും പൊലീസ് പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കും
തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാനത്തെ ഒൻപത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമ്പോൾ 75 ശതമാനവും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കോവിഡ് അവലോകന യോഗത്തിന്റെ വിലയിരുത്തല്‍.നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കൊപ്പം പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും.ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. 56 ശതമാനം പേര്‍ക്കും രോഗം പകരുന്നത് വീടുകള്‍ക്കുള്ളില്‍ നിന്നാണെന്നാണ് പഠനം. അഞ്ചുശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നുണ്ട്.ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസമുണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5006 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3663 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 832, കോഴിക്കോട് 734, കോട്ടയം 460, കൊല്ലം 475, മലപ്പുറം 392, പത്തനംതിട്ട 350, ആലപ്പുഴ 355, കണ്ണൂര്‍ 270, തിരുവനന്തപുരം 250, തൃശൂര്‍ 327, ഇടുക്കി 293, വയനാട് 232, പാലക്കാട് 99, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, എറണാകുളം 6, കോഴിക്കോട് 4, കൊല്ലം 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5006 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 195, പത്തനംതിട്ട 705, ആലപ്പുഴ 299, കോട്ടയം 288, ഇടുക്കി 377, എറണാകുളം 739, തൃശൂര്‍ 428, പാലക്കാട് 175, മലപ്പുറം 530, കോഴിക്കോട് 594, വയനാട് 69, കണ്ണൂര്‍ 206, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 406 ഹോട്ട് സ്പോട്ടുകളാണുള്ളത്.
വി.കെ. ശശികല ജയിൽ മോചിതയായി
ബെംഗളൂരു:അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന വി.കെ. ശശികല ജയിൽ മോചിതയായി.ബംഗലൂരുവിലെ പരപന അഗ്രഹാര ജയിലിൽ നാല് വർഷം ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ശശികല മോചിതയാകുന്നത്. എന്നാൽ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ശശികല, ചെന്നൈയിലേക്ക് മടങ്ങിയെത്താന്‍ ദിവസങ്ങള്‍ കഴിയും. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തി രേഖകളില്‍ ഒപ്പുകള്‍ വാങ്ങി. സുപ്രിംകോടതി വിധിപ്രകാരമുള്ള 10 കോടി രൂപ പിഴ കെട്ടിവെച്ച ശേഷമാണ് ജയില്‍മോചന നടപടികളിലേക്ക് കടന്നത്. കൊവിഡ് വാര്‍ഡില്‍ ശശികലയ്ക്ക് നല്‍കി വന്നിരുന്ന പൊലീസ് കാവല്‍ പിന്‍വലിച്ചു. ശശികലയുടെ വസ്ത്രങ്ങള്‍ അടക്കമുള്ളവ ബന്ധുക്കള്‍ക്ക് കൈമാറി. ജനുവരി 20നാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആർ.ടി-പി.സി.ആർ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ശശികലയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും ദിനകരൻ പറഞ്ഞു. എ.ഐ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലംകെെയായി അറിയപ്പെട്ടിരുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ൽ ശശികല അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവിൽ പോയത്.
തമിഴ്‌നാട്ടിൽ ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണംകവര്‍ന്നു
മയിലാട്ടുതുറൈ:തമിഴ്‌നാട്ടിലെ മയിലാട്ടുതുറൈയിൽ ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി 17 കിലോ സ്വര്‍ണം കവർന്നു.വീട്ടില്‍ അതിക്രമിച്ച് കടന്ന നാലംഗ സംഘമാണ് അക്രമം നടത്തിയത്. ജുവലറി ഉടമ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് അക്രമത്തിൽ ഗുരുതര പരിക്കേറ്റു. മയിലാട്ടുതുറൈയിലെ സിര്‍ക്കഴിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.സിര്‍ക്കഴി സ്വദേശിനി ഡി.ആശ (45), മകന്‍ ഡി.അഖില്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജുവലറി ഉടമ ധനരാജ് (51), അഖിലിന്റെ ഭാര്യ നിഖില(23) എന്നിവരെ സിര്‍ക്കഴി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയുധങ്ങളുമായി പുലര്‍ച്ചെ 6 മണിയ്‌ക്ക് ധനരാജിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം കൊലയും കവര്‍ച്ചയും നടത്തി.വിവരമറിഞ്ഞ് സ്ഥലത്ത് ഉടനെത്തിയ പൊലീസ് സംഘം കവര്‍ച്ചയ്‌ക്ക് പിന്നിലുളള ഉത്തരേന്ത്യന്‍ സംഘത്തിലെ ഒരാളെ വെടിവച്ച് കൊന്നു. രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. ഒരാള്‍ക്കായുളള അന്വേഷണം നടക്കുകയാണ്. നഷ്‌ടപ്പെട്ട മുഴുവന്‍ സ്വര്‍ണവും പൊലീസ് കണ്ടെത്തി.രാജസ്ഥാന്‍ സ്വദേശികളായ മണിബാല്‍, ആര്‍.മനീഷ്(23), രമേശ് പ്രകാശ്(20) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരില്‍ മണിബാല്‍ കൊല്ലപ്പെട്ടു. കര്‍ണാറാം എന്ന നാലാമന് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. കൊലയാളികളില്‍ നിന്ന് രണ്ട് തോക്കുകളും പൊലീസ് കണ്ടെത്തി.