News Desk

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി;കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക്

keralanews death toll rises to 26 in utharakhand flash flood search for missing continues for third day

ന്യൂഡൽഹി:ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി.മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു. 197 പേരെ കൂടി കണ്ടെത്താന്‍ ഉണ്ടെന്നാണ് ഉത്തരാഖണ്ഡ് ദുരന്ത നിവാരണ കേന്ദ്രത്തിന്റെ അറിയിപ്പ്. തപോവനിലെ തുരങ്കത്തില്‍ കുടുങ്ങിയ 35 പേരെ കണ്ടെത്താന്‍ ആയി തിരച്ചിൽ തുടരുകയാണ്. ചെങ്കുത്തായ പ്രദേശമായതും മന്ദാഗിനി നദിയിലെ ജലനിരപ്പ് താഴാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. ഋഷിഗംഗ, എന്‍ടിപിസി വൈദ്യുത പദ്ധതികള്‍ക്ക് സമീപമാണ് രക്ഷാ പ്രവർത്തനം ഊർജിതമാക്കിയിരിക്കുന്നത്.പാലങ്ങളും റോഡുകളും തകർന്നതിനാല്‍ 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അളകനന്ദ, ദൌലി ഗംഗ നദികളുടെ കരകളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച്‌ പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുകയാണ്.ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ദൂരത്തില്‍ ഒലിച്ച്‌ പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എന്‍ഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവർത്തനത്തിനും തുടർനീക്കങ്ങള്‍ക്ക് തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭയും ഇന്ത്യക്കൊപ്പമുണ്ടെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രിയും പ്രതികരിച്ചു.

കോവിഡ് ന്യുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ എം വി ജയരാജന്‍ പൂര്‍ണമായി സുഖംപ്രാപിച്ചു

keralanews mv jayarajan who was in critical condition due to covid pneumonia has fully recovered

കണ്ണൂർ:കോവിഡ് ന്യുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പൂര്‍ണമായി സുഖംപ്രാപിച്ചു.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യു വിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തിനകം ആശുപത്രി വിടാമെന്ന് ഡോക്റ്റർമാർ അറിയിച്ചു. ഒരുമാസം കര്‍ശന ശ്രദ്ധയോടെ വീട്ടില്‍ വിശ്രമിക്കേണ്ടിവരും. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ സന്ദര്‍ശകരെ ആരെയും അനുവദിക്കില്ല.ജനുവരി 18നാണ് ജയരാജനെ കോവിഡ് പോസിറ്റീവായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ന്യുമോണിയ ലക്ഷണം കണ്ടതോടെ പരിയാരത്തേക്കു മാറ്റി.ഒപ്പം, കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും.ചികിത്സയ്ക്കായി പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.പിന്നീട് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നുള്ള വിദഗ്ധസംഘമെത്തി.23ന് സ്ഥിതി വഷളായി.സി പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജന്‍ അളവ് ക്രമീകരിച്ചെങ്കിലും കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും വെല്ലുവിളിയായി. 24ന് അര്‍ധരാത്രിയോടെ ആരോഗ്യമന്ത്രി നേരിട്ടെത്തി മെഡിക്കല്‍ ബോര്‍ഡ് യോഗം വിളിച്ചു. കോഴിക്കോട്ടുനിന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരായ ഡോ. എ എസ് അനൂപ്കുമാറും ഡോ. പി ജി രാജുവുമെത്തി. കൂടാതെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. എസ് എസ് സന്തോഷ്കുമാറും ഡോ. അനില്‍ സത്യദാസും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചെന്നൈയിലെ പ്രമുഖ ഇന്‍ഫെക്ഷണല്‍ കണ്‍ട്രോള്‍ സ്പെഷ്യലിസ്റ്റ് ഡോ. റാം സുബ്രഹ്മണ്യത്തിന്റെ ഉപദേശവും തേടി. അദ്ദേഹം നിര്‍ദേശിച്ച ഇഞ്ചക്ഷന്‍ മരുന്ന് കോഴിക്കോടുനിന്ന് എത്തിച്ചുനല്‍കി. 25ന് വൈകിട്ടോടെ ആരോഗ്യനില മെച്ചപ്പെട്ടു.ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശവിഭാഗം മേധാവിയുമായ പ്രൊഫ. ഡി കെ മനോജ്, ഡെപ്യൂട്ടി സൂപ്രണ്ട് (കാഷ്വാലിറ്റി) ഡോ. വിമല്‍ റോഹന്‍, ആര്‍എംഒ ഡോ. എം എസ് സരിന്‍, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ സി രഞ്ജിത്ത്കുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി പ്രൊഫ. എസ് എം അഷ്റഫ്, കോവിഡ് ചികിത്സാവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. വി കെ പ്രമോദ് എന്നിവരായിരുന്നു മെഡിക്കല്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍.

കോവിഡ് വ്യാപനം; സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

keralanews covid spread education department strengthen monitoring in schools

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. സ്‌കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന ഇടപെടല്‍ വേണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. ഡിഇഒമാരുടെയും ഡെപ്യൂട്ടി ഡയറക്‌ടര്‍മാരുടെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കര്‍ശന പരിശോധന നടത്തും.വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകര്‍ ദിവസവും ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്‌കൂളുകളില്‍ പരിശോധന നടത്തണം. സ്‌കൂളുകള്‍ക്ക് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകരുടെ നിരീക്ഷണം ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കൊവിഡ് വ്യാപനത്തെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. മലപ്പുറം മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും 186 വിദ്യാര്‍ഥികള്‍ക്കും 75 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.ഞായറാഴ്ച വൈകുന്നേരമാണ് പരിശോധനാഫലം പുറത്തുവന്നത്. സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെയുള്ളവരുടെ സാമ്പിൾ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കായി എടുത്തത്.

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

keralanews udf harthal in wayanad today

വയനാട്:ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ.വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും.വ്യാപാരി സംഘടനകളും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്‌.

40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

keralanews two arrested with 40 lakh rupees from kannur airport

മട്ടന്നൂർ:40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍.കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍ നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടികൂടിയത്.ദുബൈയില്‍ നിന്ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതാണ് ഇരുവരും. സഹദില്‍നിന്നും 670 ഗ്രാമും നൂറുദ്ദീനില്‍ നിന്നും 156 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. നൂറുദ്ദീന്റെ ബാഗിലെ ബെല്‍റ്റിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സഹദ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ ഇ വികാസ്, വെങ്കിട്‌നായിക്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, ബി യദു കൃഷ്ണ, കെ വി രാജു, സന്ദീപ് കുമാര്‍, സോനിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം നൽകി.

പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

keralanews mother kills six year old boy in palakkad

പാലക്കാട്:പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി സുലൈമാന്റെ ഭാര്യ ഷഹീദയാണ് (32) മൂന്നു മക്കളില്‍ ഇളയവനായ ആമീല്‍ ഇഹ്‌സാനെ ഉറക്കത്തില്‍ കൈകാലുകള്‍ ബന്ധിച്ച്‌ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഷഹീദയും ഇളയ മകനും ഒരു മുറിയിലും, സുലൈമാനും മറ്റു മക്കളായ ആദുല്‍ അത്തീഫ് (11), ആമീല്‍ ഐദീദ് (8) എന്നിവരും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്. ഉറങ്ങിക്കിടന്ന മകനെ പുലര്‍ച്ചെ ഷഹീദ കുളിമുറിയിലേക്ക് എടുത്തുകൊണ്ടുപോയി കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ ഹെല്പ് ലൈൻ നമ്പറിൽ വിളിച്ച്‌ ഷഹീദ തന്നെ വിവരമറിയിക്കുകയായിരുന്നു.മൊബൈല്‍ നമ്പർ ലൊക്കേറ്റ് ചെയ്താണ് പോലീസ് വീട്ടിലെത്തിയത്. വാതിലില്‍ തട്ടിയപ്പോള്‍ പുറത്തേക്കു വന്ന ഷഹീദ, താന്‍ മകനെ ദൈവത്തിന് ബലി നല്‍കിയെന്ന് പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോലീസാണ് സുലൈമാനെയും മറ്റു കുട്ടികളെയും വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചത്.അതേസമയം മകനെ കൊലപ്പെടുത്താനുള്ള കത്തി ഷഹീദ ഭർത്താവിനെക്കൊണ്ട് തന്ത്രപൂർവം വാങ്ങിപ്പിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്ന് പറഞ്ഞതായും അതിനാല്‍ ഇരുമ്പിൽ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് താന്‍ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് ഷാഹീദ പൊലീസിനെ അറിയിച്ചിട്ടുള്ളത്. സുലൈമാന്‍ വാങ്ങിക്കൊണ്ടുവന്ന രണ്ട് കത്തികളില്‍ വലിയ കത്തിയാണ് ഷാഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്.  നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദയ്ക്ക് മക്കളോട് വലിയ സ്‌നേഹമായിരുന്നുവെന്നും കുടുംബ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മാസങ്ങള്‍ക്കു മുൻപ് മടങ്ങിയെത്തിയ സുലൈമാന്‍ ഇപ്പോള്‍ നഗരത്തില്‍ ടാക്‌സി ഡ്രൈവറാണ്.മകനെ ദൈവത്തിന് ബലി നല്‍കിയെന്നാണ് ഷഹീദ ആവര്‍ത്തിക്കുന്നത്. ഇന്നലെ രാവിലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തി.വിശദമായി ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം കൂടുതല്‍ വ്യക്തമാകൂ എന്നാണ് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞത്.കഴിഞ്ഞ ഒരാഴ്ച മുൻപ് മുതലാണ് മകനെ ബലി കഴിക്കണമെന്ന ചിന്ത തന്നില്‍ ഉണ്ടായതെന്നും ഇങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോള്‍ തോന്നിയിരുന്നില്ലന്നും കൃത്യം നടത്തി കഴിഞ്ഞപ്പോള്‍ കൊലപാതകിയാണെന്ന് ബോദ്ധ്യമുണ്ടായെന്നും അതിനാലാണ് വിവരം പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും അറിയുന്നു. തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഷാഹിദയ്ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൈവം രക്ഷകനായി എത്തുമെന്ന യുവതിയുടെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം;മരിച്ചവരുടെ എണ്ണം പതിനാലായി;കാണാതായ 170 പേർക്കായി തെരച്ചില്‍ തുടരുന്നു

keralanews flash-flood-in-uttarakhand-death-toll-rises-to-14-search-for-the-170-missing-continues

ന്യൂഡൽഹി:ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി.കാണാതായ 170 പേർക്കായി തെരച്ചില്‍ തുടരുന്നു. ഇവരില്‍ 148പേര്‍ വൈദ്യുത നിലയത്തിലെയും 22 പേര്‍ ഋഷിഗംഗയിലെയും ജീവനക്കാരാണ്.ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നവരും അളകനന്ദ, ദൌലി ഗംഗ നദിക്കരകളില്‍ താമസിച്ചിരുന്നവരുമാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും.
2013ലെ പ്രളയ രക്ഷാ പ്രവർത്തനത്തിന് സമാനമായി ITBP, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായുള്ള രക്ഷാ പ്രവർത്തനം തുടരുകയാണ്. ദുഷ്കരമാണ് രക്ഷാപ്രവർത്തനം. ശക്തമായ കുത്തൊഴുക്കില്‍ തെറിച്ച് പോയതിനാല്‍ മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് ദൂരെയാണ് കണ്ടെത്തിയത്. തപോവന് സമീപം രണ്ട് ടണലുകളിലായി തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഒരു ടണലിലുള്ള 16 പേരെ രക്ഷിച്ചു. കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ ചമോലിയിലേക്ക് എത്തിച്ചിട്ടുണ്ട്.ജോഷിമഠിൽ 30 കിടക്കകളോടെ താൽക്കാലിക ആശുപത്രി സജ്ജമാക്കി. മുഖ്യമന്ത്രി ടി.എസ് റാവത്ത് ചമോലിയില്‍ എത്തി രക്ഷാ പ്രവർത്തനം വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ 4 ലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 2 ലക്ഷവും നല്‍കും.ചമോലി ജില്ലയിലെ റെനി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ തപോവന മേഖലയില്‍ സംഭവിച്ചത് മഞ്ഞുമലകള്‍ക്കിടയിലുണ്ടായ തടാകം പൊട്ടിയുണ്ടായ ദുരന്തം ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ശൈത്യകാലത്ത് ഒരിടത്തും സംഭവിക്കാത്ത കാര്യമാണ് നടന്നിരിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.

തൊഴിൽ തട്ടിപ്പ് കേസ്;സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്

keralanews job fraud case voice clip of saritha s nair is out

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയില്‍ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി നല്‍കിയതായി വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്.ജോലി കിട്ടുന്നവരും കുടുംബവും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു. പരാതിക്കാരനായ അരുണുമായി നടത്തിയ ശബ്ദ രേഖയാണ് പുറത്ത് വന്നത്.’നമ്മള്‍ ഇത് പിന്‍വാതിലിലൂടെ ചെയ്യുന്നതാണ്. അരുണിന് കാര്യം മനസിലായല്ലോ. പിന്‍വാതില്‍ നിയമനം സംബന്ധിച്ച്‌ വാര്‍ത്തകള്‍ വരുന്നതിനാല്‍ വളരെ സൂക്ഷിച്ചാണ് ചെയ്യുന്നത്. ഓഫീസിലെ സ്റ്റാഫുകളില്‍ ഒരോ ദിവസം ഓരോരുത്തരാണ് വരുന്നത്. പിഎസ്‌സി എഴുതി കയറുകയല്ലല്ലോ. ഞാന്‍ നാല് പേര്‍ക്ക് ആരോഗ്യകേരളത്തില്‍ ജോലി വാങ്ങി കൊടുത്തു. ഒരാള്‍ക്ക് ജോലി കൊടുക്കുമ്പോൾ അവരുടെ കുടുംബം മുഴുവന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് അവരുടെ ധാരണ. അല്ലാതെ തുച്ഛമായ പണമാണ് അവര്‍ക്കും കൊടുക്കുന്നത്. പണം ഞാന്‍ അവസാനം മാത്രമെ വാങ്ങുകയുള്ളു.’ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്നായിരുന്നു നെയ്യാറ്റികര സ്വദേശിയുടെ പരാതി. സരിതക്ക് പുറമേ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5942 covid cases confirmed in the state today 6178 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍കോട് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 842, കോഴിക്കോട് 677, മലപ്പുറം 629, കൊല്ലം 516, കോട്ടയം 461, പത്തനംതിട്ട 446, തിരുവനന്തപുരം 351, തൃശൂര്‍ 435, ആലപ്പുഴ 403, പാലക്കാട് 135, കണ്ണൂര്‍ 139, വയനാട് 173, ഇടുക്കി 154, കാസര്‍കോട് 59 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട് 5, കൊല്ലം, എറണാകുളം 4 വീതം, തിരുവനന്തപുരം 3, തൃശൂര്‍, പാലക്കാട്, മലപ്പുറം 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 485, കൊല്ലം 325, പത്തനംതിട്ട 400, ആലപ്പുഴ 366, കോട്ടയം 1050, ഇടുക്കി 258, എറണാകുളം 690, തൃശൂര്‍ 451, പാലക്കാട് 252, മലപ്പുറം 571, കോഴിക്കോട് 619, വയനാട് 340, കണ്ണൂര്‍ 279, കാസര്‍കോട് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3848 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 434 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി എസ് ബി ഐ;അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ അക്കൗണ്ടില്‍ ഉള്ളത് കൂടി നഷ്ടപ്പെട്ടേക്കാം

keralanews sbi modifies atm withdrawal policy attempting to withdraw more money through an atm than you have in your account may result in loss

ന്യൂഡൽഹി:എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് പറയുന്നതെങ്കിലും അത് ഉപഭോക്താവിന് കൂടുതല്‍ നഷ്ടം വരുത്തിവെക്കുമോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പണം കിട്ടില്ലെന്ന് മാത്രമല്ല, അക്കൗണ്ടില്‍ ഉള്ളത് കൂടി പോകുമെന്ന നിലയാണ്. ഇത്തരത്തില്‍ പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പരിധിയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്തിയാലും ബാങ്കിന് പണം അധികം നല്‍കേണ്ടി വരും. ഇത്തരം ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയും മുതല്‍ 20 രൂപയും ജിഎസ്ടിയും വരെ നല്‍കേണ്ടി വരും.നിലവില്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ അഞ്ച് എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മൂന്ന് എസ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്നുമായി മാസം എട്ട് തവണ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കാറുണ്ട്. പുതിയ നയം മാറ്റത്തിനൊപ്പം അകൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിൽ നിന്നും 9223766666 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്‌എംഎസ് അയക്കുകയോ അല്ലെങ്കില്‍ 9223766666 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണം. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ പാസ് വേഡിന്റെ സഹായത്തോടെ എടിഎമ്മുകളില്‍ നിന്ന് 10000 രൂപയിലേറെ പിന്‍വലിക്കാനാവും.