News Desk

ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

FILE PHOTO: A woman holds a small bottle labeled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken, October 30, 2020. REUTERS/Dado Ruvic

ന്യൂഡല്‍ഹി: ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിർദേശം.ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ വിതരണവും ഇതോടൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.വാക്സിന്‍ നല്‍കേണ്ട കൊവിഡ് മുന്‍നിര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നിലവില്‍ 61 ലക്ഷം പേരുടെ വിവരങ്ങള്‍ കൊവിഡ് പോര്‍ട്ടലില്‍ സമാഹരിച്ചു കഴിഞ്ഞു. ഫെബ്രുവരി ആദ്യ വാരം മുതല്‍ മുന്നണി പ്രവര്‍ത്തകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വാക്സിനേഷന്‍ ഒരുമിച്ച്‌ നടത്തണമെന്ന് നിര്‍ദേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.വാക്സിനേഷന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത് ജനുവരി 16ന് ആണ്. വെള്ളിയാഴ്ച വരെ 29,28,053 പേരാണ് രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന മുന്നണി പ്രവര്‍ത്തകര്‍ക്കുമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്.

കാർഷിക നിയമങ്ങൾക്കെതിരായുള്ള നിരാഹാര സമരത്തില്‍ നിന്നും അന്ന ഹസാരെ പിന്മാറി

keralanews anna hazare withdraws from hunger strike against agricultural laws

ന്യൂഡൽഹി:കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടത്താനിരുന്ന തന്റെ ഉപവാസം റദ്ദാക്കി മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അന്ന ഹസാരെ. ബിജെപി മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്.’ഞാന്‍ വളരെക്കാലമായി വിവിധ വിഷയങ്ങളില്‍ സമരം ചെയ്യുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റകരമല്ല. മൂന്ന് വര്‍ഷമായി ഞാന്‍ കര്‍ഷകരുടെ പ്രശ്‌നം ഉന്നയിക്കുന്നു. വിളകള്‍ക്ക് ശരിയായ വില ലഭിക്കാത്തതിനാല്‍ അവര്‍ ആത്മഹത്യ ചെയ്യുന്നു. എം‌എസ്‌പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എനിക്ക് കത്ത് ലഭിച്ചു,’ അന്ന ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ഷകര്‍ക്കായുള്ള തന്റെ 15 ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനാല്‍ ഇന്ന് മുതല്‍ നടത്താനിരുന്ന നിരാഹാര സമരം റദ്ദാക്കിയാതായി അന്ന ഹസാരെ വ്യക്തമാക്കി.

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം;രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

keralanews blast near israel embassy in delhi cctv footage of two persons recovered

ന്യൂഡൽഹി:ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.ഇവരെ അവിടെ എത്തിച്ച ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാചിത്രം തയാറാക്കും. സ്‌ഫോടനത്തിനു പിന്നില്‍ ഇവരാണോ എന്നു വ്യക്തതയില്ല. എന്നാല്‍ നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്.അന്വേഷണത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡല്‍ഹി പോലീസ് കൈമാറിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആളപായമില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് ഇന്നും പരിശോധന നടത്തും. ഒരു കുപ്പിയിൽ വെച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള കത്തും പകുതി കത്തിയ പിങ്ക് സ്‌കാര്‍ഫും സ്‌ഫോടന സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. അതീവസുരക്ഷാ മേഖലയിലേക്കു കുറഞ്ഞ അളവിലെങ്കിലും സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഏറെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതുവിടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. അതീവ സുരക്ഷാ മേഖലയിലെ സ്‌ഫോടനം വലിയ പ്രാധാന്യത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഇവിടെനിന്ന് അധികം ദൂരമില്ലാത്ത വിജയ് ചൗക്കില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉണ്ടായിരിക്കേയാണ് സമീപത്തു സ്‌ഫോടനം നടന്നതെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം;ആദ്യ കൊവിഡ് രോഗി കേരളത്തിൽ

keralanews it has been one year covid confirmed in the country first patient in kerala

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം.2020 ജനുവരി 30 നു കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്.കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍നിന്നു തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ആദ്യ രോഗി. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയത്. കോവിഡ് ലക്ഷണങ്ങളായ തൊണ്ടവേദനയും ചുമയും മാത്രമായിരുന്നു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ചെെനയില്‍ നിന്നെത്തിയ ഈ വിദ്യാര്‍ഥിനി ഉടന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടു. വിദ്യാര്‍ഥിനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് കോവിഡ് ബാധിതയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ജനറല്‍ ആശുപത്രി പരിസരത്തുപോലും ജനം വരാത്ത സാഹചര്യമുണ്ടായി. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ആശങ്കയ്ക്കു വിരാമമുണ്ടായിരുന്നില്ല.ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.ആദ്യ കോവിഡ് കേസിനു ശേഷം ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ഇപ്പോഴും കോവിഡ് പ്രതിസന്ധിക്ക് അയവായിട്ടില്ല.സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ഇതിനോടകം 9,11,362 ആയി. 72,392 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 8,35,046 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,682 ആണ്. മരണനിരക്ക് കുറയ്‌ക്കാന്‍ സാധിച്ചതാണ് കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ഏറ്റവും വലിയ മികവായി എടുത്തുപറയുന്നത്. മരണസംഖ്യ കുറയ്‌ക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 6268 covid cases confirmed in the state today 6398 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5647 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 455 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 830, കോഴിക്കോട് 679, കൊല്ലം 663, കോട്ടയം 572, തൃശൂര്‍ 476, പത്തനംതിട്ട 398, ആലപ്പുഴ 414, മലപ്പുറം 392, തിരുവനന്തപുരം 311, കണ്ണൂര്‍ 228, ഇടുക്കി 292, പാലക്കാട് 130, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍ 10, കൊല്ലം 5, കോഴിക്കോട് 4, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം, വയനാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 376, കൊല്ലം 461, പത്തനംതിട്ട 418, ആലപ്പുഴ 244, കോട്ടയം 639, ഇടുക്കി 229, എറണാകുളം 711, തൃശൂര്‍ 588, പാലക്കാട് 821, മലപ്പുറം 799, കോഴിക്കോട് 670, വയനാട് 206, കണ്ണൂര്‍ 183, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി.

ഉയര്‍ന്ന പെന്‍ഷന്‍;ഹൈക്കോടതി വിധി ശരിവെച്ച ഉത്തരവ് പിന്‍വലിച്ച്‌ സുപ്രീംകോടതി

keralanews high pension supreme court withdrew order that upheld highcourt verdict

ന്യൂഡല്‍ഹി : ഉയര്‍ന്ന പെന്‍ഷന്‍ സംബന്ധിച്ച്‌ കേരള ഹൈക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതിയുടെ ഉത്തരവ് പിന്‍വലിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) പുനഃപരിശോധനാ ഹര്‍ജിയിലാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. അതേസമയം, ഉയര്‍ന്ന പെന്‍ഷന്‍ ശരിവെച്ച കേരള ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ ഇല്ല. ഇതിനെതിരേ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇ.പി.എഫ്.ഒ.യും നല്‍കിയ അപ്പീലുകളില്‍ ഫെബ്രുവരി 25-ന് പ്രാഥമിക വാദം നടക്കും.2018 ഒക്ടോബര്‍ 12-നാണ് ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അതെ സമയം അപ്പീലുകള്‍ പ്രാഥമിക വാദത്തിനായി മാറ്റുകയാണ് ചെയ്തതെന്നും പ്രസ്തുത വിധി സ്റ്റേ ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി. അല്ലാത്തപക്ഷം പുനഃപരിശോധനാ ഹര്‍ജിയില്‍ നോട്ടീസയക്കേണ്ടിവരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.ഇ.പി.എസ്സിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാന്‍ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളയുകയാണ് ഹൈക്കോടതി ചെയ്തത്. ഇതോടെ മുഴുവന്‍ ശമ്പളത്തിനും ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ സാധ്യമാക്കുന്നതായിരുന്നു വിധി.2019 ഏപ്രില്‍ ഒന്നിന് സുപ്രീംകോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവാണ് നിലവില്‍ പിന്‍വലിക്കപ്പെട്ടത്.

കാഞ്ഞങ്ങാട്ട് ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

keralanews health department seized stale food from hotels in kanjangad

കണ്ണൂർ:കാഞ്ഞങ്ങാട്ട് ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.12 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തത്.പഴക്കമുള്ള കോഴിയിറച്ചി, മുട്ട, പോത്തിറച്ചി, ആട്ടിറച്ചി, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കടികള്‍, പഴകിയ എണ്ണ, തൈര് എന്നിവ ഹെല്‍ത് സ്‌ക്വാഡ് പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെല്‍ത് സൂപര്‍വൈസര്‍ കെ പി രാജഗോപാലന്‍, ഒന്നാം ഗ്രേഡ് ജൂനീയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ബീന വി വി, രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ സീമ പി വി, ബിജു അനൂര്‍ ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പാര്‍ലമെന്റില്‍ ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു;പ്രതിപക്ഷം പ്രസംഗം ബഹിഷ്‌കരിച്ചു

keralanews presidents speech begins ahead of budget session in parliament opposition boycotts speech

ന്യൂഡല്‍ഹി: ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുന്നത്. കാര്‍ഷിക നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു. ഇടത് എം പിമാര്‍ സഭയ്‌ക്ക് മുന്നില്‍ ധര്‍ണ നടത്തുകയാണ്.കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കാര്‍ഷിക നിയമങ്ങളില്‍ സുപ്രീംകോടതി തീരുമാനം എന്തായാലും അത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കും. സമാധാനപൂര്‍ണമായ സമരങ്ങളോട് യോജിക്കും. കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ അധികാരവും സൗകര്യങ്ങളും നല്‍കും. നിയമങ്ങളെ കുറിച്ചുളള തെറ്റിദ്ധാരണ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും രാഷ്ട്രപതി പറഞ്ഞു.റിപ്പബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ദേശീയ പതാകയെ അപമാനിച്ചത് ദൗര്‍ഭാഗ്യകരമാണ്. അഭിപ്രായ പ്രകടനത്തിന് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുവെന്നും നിയമവും ചട്ടവും പാലിക്കണമെന്ന് ഭരണഘടന പഠിപ്പിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന ഈ ബഡ്‌ജറ്റ് സമ്മേളനം വളരെ പ്രധാനമാണ്. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് നമ്മള്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഇന്ത്യ ഐക്യത്തോടെ നിന്ന് പ്രതിസന്ധികള്‍ മറികടന്നിട്ടുണ്ട്. ഇനിയും രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധികള്‍ മറികടക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കർഷക സമരം;ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി

keralanews farmers strike district administration withdraws from evacuation of gazipur

ന്യൂഡല്‍ഹി: ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി. കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ച്‌ എത്തിയതോടെ തല്‍ക്കാലം നടപടി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതോടെ പൊലീസും കേന്ദ്രസേനയും സമരവേദിയില്‍ നിന്ന് പിന്മാറി.കര്‍ഷകരെ ഒഴിപ്പിക്കുന്നതിനായി വന്‍ പൊലീസ് സന്നാഹം ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നു. ജില്ലാ മജിസ്ട്രേട്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. അധികൃതരെ മടക്കി അയച്ച ശേഷം ദേശീയ പതാകയുമേന്തിയായിരുന്നു കര്‍ഷകരുടെ ആഹ്ലാദ പ്രകടനം.വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ പലരെയും സമരഭൂമിയില്‍ വച്ച്‌ തന്നെയാണ് നഷ്ടമായതെന്നും അത് അവരോട് ചെയ്യുന്ന തെറ്റാകുമെന്നും കര്‍ഷകര്‍ പറയുന്നു യുപി പൊലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 12 ല​ക്ഷം രൂ​പ​യു​ടെ സ്വർണ്ണവുമായി ര​ണ്ടു യു​വ​തി​ക​ള്‍ പി​ടി​യി​ല്‍

keralanews two ladies arrested with gold worth 12lakh rupees in kannur airport

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 12 ലക്ഷം രൂപ വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കടവത്തൂര്‍ സ്വദേശിനികളായ രണ്ടു യുവതികളില്‍ നിന്നാണ് 233 ഗ്രാം സ്വര്‍ണം പിടികൂടിയത്.വ്യാഴാഴ്ച രാത്രി ഷാര്‍ജയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ചെക്കിംഗ് പരിശോധനയിലാണ് യുവതികളില്‍ നിന്നും ചെയിന്‍ രൂപത്തിലുള്ള സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയത്. തുടര്‍ന്നു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.