കണ്ണൂര്‍:കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.സ്നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.കണ്ണൂര്‍ കോര്‍പ്പനിലെ 36-ാം ഡിവിഷനില്‍ നിന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സ്‌നേഹ മത്സരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 580, കൊല്ലം 580, കോട്ടയം 512, തൃശൂര്‍ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂര്‍ 233, പാലക്കാട് 92, കാസര്‍ഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ 4 വീതം, പത്തനംതിട്ട 3, കൊല്ലം, കണ്ണൂര്‍ 2 വീതം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 422, കൊല്ലം 317, പത്തനംതിട്ട 423, ആലപ്പുഴ 279, കോട്ടയം 1194, ഇടുക്കി 388, എറണാകുളം 605, തൃശൂര്‍ 506, പാലക്കാട് 201, മലപ്പുറം 645, കോഴിക്കോട് 797, വയനാട് 266, കണ്ണൂര്‍ 263, കാസര്‍ഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.
മലപ്പുറം മങ്കടയില്‍ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
മലപ്പുറം: മങ്കട വേരുംപിലാക്കലില്‍ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുഡ്സ് ഓട്ടോയില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസും ചെടികളുമായി വരികയായിരുന്ന ഗുഡ്സ് ഓട്ടോയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.ഗുഡ്സ് ഓട്ടോ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സംഭവം കണ്ട സ്ഥലവാസികള്‍ അറിയിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബസിനടിയില്‍ നിന്നും ഓട്ടോ പുറത്തെത്തിക്കാനായത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോയില്‍ ഡ്രൈവര്‍ ക്യാബിനില്‍ വാഹനമോടിച്ചയാള്‍ക്കു പുറമേ രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. കോഴിക്കോട് മുക്കം അഗസ്ത്യമൂഴി സ്വദേശി എന്‍.സിജു ആണ് മരണമടഞ്ഞതില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാർച്ച് 15,16 തീയതികളിൽ ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാർച്ച് 15,16 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍. ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനം, ജില്ല, നഗരം എന്നിങ്ങനെ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 10 വരെ റിലേ ധര്‍ണ സംഘടിപ്പിക്കാനും യൂണിയനുകള്‍ തീരുമാനിച്ചു.
എം.വി ജയരാജന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടു
കണ്ണൂര്‍: കോവിഡ് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആശുപത്രി വിട്ടു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ചൊവ്വാഴ്ചയാണ് ജയരാജന്‍ വീട്ടിലേക്ക് മടങ്ങിയത്. രോഗമുക്തനായ ജയരാജന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.കോവിഡ് നെഗറ്റീവായെങ്കിലും രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജനുവരി 18-നാണ് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് എം.വി. ജയരാജനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 20-ന് ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏറെ വഷളാക്കിയിരുന്നു. ശ്വാസകോശത്തെ രോഗം സാരമായി ബാധിച്ചതോടെയാണ് എം.വി ജയരാജനെ മെഡിക്കല്‍ കോളജിലെ ഐ.സി.യുവിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.രോഗമുക്തനാവാന്‍ സഹായിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരോടും എം.വി ജയരാജന്‍ നന്ദി പറഞ്ഞു.
മരട് ഫ്‌ളാറ്റ് കേസില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്;നഷ്ട പരിഹാര തുകയുടെ പകുതി കെട്ടിവയ്ക്കാൻ നിർദേശം
ന്യൂഡൽഹി:മരട് ഫ്‌ളാറ്റ് കേസില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്;നഷ്ട പരിഹാര തുകയുടെ പകുതി കെട്ടിവയ്ക്കാൻ നിർദേശം നൽകി.തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി മരട് ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഏത് തരത്തില്‍ തീരുമാനിക്കണമെന്നുള്ള കാര്യമാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. സുപ്രീംകോടതി തന്നെ നഷ്ടപരിഹാര സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.115 കോടി രൂപയാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഉടമകള്‍ക്ക് നല്‍കേണ്ടതെന്നാണ് സമിതി കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു രൂപപോലും നിര്‍മാതാക്കള്‍ ഇതുവരെ നല്‍കിയിട്ടില്ല. 65 കോടി രൂപ പ്രാഥമിക നഷ്ടപരിഹാരമായി സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. നിര്‍മാതാക്കള്‍ നല്‍കാനുള്ള 115 കോടിയില്‍ ഈ തുകയും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട കേസാണ് കോടതി ഇന്ന് പരിഗണിച്ചത്. നഷ്ടപരിഹാരം തീരുമാനിക്കുന്ന രീതി മാറ്റണമെന്ന് വാദത്തിനിടെ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഹര്‍ജിയില്‍ തീരുമാനമെടുക്കുംവരെ 115 കോടിയുടെ പകുതിയെങ്കിലും കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ആലോചിച്ചശേഷം തീരുമാനം അറിയിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ആര്‍ ടി പി സി ആര്‍ പരിശോധനയുടെ വില 1500ല്‍ നിന്ന് 1700 ആയാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനര്‍നിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു. എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.ഒഡീഷയാണ് രാജ്യത്ത് ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കൊവിഡ് പരിശോധനാ നിരക്ക് കുറച്ചിരുന്നു.
തൊഴിൽത്തട്ടിപ്പ് കേസ്;പരാതിക്കാരന്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണം തന്‍റേതല്ലെന്ന് സരിത നായർ
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസിൽ പരാതിക്കാരന്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണം തന്‍റേതല്ലെന്ന് വെളിപ്പെടുത്തി സരിത എസ്. നായര്‍.ശബ്ദരേഖ ഫോറന്‍സിക് വിദഗ്ധരെ ക്കൊണ്ട് പരിശോധിപ്പിക്കണമെന്നും ഇവര്‍ വ്യക്‌തമാക്കി. അരുണിനെ കണ്ടിട്ടില്ലെന്നും സരിത അറിയിച്ചു.സരിതാ നായരുടെതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തുവന്നിരുന്നു. പിന്‍വാതില്‍ വഴി തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നത് പാര്‍ട്ടിഫണ്ടിനു വേണ്ടിയാണെന്ന് ശബ്ദരേഖ പറയുന്നു. പകുതി തുക പാര്‍ട്ടിക്കും പകുതി ഉദ്യോഗസ്ഥര്‍ക്കും നല്‍കും. സിപിഎമ്മിന് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്ക് തൊഴില്‍ വാങ്ങി നല്‍കിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിന്‍വാതില്‍ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയില്‍ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങള്‍ തന്‍റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുണ്‍ തിരിച്ചടിച്ചു.ബെവ്കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ മുഖേന ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് സരിതയ്ക്കെതിരെയുള്ള പരാതി. നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ ആണ് പരാതി നല്‍കിയത്.
രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു; 24 ദിവസം കൊണ്ട് വാക്സിന്‍ നല്‍കിയത് 60 ലക്ഷം പേര്‍ക്ക്
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു.24 ദിവസം കൊണ്ട് 60 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് വാക്‌സിൻ നല്‍കിയത്.54,12,270 ആരോഗ്യപ്രവര്‍ത്തകരും 6,23,390 മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി അറിയിച്ചു. വാക്‌സിനേഷനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 പേര്‍ ഡിസ്ചാര്‍ജ് ആയി. ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ളയാളാണ്.
ചെങ്കോട്ട സംഘര്‍ഷം;പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി ചലച്ചിത്രതാരം ദീപ് സിദ്ദു അറസ്റ്റില്‍. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഒളിവിലായിരുന്നു നടന്‍.ഡല്‍ഹി പൊലീസിലെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. നടനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തി കേസ് എടുത്തിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രവും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം ഇയാള്‍ പുലര്‍ത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അനിഷ്ടസംഭവങ്ങളില്‍ ആരോപണവിധേയനായ ദീപ് സിദ്ധുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയില്‍ കൊടി കെട്ടിയ ജുഗു രാജ് സിംഗിന്റെ തന്‍ തരനിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.