News Desk

അന്തര്‍സംസ്ഥാന ബസ്സുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി;പുതിയ നിരക്ക് ഇന്ന് മുതല്‍

keralanews ksrtc slashes fares on inter state buses from today

തിരുവനന്തപുരം:അന്തര്‍സംസ്ഥാന ബസ്സുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി.വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്സില്‍ ബസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം താത്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കിലെ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.ഇതോടൊപ്പം എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളിലും ടിക്കറ്റ് ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തില്‍ നേരത്തെ താല്‍ക്കാലികമായി വര്‍ധിപ്പിച്ച നിരക്കിലാണ് ഇളവ് നല്‍കുന്നത്. കോവിഡ് കാലത്ത് എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളില്‍ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാര്‍ജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. ഇത് ഇപ്പോള്‍ മിനിമം ചാര്‍ജ് 26 ആയി നിലനിര്‍ത്തുകയും, കീലോമീറ്ററിന് 125 പൈസയുമായി കുറയ്ക്കുവാനും തീരുമാനിച്ചു.

പാക്കിസ്ഥാനു വേണ്ടി ഒഡീഷയിലെ ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ ചാരപ്പണി നടത്തി;ഫോട്ടോഗ്രാഫര്‍ക്ക് ജീവപര്യന്തം തടവും പിഴയും

keralanews spy work for pakistan at integrated test range in balasore odisha photographer jailed for life fined

ഒഡീഷ: പാക്കിസ്ഥാനു വേണ്ടി ഒഡീഷയിലെ ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) ചാരപ്പണി നടത്തിയ ഫോട്ടോഗ്രാഫര്‍ക്ക് ആജീവനാന്ത തടവ് ശിക്ഷയും പിഴയും. ഐടിആറിലെ ഡിആര്‍ഡിഒ ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരനായ ഫോട്ടോഗ്രാഫര്‍ ഈശ്വര്‍ ചന്ദ്ര ബെഹെറയാണ് കുറ്റവാളി.ഇയാള്‍ പാക്കിസ്ഥാന്റെ ഐഎസ്‌ഐ ഏജന്‍സിക്കും മറ്റു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജഡ്ജി ഗിരിജ പ്രസാദ് മോഹന്‍പത്രയാണ് ശിക്ഷ പ്രഖ്യാപിച്ചത്.പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു. ഐപിസി 121 എ രാജ്യദ്രോഹം, 120 ബി ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് ശിക്ഷ വിധിച്ചത്.സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതിന് രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു.വിവിധ രാജ്യങ്ങളില്‍ നിന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലാകുന്നതിന് 10 മാസം മുൻപ് മുതല്‍ ഈശ്വര്‍ പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിനായി ചാരപ്പണി നടത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.മയൂര്‍ഭഞ്ച് ജില്ലയിലെ കാന്തിപൂര്‍ സ്വദേശിയാണ് ഈശ്വര്‍. 2007 മുതലാണ് ഇയാള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടിആറിലെ കണ്‍ട്രോള്‍ ടവറിന്റെ സിസിടിവി വിഭാഗത്തിൽ ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചത്.

ഇനി ആഴ്ചയില്‍ നാല് ദിവസം ജോലി; മൂന്ന് ദിവസം അവധി;പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

keralanews work four days a week three days leave central government approval for projects

ന്യൂഡല്‍ഹി: കമ്പനികളിലെ ഷിഫ്റ്റുകളുടെ സമയം കൂട്ടി  പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പ്രതിവാര പ്രവൃത്തി സമയം 48 മണിക്കൂര്‍ ആയി നിലനിര്‍ത്തി പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതനുസരിച്ച്‌ ഒരു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ദിവസം 10 മണിക്കൂറാണ് ജോലി സമയമെങ്കില്‍ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 5 ദിവസമായി ചുരുങ്ങും. എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ച്ചയില്‍ ആറ് ദിവസവും പ്രവൃത്തി ദിനമായിരിക്കും. കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഉചിതമായ തീരുമാനമെടുക്കാമെന്നും തൊഴില്‍ സെക്രട്ടറി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സംസ്കാരത്തിന്റെ ഭാഗമാണ് പുതിയ വ്യവസ്ഥയെന്ന് ചന്ദ്ര പറഞ്ഞു. ഈ വ്യവസ്ഥ പുതിയ തൊഴില്‍‌ കോഡിന്റെ ഭാഗമാണ്. പുതിയ നിയമങ്ങള്‍‌ നടപ്പിലാക്കിയാല്‍‌, തൊഴിലുടമകള്‍ക്ക്‌ അവരുടെ ജീവനക്കാര്‍‌ ഈ ക്രമീകരണം അംഗീകരിക്കുകയാണെങ്കില്‍‌ നാലോ അഞ്ചോ ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് മാറുന്നതിന് സര്‍ക്കാര്‍ അനുമതി തേടേണ്ട ആവശ്യമില്ല.

പുതിയ തൊഴില്‍ കോഡ് നിലവില്‍ വന്നാല്‍ ആവശ്യം, വ്യവസായം, സ്ഥലം എന്നിവ അടിസ്ഥാനമാക്കി 8 മുതല്‍ 12 മണിക്കൂര്‍ വരെ പ്രവൃത്തി സമയം തെരഞ്ഞെടുക്കാന്‍ തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതായാണ് വിവരം.നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കുകയാണെങ്കില്‍ മൂന്ന് ദിവസത്തെ അവധി ഉറപ്പാക്കണം.കുറഞ്ഞ വാടകച്ചെലവും കൂടുതല്‍ ഉല്‍‌പാദനക്ഷമതയുമാണ് കമ്പനികളെ ഈ ഷിഫ്റ്റ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഐടി സേവന മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യും. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയില്‍ 20-30 ശതമാനം ആളുകള്‍ക്ക് നാലോ അഞ്ചോ ദിവസത്തെ പ്രവര്‍ത്തന സമയം തെരഞ്ഞെടുക്കാന്‍ കഴിഞ്ഞേക്കും.അധിക അവധി ലഭിക്കുന്നതിനാല്‍ കുറച്ച്‌ ദിവസത്തേക്ക് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാന്‍ ചെറുപ്പക്കാര്‍ക്ക് താത്പര്യം കൂടുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. തൊഴിലാളികളുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യും.എന്നാല്‍ ഈ രീതി തൊഴിലവസരങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കുമെന്ന് ചില വിദഗ്ധര്‍ പറയുന്നു. ജോലി-ജീവിത സന്തുലിതാവസ്ഥയെ ഇത് ബാധിച്ചേക്കാമെന്ന് തൊഴില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ കെ.ആര്‍ ശ്യാം സുന്ദര്‍ പറയുന്നു.

ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു; മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

keralanews ragging junior 11 malayalee students arrested in mangaluru

മംഗളൂരു:ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.ഉള്ളാൾ കനച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അഞ്ച് മലയാളി വിദ്യാര്‍ഥികളാണ് റാഗിംങിന് ഇരയായത്. ഫിസിയോതെറാപ്പി, നഴ്സിംഗ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയര്‍ക്കുന്നത്തെ റോബിന്‍ ബിജു (20), വൈക്കം എടയാറിലെ ആല്‍വിന്‍ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിന്‍ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോണ്‍ സിറില്‍ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസര്‍കോട് കടുമേനിയിലെ ജാഫിന്‍ റോയിച്ചന്‍ (19), വടകര ചിമ്മത്തൂരിലെ ആസിന്‍ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്ബറത്തെ അബ്ദുള്‍ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുള്‍ അനസ് മുഹമ്മദ് (21), ഏറ്റുമാനൂര്‍ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ കുറെ ദിവസങ്ങളായി തുടര്‍ച്ചയായി റാഗ് ചെയ്തതിന് പിന്നാലെ ഇരയാക്കപ്പെട്ട കുട്ടികള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.ഇന്ത്യന്‍ പീനല്‍ കോഡിലെ 323, 506 വകുപ്പുകള്‍ നടപ്പാക്കുന്നതിനു പുറമേ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ സെക്ഷന്‍ 116 പ്രകാരവും പൊലീസ് കേസെടുത്തു.ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തൊഴില്‍ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത;പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കെന്നും കൂട്ടുപ്രതി രതീഷ്

keralanews mastermind of job fraud case is saritha and money transfered to sarithas account said co accused

കോഴിക്കോട്‌: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കെതിരെ ആരോപണവുമായി കൂട്ടുപ്രതി രതീഷ്. തൊഴില്‍ തട്ടിപ്പില്‍ മുഖ്യ ആസൂത്രക സരിതയാണെന്നാണ് രതീഷിന്റെ ആരോപണം. ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. പരാതിക്കാരനായ അരുണിന് സരിതയാണ് മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയതെന്നും ജാമ്യാപേക്ഷയില്‍ രതീഷ് പറയുന്നു.പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതു സരിതയാണെന്നും രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു. സിപിഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായി ചെക്കും ഹാജരാക്കി.ബവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ 2 പേരില്‍ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതയ്ക്കെതിരായ കേസ്. സരിതയുടെ അക്കൗണ്ടിലേക്കു പണം ഇട്ടു നല്‍കിയതിന്റെയും മറ്റും തെളിവുകളും ശബ്ദരേഖയും പരാതിക്കാരന്‍ കൈമാറിയിരുന്നു.ആരോഗ്യ കേരളം പദ്ധതിയില്‍ 4 പേരെ പിന്‍വാതില്‍ വഴി നിയമിച്ചെന്ന ശബ്ദരേഖയും ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പരാതിക്കാര്‍ നല്‍കിയിരുന്നു. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു നെയ്യാറ്റിന്‍കര സിഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ശ്രീകുമാറിനെ കഴിഞ്ഞയാഴ്ച വെച്ചൂച്ചിറയിലേക്കു മാറ്റി. പകരം ചുമതലയേറ്റ സിഐയോട് അന്വേഷണം വേഗത്തിലാക്കാനും നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5692 പേര്‍ രോഗമുക്തി നേടി

keralanews 5281 covid cases confirmed today 5692 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3936 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. പത്തനംതിട്ട 645, എറണാകുളം 575, കോഴിക്കോട് 596, കൊല്ലം 570, മലപ്പുറം 384, കോട്ടയം 348, തൃശൂര്‍ 372, ആലപ്പുഴ 335, തിരുവനന്തപുരം 196, കണ്ണൂര്‍ 198, പാലക്കാട് 125, ഇടുക്കി 183, വയനാട് 165, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം 5, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് 3 വീതം, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കോട്ടയം തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 400, കൊല്ലം 306, പത്തനംതിട്ട 452, ആലപ്പുഴ 423, കോട്ടയം 502, ഇടുക്കി 481, എറണാകുളം 669, തൃശൂര്‍ 373, പാലക്കാട് 142, മലപ്പുറം 589, കോഴിക്കോട് 666, വയനാട് 308, കണ്ണൂര്‍ 332, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 455 ഹോട്ട് സ്പോട്ടുകളാണുള്ളത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സോളാര്‍ തട്ടിപ്പ്;സരിതയുടെയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി

keralanews solar fraud case bail of saritha and biju radhakrishnan canceled

കോഴിക്കോട്: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിധി പറയുന്ന 25ന് രണ്ടുപേരെയും ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.സരിതയേയും ബിജു രാധാകൃഷ്ണനേയും കൂടാതെ ഇവരുടെ ഡ്രൈവര്‍ മണിലാലിന്‍റെ ജാമ്യവും റദ്ദാക്കി. 2013ലെ കേസില്‍ ഇന്നു വിധി പറയേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിസരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായിരുന്നില്ല.കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു.എന്നാൽ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പി ചെയ്യുന്ന വിവരം വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കുവേണ്ടി വ്യാജ രേഖകള്‍ തയാറാക്കിയതിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയരുന്നു;ഉത്തരാഖണ്ഡില്‍ തപോവന്‍ ടണലിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

keralanews water level in dhauli ganga rises rescue operation in tapovan tunnel halted in uttarakhand

ഡെറാഡൂണ്‍:ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് ഉത്തരാഖണ്ഡില്‍ തപോവനിലെ ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ടണലില്‍ മെഷീനുകള്‍ ഉപയോഗിച്ച്‌ ഡ്രില്ലിങ് നടത്തിക്കൊണ്ടിരുന്ന രക്ഷാപ്രവര്‍ത്തകര്‍ വെള്ളം ഉയര്‍ന്നതോടെ പിന്മാറി. മലമുകളില്‍ ഉരുള്‍പൊട്ടിയതായി സൂചനകള്‍ വന്നതോടായാണ് തപോവന്‍ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. മുപ്പത്തഞ്ചോളം പേർ ടണലില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനും ശ്രമം ആരംഭിച്ചു. പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമാകുകയും നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് പിന്മാറാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സൈറന്‍ മുഴക്കി ഗ്രാമവാസികളെ സൈന്യം ഒഴിപ്പിക്കുകയാണ്.ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തില്‍ 200ല്‍ അധികം പേരെയാണ് കാണാതായത്. പ്രദേശത്തെ ഒരു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒഴുകിപോയിരുന്നു. മറ്റൊരു വൈദ്യുതനിലയം ഭാഗികമായി തകര്‍ന്നു. 32 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 45 കിലോമീറ്ററില്‍ അധികം പ്രദേശത്ത് നാശനഷ്ടമുണ്ടായി.തപോവനില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തില്‍ ഏകദേശം 30ഓളം തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. മൂന്നുദിവസമായി ഇവിടെ രക്ഷപ്രവര്‍ത്തനം തുടരുകയാണ്.

എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ ഡി സുപ്രീം കോടതിയിൽ

keralanews e d approached supreme court demanding to cancel the bail of m sivasankar

ന്യൂഡൽഹി:സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് സുപ്രിം കോടതിയെ സമീപിച്ചു.ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.ശിവശങ്കറിന് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അന്വേഷണം നിര്‍ണായകഘട്ടത്തിലായതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് ഇഡിയുടെ ആവശ്യം.ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകളുണ്ട്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഹർജിയിൽ പറയുന്നു.

എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകി; ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടിസ്

keralanews delay in reporting oil spill pollution control board notice for titanium

തിരുവനന്തപുരം: എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകിയതിന് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റ നോട്ടിസ്. ചോര്‍ച്ചയുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞ് പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് ചോര്‍ച്ച തുടങ്ങിയതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. രണ്ടായാലും ഇക്കാര്യം മലീനീകരണ നിയന്ത്രണബോര്‍ഡിനെ സമയത്ത് അറിയിക്കുന്നതില്‍ കമ്പനിക്ക് വീഴ്ചയുണ്ടായി. രാവിലെ ഒന്‍പതരയോടെ പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വിവരം അറിയുന്നത്.മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്പനി പ്രവര്‍ത്തിപ്പിക്കരുതെന്ന് ബോര്‍‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം കടലിനുള്ളില്‍ എണ്ണ പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ വരുകയാണെന്നും രണ്ട് ദിവസം കൂടി നിരീക്ഷണം തുടരുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു.